'സുരക്ഷാ ഏജൻസി തലവനായിരിക്കെ നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ നെതന്യാഹു ആവശ്യപ്പെട്ടു'; മുൻ ഷിൻബെറ്റ് മേധാവിയുടെ വെളിപ്പെടുത്തൽ
2011ൽ സർക്കാരിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്താൻ നെതന്യാഹു തന്നോട് ആവശ്യപ്പെട്ടതായി കോഹെൻ മുമ്പ് ആരോപിച്ചിരുന്നു.


തെൽഅവീവ്: സുരക്ഷാ ഏജൻസിയുടെ തലവനായിരുന്ന കാലത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നോട് നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ പലതവണ ആവശ്യപ്പെട്ടിരുന്നതായി മുൻ ഷിൻബെറ്റ് മേധാവി യോറാം കോഹെൻ. ചാനൽ 12ന് നൽകിയ അഭിമുഖത്തിലാണ് കോഹെന്റെ വെളിപ്പെടുത്തൽ. ഷിൻബെറ്റ് (ഇന്റലിജൻസ് ഏജൻസി)- ഐഎസ്എ (സുരക്ഷാ ഏജൻസി) മേധാവി സ്ഥാനത്തുനിന്ന് റോനൻ ബാറിനെ ഇസ്രായേൽ ഭരണകൂടം പുറത്താക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിനെതിരായ ഗുരുതര വെളിപ്പെടുത്തലുമായി കോഹെൻ രംഗത്തെത്തിയത്.
റോനൻ ബാറിന് പകരക്കാരനായി ആരെ തെരഞ്ഞെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഷിൻ ബെറ്റിന് പ്രതീക്ഷിച്ചതുപോലെ ജോലി ചെയ്യാൻ കഴിയുകയെന്നും കോഹെൻ പറയുന്നു. 'അദ്ദേഹത്തിനു പകരം നിലവിലുള്ള രണ്ട് ഡെപ്യൂട്ടി മേധാവികളിൽ ഒരാളെയോ മുൻ ഡെപ്യൂട്ടിയെയോ നിയമിച്ചാൽ, അവർ മൂന്നുപേരും യോഗ്യരാണെങ്കിൽ ആളുകൾ അവരുടെ ജോലി നല്ല രീതിയിൽ ചെയ്യുമെന്ന് ഉറപ്പിക്കാം. എന്നാൽ, നിലവിലുള്ളതോ മുൻ ഡെപ്യൂട്ടികളോ അല്ലാത്ത ഒരാളെ തിരഞ്ഞെടുത്താൽ സ്ഥിതി മാറും'- കോഹെൻ ചൂണ്ടിക്കാട്ടി.
'ഭാവിയിലുണ്ടാവാൻ പോവുന്ന വിവിധ കാര്യങ്ങൾ കാരണം, ഷിൻബെറ്റ് മേധാവിയോട് പ്രധാനമന്ത്രി നിയമവിരുദ്ധമായ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ നിയമവിരുദ്ധമായ ആവശ്യങ്ങൾ പ്രധാനമന്ത്രി ഉന്നയിക്കാറുണ്ടെ'ന്നും കോഹൻ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അനുഭവം കൊണ്ടാണോ ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യത്തിന്, നെതന്യാഹു ഒന്നിലധികം തവണ നിയമവിരുദ്ധമായ കാര്യങ്ങൾ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോഹെൻ വ്യക്തമാക്കി. നെതന്യാഹു തന്റെ പിൻഗാമിയായ നാദവ് അർഗമാനോടും ബാറിനോടും ഇതേ ആവശ്യം ഉന്നയിച്ചതായും കോഹെൻ പറയുന്നു.
നിർണായക സുരക്ഷായോഗ വിവരങ്ങൾ ചോർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, 2011ൽ സർക്കാരിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്താൻ നെതന്യാഹു തന്നോട് ആവശ്യപ്പെട്ടതായി കോഹെൻ മുമ്പ് ആരോപിച്ചിരുന്നു. അഭിമുഖത്തിൽ, കോനൻ ബാറിനെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തിനൊപ്പം നിന്ന മന്ത്രിമാരെയും കോഹെൻ വിമർശിച്ചു. 'ഇത് എവിടേക്കാണ് പോകുന്നതെന്ന് മന്ത്രിമാർക്കറിയാം, എന്നാൽ അവർ ആടുകളെപ്പോലെ നീങ്ങുന്നു. നിശബ്ദരും ചോദ്യം ചെയ്യാത്തവരുമായി തുടരുന്നു. രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങൾ മൂലം അവർ തങ്ങളുടെ സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങിനിൽക്കുകയാണ്'- കോഹെൻ വിശദമാക്കി.
