ഇരകള്‍ക്ക് വേണ്ടി ഒരു പോരാട്ടം; ആര്‍.ബി ശ്രീകുമാറിന്റെ ഗുജറാത്തോര്‍മകള്‍

ഇന്നലെ വരെ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞവരെല്ലാം ഒറ്റരാത്രി കൊണ്ട് ശത്രുക്കളായതിന്റെ ഭീകരത ഗുജറാത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ നിന്ന് ആര്‍ക്കാണ് തുടച്ചു നീക്കാന്‍ കഴിയുക. കലാപത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കലാപാനന്തര ഇന്ത്യന്‍ രാഷ്ട്രീയം ഏതു വഴിക്ക് നീങ്ങിയെന്നതിന് നാം ഇന്നും സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്

Update: 2024-12-10 12:17 GMT
Advertising

‘ഐഎഎസ്, ഐപിഎസ് പദവികള്‍ അലങ്കരിക്കുന്നവരാണ് ഏറ്റവും നീചമായി ഗവണ്മെന്റിന് ദാസ്യപ്രവര്‍ത്തി ചെയ്യുന്നത്. ഭരിച്ചു കൊണ്ടിരിക്കുന്ന നേതാക്കളുടെ ഇംഗിതം മനസ്സിലാക്കി തദനുസരണം പ്രവര്‍ത്തിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഇക്കൂട്ടര്‍ക്കുണ്ട്. ഉയര്‍ന്ന തസ്തികകളിലേക്ക് പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഫയലില്‍ ഔട്ട്സ്റ്റാന്റിങ് എന്ന് മേലധികാരി എഴുതണം. അതിനുള്ള പരിശ്രമങ്ങളാണ് ഇത്തരക്കാരുടെ ചെയ്തികളൊക്കെയും’

ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ കുറിച്ച് ആര്‍.ബി ശ്രീകുമാര്‍ എഴുതിയ 'ഗുജറാത്ത്: ഇരകള്‍ക്ക് വേണ്ടി ഒരു പോരാട്ടം' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ് മേല്‍ സൂചിപ്പിച്ച വാചകങ്ങള്‍.

ഗുജറാത്ത് കലാപത്തില്‍ ഇത്തരം 'ഔട്ട്സ്റ്റാന്റിങ്' ഓഫീസര്‍മാരുടെ 'സല്‍പ്രവര്‍ത്തികള്‍' എന്തായിരുന്നെന്നും സര്‍ക്കാര്‍ അവര്‍ക്ക് എന്ത് പാരിതോഷികം നല്‍കിയെന്നും ഒപ്പം അക്കാലത്തെ നടുക്കുന്ന ചില ഓര്‍മകളും പങ്കുവെക്കുകയാണ് അന്നത്തെ ഗുജറാത്തിലെ ഉയര്‍ന്ന പോലീസ് ഓഫീസര്‍ ആയിരുന്ന ആര്‍. ബി.ശ്രീകുമാര്‍.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണ ശാലയെന്ന് ഗുജറാത്തിനെ പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ഒരു ജനതയെ ഏതു വിധേനയൊക്കെ തങ്ങള്‍ക്കധീനപ്പെടുത്താം എന്നതിന്റെ പരീക്ഷണശാലയാണ് ഈ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനം. തൊഴിലാളികള്‍ മുതല്‍ ഉദ്യോഗസ്ഥ വൃന്ദം വരെ തങ്ങളുടെ സ്തുതിപാഠകരായി എന്നതാണ് സംഘ്പരിവാറിന്റെ ഏറ്റവും വലിയ വിജയം. മാധ്യമങ്ങള്‍ എല്ലായിടത്തും സംയമനം പാലിച്ചു; ചിലപ്പോള്‍ മൗനവും. ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കൊക്കെ സര്‍ക്കാരിനെ പേടിച്ച് വായ മൂടേണ്ടി വന്നു.

കലാപത്തെ എങ്ങനെ നേരിടണമെന്നും ഏതു വിഭാഗത്തെ സഹായിക്കണമെന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം നീങ്ങുന്ന ഉദ്യോഗസ്ഥര്‍. അക്രമം കൊടുമ്പിരികൊള്ളുമ്പോള്‍ അവരെ തന്നെ സഹായത്തിനു വിളിക്കുന്ന നിസ്സഹായരായ ജനങ്ങള്‍. തങ്ങള്‍ക്കെതിരെ വിരലനക്കാന്‍ മുതിര്‍ന്നവരെ ഏതു വിധത്തിലും നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഭരണകൂടം. 2002 ലെ ഗുജറാത്തിന്റെ ചിത്രം ആര്‍.ബി ശ്രീകുമാറിനെ ഇന്നും ആസ്വസ്ഥപ്പെടുത്തുന്നുന്നുണ്ട്.

