'അധ്യാപക- വിദ്യാർഥികൾ നമ്പൂതിരി കൈപ്പുണ്യമുള്ള സദ്യ തന്നെ കഴിക്കണമെന്ന് ചിന്തിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നത്'; അശോകൻ ചരുവിലിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

ജാതി ഭേദമന്യേ എല്ലാ മനുഷ്യർക്കും എല്ലാ മേഖലയും പ്രാപ്യമാകുമ്പോഴാണ് നവോഥാനം പൂർണമാകൂ.

Update: 2023-01-04 12:05 GMT
Advertising

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോഥാനത്തിന്‍റെ സംഭാവനയാണെന്ന പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിന്‍റെ വാദത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നവോഥാനമെന്നത് 'പഴയിടം നമ്പൂതിരി" തന്റെ അടുപ്പിൽ പുളി ചേർത്തുണ്ടാക്കുന്ന വെജിറ്റേറിയനിസം ആണെന്ന് കരുതുന്നത്ര നേർത്തതാണോ ചരുവിലിന്റെയൊക്കെ നവോഥാന സങ്കൽപമെന്ന് രാഹുൽ ചോദിച്ചു.

ഫേസ്ബുക്കിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം. ബ്രാഹ്മണൻ അന്തപുരത്ത് നിന്ന് ഊട്ടുപുരയിലേക്ക് നടക്കുന്നതിനോ നടക്കാത്തതിനോ പകരം ജാതിയുടെ പ്രിവിലേജ് ഒരാൾക്കും ലഭിക്കാതിരിക്കുന്നതും അതേ ജാതി മറ്റൊരാളെ തഴയാതിരിക്കുന്നതുമാണ് ജാതിക്കെതിരായ നവോഥാനമെന്ന് രാഹുൽ കുറിച്ചു.

ജാതി ഭേദമന്യേ എല്ലാ മനുഷ്യർക്കും എല്ലാ മേഖലയും പ്രാപ്യമാകുമ്പോഴാണ് നവോഥാനം പൂർണമാകൂ. ജാതി അടിച്ചേൽപ്പിച്ച തെങ്ങു കയറുന്നവന്, തെങ്ങു കയറാതെയോ കയറിയോ ഉയരങ്ങളിലെത്തിയാലാണ് നവോഥാനമാവുക.

മഹാ ഭൂരിപക്ഷം വിദ്യാർഥികളും അധ്യാപകരും നോൺ വെജിറ്റേറിയനായിരിക്കുന്ന കാലത്ത് കോഴിക്കോടെത്തിയാൽ മട്ടൻ ബിരിയാണിയോ മറ്റു രുചി ഭേദങ്ങളോ അന്വേഷിക്കുമ്പോൾ, വെജിറ്റേറിയൻ തന്നെ കഴിക്കണക്കണമെന്നും അതും "നമ്പൂതിരിയുടെ കൈപ്പുണ്യമുള്ള" സദ്യയാവണമെന്നും ചിന്തിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നത്.

സുഗതൻ കെട്ടുന്ന മതിലിൽ നവോഥാനം സുരക്ഷിതമാണെന്നും ആ മതിൽ താണ്ടി അനാചാരം വരില്ലായെന്നും കരുതിയ ചെരുവിലിന്റെ ആരാധക പാത്രങ്ങളിൽ നിന്ന് ഇത്ര നവോഥാനമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്

നവോത്ഥാനമെന്നത് 'പഴയിടം നമ്പൂതിരി" തന്റെ അടുപ്പിൽ പുളി ചേർത്തുണ്ടാക്കുന്ന വെജിറ്റേറിയനിസം ആണെന്ന് കരുതുന്നത്ര നേർത്തതാണോ ചരുവിലിന്റെയൊക്കെ നവോത്ഥാന സങ്കല്പം??? ബ്രാഹ്മണൻ അന്തപുരത്ത് നിന്ന് ഊട്ടുപുരയിലേക്ക് നടക്കുന്നതിനോ നടക്കാത്തതിനോ പകരം ജാതിയുടെ പ്രിവിലേജ് ഒരാൾക്കും ലഭിക്കാതിരിക്കുന്നതും അതേ ജാതി മറ്റൊരാളെ തഴയാതിരിക്കുന്നതുമാണ് ജാതിക്കെതിരായ നവോത്ഥാനം.

