ലാറ്റിനമേരിക്കന്‍ കരുത്തന്‍മാരെ സമനിലയില്‍ തളച്ച് ഇന്ത്യ; എതിരാളികളുടെ കോച്ചും പറഞ്ഞു, ഇന്ത്യ അത്ഭുതപ്പെടുത്തി...
നിലവിലെ അണ്ടര്‍ 20 ലോകകപ്പ് റണ്ണേഴ്‍സപ്പാണ് വെനസ്വേല. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ വെനസ്വേലന്‍ പരിശീലകന്‍ മാര്‍കോസ് മത്യാസ് അത്ഭുതം പ്രകടിപ്പിച്ചു.
കാല്‍പ്പന്ത് കളിയില്‍ ഏഷ്യന്‍ വന്‍കരയിലെ കരുത്തന്‍മാരാകുകയാണ് ഇന്ത്യയുടെ യുവതലമുറ. സ്‍പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ വെനസ്വേലയെ സമനിലയില്‍ പിടിച്ചുകെട്ടിയാണ് ഇന്ത്യന്‍ ടീം കരുത്ത് തെളിയിച്ചത്.
കോടിഫ് കപ്പ് 2018 ടൂര്‍ണമെന്റിലാണ് വെനസ്വേലയെ ടീം ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. നിലവിലെ അണ്ടര്‍ 20 ലോകകപ്പ് റണ്ണേഴ്‍സപ്പാണ് വെനസ്വേല. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ വെനസ്വേലന്‍ പരിശീലകന്‍ മാര്‍കോസ് മത്യാസ് അത്ഭുതം പ്രകടിപ്പിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെച്ചതെന്ന് മത്യാസ് പറഞ്ഞു.
തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു വെനസ്വേലയുടെ മുന്നേറ്റം. ഇന്ത്യന്‍ ഗോള്‍മുഖത്ത് വെനസ്വേലന്‍ മുന്നേറ്റ നിര കടുത്ത ആക്രമണം അഴിച്ചുവിട്ടു. 17 ാം മിനിറ്റില്‍ വെനസ്വേലക്ക് ലഭിച്ച സുവര്‍ണാവസരം ഇന്ത്യന്‍ പ്രതിരോധ ഭടന്‍മാരുടെ കണ്ണുവെട്ടിച്ച് അകത്തെത്തിക്കാനായില്ല. പിന്നീടങ്ങോട്ട് വെനസ്വേലയുടെ മുന്‍നിരക്ക് മുന്നില്‍ ഇന്ത്യ വന്‍മതില്‍ പണിതു. വെനസ്വേല തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഇന്ത്യയോട് സമനില വഴങ്ങി ലോകകപ്പ് റണ്ണേഴ്‍സപ്പുകള്‍ കളംവിട്ടു.