ഈ പോക്ക് പോയാല്‍ യമാല്‍ ഇതിഹാസങ്ങള്‍ പലരേയും മറികടക്കും
ഫുട്‌ബോളിന്റെ ആകാശവും ഭൂമിയും കീഴടക്കിക്കഴിഞ്ഞ ലയണൽ മെസിയുമായി യമാലിനെ താരതമ്യം ചെയ്യാൻ സമയമൊന്നുമായിട്ടില്ല. അതേ സമയം ചില വസ്തുതകളെ കാണാതെ പോവരുതെന്ന് പറയുന്നുണ്ട് ഫുട്‌ബോൾ പണ്ഡിറ്റുകൾ...

ജർമനി ഒന്നാകെ യൂറോ കപ്പിന്റെ ആരവങ്ങളിൽ മുഴുകിയ സമയമാണ്. അന്നൊരു ദിവസം അർധരാത്രി 12 മണിക്ക് സ്‌പെയിനിലെ അസോസിയേറ്റ് പ്രസ് ഫോട്ടോ ഗ്രാഫർ യൊവാൻ മോൺഫോർട്ടിന്റെ ഫോൺ ശബ്ദിച്ചു. അപ്പുറത്ത് കൂടെ ജോലി ചെയ്യുന്നൊരു മാധ്യമ സുഹൃത്താണ്. മോൺഫോർട്ടിന് ഒരു ചിത്രം അയച്ച് നൽകിയ ശേഷം ഇത് നിങ്ങൾ പകർത്തിയതാണോ എന്നയാൾ ചോദിച്ചു. ഒരു കൈ കുഞ്ഞിനെയും കയ്യിലേന്തി ഫോട്ടോക്ക് പോസ് ചെയ്യുന്ന ലയണൽ മെസി. അതെ എന്ന് മോൺഫോർട്ട് മറുപടി നൽകി. ലയണൽ മെസിയുടെ കയ്യിലുള്ള കുഞ്ഞാരാണെന്നറിയുമോ എന്നായി സുഹൃത്തിന്റെ പിന്നെയുള്ള ചോദ്യം. ആ ചിത്രത്തെക്കുറിച്ച് എന്നോ മറന്ന് പോയ മോൺഫോർട്ട് തനിക്കറിയില്ലെന്നും വർഷങ്ങൾക്ക് മുമ്പെടുത്തതാണെന്നും മറുപടി നൽകി.
''മോൺഫോർട്ട് ഞാനീ പറയുന്ന കാര്യം നിങ്ങളെ ചിലപ്പോൾ അത്ഭുതപ്പെടുത്തിയേക്കാം. ബാഴ്‌സലോണയുടെ സ്പാനിഷ് വിങ്ങർ ലമീൻ യമാലാണത്''. മോൺ ഫോർട്ടിന്റെ കൈവിറച്ചു. ആ ഫോൺ കോൾ തന്നെയന്വേഷിച്ച് എത്തുന്നതിന് തൊട്ടുമുമ്പ് വരെ അയാളങ്ങനെയൊരു കാര്യത്തേക്കുറിച്ച് ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. യൂറോപ്പിലെ പ്രമുഖ മാഗസിനുകളിൽ പലതിലും ആ ഫോട്ടോ പിന്നെ കവർ ചിത്രമായി പ്രത്യക്ഷപ്പെട്ടു. മോൺഫോർട്ടിനെ തേടി ഫോൺ കോളുകൾ പലതും പിന്നെയുമെത്തി. അയാൾ അഭിമാനത്തോടെ പറഞ്ഞു. ''അതേ.. ലമീൻ യമാൽ തന്നെയാണത്.'' മോൺഫോർട്ട് അന്നാ ചിത്രം പകർത്തുമ്പോൾ ലയണൽ മെസിക്ക് പ്രായം 20. ലമീൻ യമാലിന് ഇപ്പോഴും 20 തികഞ്ഞിട്ടില്ല.
