യുദ്ധക്കളമായി സെക്രട്ടറിയേറ്റ് പരിസരം; ഏറ്റുമുട്ടി യൂത്ത് കോൺഗ്രസുകാരും പൊലീസും; ഇരു വിഭാ​ഗത്തിനും പരിക്ക്; വാഹനങ്ങൾ തകർത്തു

സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. കന്റോൺമെന്റ് എസ്ഐയുടെ വായ മുറിഞ്ഞു.

Update: 2023-12-20 10:52 GMT
Advertising

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വൻ സംഘർഷം. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടിയതോടെ തലസ്ഥാന ന​ഗരി അക്ഷരാർഥത്തിൽ യുദ്ധക്കളമായി. പൊലീസുകാരിൽ നിന്നും പ്രതിഷേധക്കാരിൽ നിന്നും സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. നവകേരള സദസിൽ പ്രതിഷേധിക്കുന്ന കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ ആയിരുന്നു പ്രതിഷേധം.

മാർച്ചിന്റെ ഉദ്ഘാടന ശേഷമായിരുന്നു പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. പിന്തിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയാറാവാതെ പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. ആദ്യം കുറച്ചുനേരം സംയമനം പാലിച്ച പൊലീസിനു നേരെ കമ്പുൾപ്പെടെ വലിച്ചെറിയുന്ന സ്ഥിതിയുണ്ടായി. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പിന്നാലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഭാ​ഗത്തുനിന്നും ആക്രമണം ഉണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പിടിവലിയുമുണ്ടായി. പൊലീസ് പ്രതിഷേധക്കാർക്കു നേരെ അഞ്ച് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. ഇതിനിടെ, പൊലീസിനു നേരെയും കല്ലേറുണ്ടായി. കന്റോൺമെന്റ് എസ്‌ഐയടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു. നാല് പൊലീസ് വാഹനങ്ങളുടെ ചില്ല് തകർത്തു. കന്റോൺമെന്റ് എസ്ഐയുടെ വായ മുറിഞ്ഞു. 20ലധികം പൊലീസ് ഷീൽഡുകൾ തകർത്തു. പ്രതിഷേധക്കാർ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി തിരികെയടിച്ചു.

പരിക്കേറ്റിട്ടും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്കടക്കം പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആയിരത്തിലധികം പ്രവർത്തകരാണ് സെക്രട്ടേറിയറ്റിലേക്ക് ഇരച്ചെത്തിയത്. എ.ജി ഓഫീസിന് മുന്നിലും സമരഗേറ്റിന് മുന്നിലുമാണ് സംഘർഷമുണ്ടായത്.

പൊലീസ് ആദ്യം ലാത്തിവീശാൻ തയാറായില്ലെങ്കിലും പിന്നീട് കല്ലേറുൾപ്പെടെ ഉണ്ടായതോടെയാണ് ലാത്തിവീശിയത്. പൊലീസിന് നേരെ എറിഞ്ഞ കല്ല് അവർ തിരിച്ചെറിയുകയും ചെയ്തു. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെ, വാഹനത്തിൽ കയറ്റിയ പ്രവർത്തകരിൽ ഒരാളെ യൂത്ത് കോൺഗ്രസ് നേതാക്കളെത്തി തിരികെയിറക്കി. സ്റ്റാച്ച്യു ഭാ​ഗത്തെ ഒരു ഹോട്ടൽ കെട്ടിടത്തിലേക്ക് കയറിയ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടയാൻ രാഹുൽ മാങ്കൂട്ടത്തിലടക്കമുള്ള നേതാക്കളെത്തി.

ഇത് വിജയിക്കാതെ വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിട്ടെത്തി ഈ പ്രവർത്തകരെ പുറത്തേക്ക് മോചിപ്പിച്ചുകൊണ്ടുപോയി. പുരുഷ പൊലീസുകാർ വനിതാ പ്രവർത്തകരുടെ വസ്ത്രത്തിൽ പിടിച്ചെന്നും പിടിച്ചുമാറ്റാൻ പോയ തന്നെയും പൊലീസുകാർ തടഞ്ഞെന്നും പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പൊലീസുകാരെ അഴിഞ്ഞാടാൻ വിട്ടിട്ട് സന്തോഷത്തോടെ ഭരിക്കാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും ശക്തമായ പ്രതിഷേധം കേരളമാകെ ഉണ്ടാവുമെന്നും വി.ഡി സതീശൻ പറഞ്ഞു. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News