സെവിയ്യക്കെതിരെ റയലിന് തകർപ്പൻ ജയം; ബാഴ്‌സയെ മറികടന്ന് ടേബിളിൽ രണ്ടാമത്

കിലിയൻ എംബാപെ, വാൽവെഡെ, റോഡ്രിഗോ, ബ്രഹിം ഡിയസ് എന്നിവരാണ് ഗോൾ നേടിയത്.

Update: 2024-12-22 18:27 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മാഡ്രിഡ്: സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സെവിയ്യയെ 4-2നാണ് കീഴടക്കിയത്. കിലിയൻ എംബാപെ(10), ഫെഡറികോ വാൽവെർഡെ(20), റോഡ്രിഗോ(34),ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെൻബാകിയോ(85) എന്നിവർ ആശ്വാസ ഗോൾനേടി. ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയൽ പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. 18 മത്സരത്തിൽ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചിൽ 12 ജയവുമായി 41 പോയന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റിൽ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റിൽ കിലിയൻ എംബാപെ അനായാസം വലകുലുക്കി. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റിൽ കമവിംഗയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാൽവെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിർത്താൻ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ റയൽ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റിൽ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ആദ്യ ഗോൾ മടക്കി സന്ദർശകർ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റിൽ ഇസാക് റൊമേരോയാണ് ആദ്യ ഗോൾ മടക്കിയത്. രണ്ടാം പകുതിയിൽ കിലിയൻ എംബാപെയുടെ അസിസ്റ്റിൽ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. എന്നാൽ 85ാം മിനിറ്റിൽ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോൾ നേടി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News