'ഷിൻ ബെറ്റ് മേധാവിയെ പിരിച്ചുവിട്ടതു പോലുള്ള സംഭവങ്ങളും അറ്റോർണി ജനറൽ ഗാലി ബഹാറവ് മിയാരയുടെ ആസന്നമായ പിരിച്ചുവിടലും സമൂഹത്തിൽ ബുദ്ധിമുട്ടേറിയ പോരാട്ടങ്ങൾക്കും വലിയ വിള്ളലുകൾക്കും ഭിന്നതകൾക്കും കാരണമാകും. നിർഭാഗ്യവശാൽ, ഇത് ഇസ്രായേൽ സമൂഹത്തിനുള്ളിൽ അക്രമങ്ങളുണ്ടാവാൻ കാരണമാവും. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് മുഴുവൻ സർക്കാരിന്റെയും പ്രശ്‌നമായിരിക്കും'- കോഹൻ കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റോനൻ ബാറിനെതിരായ നടപടി. റോനൻ ബാറിന്മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് പുറത്താക്കലുണ്ടായത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവനെ സ്ഥാനത്തുനിന്ന് നീക്കുന്നത്.
കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ള ബാറിനെ, 2021 ജൂണിനും 2022 ഡിസംബറിനും ഇടയിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ മുൻ ഇസ്രായേലി സർക്കാരാണ് നിയമിച്ചത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പുതന്നെ നെതന്യാഹുവുമായുള്ള ബാറിന്റെ ബന്ധം വഷളായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച നിർദിഷ്ട ജുഡീഷ്യൽ പരിഷ്കാരങ്ങളെ ചൊല്ലിയുൾപ്പെടെയായിരുന്നു ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം.
ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള ഷിൻ ബെറ്റിന്റെ ആഭ്യന്തര റിപ്പോർട്ട് മാർച്ച് നാലിന് പുറത്തുവന്നതിനു പിന്നാലെ ബന്ധം വീണ്ടും വഷളായി. ആക്രമണം തടയുന്നതിൽ ഏജൻസിയുടെ സ്വന്തം പരാജയം റിപ്പോർട്ടിൽ ഷിൻ ബെറ്റ് അംഗീകരിച്ചിരുന്നു. നിശബ്ദ നയമാണ് ഹമാസിനെ വൻതോതിലുള്ള സൈനിക വിന്യാസത്തിന് സഹായിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വിപുലമായ അധികാരങ്ങളുള്ള ഷിൻ ബെറ്റ്, നെതന്യാഹുവിന്റെ അടുത്ത സഹായികൾക്കെതിരെ ദേശീയ സുരക്ഷാ ലംഘനങ്ങൾ ആരോപിച്ച് അന്വേഷണം നടത്തുന്നുമുണ്ട്. ഇതും പുറത്താക്കാൻ കാരണമായെന്നാണ് സൂചന. വിദേശ മാധ്യമങ്ങൾക്ക് രഹസ്യരേഖകൾ ചോർത്തി നൽകിയതും ഖത്തറിൽ നിന്ന് പണം വാങ്ങിയതും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ നടക്കുന്ന അഴിമതി വിചാരണയ്ക്കൊടുവിൽ നെതന്യാഹുവിന് ജയിൽ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച, നെതന്യാഹുവിന്റെ തീരുമാനത്തിന് മറുപടിയായി സർക്കാരിന് അയച്ച കത്തിൽ, പിരിച്ചുവിടൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബാർ കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാനുള്ള തീരുമാനം പൂർണമായും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമാണെന്നും തികച്ചും അസ്വീകാര്യമായ ഉദ്ദേശ്യങ്ങളാൽ ഉള്ളതാണെന്നും ബാർ ചൂണ്ടിക്കാട്ടി. ബാറിനെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്.