യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി
വാഹനത്തിന്‍റെ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു
ആലപ്പുഴ: യുട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടി.എസിന്‍റെ ലൈസന്‍സ് റദ്ദാക്കി. ലൈസൻസ് ആജീവനാന്തമാണ് റദ്ദാക്കിയത്. ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒയുടെതാണ് നടപടി. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു.
തുടര്‍ച്ചയായ മോട്ടോർ വാഹന നിയമലംഘനങ്ങളിലാണ് നടപടി. കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. കാറിനുള്ളിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്ത വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗറാണ് സഞ്ജു ടെക്കി.
അതേസമയം ലൈസെൻസ് റദ്ദാക്കിയതിൽ സഞ്ജുവിന് അപ്പീലിന് പോകാം.സഞ്ജുവിന്‍റെ യൂട്യൂബ് വീഡിയോസിൽ നിന്നും കൂടുതൽ നിയമലംഘനങൾ കണ്ടെത്തിയതോടെ എന്‍ഫോഴ്സ്മെന്‍റ് ആർടിഒ സഞ്ജുവിനോട് വിശദീകരണം തേടിയിരുന്നു. നിയമങ്ങളെക്കുറിച് അറിയില്ലായിരുന്നു എന്ന സഞ്ജുവിന്‍റെ വിശദീകരണത്തിന് പിന്നാലെയാണ് നടപടി. വാഹനത്തില്‍ സ്വിമ്മിങ് പൂൾ ഒരുക്കിയതിൽ സഞ്ജുവിനെതിരെയും വാഹനം ഓടിച്ച സൂര്യ നാരായണനെതിരെയും കേസ് നിലവിലുണ്ട്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
മന്ത്രിയുടെ വാക്കുകള്‍
''ഇത് പോലെയുള്ള ആളുകളെ മെഡിക്കൽ കോളജിന്റെ കക്കൂസ് കഴുകിപ്പിക്കണം. പണക്കൊഴുപ്പും അഹങ്കാരവുമാണ് കാണിക്കുന്നത്. ഇനിയും റീച്ച് കൂട്ടാൻ വേണ്ടി ഇത്തരം പരിപാടികളുമായി വരാൻ പറ്റാത്ത രീതിയിലുള്ള നടപടികളായിരിക്കും.
പൈസയുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിത് നീന്തേണ്ട, വീട്ടിൽ നല്ലതൊന്ന് പണിതാൽ മതി. രാവിലെയും വൈകീട്ടും നീന്തിയാൽ നല്ലൊരു വ്യായാമം ആയിരിക്കും. ഭ്രാന്തന്മാരും സമനില തെറ്റിയവരും കാണിക്കുന്ന വീഡിയോകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത് എന്നെ പറയാനുള്ളൂ. എം.വി.ഡിയേയൊന്നും വെല്ലുവിളിക്കേണ്ട, പഴയ കാലമൊന്നുമല്ല. ശിപാർശ ചെയ്ത് കാര്യം സാധിക്കാമെന്നും കരുതേണ്ട.
യൂട്യൂബർക്ക് റീച്ച് കൂടുന്നതിന് എനിക്ക് വിരോധമൊന്നുമില്ല. നിയമലംഘനം നടത്തി റീച്ച് കൂട്ടുമ്പോൾ മാന്യന്മാരായ ആളുകളോട് എനിക്ക് പറയാനുള്ളത് ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് എന്നാണ്. നിയമലംഘനം എന്നത് പൗരന്റെ മോശപ്പെട്ട സ്വഭാവമാണ്. നിയമത്തെ മാനിക്കണം. ആർക്കും എന്ത് ഗോഷ്ടിയും കാണിക്കാമെന്ന് കരുതേണ്ട, ട്രാൻസ്‌പോർട്ടിൽ ഇത്തരം വേലകൾ കാണിച്ചാൽ കർശനമായി തന്നെ നേരിടും. ഇത്തരം ആളുകളെ നിലക്ക് നിർത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ട്. ഇക്കാര്യത്തിൽ എടുക്കാവുന്നതിന്റെ ഏറ്റവും കർശന നടപടി തന്നെ എടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
അയാളൊരു നല്ലൊരു പൗരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല, എന്ത് ഗോഷ്ടിയും കാണിച്ച് ആളുകളെ ആകർഷിക്കുന്നത് അന്തസിന് ചേർന്നതല്ല. അദ്ദേഹത്തിന്റെ ഇതിന് മുമ്പത്തെ എല്ലാ വീഡിയോകളും പരിശോധിക്കും വാഹനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വേലത്തരം ഉണ്ടെങ്കിൽ എല്ലാത്തിനും നടപടി എടുക്കും. ഉപദേശിച്ച് വിടുകയില്ല. നടപടി ഉണ്ടാകും. മോട്ടോർവെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചരിത്രത്തിൽ എടുക്കുന്ന ഏറ്റവും കടുത്ത നടപടിയാകും അത്''