കുവൈത്തിലെ സൗത്ത് മുത്ല പാർപ്പിട പദ്ധതിക്ക് കുഴിബോംബുകൾ തടസ്സം നിൽക്കുന്നതായി റിപ്പോർട്ട്

Update: 2018-12-22 17:53 GMT
Advertising

കുവൈത്തിലെ സൗത്ത് മുത്ല പാർപ്പിട പദ്ധതിക്ക് ഇറാഖ് അധിനിവേശകാലത്ത് ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകൾ തടസ്സം നിൽക്കുന്നതായി റിപ്പോർട്ട്. പ്രദേശത്തു കൂടെ കടന്നു പോകുന്ന ഉയർന്ന വോൾട്ടേജിലുള്ള ഇലക്ട്രിക് ലൈനുകളും പദ്ധതിയുടെ വേഗത്തിനെ ബാധിക്കുന്നതായാണ് റിപ്പോർട്ട്.

ചൈനീസ് കമ്പനിയാണ് മുത്ല പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നത്. കരാർ പ്രകാരം 2019 ഡിസംബറിലാണ് പാർപ്പിട സിറ്റിയുടെ നിർമാണം പൂർത്തിയാക്കേണ്ടത്. കരാർ സമയ പരിധിക്ക് എട്ട് മാസങ്ങൾക്ക് മുമ്പ് 12000 വീടുകളുടെ പണി പൂർത്തിയാക്കുമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും കുഴിബോംബുകളും ഹൈവോൾട്ടേജ്‌ ലൈനുകളും പദ്ധതി വിചാരിച്ച രീതിയിൽ മുന്നോട്ടുപോവുന്നതിന് തടസ്സമാവുകയാണ്. മൊത്തം 18,519 വീടുകൾ അടങ്ങുന്നതാണ് സൗത് മുത്ല പാർപ്പിട പദ്ധതി. ചെറിയ സ്ഫോടനം നടത്തിയാണ് മുത്ലയിൽ ഭൂമി നിരപ്പാക്കുന്നത്. അതേസമയം ജാബിർ അൽ അഹ്മദ് പാർപ്പിട നഗരത്തിന്റെ നിർമാണം 84 ശതമാനം പൂർത്തിയായി. സൗത് സഅദ് അൽ അബ്ദുല്ല, സൗത് സബാഹ് അൽ അഹ്മദ് പദ്ധതികൾ പ്രാഥമിക ഘട്ടത്തിലാണുള്ളത്. താഴ്ന്ന വരുമാനക്കാരായ വിദേശി തൊഴിലാളികൾക്ക് വേണ്ടിയുള്ള ജഹ്റ പാർപ്പിട നഗര പദ്ധതി 2023ഓടെ പൂർത്തിയാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിക്കായി മുനിസിപ്പാലിറ്റി സൗത്ത് ജഹറയിൽ 1,015,000 ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 20,000 പുരുഷ ബാച്ചിലർമാർക്ക് താമസമൊരുക്കാൻ സാധിക്കുന്ന വിധത്തിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് ജഹ്‌റ ബാച്ചിലർ സിറ്റി.

Tags:    

Similar News