ക്രിസ്റ്റ്യാനോ സാക്ഷി: ‘സൂയ്’ സെലിബ്രേഷനുമായി ഹോയ്‍ലൻഡ്


ലിസ്ബൺ: ഫുട്ബോളിലെ വിഖ്യാത ആഘോഷ പ്രകടനങ്ങളിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സ്യൂ . ഫുട്ബോളിന് പുറമേ ടെന്നിസിലും ക്രിക്കറ്റിലുമെല്ലാം അനുകരിക്കപ്പെട്ടിട്ടുണ്ട്
എന്നാൽ ക്രിസ്റ്റ്യാനോ നോക്കി നിൽക്കവേ എതിർടീമിലെ ഒരാൾ അത് ചെയ്താലോ? യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ-ഡെന്മാർക്ക് മത്സരത്തിലാണ് അങ്ങനൊരു സംഭവമുണ്ടായത്. മത്സരത്തിന്റെ 78ാം മിനുറ്റിൽ ഗോൾ നേടിയ ശേഷം ഡെന്മാർക്കിന്റെ റാസ്മസ് ഹോയ്ലൻഡാണ് ഗ്യാലറിക്കരികെ ‘സ്യൂ’ സെലബ്രേഷൻ നടത്തിയത്. ഈ ഗോളിന്റെ ബലത്തിൽ ഡെന്മാർക്ക് വിജയിക്കുകയും ചെയ്തു.
വൈകാതെ ഇത് ക്രിസ്റ്റ്യാനോക്കെതിരെയുള്ള പരിഹാസമാണെന്ന രീതിയിൽ പലരും സമൂഹമാധ്യമങ്ങളിൽ ശബ്ദമുയർത്തി. എന്നാൽ വൈകാതെ വിശദീകരണവുമായി ഹോയ്‍ലൻഡെത്തി. ‘‘അദ്ദേഹം എന്റെ ആരാധനാമൂർത്തിയാണ്. ഞാനൊരിക്കലും അദ്ദേഹത്തെ പരിഹസിച്ചതല്ല. എന്റെ കരിയറിൽ അദ്ദേഹമുണ്ടാക്കിയ സ്വാധീനം വലുതാണ്. 2011ൽ റൊണാൾഡോ ഫ്രീകിക്കിലൂടെ ഗോൾ നേടുന്നത് നേരിട്ട് കണ്ടത് മുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനാണ്’’ –ഹോയ്ലൻഡ് പറഞ്ഞു.
2011ൽ ഡെന്മാർക്കിനെതിരെ റൊണാൾഡോ നേടിയ വെടിക്കെട്ട് ഫ്രീകിക്ക് ഗോളിനെക്കുറിച്ചാണ് ഹോയ്ലൻഡിന്റെ പ്രതികരണം.