ടിക് ടോക്കിന് പകരക്കാരൻ വരുന്നു...എന്താണ് റെഡ് നോട്ട്?
ഈ ആഴ്ച പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന് ശേഷം ടിക് ടോക്ക് ഉപയോഗിക്കാൻ സാധിക്കില്ല.
വാഷിങ്ടൺ: അമേരിക്കയിൽ വരാനിരിക്കുന്ന ടിക് ടോക് നിരോധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്ലാറ്റുഫോമുകൾ കണ്ടെത്തനൊരുങ്ങി ഉപഭോക്താക്കൾ. ഈ ആഴ്ച പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന് ശേഷം ടിക് ടോക്ക് ഉപയോഗിക്കാൻ സാധിക്കില്ല.
അതേസമയം, ടിക് ടോക്കിന്റെ സ്ഥാനത്തേക്ക് കുതിച്ചുയരാൻ ചൈനീസ് പ്ലാറ്റ്‌ഫോമായ സിയോഹോങ്ഷു അഥവാ ലിറ്റിൽ റെഡ് ബുക്ക് എത്തിക്കഴിഞ്ഞു. ആപ്പിൾ ആപ്പ് സ്റ്റോറിൽ റെഡ്നോട്ട് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 10 ദശലക്ഷമായി കുതിച്ചുയരുകയാണ്. തികച്ചും സൗജന്യമായ ചൈനീസ് ഷോർട്ട്-ഫോം വീഡിയോ ആപ്പാണ് റെഡ് ബുക്ക്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, പിൻട്രെസ്റ്റ് എന്നീ പ്ലാറ്റുഫോമുകളുടെ പ്രവർത്തനക്ഷമതയെ സംയോജിപ്പിക്കുന്നതുമാണിത്.
2013 ൽ ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ റിവ്യൂകൾ പങ്കിടാനായി തുടങ്ങിയ ഷോപ്പിങ് പ്ലാറ്റ്ഫോമായിരുന്നു റെഡ് ബുക്ക്. എന്നാൽ കാലക്രമേണ 17 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന കമ്പനിയായി റെഡ് ബുക്ക് മാറി. ആപ്പിന്റെ ഉപയോക്തൃ-സൗഹൃദ രൂപകൽപ്പനയും ടിക് ടോക്കിന്റേതിന് സമാനമായ ഷോർട്ട് വീഡിയോ സംവിധാനവുമാണ് ശ്രദ്ധേയമാക്കിയത്. ഇന്ന് ചൈനയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് റെഡ് ബുക്ക്.
ടിക് ടോക് നിരോധനമുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് റെഡ് ബുക്കിന്റെ സാധ്യതകളിലേക്ക് മാറിയത്. യുഎസ് ജനസംഖ്യയുടെ പകുതിയോളം, അതായത് 170 ദശലക്ഷം ആളുകൾ ടിക് ടോക് ഉപഭോക്താക്കളാണ്. അതിനാൽ തന്നെ കാലക്രമേണ ടിക് ടോക് ഒരു സോഫ്റ്റ് പവർ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ നിരോധനം വരുന്നതോടെ പുതിയ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാവാതെ ആപ്പ് ഉപയോഗശൂന്യമാകാനുള്ള സാധ്യതകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കൾ റെഡ് ബുക്കിലേക്ക് ചേക്കേറുന്നത്. ടിക് ടോക് നിരോധനം സൃഷ്ടിക്കുന്ന വിടവ് നികത്താൻ പുതിയ പ്ലാറ്റ്‌ഫോമിന് കഴിയുമോ എന്നത് കാത്തിരുന്ന കാണുക തന്നെ വേണം.