കുവൈത്തില്‍ മഴക്കെടുതിയുടെ ദുരിതം പേറുന്നവര്‍ക്ക് കൈതാങ്ങായി നാട്ടുകാരും വിദേശികളും
സഹായം ആവശ്യമുള്ളവരെ തേടി സ്വദേശി യുവാക്കള്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ വാഹനവും സന്നാഹങ്ങളുമായി രംഗത്തുണ്ട്.
കുവൈത്തില്‍ മഴക്കെടുതിയുടെ ദുരിതം പേറുന്നവര്‍ക്കായി നാട്ടുകാരും വിദേശികളും രംഗത്തിറങ്ങി. സഹായം ആവശ്യമുള്ളവരെ തേടി സ്വദേശി യുവാക്കള്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ വാഹനവും സന്നാഹങ്ങളുമായി രംഗത്തുണ്ട്.
കുവൈത്ത് നിവാസികൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത ശക്തമായ മഴയാണ് കഴിഞ്ഞ രണ്ടു ദിവങ്ങളിലായി കുവൈത്തിൽ പെയ്തിറങ്ങിയത്. ഡ്രെയിനേജ് സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനധികം മഴവെള്ളമെത്തിയതോടെ റോഡുകൾ തോടുകളായി. നിരവധി വാഹനങ്ങളാണ് റോഡുകളിലെ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്നിരുന്നത്. പലയിടങ്ങളിലും വലിയ വാഹനങ്ങളിൽ കുവൈത്തി ചെറുപ്പക്കാർ എത്തിയാണ് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ വലിച്ചുകയറ്റിയത്.
ബുധനാഴ്ച പുലരുവോളം ഇവർ രക്ഷാപ്രവർത്തനം തുടർന്നു. പോലീസ് ഉൾപ്പെടെയുള്ള സേനാവിഭാഗങ്ങളും പെരുമഴ നനഞ്ഞാണ് രാവും പകലും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായത്. മുനിസിപ്പൽ ജീവനക്കാരും അഗ്നിശമന വിഭാഗവും രക്ഷാപ്രവർത്തനത്തിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചു. സബാഹ് അൽ അഹ്മദിൽ ക്യാമ്പ് ചെയ്ത നാഷനൽ ഗാർഡും വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുകൊണ്ടു.