വിദേശികള്‍ക്ക് കുവൈത്തില്‍ തൊഴില്‍ വിസ ലഭിക്കാന്‍ 1500 ദിനാറില്‍ കൂടുതല്‍ കൊടുക്കേണ്ടി വരുന്നതായി പരാതി
വിദേശികൾക്ക് കുവൈത്തിൽ തൊഴിൽവിസ ലഭിക്കാൻ 1500 ദീനാറിൽ കൂടുതൽ കൊടുക്കേണ്ടി വരുന്നതായി പരാതി. വിസക്കച്ചവടക്കാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി കുവൈത്ത് മനുഷ്യാകാവകാശ സൊസൈറ്റി വ്യക്തമാക്കി.
തന്റെ കീഴിൽ തൊഴിലെടുക്കാനല്ലാതെ വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്പോൺസർക്ക് മൂന്നുവർഷം വരെ ജയിൽശിക്ഷയും 2000 ദീനാർ മുതൽ 10000 ദീനാർ വരെ പിഴയും നൽകണമെന്നാണ് കുവൈത്ത് തൊഴിൽ നിയമം അനുശാസിക്കുന്നത്. എന്നാൽ, രാജ്യത്ത് വിസക്കച്ചവടം തകൃതിയാണെന്ന് സൊസൈറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയും അന്യായമായും നാടുകടത്തരുതെന്ന് മനുഷ്യാവകാശ സൊസൈറ്റി ശിപാർശ ചെയ്തു. ഒരുപാട് കേസുകളിൽ തൊഴിലാളികളെ സ്പോൺസർമാർ ചതിയിൽ പെടുത്തുത്തുന്നുവെന്ന പരാതിയും വ്യാപകമാണ്.
ജോലിയെടുപ്പിച്ച ശേഷം ശമ്പളം കൊടുക്കുന്നില്ല. ചോദിച്ചാൽ വർക്ക് പെർമിറ്റ് റദ്ദാക്കുകയോ ഒളിച്ചോടിയതായി പരാതി നൽകുകയോ ചെയ്യുന്നു. ഗാർഹികത്തൊഴിലാളികളെ ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതായി ധാരാളം പരാതികൾ സൊസൈറ്റിയുടെ ഹോട്ട്ലൈൻ നമ്പറിൽ ലഭിക്കുന്നുണ്ട്.അറബി സംസാരിക്കാത്ത വിദേശികൾക്ക് നിയമസഹായം നൽകുന്നതിന് ഏഴ് വിദേശഭാഷകളിൽ തർജ്ജമക്കാരെ നൽകണമെന്ന കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ ആവശ്യം മാൻപവർ അതോറിറ്റിയിലെ തൊഴിൽ വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.