എന്നാൽ 20ാം വയസിൽ മെസി ബാഴ്‌സയുടെ കുപ്പായമണിഞ്ഞതിനേക്കാൾ കൂടുതൽ തവണ യമാൽ തന്റെ 17ാം വയസിൽ തന്നെ കറ്റാലൻ കുപ്പായമണിഞ്ഞു കഴിഞ്ഞു. 20ാം വയസിലേക്ക് കടക്കുമ്പോൾ 84 മത്സരങ്ങളിലാണ് മെസി ബാഴ്‌സക്കായി മൈതാനത്തിറങ്ങിയത്. മധുരപ്പതിനേഴിനെ മൈതാനത്ത് ആഘോഷമാക്കുന്ന യമാൽ ഇതിനോടകം തന്നെ 88 തവണ ബാഴ്സക്കായി കറ്റാലന്മാര്‍ക്കായി ബൂട്ടണിഞ്ഞ് കഴിഞ്ഞു. ഫുട്‌ബോളിന്റെ ആകാശവും ഭൂമിയും കീഴടക്കിക്കഴിഞ്ഞ ലയണൽ മെസിയുമായി യമാലിനെ താരതമ്യം ചെയ്യാൻ സമയമൊന്നുമായിട്ടില്ല. അതേ സമയം ചില വസ്തുതകളെ കാണാതെ പോവരുതെന്ന് പറയുന്നുണ്ട് ഫുട്‌ബോൾ പണ്ഡിറ്റുകൾ.
''റൊണാൾഡോ നസാരിയോ മുതൽ സിനദിൻ സിദാൻ വരെ, മൈക്കിൽ ഓവൻ മുതൽ റൊണാൾഡീന്യോ വരെ, ക്രിസ്റ്റിയാനോ റൊണാൾഡോ മുതൽ ലയണൽ മെസി വരെ, ഫുട്‌ബോൾ ഇതിഹാസങ്ങള്‍ പലരുടേയും കളിക്കാലങ്ങളുടെ പ്രാരംഭ കാലം നിങ്ങളെടുത്ത് പരിശോധിക്കൂ. തങ്ങളുടെ 17ാം വയസിൽ ഇവരാരെങ്കിലും യമാലിനെ പോലെ മൈതാനത്തൊരു ടീമിന്റെ അനിഷേധ്യ സാന്നിധ്യമായി മാറിയിരുന്നോ ഫുട്‌ബോൾ ചരിത്രത്തിൽ മുമ്പൊരിക്കൽ പോലും ഒരു യുവതാരം മൈതാനത്ത് ഇത്ര സ്ഥിരതയോടെ കളം നിറയുന്നത് ഞാൻ കണ്ടിട്ടില്ല. വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല'' അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാന്റ് പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു.
"We have seen a genius, the product of a genius" സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലഫുവെന്റെ യൂറോ കപ്പിൽ ഫ്രാൻസിനെതിരായ വിജയത്തിന് ശേഷം യമാലിനെ കുറിച്ച് പറഞ്ഞ് വച്ചതിങ്ങനെയാണ്.
സ്‌കൂളിലെ ഹോം വർക്കുകകളുമായി ജർമനിയിലെത്തിയൊരു 16 കാരൻ. യൂറോ കപ്പിന്റെ ചരിത്രത്തിൽ സ്പാനിഷ് അർമാഡ നടത്തിയ ഏറ്റവും മികച്ച ക്യാമ്പയിനുകളിലൊന്നിന്റെ കടിഞ്ഞാൺ അവന്റെ കയ്യിലായിരുന്നു. സെമിക്ക് മുമ്പ് തന്നെ വെല്ലുവിളിച്ച അഡ്രിയാൻ റാബിയോക്ക് ഗാർഡെടുക്കാൻ പോലും സമയം കൊടുക്കാതെ മുന്നിൽ നിർത്തി നാണം കെടുത്തിയ ആ 30 വാര വിസ്മയം ഇമയടക്കാതെ കണ്ടുനിന്നതാണ് നമ്മൾ. കളിക്ക് ശേഷം ക്യാമറക്ക് മുന്നിൽ വന്ന് നിന്ന് ഇനി വല്ലതും പറയാനുണ്ടോ എന്ന് ചോദിച്ച് മാസ് കാണിച്ചവന്‍ ഡ്രസിങ് റൂമിലേക്ക് തിരികെ നടന്നു.
