കപ്പ് നിലനിർത്താൻ കൊൽക്കത്ത; പുതിയ സീസണിൽ ആദ്യ അങ്കത്തിനൊരുങ്ങി രഹാനെയും സംഘവും
ഈഡൻ ഗാർഡനിൽ നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരുവാണ് എതിരാളികൾ


മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്. ഈ രണ്ട് ഫ്രാഞ്ചൈസികൾ മാത്രം കൈയ്യടക്കിവെച്ചത് 10 ഐപിഎൽ ട്രോഫികളാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പവർ ഹൗസുകൾ. ഓരോ വേനൽക്കാലത്തും കിരീടങ്ങൾ പങ്കിട്ടെടുക്കുന്ന ഈ രണ്ട് ഫ്രാഞ്ചൈസികൾക്ക് അന്നും ഇന്നും ഒത്ത ഒരു എതിരാളിയുണ്ട്...കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കിങ് ഖാന്റെ ആശിർവാദമുള്ള ദാദയുടെ ലെഗസിയുള്ള ദി റിയൽ വാരിയേഴ്സ്.

സിഎസ്‌കെയുടേയും മുംബൈയുടേയും ആധിപത്യത്തിനിടയിലും ഇതുവരെയും കെകെആർ ഷെൽഫിലെത്തിയത് മൂന്ന് കിരീടങ്ങളാണ്. 2008ലെ പ്രഥമ ഐപിഎൽ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൂറ്റൻ സ്‌കോർ പടുത്തുയർത്തി വരവറിയിച്ചവരാണ് കൊൽക്കത്ത. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ അന്ന് ബ്രെൻഡൻ മക്കല്ലം നടത്തിയ വെടിക്കെട്ട് സെഞ്ച്വറി വരാനിരിക്കുന്ന മത്സങ്ങളുടെ സാമ്പിളായിരുന്നു. 18ാം സീസണിലെ ഉദ്ഘാടന മാച്ചിൽ ആർസിബിയെ നേരിടാനൊരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സാധ്യതകൾ... സീസൺ പ്രതീക്ഷകൾ എന്തൊക്കെയാണ്?
നിലവിലെ ഐപിഎൽ ചാമ്പ്യൻമാർ. ഈഡൻഗാർഡനിൽ വീണ്ടും അങ്കം കുറിക്കുമ്പോൾ കെകെആറിന് കോൺഫിഡൻസ് നൽകുന്നത് ഈ ടാഗ് ലൈനാണ്. ചെന്നെയ്ക്കും മുംബൈക്കും സമാനമായി കോർടീമിനെ നിലനിർത്തിയാണ് എക്കാലവും കെകെആർ മുന്നോട്ട് പോയത്. ഇത്തവണയും അതിന് മാറ്റമില്ല. വെങ്കടേഷ് അയ്യർ, സുനിൽ നരെയിൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി... ആ വിജയഫോർമുല അതുപോലെ ഇത്തവണയുമുണ്ട്. എന്നാൽ കിരീടം നേടിതന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒപ്പമില്ല എന്ന വൈരുധ്യവും. മറ്റു താരങ്ങൾക്കായി 30കാരനെ നിലനിർത്താതെ ഹൈ റിസ്‌കെടുക്കാൻ മാനേജ്മെന്റ് തയാറായി. അയ്യർക്ക് പകരം വെറ്ററൻ താരം അജിൻക്യ രഹാനെയാണ് പുതിയ ക്യാപ്റ്റൻ. പോയ സീസണിൽ മെന്ററുടെ നിർണായക റോൾ കൈകാര്യം ചെയ്ത ഗൗതം ഗംഭീറും ഈഡനോട് ബൈ പറഞ്ഞു. ഇതോടെ ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന പരിശീലക ചാണക്യനൊപ്പം ഡ്വയിൻ ബ്രാവോയാണ് മെന്ററുടെ റോളിലുള്ളത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മെഗാതാരലേലത്തിൽ വലിയ പരിക്കില്ലാതെ സന്തുലിത സ്‌ക്വാർഡിനെ നിലനിർത്താനായത് ചാമ്പ്യൻ ടീമിന് ആശ്വാസം പകരുന്നതാണ്.
ഓപ്പണിങിൽ വിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയിനെ ഇറക്കിയുള്ള ഫിയർലെസ് പരീക്ഷണത്തിനാകും ഇത്തവണയും കൊൽക്കത്ത ശ്രമിക്കുക. സുനിൽ നരൈനെന്ന സൈലന്റ് കില്ലർ കൊൽക്കത്തൻ കുതിപ്പിച്ചിൽ നിർണായ പങ്കുവഹിച്ചു. 15 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 488 റൺസാണ് 36 കാരൻ അടിച്ചെടുത്തത്. എന്നാൽ നരൈൻ മികച്ച പിന്തുണ നൽകി കൂട്ടുകെട്ടുയർത്തിയ ഫിൽ സാൾട്ട് ഇത്തവണ കൂടെയില്ല. പകരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡി കോക്കാണ് ഓപ്ഷനായുള്ളത്. പോയസീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പം നിരാശപ്പെടുത്തിയ ഡികോക്ക് പഴയ ഫ്ളോയിൽ കളിക്കുമെന്നാണ് ആരാധകരും മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്. അഫ്ഗാൻ താരം റഹ്‌മത്തുള്ള ഗുർബാസും സാധ്യതപട്ടികയിലുണ്ട്.
