സാത്താന്‍റെ ഉദയം?; ഇലോൺ മസ്​കിന്‍റെ ഇരുണ്ട ലോകങ്ങൾ

പ്രമുഖ അമേരിക്കൻ ജീവചരിത്രകാരനായ വാൾട്ടൻ ഐസാക്സൺ ഇലോൺ മസ്കിനെപ്പറ്റി പറയുന്ന ഭീതിപ്പെടുത്തുന്നൊരു കാര്യമുണ്ട്​. ‘അയാളൊരു യാന്ത്രിക മനുഷ്യനാണ്​, അയാൾക്ക്​ മനുഷ്യ വികാരങ്ങൾ തീരെ കുറവാണ്’ എന്നാണ്​ ഐസാക്സൺ പറയുന്നത്​- ഇലോൺ മസ്കി​ന്റെ ‘ലോകങ്ങളെ’ വിലയിരുത്തുന്നു

Update: 2024-12-06 05:38 GMT
Advertising

അസാധാരണവും അനിയന്ത്രിതവുമായി ശക്​തിയാർജ്ജിക്കുക എന്നത്​​ എല്ലാക്കാലത്തും മനുഷ്യന്‍റെ സ്വപ്നമായിരുന്നു. പലകാലങ്ങളിൽ അവനതിന്​ ശ്രമിച്ച്​ നോക്കിയിട്ടുമുണ്ട്​. പണവും അധികാരവും കൊണ്ട്​ അനിതരസാധാരണമായി കരുത്ത്​ നേടിയ ആളുകൾ ചരിത്രത്തിൽ കടന്നുപോയിട്ടുണ്ട്​. രാജാക്കന്മാരായിരുന്നു അവരിലധികവും. ആധുനിക ലോകത്ത്​ ദേശരാഷ്ട്രങ്ങളാണ്​ കരുത്തിന്‍റെ അളവുകോൽ. വ്യക്​തികൾ അവിടെ അപ്രസക്​തമാണ്​. ഈയടുത്തായി അതിനും മാറ്റംവരികയാണ്​. ദേശരാഷ്ട്രങ്ങളേക്കാൾ ശക്​തരായ കോർപ്പറേറ്റുകളെ ഇന്ന്​ നമ്മുക്ക്​ കാണാനാകും. കോർപ്പറേറ്റുകളുടെ സ്ഥാപിത താത്​പ്പര്യങ്ങൾക്കും അപ്പുറത്തേക്ക്​ ഒരാൾ മാത്രമായി വളർന്നാൽ എങ്ങിനുണ്ടാകും. രാഷ്ട്രങ്ങളുടെ നിയന്ത്രണമില്ലാത്ത, കോർപ്പറേറ്റുകളുടെ എത്തിക്കൽ നാട്യങ്ങളില്ലാത്ത ഒരാൾ. അങ്ങനൊരാൾ ലോകത്തിന്​ ഭീഷണിയായി ചുവടുവച്ച്​ കയറുന്നുണ്ട്​. അയാളുടെ പേര്​ ഇലോൺ മസ്ക്​ എന്നാണ്​. ത​ന്‍റെ നേട്ടങ്ങൾ കാട്ടി ലോകത്തിന്‍റെ കയ്യടി വാങ്ങുന്ന ഇലോൺ മസ്കിൽ മറഞ്ഞിരിക്കുന്ന ഗൂഢലോകങ്ങൾ ഭീതിപ്പെടുത്തുന്നതാണ്​.

 

യാത്രിക മനുഷ്യൻ, വികാരരഹിതൻ

പ്രമുഖ അമേരിക്കൻ ജീവചരിത്രകാരനായ വാൾട്ടൻ ഐസാക്സൺ ഇലോൺ മസ്കിനെപ്പറ്റി പറയുന്ന ഭീതിപ്പെടുത്തുന്നൊരു കാര്യമുണ്ട്​. ‘അയാളൊരു യാന്ത്രിക മനുഷ്യനാണ്​, അയാൾക്ക്​ മനുഷ്യ വികാരങ്ങൾ തീരെ കുറവാണ്’ എന്നാണ്​ ഐസാക്സൺ പറയുന്നത്​. ഐസാക്സൺ പറയുമ്പോൾ അതത്ര നിസാരമായി എടുക്കാനാവില്ല. മസ്കിന്‍റെ ജീവചരിത്രമെഴുതാൻ രണ്ട്​ വർഷം ഒപ്പം താമസിച്ചയാളാണ്​ വാൾട്ടർ ഐസാക്സൺ.​ മസ്കിനെക്കൂടാതെ സ്റ്റീവ്​ ജോബ്​സിന്‍റേയും ഹെന്‍റി കിസിഞ്ചറുടേയും ഐൻസ്റ്റീന്‍റേയും ബെഞ്ചമിൻ ഫ്രാങ്ക്​ളിന്‍റേയും ജീവചരിത്രങ്ങൾ ഐസാക്സൺ എഴുതിയിട്ടുണ്ട്​. സ്റ്റീവ്​ ജോബ്​സിനെ താൻ ഡിസൈൻ സ്റ്റുഡിയോകളിലാണ്​ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതെങ്കിൽ മസ്ക്​ എന്നും യന്ത്രങ്ങളുടെ ഒപ്പമായിരുന്നു എന്നാണ്​ അദ്ദേഹം പറയുന്നത്​. ടെസ്​ലയുടെ പ്രൊഡക്ഷൻ ലൈനിലും സ്​പേസ്​ എക്സിന്‍റെ ഹാത്രോണിലെ റോക്കറ്റ്​ നിർമ്മാണ ശാലയിലുമാണ്​ മസ്കിന്‍റെ ജീവിതം. യന്ത്രങ്ങളോടും എഞ്ചിനീയർമാരോടുമാണ്​ അയാൾക്ക്​ കമ്പം. ഈ യാന്ത്രികതയാണ്​ അയാൾ ടെസ്​ലയും സ്​പേസ്​ എക്സും ന്യൂറാലിങ്കും ബോറിങ്​ കമ്പനിയുമെല്ലാം വിജയിപ്പിക്കാൻ കാരണം. ട്വിറ്ററിൽ അയാൾ പരാജയപ്പെടാൻ കാരണവും ഇതേ യാന്ത്രികത ​തന്നെയാണെന്ന്​ ഐസാക്സൺ കൂട്ടിച്ചേർക്കുന്നു. മനുഷ്യ വികാരങ്ങളെപ്പറ്റിയുള്ള അജ്ഞത മസ്കിൽ ഭീതിദമാംവിധം കൂടുതലാണെന്നാണ്​ അദ്ദേഹം പറയുന്നത്​.