കലാശപ്പോരിൽ നിക്കോ വില്യംസിന്റെ ഗോളിന് വഴിയൊരുക്കി സ്പാനിഷ് സംഘത്തിന്റെ അപരാജിതമായ ആ കുതിപ്പില്‍ അവന്റെ റോൾ ഭംഗിയായി പൂർത്തിയാക്കുന്നു. അതിനിടെ സാക്ഷാൽ പെലെയടക്കമുള്ളവരുടെ റെക്കോർഡുകൾ പലതും പഴങ്കഥകളായി. നാല് അസിസ്റ്റുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതായാണ് യമാൽ ജർമൻ മണ്ണിലെ തന്‍റെ സഞ്ചാരമവസാനിപ്പിച്ചത്. കെവിൻ ഡിബ്രൂയിനേയും ബ്രൂണോ ഫെർണാണ്ടസുമടക്കമുള്ള വേൾഡ് ക്ലാസ് പ്ലേമേക്കർമാർ പന്തു തട്ടിയ ടൂർണമെന്റായിരുന്നു അതെന്ന് കൂടെയോർക്കണം.
സ്പാനിഷ് മണ്ണിൽ അത് പകരം ചോദിക്കലുകളുടെ കാലമായിരുന്നു . തങ്ങളുടെ ബദ്ധവൈരികളായ റയലിന് മുന്നില്‍ മുന്‍ സീസണുകളില്‍ കളി മറന്ന ബാഴ്സ എല്‍ ക്ലാസിക്കോകളിലെ രസംകൊല്ലി കാഴ്ചയായി മാറിക്കഴിഞ്ഞിരുന്നു. പക്ഷെ യൂറോക്ക് ശേഷം പൊടുന്നനെ ചിത്രം മാറി. ലാമാസിയയില്‍ കളിപഠിച്ച ഏഴോളം പയ്യന്മാരേയും കൊണ്ട് ഒക്ടോബര്‍ 27 ന് ഹാന്‍സി ഫ്ലിക്ക് ബെര്‍ണബ്യൂവിന് തീയിട്ടു. കിലിയന്‍ എംബാപ്പെയും വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും ഫെഡറിക്കോ വാല്‍വര്‍ഡേയും പേരുപറയാത്ത സിങ്കപ്പുലികള്‍ പലരും നിരന്ന് നില്‍ക്കുന്നൊരു നക്ഷത്ര സംഘത്തിന്‍റെ സ്ക്വാഡ് വാല്യൂ നോക്കിയാല്‍ അതിന്‍റെ പകുതി പോലും ഫ്ലിക്കിന്‍റെ സംഘത്തിനുണ്ടായിരുന്നില്ല. പക്ഷെ എന്നിട്ടും ഫ്ലിക്ക് ബെര്‍ണബ്യൂവിന്‍റെ മുറ്റത്തിട്ട് ഡോണ്‍ കാര്‍ലോയുടെ സംഘത്തെ കശക്കിയെറിഞ്ഞു. 77 ാം മിനിറ്റില്‍ റഫീന്യയുടെ പാസ് പിടിച്ചെടുത്ത് വലതുവിങ്ങിലൂടെ കുതിച്ച യമാലിന്‍റെ വലങ്കാലനടി ലോസ് ബ്ലാങ്കോസിന്‍റെ പെട്ടിയിലെ മൂന്നാമത്തെ ആണിയായിരുന്നു. തനിക്കെതിരെ അസഭ്യ വര്‍ഷങ്ങള്‍ മുഴങ്ങുന്ന ഗാലറിക്ക് മുന്നില്‍ യമാല്‍ അന്ന് നടത്തിയ സെലിബ്രേഷന് ക്രിസ്റ്റ്യാനോയുടെ വിശ്വവിഖ്യാതമായ 'കാമ' സെലിബ്രേഷനുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചവരെ കുറ്റം പറയാനൊക്കില്ല.