മൂന്നാം നമ്പറിൽ അജിൻക്യ രഹാനെയോ വെങ്കടേഷ് അയ്യരോയാ എത്തും. ക്യാപ്റ്റൻസിക്കൊപ്പം ശ്രേയസിന്റെ ബാറ്റിങ് റോളിലും രഹാനെക്ക് തിളങ്ങാനാകണം. പോയ തവണ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം രഹാനെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 13 മാച്ചിൽ നിന്ന് 20 ബാറ്റിങ് ശരാശരിയിൽ 242 റൺസാണ് അടിച്ചത്. 45 റൺസാണ് ഉയർന്ന സ്‌കോർ. ഇതോടെ ലേലത്തിൽ താരത്തെ സിഎസ്‌കെ റിലീസ് ചെയ്തു. എന്നാൽ 2024-25 സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രഹാനെയുടെ കംബാകാണ് ആരാധകർ കണ്ടത്. മുംബൈക്കായി ഒൻപത് മാച്ചിൽ നിന്നായി 469 റൺസുമായി മികച്ച പ്രകടനം.
ഉപനായകൻ വെങ്കടേഷ് അയ്യരുടെ സാന്നിധ്യം മധ്യനിരയിൽ കെകെആറിന്റെ ബാലൻസ് നിലനിർത്തുന്നു. ആംഗർ റോളിലും അറ്റാക്ക് ചെയ്ത് കളിക്കാനും കെൽപ്പുള്ള ഈ ഓൾറൗണ്ടറെ 23 കോടി ന്യകലതാണഎ ഉറപ്പിച്ച് നിർത്തിയത്. ഭാവി ക്യാപ്റ്റനായും കൊൽക്കത്ത പരിഗണിക്കുന്നത് വെങ്കിയെയാണ്. അങ്ക്രിഷ് രഘുവംശിയെന്ന യുവതാരമാണ് മറ്റൊരു പ്രതീക്ഷ. ആദ്യ സീസണിൽ തന്നെ ഇംപാക്ടുണ്ടാക്കിയ 20കാരനിൽ വലിയ പ്രതീക്ഷയാണുള്ളത്. ട്വന്റി 20 ക്രിക്കറ്റിലെ ആഗോള ബ്രാൻഡ് ആന്ദ്രെ റസൽ, കൂടെ ഫിനിഷറുടെ റോളിൽ റിങ്കു സിങ്ങും രമൺദീപ് സിങ്ങും. വെടിക്കെട്ട് നടത്താനും ആങ്കർ റോൾ ചെയ്യാനുമാകുന്ന സ്ട്രോങ് ബാറ്റിങ് ലൈനപ്പാണ് ചാമ്പ്യൻ ടീമിനുള്ളത്. റോവ്മാൻ പവൽ, മൊയിൻ അലി, അൻകുൽ റോയ്, മനീഷ് പാണ്ഡെ കരുത്തുറ്റ ബെഞ്ച് സ്ട്രെങ്തും ടീമിനുണ്ട്
പേസ് ബൗളിങിലാണ് ടീം നേരിടുന്ന ആശങ്ക. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ പകരക്കാരനായി ഇത്തവണ ടീമിലെത്തിച്ചത് ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച് നോക്യയാണ്. മറ്റൊരു ഓപ്ഷനായി ഓസീസ് താരം സ്പെൻസർ ജോൺസനുണ്ട്. എന്നാൽ ഈ വിദേശതാരങ്ങൾ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളല്ലെന്നത് ടീമിനെ അലട്ടുന്നു. ഇന്ത്യയുടെ ഹർഷിത് റാണയും വൈഭവ് അറോറയും ആ ദൗത്യം ഏറ്റെടുത്താൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാനാകും. മധ്യഓവറുകളിൽ കൃത്യമായി യൂട്ടിലൈസ് ചെയ്യാവുന്ന ബൗളറായി ആന്ദ്രെ റസലുമുണ്ട്. പക്ഷേ സ്പിന്നിൽ അവർക്ക് ആശങ്കയല്ല. സുനിൽ നരെയിൻ-വരുൺ ചക്രവർത്തി കോംബോ ഡെഡ്‌ലിയാണ്. പോയ സീസണിൽ മാത്രം 17 വിക്കറ്റാണ്് വിൻഡീസ് താരം എടുത്തത്. 21 വിക്കറ്റ് വരുൺ ചക്രവർത്തിയും നേടി. മറ്റൊരു ഐപിഎൽ രാവിന് കൂടി ഈഡൻ ഗാർഡൻ അണിഞ്ഞൊരുങ്ങുമ്പോൾ കൊൽക്കത്തയുടെ മുന്നിൽ ഒരേയൊരു ലക്ഷ്യം... എന്തുവിലകൊുടത്തും കിരീടം നിലനിർത്തുക.