"കരിങ്കൊടി കാണിക്കാനല്ല, ഞങ്ങൾ രാജാവിനെ കാണാൻ നിൽക്കുവാ"
മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട്: മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കരിങ്കൊടി കാണിക്കാനാണെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പിന് ഞങ്ങൾ രാജാവിനെ കാണാൻ നിൽക്കുകയാണെന്നായിരുന്നു പ്രവർത്തകരുടെ മറുപടി.
മുക്കം മാങ്ങാപ്പൊയിലിൽ 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, നജീബുദ്ദീൻ, എ എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ആഷിക്ക് നരിക്കൊട്ട്, അബ്ദുറഹ്മാൻ പി.സി, മിദ്‌ലാജ് വി.പി എന്നിവരാണ് കസ്റ്റഡിയിൽ.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ കോഴിക്കോട് വിവിധയിടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വാഴ നട്ടാണ് കുറ്റിക്കാട്ടൂരിൽ യൂത്ത് ലീഗിന്റെ പ്രതിഷേധമുണ്ടായത്. 21 വാഴകൾ നട്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം. പരിപാടിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇത് നവകേരളം ഉണ്ടാക്കുകയല്ലെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നുമാണ് പോസ്റ്ററുകളിലെ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് മുക്കം നഗരസഭാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.