'കളമശേരി സ്‌ഫോടന കേസില്‍ യുഎപിഎ ഒഴിവാക്കിയത് പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്'; വെല്‍ഫെയര്‍ പാര്‍ട്ടി
'പ്രതിയുടേത് മുസ്‌ലിം പേരാണെങ്കില്‍ യുഎപിഎ ചുമത്തുന്ന നിലപാടാണ് സര്‍ക്കാരിന്'; വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കളമശേരി ബോംബ് സ്‌ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചാർത്തപ്പെട്ട യുഎപിഎ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം എത്രത്തോളം ഇസ്‌ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമിനിക് മാർട്ടിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കാസ പോലുള്ള വർഗീയ സംഘങ്ങളുടെയും സംഘ്പരിവാറിന്റെയും പങ്കിനെയും ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടെങ്കിലും പൊലീസും സർക്കാരും ഇതുവരേക്കും അതിനു തയ്യാറായിട്ടില്ല.
കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണ കേസിൽ യുഎപിഎ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുഷ്‌കാന്തിക്ക് പിന്നിൽ എന്താണെന്നറിയേണ്ടതുണ്ട്. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കൈവശം വെച്ചെന്നാരോപിച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ യുഎപിഎ ചുമത്തി മാസങ്ങളോളം ജാമ്യം കൊടുക്കാതെ തടവറയിലിട്ട് പീഡിപ്പിച്ച സർക്കാരാണിത്. പ്രതിയുടെത് മുസ്‌ലിം പേരാണെങ്കിൽ യുഎപിഎ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാലമത്രയും തുടർന്ന് പോന്നിട്ടുള്ളത്. പ്രതികളുടെ പ്രാഥമിക അവകാശങ്ങൾ ഹനിക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ നിയമം എന്ന നിലയിൽ യുഎപിഎ നിയമത്തിന് വെൽഫെയർ പാർട്ടി എതിരാണ്. എന്നാൽ അത് പ്രയോഗിക്കുന്നിടത്ത് ഒരു സംസ്ഥാന സർക്കാർ രണ്ട് തരം സമീപനം പുലർത്തുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. സംസ്ഥാന സർക്കാരിന്റെ ആർഎസ്.എസ് ബന്ധത്തെക്കുറിച്ച് ഭീകരമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതും ദുരൂഹത ഉയർത്തുന്നു. കളമശേരി സ്‌ഫോടനത്തിന് പിന്നിൽ പ്രവൃത്തിച്ചവരെയും ഡൊമിനിക് മാർട്ടിനെയും രക്ഷിച്ചെടുക്കാനാണ് നീക്കമെങ്കിൽ അത് ശക്തമായി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട യഹോവ സാക്ഷികൾക്ക് നീതി ലഭ്യമാക്കുകയും ഭീകരതക്ക് പിന്നിലുള്ള സംഘങ്ങൾക്കെതിരിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.