അരാജകത്വങ്ങളുടെ ബാല്യ യൗവനങ്ങൾ

ലോക സംരഭകരുടെ രണ്ട്​ ബിംബങ്ങളാണ്​ സ്റ്റീവ്​ ജോബ്​സും ഇലോൺ മസ്കും. രണ്ടുപേരും തമ്മിൽ ധാരാളം സാമ്യതകളുണ്ട്​. അതിൽ പ്രധാനം അരാജകത്വവും അനിശ്​ചിതത്വവും നിറഞ്ഞ കുട്ടിക്കാലമാണ്​. അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട, രണ്ടുപ്രാവശ്യം ദത്തെടുക്കലിന്​ വിധേയനായ ആളാണ്​ സ്റ്റീവ്​ ജോബ്​സ്​. നിഷേധങ്ങളുടേയും നിരാലംബതയുടേയും കയത്തിലാണ്ടുപോയ ജോബ്​സ്​ തന്‍റെ പിൽക്കാല ജീവിതത്തിൽ ഇതുതന്നെ തനിക്ക്​ ചുറ്റുമുള്ളവരോടും ചെയ്യുന്നുണ്ട്​. കാമുകിയിൽ തനിക്കുണ്ടായ കുട്ടിയെ ഒരിക്കലും ജോബ്​സ്​ അംഗീകരിച്ചിരുന്നില്ല. ടൈം മാഗസിന്​ നൽകിയ ഒരു അഭിമുഖത്തിൽ ‘അമേരിക്കയിലെ 28 ശതമാനം ആണുങ്ങൾ തന്‍റെ മകളുടെ പിതാക്കളാകാൻ സാധ്യതയുണ്ട്​’ എന്നായിരുന്നു ജോബ്​സ്​ പറഞ്ഞത്​. ഇതുകേട്ട്​ അപമാനിതയായ ജോബ്​സിന്‍റെ കാമുകി ക്രിസാന്ന ബ്രെന്നൻ മകളുടെ ഡിഎൻഎ ടെസ്റ്റ്​ നടത്തിയാണ്​ തിരിച്ചടിച്ചത്​. ടെസ്റ്റിൽ പിതാവാണെന്ന്​ തെളിഞ്ഞിട്ടും ജോബ്​സ്​ തന്‍റെ പിതൃത്വ നിഷേധം തുടരുന്നുണ്ട്. ടെസ്റ്റുകൾ തെറ്റാനുള്ള സാധ്യത ഒരുശതമാനമാണെന്നായിരുന്നു ജോബ്​സിന്‍റെ വിചിത്ര വാദം. കുട്ടിക്കാലത്തെ മാനസികാഘാതങ്ങളാണ്​ സ്റ്റീവ്​ ജോബ്​സിനെക്കൊണ്ട്​ ഇതെല്ലാം ചെയ്യിക്കുന്നതെന്നാണ്​ മാനസികാ​രോഗ്യ വിദഗ്​ധരുടെ പക്ഷം.