ചെരിവിലിനറിയാത്തൊരു വസ്തുതയുണ്ട് കമ്പോള വൽക്കരണ കാലത്ത് ജാതിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കാൻ മൂലധനം പ്രധാനമാണ്. അങ്ങനെ നോക്കുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയിലെ ഊട്ടുപുര പഴയിടത്തിന് നൽകുന്ന ബ്രാന്റിംഗ് ചെറുതല്ലെന്ന് ചെരിവിലിനറിയുമോ? നാളെകളിൽ പഴയിടത്തിന്റെ ഊണില്ലാതെ പൂർണ്ണമാവാത്ത വിവാഹ മാമാങ്കങ്ങളുണ്ടാകും, ഓരോ കാലത്തും ജാതി പ്രവർത്തിക്കുന്നത് പല വിധമാണ്.

ജാതി ഭേദമന്യേ എല്ലാ മനുഷ്യർക്കും എല്ലാ മേഖലയും പ്രാപ്യമാകുമ്പോഴാണ് നവോത്ഥാനം പൂർണ്ണമാകൂ... ജാതി അടിച്ചേല്പ്പിച്ച തെങ്ങു കയറുന്നവന്, തെങ്ങു കയറാതെയോ കയറിയോ ഉയരങ്ങളിലെത്തിയാലാണ് നവോത്ഥാനമാവുക... മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും അധ്യാപകരും നോൺ വെജിറ്റേറിയനായിരിക്കുന്ന കാലത്ത് കോഴിക്കോടെത്തിയാൽ മട്ടൻ ബിരിയാണിയോ മറ്റു രുചി ഭേദങ്ങളോ അന്വേഷിക്കുമ്പോൾ, വെജിറ്റേറിയൻ തന്നെ കഴിക്കണക്കണമെന്നും അതും "നമ്പൂതിരിയുടെ കൈപ്പുണ്യമുള്ള" സദ്യയാവണമെന്നും ചിന്തിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നത്.

സുഗതൻ കെട്ടുന്ന മതിലിൽ നവോത്ഥാനം സുരക്ഷിതമാണെന്നും ആ മതിൽ താണ്ടി അനാചാരം വരില്ലായെന്നും കരുതിയ ചെരുവിലിന്റെ ആരാധക പാത്രങ്ങളിൽ നിന്ന് ഇത്ര നവോത്ഥാനമേ പ്രതീക്ഷിക്കുന്നുള്ളൂ... അതിരിക്കട്ടെ, എല്ലാ അനാചാരങ്ങളെയും പ്രതിരോധിക്കുന്ന രാജ്യത്തെ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ ആയുധമായ അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനത്തെ പറ്റി എന്തെങ്കിലും പ്രതികരിക്കാനുണ്ടോ? ഇല്ലലേ... തല്ക്കാലം ചെരുവിൽ ചാരിയിരിന്നു പഴയിടം കാച്ചിയ മോരു കുടിക്കുക, 'ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ' എന്നാണല്ലോ…

അശോകന്‍ ചരുവിലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്‍റെ സംഭാവനയാണ്. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ. (ശുചീകരണ വേലക്ക് സവർണ ജാതിക്കാർക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്)

"നമ്പൂതിരിയെ മനുഷ്യനാക്കണം" എന്ന ഇ.എം.എസിന്‍റെ ഓങ്ങല്ലൂർ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടിയുടെ ഒരു ചെറുകഥയുണ്ട്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News