'ഘടകകക്ഷികൾക്കിടയിൽ യാതൊരു ആശയവിനിമയവും ഉണ്ടാകുന്നില്ല'; ഇൻഡ്യ സഖ്യത്തിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് സഞ്ജയ് റാവത്ത്
'എല്ലാവരെയും ഒരുമിച്ച് നിർത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണം'
മുംബൈ: കോൺഗ്രസിനെതിരെ വിമർശനവുമായി ശിവ്സേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത്. ഇൻഡ്യ സഖ്യത്തെ കോട്ടം തട്ടാതെ നിലനിർത്തേണ്ടത് സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടയായ കോൺഗ്രസിൻ്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡ്യാ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമായിരുന്നുവെന്ന തോന്നൽ മുന്നണിയിലെ സഖ്യകകഷികൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.
'ഘടകകക്ഷികൾക്കിടയിൽ യാതൊരു ആശയവിനിമയവും ഉണ്ടാകുന്നില്ല. ഞങ്ങൾ ഒരുമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയും മികച്ച ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭാവി പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് മുന്നണിയുടെ യോഗം ചേരണ്ടതായിരുന്നു. അതിന് മുൻകൈയെടുക്കേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തമാണ്.'- സഞ്ജയ് പറഞ്ഞു.
'സഖ്യകക്ഷികൾ തമ്മിലുള്ള ഈ ആശയവിനിമയത്തിൻ്റെ അഭാവം സഖ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. സഖ്യം തകരുകയാണെങ്കിൽ അത് പുനരുജ്ജീവിപ്പിക്കാൻ സാധിക്കില്ലെ'ന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെങ്കിൽ, മുന്നണി ഇനി നിലവിലില്ലെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ എല്ലാ സഖ്യകക്ഷികൾക്കും അവരുടെ വഴി തെരഞ്ഞെടുക്കാൻ സാധിക്കുമല്ലോ'യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എല്ലാവരെയും ഒരുമിച്ച് നിർത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണം. നമ്മൾ മുൻകാല തെറ്റുകൾ തിരുത്തേണ്ടതുണ്ട്. പ്രതിപക്ഷ സഖ്യം പിരിച്ചുവിടുക എന്നത് വൻ തിരിച്ചടിക്ക് കാരണമാകും.'- സഞ്ജയ് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത്, സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ എംവിഎ ഘടകകക്ഷികൾക്കിടയിലും ഏകോപനമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.