ഇനി ആപ്പിളിലേക്ക്​ വന്നാൽ തന്‍റെ ചുറ്റുമുള്ള ഒരാളേയും ജോബ്​സ്​ പരിധിവിട്ട്​ അംഗീകരിച്ചിരുന്നില്ല. ആപ്പിൾ സഹസ്ഥാപകനും കമ്പനിയുടെ എല്ലാ ഉത്​പ്പന്നങ്ങളുടേയും നിർമ്മാതാവുമായ സ്റ്റീവ്​ വോസ്നിയാകിനെ എപ്പോഴും തന്‍റെ നിഴലിൽ നിർത്താനാണ്​ ജോബ്​സ്​ ശ്രമിച്ചത്​. കാലിഗ്രഫിയിലും ഡിസൈനിങ്ങിലും ഏറെ കമ്പമുണ്ടായിരുന്ന ജോബ്​സ്​ ആപ്പിൾ പ്രോഡക്ടുകളുടെ മാസ്റ്റർ ഡിസൈനറും വിദഗ്​ധനായ പ്രമോട്ടറും ആയിരുന്നു. ജോബ്​സ്​ ആയിരുന്നു കമ്പനിയുടെ ഉത്​പ്പന്നങ്ങൾ പുറത്തിറക്കുന്ന ചടങ്ങിന്‍റെ അവതാരകൻ. ഇതെല്ലാമാണ്​ ആപ്പിൾ എന്നാൽ സ്റ്റീവ്​ ജോബ്​സ്​ എന്ന ചുരുക്കത്തിലേക്ക്​ കാര്യങ്ങൾ എത്താൻ കാരണം. ആപ്പിളിലെ ടീം വർക്കിനെ അംഗീകരിക്കാത്ത ജോബ്​സിന്‍റെ നിലപാടുകൾ അദ്ദേഹത്തിന്‍റെ പുറത്താക്കലിലേക്കുവരെ കാര്യങ്ങൾ എത്തിക്കുന്നുണ്ട്​.

മസ്​കിലേക്ക്​ വന്നാൽ കുറച്ചുകൂടി സങ്കീർണ്ണമാണ്​ കാര്യങ്ങൾ. ജോബ്​സിനേക്കാൾ ഇരുണ്ടതാണ്​ മസ്കിന്‍റെ കുട്ടിക്കാലം. മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും അത്ര സുഖകരമായിരുന്നില്ല മസ്കിന്‍റെ ബാല്യകാലം. സൗത്ത്​ ആഫ്രിക്കയിൽ ആയിരുന്നു ഇലോണും കുടുംബവും ജീവിച്ചിരുന്നത്​. പിതാവ്​ ഇറോൾ മസ്ക്​ ആയിരുന്നു കുഞ്ഞ്​ ഇലോണിന്‍റെ ജീവിതത്തിലെ ‘പിശാച്’. ഓട്ടിസം സ്​പെക്​ട്രത്തിൽ ഉൾപ്പെട്ട ഇലോണിനെ പിതാവ്​ ഇറോൾ നിഷ്ടുരമായി ഉപദ്രവിച്ചിരുന്നു. അറിയപ്പെടുന്ന മെക്കാനിക്കൽ എഞ്ചിനീയറായ ഇറോൾ മസ്ക്​ മകൻ ഒരു പരാജിതനാകുമെന്നായിരുന്നു ധരിച്ചിരുന്നത്​. സ്​കൂൾ ക്ലാസുകളിൽ മാർക്​ കുറഞ്ഞതിന്​ തല്ലിയും മണിക്കൂറുകൾ വീടിന്​ പുറത്തുനിർത്തിയും തന്നെ ശിക്ഷിച്ചിരുന്ന പിതാവിനെപ്പറ്റി ഇലോൺ മസ്ക്​ വാൾട്ടർ ഐസാക്സനോട്​ പറയുന്നുണ്ട്​. മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങളും മസ്കിനെ ഉലച്ചിരുന്നു. മാതാവ്​ മെയ്​ മസ്ക്​ അറിയപ്പെടുന്ന മോഡലും മിസ്​ സൗത്ത്​ ആഫ്രിക്ക ഫൈനലിസ്റ്റും ഒക്കെയായിരുന്നു. എന്നാൽ ഒമ്പത്​ വർഷത്തെ ദാമ്പത്യം മാത്രമായിരുന്നു ഇറോൾ മസ്കും മെയ്​ മസ്കും തമ്മിലുണ്ടായിരുന്നത്​.

 

മാതാപിതാക്കൾ വേർപിരിഞ്ഞശേഷം അച്ഛനോടൊപ്പമായിരുന്നു ഏറെക്കാലം ഇലോണിന്‍റെ ജീവിതം. പിതാവിന്‍റെ വീട്ടിലെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും അന്ന്​ അപൂർവ്വമായിരുന്ന കമ്പ്യൂട്ടറും ആണ്​ തന്നെ അവിടെ തുടരാൻ പ്രേരിപ്പിച്ചത്​ എന്നാണ്​ ഇലോൺ പിന്നീട്​ പറഞ്ഞത്​. അവിടേയും ഒരുതരം യാന്ത്രികത അയാളിൽ കാണാനാകും. അമ്മയുടെ വൈകാരിക പിന്തുണയേക്കാൾ അക്രമിയായ പിതാവിന്‍റെ ഭൗതിക സമ്പത്താണ്​ അയാളെ കൂടുതൽ ആകർഷിക്കുന്നത്​. സഹോദരങ്ങളായ കിംബൽ മസ്കും ടോസ്ക മസ്കും അമ്മക്കൊപ്പം പോയപ്പോഴാണ്​ ഇലോൺ മറി​ച്ചൊരു തീരുമാനം എടുക്കുന്നത്​. ഒരു പത്ത്​ വയസുകാരന്‍റെ ആ തീരുമാനം അത്ര നിഷ്ക്ളങ്കമല്ല എന്ന്​ കാണാനാകും.

