തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി; കേസെടുത്തു
ഇരുമ്പനം സ്വദേശി സംഗീതയെയാണ് ബുധനാഴ്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
എറണാകുളം: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ഇരുമ്പനം സ്വദേശി സംഗീതയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ജോലിസ്ഥലത്ത് ചെന്ന് ബഹളം ഉണ്ടാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേന്നും യുവതിയെ ഭർത്താവ് മർദിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഈ മാസം 26നായിരുന്നു യുവതിയുടെ മരണം. പരാതിയെ തുടർന്ന് മൃതദേഹം തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുകയും കളമശ്ശേരി മെഡി.കോളജിൽ പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇരുമ്പനം ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തിരുന്നു.
സംഗീതയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ഹിൽപാലസ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.