'പാകിസ്താനിലുമുണ്ട് ഒരു ഡൊണൾഡ് ട്രംപ്'; വൈറലായി പുതിയ യുഎസ് പ്രസിഡന്റിന്റെ അപരൻ

ട്രംപുമായുള്ള സാമ്യം മുതലാക്കി 'ഡൊണാൾഡ് ട്രംപ് ഖീർ' എന്ന പേരിൽ പുഡിങ് വിൽക്കുകയാണ് സലീം ഇപ്പോൾ.

Update: 2025-01-16 13:15 GMT
Advertising

ന്യൂഡൽഹി : യുഎസിന്റെ 47-ാം പ്രസിഡന്റായി ഭരണമേൽക്കുന്ന ഡൊണൾഡ് ട്രംപിന്റെ അപരൻ പാക്കിസ്താനിലുണ്ട് എന്ന കൗതുക വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 53കാരനായ സലീം ബാഗ്ഗയുടെ വീഡിയോ വൈറലായതോടെ പാകിസ്താനിന് സ്വന്തമായി ഒരു ട്രംപുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

2021ലാണ് ആദ്യമായി സലീം സോഷ്യൽ മീഡിയയിലെത്തുന്നത്. പാക് ഗായകനായ ഷെഹ്‌സാദ് റോയി, പാകിസ്താനിലെ മധ്യ പഞ്ചാബിലെ സഹിവാളിൽ വെള്ളകുർത്ത ധരിച്ച് പാട്ടുപാടി കുൽഫി വിൽക്കുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തു. സലീം ബാഗ്ഗാ എന്ന കുൽഫി വിൽപ്പനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയ വളരെ വേഗം ഏറ്റെടുത്തു. അതിന് പിന്നാലെയാണ് ട്രംപുമായുള്ള സലീമിന്റെ അസാധാരണ സാദൃശ്യം ചർച്ചയായത്. പാക്കിസ്താനികളുടെ ട്രംപ് എന്ന പേരിലാണ് ബാഗ്ഗ ഇപ്പോൾ അറിയപ്പെടുന്നത്.

മൂന്ന് വർഷങ്ങൾക്ക് ശേഷം സലീം വീണ്ടും സോഷ്യൽ മീഡിയിൽ തരംഗമാവുകയാണ്. തന്റെ ട്രംപുമായുള്ള സാമ്യം മുതലാക്കി 'ഡൊണാൾഡ് ട്രംപ് ഖീർ' എന്ന പേരിൽ പുഡിങ് വിൽക്കുകയാണ് സലീം ഇപ്പോൾ. ചാച്ചാ ബാഗ്ഗാ എന്ന് വിളിക്കപ്പെടുന്ന സലീമിനെ കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെയാണ് 'ട്രംപ് ഖീർ വിൽക്കുന്നതുപോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്, എന്നാൽ, ചാച്ചാ ബാഗ്ഗാ പാടാൻ തുടങ്ങിയാൽ ഇവിടെ വന്ന ഖീർ വാങ്ങാതെയിരിക്കാനാവില്ല.' സലീമും സലീമിന്റെ ഖേറും പാകിസ്ഥാനിൽ ഇതോടകം പ്രശസ്തി നേടിക്കഴിഞ്ഞു. പാകിസ്താനിലെ ട്രംപിനെ കാണാനും 'ട്രംപ് ഖീർ' കഴിക്കാനും ധാരാളം പേര് എത്തിക്കൊണ്ടിരിക്കുന്നു. അതേസമയം, തന്റെ പലഹാരങ്ങൾ പരീക്ഷിച്ചു നോക്കാൻ സാക്ഷാൽ ഡൊണൾഡ് ട്രംപിനെയും സലീം ക്ഷണിച്ചിട്ടുണ്ട്. "ഖോയ കൊണ്ട് ഉണ്ടാക്കിയത്, വെണ്ണ കൊണ്ട് ഉണ്ടാക്കിയത്, വിഐപി ഡൊണാൾഡ് ട്രംപ് ഖീർ കഴിക്കൂ" എന്ന് പാടിക്കൊണ്ട് തന്റെ വെള്ള നിറത്തിലുള്ള വണ്ടി തെരുവുകളിലൂടെ തള്ളിക്കൊണ്ടുപോകുന്ന സലീമിന്റെ വീഡിയോ കണ്ടത് ദശലക്ഷകണക്കിന് ആളുകളാണ്.

ട്രംപിന്റെ സാമ്യവും ഖീറും മാത്രമല്ല ബാഗ്ഗയെ ആളുകളിലേക്ക് ആകർഷിക്കുന്നത്. പരമ്പരാഗത പഞ്ചാബി ഗാനങ്ങൾ മധുരമായ ആലാപനം കേൾക്കാനും ആളുകൾ എത്തുന്നു. ഖീറിനോടപ്പം ബാഗ്ഗയുടെ പാട്ടുകളും ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News