ഇതിനെക്കാളെല്ലാം ഇലോണിനെ തകർത്തത്​ മറ്റൊരു സംഭവമായിരുന്നു. പിതാവിന്​ വളർത്തുമകളിൽ രണ്ട്​ കുട്ടികൾ ജനിച്ചത്​ ഇലോണിന്​ ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇറോൾ മസ്കിന്‍റെ രണ്ടാം ഭാര്യയായ ഹെയ്​ദെ ബസൂദിനെയുടെ മകൾ ജാന ബസൂദിനെയിലാണ് ഇലോണിന്​ സഹോദരങ്ങൾ ജനിച്ചത്​. തന്‍റെ പൈതൃകത്തിലെ ഈ കളങ്കം ഇലോണിനെ ഇന്നും വേട്ടയാടുന്നുണ്ടെന്നും പിതാവിനെപ്പറ്റിയുള്ള ചോദ്യങ്ങൾ അദ്ദേഹത്തെ അലോസരപ്പെടുത്താറുണ്ടെന്നും വാൾട്ടർ ഐസാക്സൺ പറയുന്നു. ​

പിശാചിനാൽ പ്രചോദിതൻ

ഉള്ളിലെ തിന്മകൾ ചില മനുഷ്യരെ അസാധാരണമായ തലത്തിലേക്ക്​ ഉയർത്താറില്ലേ​. ഈ ലോകത്ത്​ അതിന്​ ഏറ്റവും നല്ല ഉദാഹരണം ഇലോൺ മസ്കാണ്​. പിശാചിനാൽ പ്രചോദിതനാണ്​ മസ്ക്​. അപമാനിതനും പരിഹാസപാത്രവുമായ ഒരാൾ അതിനെ അതിജീവിക്കാൻ വിചിത്രമായ വഴികളിലൂടെ നടത്തിയ സഞ്ചാരമാണ്​ മസ്കിന്‍റെ ജീവിതം. നിലവിൽ അയാൾ അനിതരസാധാരണമാം കരുത്താർജ്ജിക്കുന്ന തിരക്കിലാണ്​. ഭൂമിയിലും ആകാശത്തും യുദ്ധങ്ങൾ നടത്താനയാൾ പ്രാപ്തനാണ്​. ടെസ്​ലയിലൂടെ സമ്പാദിക്കുന്ന കോടികൾ സ്​പേസ്​ എക്സിലേക്കും ന്യൂറാലിങ്കിലേക്കും ഒഴുക്കുകയാണയാൾ. മസ്കിന്‍റെ അപകടകരമായ പ്രോജക്ടുകളാണ്​ ഇത്​​ രണ്ടും. എക്സ്​ എ.ഐ എന്ന പേരിൽ ഒരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ കമ്പനിയും മസ്കിനുണ്ട്​. സാം ആൾട്ട്​മാനുമൊത്ത്​ ഓപ്പൺ എ.ഐ തുടങ്ങിയ ടീമിൽ ഇലോൺ മസ്ക്​ ഉണ്ടായിരുന്നു എന്നതാണ്​ രസകരം. പിന്നീട്​ മസ്ക്​ അവിടുന്ന്​ പിണങ്ങിയിറങ്ങുകയായിരുന്നു. എന്തായലും സാം ആൾട്ട്​മാൻ മൈക്രോ സോഫ്​റ്റുമായി കൈകോർത്തപ്പോൾ മസ്ക്​ പുതിയൊരു വഴിവെട്ടി. അതാണ്​ എക്സ്​ എ.ഐ. ഭാവിയിലെ എ.ഐ വിഹിതത്തിൽ ഒരു പങ്ക്​ എന്നതാണ്​ ആ കമ്പനിയുടെ ലക്ഷ്യം.

 

