യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കേസ്; സൈബർഡോം അന്വേഷണം തുടങ്ങി
വ്യാജ കാർഡ് ഉണ്ടാക്കിയിരിക്കാൻ സാധ്യതയുള്ള മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സൈബർഡോമും അന്വേഷണം തുടങ്ങി. വ്യാജ കാർഡ് ഉണ്ടാക്കിയിരിക്കാൻ സാധ്യതയുള്ള മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്ന് പരിശോധിക്കും.
കേസിൽ, പൊലീസ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും . ഇന്നലെ പരാതിക്കാരനായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. വിവിധ ഘട്ടങ്ങളിലായി പലയിടങ്ങളിൽ പരാതി നൽകിയിട്ടുള്ള മറ്റാളുകളുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.
കേസെടുത്ത് അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്നാണ് പ്രത്യേക സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് വ്യക്തമാക്കിയിരുന്നു.