ഡീസലില്ലാത്ത വണ്ടിയുമായാണോ സമരക്കാരെ അറസ്റ്റ് ചെയ്യാൻ വരുന്നത്? തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ്
ബസ് അനങ്ങുന്നില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബസിന് മിണ്ടാട്ടമില്ല. ഇനി ബസും പ്രതിഷേധിക്കുകയാണോ?
സ്ഥലം കോഴിക്കോട് കളക്ടറേറ്റ് പരിസരം. കെ-റെയിൽ കല്ല് സ്ഥാപിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസിന്റെ ഗംഭീര പ്രതിഷേധം. മുന്നില്‍ ടി സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കള്‍. പിന്നില്‍ പാറപേലെ ഉറച്ച് അണികളും. പ്രതിഷേധം അതിരുവിട്ടതോടെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. അറസ്റ്റ് ചെയ്തവരെ പൊലീസ് ബസിലേക്ക് മാറ്റുന്നു. ഇനിയാണ് ട്വിസ്റ്റ്..
ബസ് അനങ്ങുന്നില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബസിന് മിണ്ടാട്ടമില്ല. ഇനി ബസും പ്രതിഷേധിക്കുകയാണോ? എന്തോ സ്റ്റാർട്ടിങ് ട്രബിൾ ആണെന്നാണ് ആദ്യം കരുതിയത്. പിന്നീട് അല്ലേ യഥാർത്ഥ കാരണം മനസിലായത്. ഇപ്പോഴത്തെ ആഗോള പ്രശ്നമായ ഡീസലാണ് വില്ലന്‍,അതില്ല. ഡീസൽ ഇല്ലാത്ത വണ്ടിയുമായാണോ സമരക്കാരെ അറസ്റ്റ് ചെയ്യാൻ വരുന്നത്? സംഘർഷഭരിതമായ അന്തരീക്ഷം അങ്ങനെ പൊട്ടിച്ചിരിക്ക് വഴിയൊരുങ്ങി. സമരക്കാരുടെ പരിഹാസം കൂടി ആയതോടെ പൊലീസുകാർ നാണക്കേടിലായി.
ഡീസൽ അടിച്ചൂടെ എന്ന് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പൊലീസുകാരനോട് ചോദിക്കുന്നത് കാണാമായിരുന്നു. അതിനിടെ വണ്ടിക്ക് ഡീസലടിക്കാൻ പിരിവെടുക്കുന്നതിനെപ്പറ്റിയും അവിടെ ചര്‍ച്ചകള്‍. ഏതായാലും സംഗതി ആകെ കുഴഞ്ഞുമറിഞ്ഞതോടെ യൂത്ത് കോൺഗ്രസുകാർ തന്നെ രംഗത്ത് എത്തി, ബസ് തള്ളാൻ. അതുവരെ കെ-റെയിലിനതിരെ മുദ്രാവാക്യം വിളിച്ചവരുടെ ടോൺ മാറി, തളള് തള്ള് ആന വണ്ടി എന്നായി...എല്ലാം കണ്ട് സിദ്ദീഖിനും നിയന്ത്രണം വിട്ടു.
ഡീസലടിക്കാൻ പണം ഇല്ലാത്ത സർക്കറാണോ കെ-റെയിലുമായി വരുന്നതെന്നും ആദ്യം വണ്ടിക്ക് ഡീസലടിക്കാൻ നോക്ക് എന്നിട്ട് ഞങ്ങളെ അറസ്റ്റ് ചെയ്യാമെന്നുമൊക്ക വച്ചുകീറി. ഏതായാലും വളരെ ഗൗരവമായൊരു സമരം ഇവ്വിധം ചിരിക്ക് വഴിയൊരുക്കുകയായിരുന്നു.