സ്​പേസ്​ എക്സ്​ എന്ന വജ്രായുധം

യാത്രകളായിരുന്നു എന്നും ഇലോൺ മസ്കിനെ പ്രചോദിപ്പിച്ചതെന്ന്​ തോന്നുന്നു. ടെസ്​ല ഭൂമിയിലെ യാത്രകൾക്കുള്ളതാണെങ്കിൽ സ്​പേസ്​ എക്സ്​ ശൂന്യാകാശ സഞ്ചാരത്തിനുള്ളതാണ്​. ​മസ്കിന്‍റെ മറ്റൊരു സംരംഭമായ ബോറിങ്​ കമ്പനി അതിവേഗ യാത്രകൾക്കുള്ള സാമഗ്രികൾ ഉണ്ടാക്കാനുള്ളതാണ്​. 2002ലാണ്​ മസ്ക്​ സ്​പേസ്​ എക്സ്​ തുടങ്ങുന്നത്​. വിചിത്രമായൊരു ആശയമാണ്​ അന്നും ഇന്നും സ്​പേസ്​ എക്സ്​. ഒരുവ്യക്​തി ബഹിരാകാശ യാത്രകൾ നടത്താനുള്ള വാഹനം നിർമ്മിക്കുന്നു എന്നതാണ്​ സ്​പേസ്​ എക്സിന്‍റെ കൺസപ്​റ്റ്​. ലോകത്ത്​ ബഹിരാകാശ യാത്രകൾ സാധ്യമാക്കിയ രാഷ്ട്രങ്ങൾ തന്നെ ചുരുക്കമാണെന്നോർക്കണം. അപ്പോഴാണ്​ ഒരു മനുഷ്യൻ അത്തര​മൊരുകാര്യം ചിന്തിക്കുന്നത്​. ബഹിരാകാശ യാത്ര നടത്താൻ ഒരു റോക്കറ്റും വാഹനവും ആവശ്യമാണ്​. ഇത്​ രണ്ടും നിർമ്മിക്കുന്നത്​ ലോകത്തിലെതന്നെ ഏറ്റവും ചിലവേറിയ കാര്യങ്ങളും. പക്ഷെ ഇലോൺ പിന്മാറിയില്ല. ചൊവ്വാ ഗ്രഹത്തിൽ കോളനികൾ ഉണ്ടാക്കുന്ന, അങ്ങോട്ടേക്ക്​ വി​നോദയാത്ര പോകുന്ന മനുഷ്യരായിരുന്നു അയാളുടെ സ്വപ്നങ്ങളിൽ നിറയെ. ശൂന്യാകാശ യാത്രകളെ ചിലവ്​ കുറഞ്ഞതാക്കുക എന്നതായിരുന്നു സ്​പേസ്​ എക്സിന്‍റെ പ്രഖ്യാപിത ദൗത്യം. കുറഞ്ഞ ചിലവിൽ ഇന്‍റർനെറ്റ്​ എന്നതും ഇവരുടെ ബിസിനസ്സായിരുന്നു. തുടങ്ങി 22 വർഷം പിന്നിടുമ്പോൾ സ്​പേസ്​ എക്സ്​ ലക്ഷ്യങ്ങളിൽ പകുതിയും സാക്ഷാത്​കരിച്ചിട്ടുണ്ട്​.

സ്റ്റാർലിങ്ക്,​ ആകാശ​ വല

സ്​പേ​സ്​ എക്സ്​ ആദ്യകാലത്ത്​ വാർത്തകളിൽ നിറഞ്ഞുനിന്നത്​ അവരുടെ തകർച്ചകളുടെ കഥകളിലൂടെയായിരുന്നു. കമ്പനി വിക്ഷേപിച്ച റോക്കറ്റുകൾ പൊട്ടിത്തെറിക്കുക അക്കാലത്ത്​ പതിവായിരുന്നു. സ്​പേസ്​ ടൂറിസം എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്​കരിക്കാൻ ഈ പ്രതിസന്ധിഘട്ടത്തിലും ഇലോൺ മസ്ക്​ കിണഞ്ഞ്​ ശ്രമിച്ചുകൊണ്ടിരുന്നു. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ സ്​പേസ്​ എക്സ്​ എങ്ങിനെയാണ്​ അതിജീവിച്ചത്​. ആ അന്വേഷണം ചെന്നെത്തുക സ്റ്റാർലിങ്കിലേക്കാണ്​. സ്​പേസ്​ എക്സിന്‍റെ ജീവവായുവാണ്​ സ്റ്റാർലിങ്ക്​. കമ്പനിയുടെ വരുമാനത്തിന്‍റെ പകുതിയും സ്റ്റാർലിങ്ക്​ സാറ്റലൈറ്റ്​ സേവനങ്ങളിലൂടെയാണ്​ ലഭിക്കുന്നത്​.

രാജ്യങ്ങളുടെ സാറ്റലൈറ്റുകൾ ചെയ്യുന്നതെല്ലാം സ്റ്റാർലിങ്ക്​ വഴിയും ചെയ്യാനാകും. പ്രധാനമായും ഇന്‍റർനെറ്റ്​ സേവനങ്ങളാണ്​ സ്റ്റാർലിങ്കിലൂടെ സ്​​പേസ്​ എക്സ്​ നൽകുന്നത്​. 2019 ലാണ്​ ആദ്യ ബാച്ച്​ സ്റ്റാർലിങ്ക്​ സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നത്​. പാസഞ്ചർ ബസുകളുടെ വലുപ്പമുള്ള നിരവധി സാറ്റലൈറ്റുകൾ ഒരു ബാച്ചിൽ ഉണ്ടാകും. മറ്റ്​ ഉപഗ്രഹങ്ങളിൽ നിന്ന്​ വ്യത്യസ്തമായി സ്റ്റാർലിങ്ക്​ കേന്ദ്രീകരിച്ചിരിക്കുന്നത്​ ലോ എർത്​ ഓർബിറ്റ്​ എന്ന്​ വിളിക്കുന്ന ഭൂമിയോട്​ ചേർന്ന ഭ്രമണപഥങ്ങളിലാണ്​. ഭൂമിയിൽനിന്ന്​ കാണാവുന്ന തരത്തിലാണ്​ ഇവയുടെ കറക്കം. നിലവിൽ 60 രാജ്യങ്ങളിൽ സ്റ്റാർലിങ്ക്​ സേവനങ്ങൾ ലഭ്യമാണ്​. ഏഴ്​ ഭൂഘണ്ഡങ്ങളിലായി 20 ലക്ഷം പ്രതിദിന ഉപഭോക്​താക്കൾ സ്റ്റാർലിങ്കിനുണ്ട്​. 2023ൽ സ്​പേസ്​ എക്സിനായി സ്റ്റാർലിങ്ക്​ ഉണ്ടാക്കിയ വരുമാനം 300 കോടി ഡോളറിന്‍റേതാണ്​.

