തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; വനിതാ ഡോക്ടർ അറസ്റ്റിൽ
വ്യാജ നമ്പർേപ്ലറ്റ് പതിച്ച കാറിലെത്തിയാണ് യുവതിക്ക് നേരെ വെടിവെച്ചത്
തിരുവനന്തപുരം:വഞ്ചിയൂരിൽ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി ഡോക്ടർ ദീപ്തിയാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടർ വെടിയുതിർത്തത്. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാൽ വീട്ടിലുള്ളവർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഷിനിയുമായി മുൻവൈരാഗ്യമുള്ള വ്യക്തികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. ദീപ്തിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് മുൻവൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ദീപ്തിയെത്തിയത് വ്യാജനമ്പർ േപ്ലറ്റ് പതിച്ച കാറിൽ
അക്രമിക്കാനെത്തിയ ദീപ്തിയുടെ കാറിന്റെ ദൃശ്യം ഷിനിയുടെ വീടുള്ള റസിഡൻഷ്യൽ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തിൽ മാത്രമാണ് പതിഞ്ഞത്.കാറിൽ പതിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്‍റെ നമ്പറാണ് ദീപ്തിയുടെ കാറിൽ പതിപ്പിച്ചിരുന്നത്. തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.