പി. വത്സല അന്തരിച്ചു
കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടർന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡൻസ് കോളേജിൽ. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടൻ അധ്യാപികയായി കൊടുവള്ളി സർക്കാർ ഹൈസ്‌കൂളിൽ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽനിന്ന് ബി.എഡ്. പഠനം പൂർത്തിയാക്കി. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 32 വർഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവർഷം നടക്കാവ് ടി.ടി.ഐ.യിൽ പ്രധാനാധ്യാപികയായിരുന്നു. 1993 മാർച്ചിൽ വിരമിച്ചു.
കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ്, സി.വി കുഞ്ഞിരാമൻ സാഹിത്യ അവാർഡ് തുടങ്ങ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നിഴലുറങ്ങുന്ന വഴികൾ, നെല്ല്, കൂമൻകൊല്ലി, ഗൗതമൻ, മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നെല്ല് ആണ് പി. വത്സലയുടെ ആദ്യ നോവൽ. ഇത് പിന്നീട് എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി.
നടക്കാവ് ഗവൺമെന്റ് സ്‌കൂൾ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭർത്താവ്. മക്കൾ: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുൺ (ബാങ്ക് ഉദ്യോഗസ്ഥൻ, ന്യൂയോർക്ക്). മരുമക്കൾ: ഡോ. കെ. നിനകുമാർ, ഗായത്രി.