കുവൈത്ത് അമീറും ട്രംപുമായുള്ള കൂടിക്കാഴ്ച ബുധനാഴ്ച; പ്രതീക്ഷയോടെ അറബ് ലോകം
കുവൈത്ത് അമീറും അമേരിക്കൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച ബുധനാഴ്ച വൈറ്റ് ഹൗസിൽ നടക്കും. അറബ് ലോകം ഏറെ പ്രതീക്ഷയോടെയാണ് കുവൈത്ത്-അമേരിക്ക ഉച്ചകോടിയെ ഉറ്റുനോക്കുന്നത്
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപും തമ്മിലെ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ അടുത്ത ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം അറബ് മേഖലയെ സുരക്ഷിതമാക്കുന്നതിനുളള വിഷയങ്ങളും ചർച്ച ചെയ്യും. കുവൈത്തും അമേരിക്കയും തമ്മിലെ വാണിജ്യം, വ്യാപാരം, സുരക്ഷ, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയവയെല്ലാം ഉച്ചകോടിയിൽ ചർച്ചയാകും. സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ വിഷയങ്ങൾക്കൊപ്പം ജി.സി.സി രാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളും അമീർ ശൈഖ് സബാഹ് ഡോണാൾഡ് ട്രംപ് ചർച്ചയിൽ വിഷയമാകും.
ആഭ്യന്തര സംഘർഷങ്ങളും യുദ്ധവും മൂലം പ്രയാസം അനുഭവിക്കുന്ന അറബ് മേഖലയിലെ ലക്ഷക്കണക്കിന് പേർക്ക് ആശ്വാസമാകുന്ന തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചകോടിക്കായി കുവൈത്ത് ഉന്നത തല സംഘവും അമേരിക്കയിലെത്തിയിട്ടുണ്ട്.