ബാഴ്സയും യമാലും അവിടം കൊണ്ടൊന്നും അവസാനിപ്പിച്ചില്ല. സൂപ്പര്‍ കോപ്പ ഫൈനലില്‍ ലമീനാണ് ആദ്യമായി റയലിനെതിരെ വെടിപൊട്ടിച്ചത്. എംബാപ്പെയുടെ ഗോളില്‍ ആറാടിയ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയെ 15 മിനിറ്റ് കൊണ്ട് യമാല്‍ നിശബ്ദമാക്കി. റയല്‍ ആരാധകര്‍ തടിച്ച് കൂടി നിന്ന ഗാലറി സ്റ്റാന്‍റിന് മുന്നില്‍ വന്ന് കാത് കൂര്‍പ്പിച്ച് 'ഇപ്പോഴൊന്നും പറയാനില്ലേ' എന്ന് ചോദിക്കുന്ന യമാല്‍ ബാഴ്സ ആരാധകരെ ഒരുവേള ചിലപ്പോള്‍ ഭൂതകാലത്തെ പല ഓര്‍മകളിലേക്കും കൈപിടിച്ച് നടത്തിയിരിക്കാം. തന്‍റെ കരിയറില്‍ ലയണല്‍ മെസി കുറിച്ച ആദ്യ ഹാട്രിക്ക് ആര്‍ക്കെതിരിയാണെന്ന് അറിയുമോ? ലോസ് ബ്ലാങ്കോസിനെതിരായിരുന്നു അത്. ലിയോക്ക് അന്ന് പ്രായം വെറും 20 വയസ്. ക്യാമ്പ് നൗവില്‍ ജയത്തിലേക്ക് കുതിച്ച റയലിനെ ഇഞ്ചുറി ടൈമില്‍ ഉതിര്‍ത്ത മൂന്നാം ഗോളില്‍ ലിയോ പിടിച്ച് കെട്ടി. പിന്നെ അവിടന്നിങ്ങോട്ട് പലപ്പോഴായി റയലിന്‍റെ കഞ്ഞിയില്‍ അയാള്‍ മണ്ണുവാരിയിട്ടു കൊണ്ടിരുന്നു. 17 ാം വയസില്‍ തന്നെ ലോസ് ബ്ലാങ്കോസിനെ നിശബ്ദമാക്കിത്തുടങ്ങിയ യമാല്‍ ബാഴ്സ ആരാധകര്‍ക്കിപ്പോള്‍ പകര്‍ന്നു നല്‍കുന്ന ആവേശം ചെറുതൊന്നുമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിനോട് ഇഞ്ചുറി ടൈം ത്രില്ലറില്‍ ബാഴ്സ വിജയിക്കുമ്പോഴും യമാലിന്‍റെ ബൂട്ടില്‍ നിന്നാണ് വിജയ ഗോളെത്തിയത്.
വര്‍ഷങ്ങളായി കിട്ടാക്കനിയായി മാറിയ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇക്കുറി തങ്ങള്‍ ഷെല്‍ഫിലെത്തിക്കുമെന്ന് ബാഴ്സ ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ പ്രധാന ചാലകശക്തികളിലൊന്ന് ലമീന്‍ യമാലെന്ന ഈ കൗമാര വിസ്മയം തന്നെയാണ്. ലിവര്‍പൂള്‍ വീണതോടെ തങ്ങള്‍ക്ക് മുന്നില്‍ ഇനി വലിയ പ്രതിബന്ധങ്ങളൊന്നുമില്ലെന്ന് പറയുന്ന യമാല്‍ റയലിനെ കണക്കില്‍ പെടുത്തിയിട്ടില്ലെന്ന് കൂടെ വേണം പറയാന്‍. സമീപ കാലത്ത് കളത്തിനകത്തും പുറത്തും റയലിനെ ഇത്ര മേല്‍ ഹ്യുമിലേറ്റ് ചെയ്ത താരങ്ങള്‍ വിരലില്ലെണ്ണാവുന്നവര്‍ മാത്രമാണല്ലോ. ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ഈ അമിതാത്മവിശ്വാസം അത്ര നല്ലതല്ലെന്ന് ആരാധകര്‍ പറയുമ്പോഴും റയലിനെ വീഴ്ത്താനുള്ള വെടിമരുന്നുകളൊക്കെ ഫ്ലിക്കിന്‍റെ ആവനാഴിയില്‍ ഭദ്രമാണെന്ന് പറയാതെ പറഞ്ഞു വക്കുന്നുണ്ട് യമാല്‍.