ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട്, സിനിമയിലെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കണ്ണ് നിറയും; ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

'ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം' എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും'

Update: 2023-04-21 05:33 GMT
Mammootty Mother
AddThis Website Tools
Advertising

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളികള്‍ അറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഫാത്തിമ അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫാത്തിമ ചികിത്സയിലായിരുന്നു.

ഉമ്മയെ കുറിച്ച് മമ്മൂട്ടി മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ്ഫ്രണ്ടാണ് ഉമ്മയെന്നും എല്ലാവരുടെയും ആദ്യത്തെ സുഹൃത്തും ഉമ്മമാരായിരിക്കുമെന്നുമായിരുന്നു മുമ്പൊരിക്കല്‍ മമ്മൂട്ടി മാതൃദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2009 ല്‍ വനിതയ്ക്ക് നല്‍കിയ ഒരു അഭിമുഖവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമയില്‍ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നു.

'എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും, അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല' എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

കുറച്ച് ദിവസം തന്റെ വീട്ടില്‍ വന്ന് താമസിക്കുമ്പോള്‍ ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, 'എന്നെ അവിടെക്കൊണ്ടാക്ക്' എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

'എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ.'ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം' എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും' എന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.


Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News