എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു
സംസ്ഥാന ചലച്ചിത്ര-സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്
കൊച്ചി: എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കഥ, നോവൽ, ബാലസാഹിത്യം, നാടകം ഉൾപ്പെടെയുള്ള രംഗങ്ങളിൽ പ്രതിഭ തെളിയിച്ച എഴുത്തുകാരിയാണ്.
പറയിപെറ്റ പന്തിരുകുലം, യഞ്ജം, അഗ്നിഹോത്രം, മൂന്നാം തലമുറ, ചാണക്കല്ല്, മുഖത്തോടുമുഖം, ദശരഥം, ചിരഞ്ജീവി, കൃഷ്ണാനുരാഗം, കുട്ടിത്തിരുമേനി, ശ്രീകൃഷ്ണകഥ, നിറമാല, തിരക്കൊഴിയാതെ തുടങ്ങിയവാണു പ്രധാന കൃതികൾ. നിറമാല എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്‌ക്കാരത്തിന് 1975ൽ കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൃഷ്ണാനുരാഗം എന്ന കൃതിക്ക് 1988ലെ ജന്മാഷ്ടമി പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരവും തേടിയെത്തിയിട്ടുണ്ട്. വി.ടി ഭട്ടതിരിപ്പാട്, നാലപ്പാടൻ, നവോത്ഥാന സഹിത്യ അവാർഡുകളും ലഭിച്ചു.
കൂടലൂർ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് ഭർത്താവ്. മക്കൾ: ഉണ്ണി, ലത, നാരായണൻ. മരുമക്കൾ: തനൂജ, വാസുദേവൻ, ദീപ്തി. സംസ്‌കാരം ഇന്നു വൈകീട്ട് നാലിന് തൃപ്പൂണിത്തുറയിൽ നടക്കും.
Summary: Writer KB Sreedevi passes away