സൊഹ്‌റാബുദ്ധീനിന്റെയും ഭാര്യ കൗസര്‍ബിയുടെയും ഇശ്‌റത്തു ജഹാന്റെയും ജീവനെടുത്ത വ്യാജ ഏറ്റുമുട്ടലുകളാണ് ഗുജറാത്തി രാഷ്ട്രീയത്തിന്റെ മറ്റൊരു ഭീകര മുഖം. ഓരോ ഏറ്റുമുട്ടലുകള്‍ക്ക് ശേഷവും 'മോദിയെ കൊലപ്പെടുത്താനുള്ള ഭീകര നീക്കത്തെ പൊലീസ് പരാജയപ്പെടുത്തിയെന്ന' കള്ള വാദം അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊലചെയ്യപ്പെട്ടവരുടെയൊന്നും ഭീകരബന്ധം തെളിയിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. ഒരു മോഷണക്കേസില്‍ പോലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ പരിശോധിച്ചാല്‍ അറിയാം അരങ്ങിലെ തിരക്കഥ ആരുടേതായിരുന്നുവെന്ന്.

ഭരണകൂടത്തിന് ദാസ്യപ്പണി ചെയ്തവര്‍ക്കൊക്കെ പിന്നീട് പരിതോഷികം കിട്ടി. അല്ലാത്തവര്‍ക്ക് തിരിച്ചും. 

'ഏറ്റുമുട്ടല്‍ വിദഗ്ദന്‍' എന്ന് ശ്രീകുമാര്‍ വിശേഷിപ്പിക്കുന്ന വാന്‍സാരയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജനീഷ് റായിക്ക് അപ്രധാന പോസ്റ്റിലേക്ക് മാറേണ്ടി വന്നു. ഹരേണ്‍ പാണ്ഡ്യക്കും ഇഹ്സാന്‍ ജാഫ്‌രിക്കും ജീവന്‍ തന്നെ കൊടുക്കേണ്ടി വന്നു.

മുസ്‌ലിംകളോട് സമഭാവനയോടെ പെരുമാറുന്ന തന്റെ ഭാര്യയെ മുസ്‌ലിമോ ക്രിസ്ത്യനോ ആയിട്ടാണ് ഗുജറാത്തുകാര്‍ കണ്ടതെന്ന് ആര്‍.ബി ശ്രീകുമാര്‍ പറയുന്നുണ്ട്. അഹ്‌മദാബാദ് നഗരത്തില്‍ നിന്നുയരുന്ന അഗ്നിനാളങ്ങളില്‍ മുസ്‌ലിംകള്‍ കത്തിയെരിയുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്ന 22 കാരി പറയുന്നുണ്ട് ഗുജറാത്തി സമൂഹം എത്രത്തോളം കലാപത്തിന് പാകമായിരുന്നെന്ന്.

‘'എന്നാലും എന്റെ ശ്രീകുമാറെ.. ഇങ്ങനെയൊക്കെ അബദ്ധം കാണിക്കാമോ. വെറുതെ താളം ചവിട്ടി നിന്നാല്‍ പോരെ.’ ഇരകള്‍ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ശ്രീകുമാറിന് കേള്‍ക്കേണ്ടി വന്ന ഉപദേശങ്ങളാണിവ. കലാപബാധിതര്‍ക്കു വേണ്ടിയുള്ള പോരാട്ടം ഇന്നും അദ്ദേഹം തുടരുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളാലാവും വിധം ബുദ്ധിമുട്ടിക്കുന്നുണ്ട്.

‘എല്ലാവര്‍ക്കും അറിയാവുന്ന ചില വസ്തുതകളുണ്ട്. നല്ല പദവികളും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലെ കസേരകളും കിട്ടണമെങ്കില്‍ ഒരാള്‍ അധികാര സ്ഥാപനങ്ങളില്‍ ലോബിയിങ് നടത്തണം. ഈ ജോലി എനിക്കറിയില്ല അറിയാത്തത്തില്‍ ഖേദവുമില്ല' - ശ്രീകുമാര്‍ ആണയിട്ട് പറയുന്നു.

കലാപത്തില്‍ നിന്ന് ബാക്കിയായവരുടെ നീറുന്ന മുറിവുകളും നടുക്കുന്ന ഓര്‍മകളും ഏത് വേദന സംഹാരികൊണ്ടാണ് ഉണക്കാന്‍ കഴിയുക. വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ ബലാത്സംഗം ചെയ്ത പ്രതികളെ ഭരണകൂടം മാലയിട്ടു സ്വീകരിക്കുമ്പോള്‍ ഏത് ഭരണഘടനയിലാണ് ബില്‍കീസ് ബാനു വിശ്വസിക്കേണ്ടത്. കലാപത്തിന് നേതൃത്വം കൊടുത്തവരെല്ലാം അധികാര കസേരയില്‍ ഇരിക്കുമ്പോള്‍ പിന്നെങ്ങനെയാണ് സക്കിയ ജാഫ്‌രിക്ക് ഒരു പോള കണ്ണടക്കാന്‍ കഴിയുക. ഇന്നലെ വരെ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞവരെല്ലാം ഒറ്റരാത്രി കൊണ്ട് ശത്രുക്കളായതിന്റെ ഭീകരത ഗുജറാത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ നിന്ന് ആര്‍ക്കാണ് തുടച്ചു നീക്കാന്‍ കഴിയുക. കലാപത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കലാപാനന്തര ഇന്ത്യന്‍ രാഷ്ട്രീയം ഏതു വഴിക്ക് നീങ്ങിയെന്നതിന് നാം ഇന്നും സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ഉഴുതു മറിച്ചു പാകപ്പെടുത്തിയ ഭൂമിയില്‍ അവര്‍ വിളവെടുപ്പ് തുടരുകയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - എന്‍.കെ ഷാദിയ

Media Person

Similar News