സുഷമാ സ്വരാജ് നാളെ കുവൈത്തിലെത്തും
ബുധനാഴ്ചയാണ് കുവൈത്ത് അധികൃതരുമായുള്ള കൂടിക്കാഴ്ച.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നാളെ കുവൈത്തിലെത്തും. വൈകീട്ട് എംബസ്സിയിൽ നടക്കുന്ന കമ്മ്യൂണിറ്റി മീറ്റിൽ പ്രവാസി പ്രതിനിധികളുമായി സുഷമ സംവദിക്കും. ബുധനാഴ്ചയാണ് കുവൈത്ത് അധികൃതരുമായുള്ള കൂടിക്കാഴ്ച.
രണ്ടുദിവസത്തെ ഖത്തർ സന്ദർശനം കഴിഞ്ഞാണ് സുഷമ സ്വരാജ് കുവൈത്തിലെത്തുന്നത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, തൊഴിൽ സാമൂഹ്യക്ഷേമമന്ത്രി ഹിന്ദ് അൽ സബീഹ് എന്നിവരുമായി സുഷമ സ്വരാജ് കൂടികക്കാഴ്ച നടത്തും. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ഫോണിലും സംസാരിക്കും.
എൻജിനീയർമാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം, പെട്രോളിയം, വിദേശനിക്ഷേപം ഉൾപ്പെടെ മറ്റു പല വിഷയങ്ങളും സന്ദർശനത്തിനിടെ ചർച്ച ചെയ്യും. ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ധാരണ പത്രത്തിലും മന്ത്രി ഒപ്പു വെക്കും. മന്ത്രിയായതിന് ശേഷം ആദ്യമായാണ് സുഷമ സ്വരാജ് കുവൈത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഇന്ത്യൻ സമൂഹത്തിലെ തെരഞ്ഞെടുത്ത വ്യക്തിത്വങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.