Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എഐ നിര്‍മിത ഉള്ളടക്കങ്ങളുടെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എഐയുടെ ഉപയോഗവും അത് വോട്ടര്‍മാരുടെ അഭിപ്രായത്തെ സ്വാധീനിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പടെയുള്ളവയില്‍ എഐ ജനറേറ്റഡ്,ഡിജിറ്റലി എന്‍ഹാന്‍സ്ഡ്,സിന്തറ്റിക്ക് ഉള്ളടക്കം പോലുള്ള ലേബലുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഐയുടേയും ഡീപ്പ് ഫേക്കുകളുടേയും സാധ്യതകളെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അടുത്തിടെ മുന്നറയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തവും ധാർമ്മികവുമായ ഉപയോഗത്തിന് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.