കാന്‍സര്‍ ബാധിച്ച മക്കളെ ചികിത്സിക്കാന്‍ കുടുംബം ബുദ്ധിമുട്ടുന്നു
നാസര്‍ ഷബാന ദമ്പതികളുടെ മക്കളായ ആറുവയസുകാരി ലെനയ്ക്കും ഒരു വയസ്സുകാരി ലെന്‍സയ്ക്കുമാണ് കണ്ണുകള്‍ക്ക് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നത്.
കാന്‍സര്‍ ബാധിതരായ മക്കളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനാവാതെ കുടുംബം ദുരിതത്തില്‍. വയനാട് വൈത്തിരി തളിപ്പുഴ സ്വദേശികളായ നാസര്‍ ഷബാന ദമ്പതികളാണ് മക്കളുടെ ചികിത്സക്കായി പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
നാസര്‍ ഷബാന ദമ്പതികളുടെ മക്കളായ ആറുവയസുകാരി ലെനയ്ക്കും ഒരു വയസ്സുകാരി ലെന്‍സയ്ക്കുമാണ് കണ്ണുകള്‍ക്ക് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നത്. രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ലെനക്ക് കാന്‍സര്‍ രോഗം ബാധിച്ചതായി സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്നു. ഇപ്പോള്‍ ഇടതുകണ്ണിന്റെ സ്ഥാനത്ത് കൃത്രിമ കണ്ണ് വെച്ചിരിക്കുകയാണ്. വൈത്തിരി കനറാ ബാങ്കില്‍ 'ലെന- ലെന്‍സ ചികിത്സ സഹായ കമ്മിറ്റി' എന്ന പേരില്‍ ഒരു അക്കൌണ്ട് തുറന്നിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍: 0358101080772, ബാങ്ക് ഐ.എഫ്.എസ്.സി കോഡ്: CNRB0000358.
ലെനയുടെ അനിയത്തി ലെന്‍സക്ക് രണ്ട് കണ്ണുകള്‍ക്കും കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. മധുരയിലെ അരവിന്ദ് ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്. ഓരോ ഇരുപത് ദിവസം കൂടുമ്പോഴും ആശുപത്രിയിലെത്തണം. ഓരോ തവണവും പതിനായിരം രൂപയിലധികമാണ് ചെലവ്. കൂലിപ്പണിക്കാരനായ നാസറിന് ഈ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. മക്കളുടെ ചികിത്സയുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ കൃത്യമായി ജോലിക്ക് പോവാനും സാധിക്കുന്നില്ല.
മക്കളുടെ രോഗത്തോടൊപ്പം സ്വന്തമായി വീടില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. പിതാവ് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് ഷെഡ് നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രയാസം മൂലം പണിപൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കുടുംബ വീട്ടിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. ഇതോടൊപ്പം വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണിയും നിലനില്‍ക്കുന്നു. ഇപ്പോള്‍ നാട്ടുകാരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. മക്കളുടെ ചിക്തസക്ക് സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന ഏക പ്രതീക്ഷമാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്.