കുവൈത്തിൽ അമീറിന്റെ കാരുണ്യത്തിന്റെ വ്യവസ്ഥകൾ പ്രഖ്യാപിച്ചു: ശിക്ഷ ഇളവ് 1000 തടവുകാർക്ക് മാത്രം

ജുഡീഷ്യൽ തടവിലുള്ള വിദേശികളെ ഇഖാമ കാലാവധിയും കുടുംബം കുവൈത്തിലുണ്ടോ എന്നും പരിഗണിക്കാതെ മോചിപ്പിച്ച് നാടുകടത്തണം എന്നതാണ് ഇത്തവണ പുതുതായി വ്യവസ്ഥയിൽ വരുത്തിയ പ്രധാന മാറ്റം

Update: 2018-11-09 02:25 GMT
Advertising

കുവൈത്തിൽ അമീറിന്റെ കാരുണ്യത്തിൽ തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകൾ തീരുമാനിച്ചു. വ്യവസ്ഥകൾ നീതിന്യായ മന്ത്രാലയം അംഗീകരിച്ചാൽ തടവുകാരുടെ പട്ടിക തയായാറാക്കുന്ന നടപടികൾക്കു തുടക്കമാകും. ഇത്തവണ 1000 തടവുകാർക്ക് മാത്രമാണ് ശിക്ഷ ഇളവ് ലഭിക്കുക.

Full View

തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീറി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീറി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമരൂപം നൽകുക. ജുഡീഷ്യൽ തടവിലുള്ള വിദേശികളെ ഇഖാമ കാലാവധിയും കുടുംബം കുവൈത്തിലുണ്ടോ എന്നും പരിഗണിക്കാതെ മോചിപ്പിച്ച് നാടുകടത്തണം എന്നതാണ് ഇത്തവണ പുതുതായി വ്യവസ്ഥയിൽ വരുത്തിയ പ്രധാന മാറ്റം. ഇത്തരത്തിലുള്ള എല്ലാവരെയും മോചിപ്പിക്കുകയല്ല, പകരം ഇവരെ കൂടി പരിഗണിക്കുകയാണ് ചെയ്യുക. അതേസമയം, കുവൈത്ത് പൗരന്മാരുടെ വിദേശിയായ ജീവിത പങ്കാളി, കുവൈത്തി മാതാവിന്‍റെ വിദേശിയായ മകൻ, ബിദൂനികൾ, എന്നിവരെ മോചിപ്പിച്ചാലും നാടുകടത്തില്ല. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീറി കാരുണ്യത്തിൽ ഇളവ് നൽകില്ല. 1000 തടവുകാർക്ക് മാത്രമാവും ഇത്തവണ ശിക്ഷയിളവ് നൽകുക എന്ന് സൂചനയുണ്ട്. ത്തുവർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്. കഴിഞ്ഞ തവണ 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് അമീറി കാരുണ്യം പ്രഖ്യാപിക്കുക .

Tags:    

Similar News