യുദ്ധത്തിലും ഇടപെടുന്ന മസ്ക്​

കേൾക്കുമ്പോൾ ആകർഷകമായിത്തോന്നുന്നതാണ്​ സ്​പേസ്​ എക്സ്​ പ്രവർത്തനങ്ങൾ. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാനാവുക അനിയന്ത്രിതമായി കരുത്താർജ്ജിക്കുന്ന ഒരു മനുഷ്യനെയാണ്​. റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ മസ്കിന്‍റെ ഇടപെടൽ ഇതിന്​ ഉദാഹരണമാണ്​. റക്ഷ്യക്കെതിരിൽ ഉക്രെയിനെ സഹായിക്കാൻ സ്റ്റാർലിങ്ക്​ ഇന്‍റർനെറ്റ്​ സേവനം മസ്ക്​ നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ റഷ്യ സ്റ്റാർലിങ്ക്​ റിസീവറുകൾ വ്യാപകമായി ബോംബിട്ട്​ നശിപ്പിക്കുകയും ചെയ്തു. ദേശരാഷ്​ട്രങ്ങൾക്കുമാത്രം സാധ്യമായിരുന്ന കാര്യങ്ങൾ നിയന്ത്രണങ്ങളേതുമില്ലാത്ത ഒരു മനുഷ്യന്​ സാധ്യമാവുക എന്നത്​ നിസ്സാരമായി തള്ളിക്ക​ളയേണ്ട കാര്യമല്ല. ഭാവിയിൽ തന്‍റെ താത്​പ്പര്യങ്ങൾക്ക്​ അനുകൂലമായി നിൽക്കുന്ന ഏതൊരു ശക്​തിക്കും ഇത്തരം സഹായങ്ങൾ നൽകാൻ മസ്കിനാകും. നന്മക്കുമാത്രമല്ല തിന്മകൾക്കും ഇത്തരം സേവനങ്ങൾ ഉപയോഗിക്കാനുമാകും. ഒരുരാഷ്ട്രത്തിലെ വലിയൊരുകൂട്ടം ഭരണവർഗ്ഗ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങൾ ഒരാൾ ഒറ്റക്ക്​ എടുക്കുമ്പോഴുള്ള അവസ്ഥ ഞെട്ടലുളവാക്കുന്നതാണ്​.

 

ന്യൂറാലിങ്ക്​ എന്ന നിഗൂഡ പദ്ധതി

ഇലോൺ മസ്കിന്‍റെ പ്രഖ്യാപിത കമ്പനികളിൽ ഏറ്റവും അപകടകാരിയാണ്​ ന്യൂറാലിങ്ക്. മനുഷ്യന്‍റെ തലച്ചോറിൽ മാറ്റങ്ങൾ വരുത്തുകയും അതിലൂടെ സൂപ്പർഹ്യൂമനുകളേയും സൈബോർഗുകളേയും ഉണ്ടാക്കുകയാണ്​ ന്യൂറാലിങ്കിന്‍റെ ലക്ഷ്യം. ത​ലച്ചോറിൽ ഇംപ്ലാന്‍റുകൾ സ്ഥാപിച്ചാണിത്​ സാധ്യമാക്കുക. മൃഗങ്ങളിൽനിന്ന്​ മനുഷ്യനിലേക്ക്​ ഈ പരീക്ഷണങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്​ കമ്പനിയിപ്പോൾ. കുരങ്ങുകളിലും പന്നികളിലുമൊക്കെ നടത്തിയ പരീക്ഷണങ്ങൾ വിജയകരമാണ്​ എന്ന പ്രഖ്യാപനത്തിന്​ ശേഷമാണ്​ ഹ്യൂമൻ ട്രയലിലേക്ക്​ മസ്ക്​ കടന്നത്​. സ്​പൈനൽകോഡിന്​ ക്ഷതമേറ്റ്​ അരക്ക്​ താഴെ ചലനശേഷി നഷ്​ടപ്പെട്ട നോളണ്ട്​ ആർബോ എന്ന ​30കാരനാണ്​ ആദ്യമായി ന്യൂറാലിങ്ക്​ ഇംപ്ലാന്‍റ്​ തലച്ചോറിൽ ഏറ്റുവാങ്ങിയത്​. മനുഷ്യരിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിനെതിരായി അമേരിക്കയിൽ ശക്​തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്​.

