ഭക്ഷണത്തിൽ നിന്ന് പുഴുവും ഉപയോഗിച്ച ബാൻഡേജും; പരാതിയുമായി കേരള യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്റൽ
ബാന്‍ഡേജ് ലഭിച്ചതിന്റെ ചിത്രമടക്കം ഹോസ്റ്റൽ വാർഡന് അയച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥിനികള്‍
തിരുവനന്തപുരം: കേരള സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥിനികൾക്ക് പുഴുവും ഉപയോഗിച്ച ബാൻഡേജും ലഭിച്ചെന്ന് പരാതി. ഹോസ്റ്റലിലെ 350ഓളം വിദ്യാർഥിനികളാണ് പരാതിയുമായി രംഗത്ത് എത്തിയത്. സർവകലാശാല അധികൃതരോട് പരാതി ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു.
കേരള സർവകലാശാലയുടെ കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ വിദ്യാർഥിനികളാണ് ഗുരുതരമായ പരാതി ഉന്നയിച്ചത്. ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് പുഴുവും വണ്ടും അടക്കമുള്ള ജീവികളെ ലഭിക്കുന്നത് നിത്യസംഭവമായി മാറിയെന്ന് ഇവർ ആരോപിക്കുന്നു.
ഇന്നലെ രാവിലത്തെ ഭക്ഷണത്തിൽ നിന്നാണ് ഉപയോഗിച്ച ബാൻഡ് എയ്ഡ് ലഭിച്ചത്. ഇതോടെ മെസ്സിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് വിദ്യാർഥിനികൾ അവസാനിപ്പിച്ചു. ബാൻഡ് എയ്ഡ് ലഭിച്ചതിന്റെ ചിത്രമടക്കം ഹോസ്റ്റൽ വാർഡന് അയച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
സർവകലാശാലയ്ക്കും ഇത് സംബന്ധിച്ച് പരാതി നൽകി. കാര്യമുണ്ടായില്ല. കേരളാ സർവകലാശാല, യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥിനികളാണ് ഇവിടെ താമസിക്കുന്നത്. മെസ് നടത്തുന്നതാവട്ടെ, സർവകലാശാലയും. സർവകലാശാലയുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകാനാണ് വിദ്യാർഥിനികളുടെ തീരുമാനം.