ലിവർപൂളിന് ഹാപ്പി ക്രിസ്തുമസ്, ടോട്ടനത്തിനെതിരെ തകർപ്പൻ ജയം, യുണൈറ്റഡിനെ വീഴ്ത്തി ബോൺമൗത്ത്
മികച്ച ഫോമിൽ കളിക്കുന്ന ചെൽസിയെ എവർട്ടൻ ഗോൾ രഹിത സമനിലയിൽ കുരുക്കി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആരാധകർക്ക് ലിവർപൂളിന്റെ ക്രിസ്തുമസ് സമ്മാനം. ഒൻപത് ഗോൾ ത്രില്ലർ പോരിൽ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് ചെമ്പട കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിർത്താനും ലിവർപൂളിനായി. ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോൾ നേടിയപ്പോൾ മാക് അലിസ്റ്റർ(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) എന്നിവരും വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസൻ(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവർ ആശ്വാസ ഗോൾനേടി.
Get in 💪🔴 #TOTLIV pic.twitter.com/abECvx8l3V
— Liverpool FC (@LFC) December 22, 2024
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബോൺമൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചു. ഡീൻ ഹുജിസെൻ(29), ജസ്റ്റിൻ ക്ലുയിവെർട്ട്(61), അന്റോയിൻ സെമനിയോ(63) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ജയത്തോടെ ബൗൺമൗത്ത് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.
More magic in Manchester 🤩 pic.twitter.com/7JAaijrFUj
— AFC Bournemouth 🍒 (@afcbournemouth) December 22, 2024
ടോട്ടനം തട്ടകമായ ഹോട്‌സ്പർ സ്റ്റേഡിയത്തിൽ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതൽ ലിവർപൂൾ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാൽ ചെമ്പടയുടെ കൗണ്ടർ അറ്റാക്കിനെ നേരിടുന്നതിൽ ആതിഥേയർ പലപ്പോഴും പരാജയപ്പെട്ടു. പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചിൽ ചെൽസിയെ എവർട്ടൻ സമനിലയിൽ തളച്ചു. ഇരു ടീമുകൾക്കും ഗോൾനേടാനായില്ല(0-0). സമനിലയാണെങ്കിലും പോയന്റ് ടേബിളിൽ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.