മസ്കിനെപ്പോലൊരാളെ എന്നും സംശയത്തോടെയാണ്​ അമേരിക്കൻ ശാസ്ത്ര സമൂഹം നോക്കിക്കാണുന്നത്. അതിന്​ കാരണം സാ​ങ്കേതികതയിൽ സ്വാധീനം ലഭിക്കാൻ ഏതറ്റംവരേയും പോകുന്ന മസ്കിന്‍റെ രീതിതന്നെയാണ്​. മനുഷ്യരെ യന്ത്രങ്ങളെന്നപോലെ കൈാര്യം ചെയ്യുന്നതാണ്​ മസ്കിന്‍റെ രീതി. അയാളുടെ സ്വഭാവ സവിശേഷതകളെപ്പറ്റി ജീവചരിത്രകാരൻ വാൾട്ടർ ​​ഐസാക്സൺ വിവരിക്കുന്ന ചില അനുഭവങ്ങൾ​ ഞെട്ടലോടെ മാത്രമാണ്​ നമ്മുക്ക്​ കേട്ടിരിക്കാനാവുക.​

മസ്കിനോടൊപ്പം അയാളുടെ വീട്ടിൽ താമസിക്കുന്ന സമയത്ത്​ ഒരിക്കൽ പാതിരാത്രിയിൽ നടത്തിയ ഒരു സോളാർ റൂഫ്​ ഇൻസ്റ്റലേഷൻ ഐസാക്സൺ ഓർക്കുന്നുണ്ട്​. മസ്​കും തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. ഇതിനിടെ ഒരുപാട്​ യന്ത്രസാമഗ്രികൾക്ക്​ ഇടയിലൂടെ മസ്കിന്‍റെ മകൻ ‘എക്സ്’​ ഓടി നടക്കുന്നുണ്ടായിരുന്നു. അവൻ​ അതിൽ തട്ടി അപകടം പറ്റുമോ എന്ന് താൻ​ ഭയന്നെങ്കിലും മസ്ക്​ ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ ജോലികളിൽ വ്യാപൃതനായിരുന്നെന്നാണ്​ ഐസാക്സൺ പറയുന്നത്​. ആ കുട്ടിയെ വാരിയെടുത്ത്​ അവിടെനിന്ന്​ മാറ്റാൻ താൻ ആഗ്രഹിച്ചെങ്കിലും അതിന്​ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരിക്കൽ തീയിൽ കളിക്കുന്ന എക്സിനെ തടയാതെ നോക്കിയിരുന്ന മസ്കിനെ കണ്ടതായും ഐസാക്സൺ ഓർത്തെടുക്കുന്നുണ്ട്​.

 

നിസ്സഹായത മുതലെടുക്കുമ്പോൾ

ന്യൂറാലിങ്ക്​ മനുഷ്യരിൽ പരീക്ഷണങ്ങൾക്ക്​ തുടക്കമിടുമ്പോൾ ലക്ഷ്യംവയ്ക്കുന്നത്​ ഒന്നും നഷ്ടപ്പെടാനില്ലാത്ത നിരാലംബരായ ആളുകളെയാണ്​. നട്ടെല്ല്​ തകർന്ന്​ ചലനശേഷി നഷ്ടമായവർക്ക്​ പ്രതീക്ഷയുടെ കിരണം നൽകിയാണ്​ കമ്പനി സ്വാധീനിക്കുന്നത്​. മസ്കിന്‍റെ പദ്ധതികളിലെല്ലാം മനുഷ്യജീവിതം അനായാസമാക്കുക എന്നൊരു ആശയമുണ്ടാകും. ടെസ്​ലയിൽ സ്വയം ഓടുന്ന കാർ എന്ന സങ്കൽപ്പം നടപ്പാക്കിയതും ഇങ്ങിനെയായിരുന്നു. എന്നാൽ ഓട്ടോ പൈലറ്റ്​ മോഡിൽ ടെസ്​ല കാറുകൾ തുടർച്ചയായി അപകടത്തിൽപ്പെട്ട്​ ആളുകൾ കത്തിമരിക്കുന്നത്​ അമേരിക്കയിൽ വലിയ വിവാദമാണിന്ന്​. ഈ വിഷയത്തിലും പരിഹാരത്തിനേക്കാളുപരി കാറുടമകളിൽ കുറ്റം ചാർത്താനാണ്​ മസ്ക്​ തുനിഞ്ഞത്​. സാ​ങ്കേതികമായ ന്യായങ്ങൾ ചമച്ച്​ ഇത്തരം കേസുകളിൽനിന്ന്​ ടെസ്​ല തടിയൂരുകയാണ്​ പതിവ്​. ന്യൂറാലിങ്കിലും മനുഷ്യസ്​നേഹികൾ ഭയപ്പെടുന്നത്​ ഇതുതന്നെയാണ്​. പ്രവചനാതീതമായ ഫലങ്ങളുള്ള ന്യൂറാലിങ്ക്​ പരീക്ഷണങ്ങളിൽ വരുന്ന ഭവിഷ്യത്തുകളിൽ മാനവികത തൊട്ട്​തീണ്ടാത്ത ഇലോൺ മസ്കിനെപ്പോലൊരാൾ എന്ത്​ നിലപാട്​ സ്വീകരിക്കും എന്നത് ഭയ​ത്തോടെയാണ്​ ഒരു വിഭാഗം നോക്കിക്കാണുന്നത്​. ഇത്തരമൊരാൾക്ക്​​ കൈവരുന്ന അമിതശക്​തി മാനവരാശിക്കുതന്നെ അപകടമുണ്ടാക്കും എന്ന്​ കരുതുന്നവരും ധാരാളമുണ്ട്​.

ട്വിറ്ററിൽവരുത്തിയ ‘പരിഷ്കാരങ്ങൾ’

മസ്കിന്‍റെ കുപ്രസിദ്ധി കൂട്ടിയ പദ്ധതിയായിരുന്നു ട്വിറ്ററിന്‍റെ ഏറ്റെടുക്കലും അതിൽ വരുത്തിയ പരിഷ്കാരങ്ങളും. ‘അഭിപ്രായ സ്വാതന്ത്ര്യം കുറച്ച്​ ചിലവേറിയതാണ്’(ഫ്രീ സ്പീച്ച്​ അത്ര ഫ്രീയല്ല)​ എന്നായിരുന്നു ട്വിറ്ററിലെ മാറ്റങ്ങളെപ്പറ്റി മസ്ക്​ പ്രതികരിച്ചത്​. മാനവികതയെ പറ്റിയോ മനുഷ്യവികാരങ്ങളെപ്പറ്റിയോ സാമാന്യധാരണയില്ലാത്ത ഒരു സാ​ങ്കേതികവിദ്യാ ഉന്മത്തനാണ്​ മസ്ക്​ എന്ന്​ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ട്വിറ്ററിന്‍റെ എക്സിലേക്കുള്ള മാറ്റം. ട്വിറ്ററിനെ അടിമുടി കച്ചവടവത്​കരിക്കുകയാണ്​ മസ്ക്​ ചെയ്തത്​. ആദ്യംതന്നെ ട്വിറ്ററിനെ അദ്ദേഹം ഒരു പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിയാക്കി മാറ്റി. തുടർന്ന്​ ഓൺലൈൻ മീറ്റിങ്​ വിളിച്ച്​ ട്വിറ്ററിന്‍റെ തലപ്പത്തുള്ള ആളുകളെ പരസ്യമായി പുറത്താക്കി. പിന്നീട്​ 7500ലധികംവരുന്ന തൊഴിലാളിക​ളേയും പിരിച്ചുവിട്ടു. അതിനുശേഷം​ ട്വിറ്ററിന്‍റെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്​മെന്‍റ്​ റദ്ദാക്കുകയായിരുന്നു മസ്ക്​. തന്‍റെ ഒരു കമ്പനിയിലും ഇത്തരമൊരു വകുപ്പില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. പിന്നീടായിരുന്നു ബ്ലൂടികിന്​ പണം ഈടാക്കുക എന്ന വിവാദ നടപടിയുണ്ടായത്​. പണം നൽകുന്നവർക്ക്​ ബ്ലൂടിക്കിനൊപ്പം നിരവധി അധിക സൗകര്യങ്ങളും മസ്ക്​ നൽകി. കൂടുതൽ എഴുതാനും കുറച്ച്​ പരസ്യം കാണാനും ഇത്തരക്കാർക്ക്​ സ്വാതന്ത്ര്യമുണ്ട്​. പണം നൽകുന്നവർക്ക്​ കൂടുതൽ ട്വീറ്റുകൾ കാണാനും സൗകര്യമുണ്ടായിരുന്നു. ജനാധിപത്യ മൂല്യങ്ങളും ‘മസ്കിയൻ’ മൂല്യങ്ങളും തമ്മിൽ ഒരിക്കലും ചേരില്ല എന്ന്​ ഉറപ്പിക്കുന്നതായിരുന്നു ട്വിറ്ററിന്‍റെ ഏറ്റെടുക്കൽ.

ട്രംപും മസ്കും തമ്മിൽ

ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്‍റ്​ തിരഞ്ഞെടുപ്പിൽ നിർണ്ണായക ചാലക ശക്​തിയായത്​ ഇലോൺ മസ്ക് ആയിരുന്നു. അമേരിക്കൻ ​സാമ്രാജ്യത്വത്തിന്‍റെ പ്രതിരൂപമായ ഡൊണാൾഡ്​ ട്രംപ്​ വീണ്ടും അമേരിക്കൻ പ്രസിഡന്‍റാകുമ്പോൾ നിർണായക സ്ഥാനത്ത്​ മസ്ക്​ വരികയാണ്​. മസ്കിനുവേണ്ടി പുതിയൊരു വകുപ്പ്​ തന്നെ ട്രംപ്​ തുടങ്ങിയിട്ടുണ്ട്​. ഡിപ്പാർട്ട്മെന്‍റ്​ ഓഫ്​ ഗവൺമെന്‍റ്​ എഫിഷ്യൻസി(ഡി.ഒ.ജി.ഇ) എന്നാണതിന്‍റെ പേര്​. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത കൂട്ടുക എന്ന ലക്ഷ്യമാണ്​ ഡിപ്പാർട്ട്​മെന്‍റിനുള്ളത്​. ദിവസത്തിൽ ഒരാൾ 12 മണിക്കൂർ ജോലി ചെയ്യണം എന്നതാണ്​ മസ്കിന്‍റെ പ്രഖ്യാപിത നയം. തന്‍റെ കമ്പനികളിൽ ജോലിക്കാരെ ഇതിനായി മസ്ക്​ നിർബന്ധിക്കാറും ഉണ്ട്​. അമേരിക്കക്കാരെ മുഴുവൻ ഇതേ ‘നിലവാരത്തിൽ’ എത്തിക്കാനാണ്​ പുതിയ വകുപ്പും അതിന്‍റെ തലപ്പത്ത്​ മസ്കും എത്തുന്നത്​. ട്രംപിനൊപ്പം അമിതാധികാര പ്രിയനായ മസ്ക്​ കൂടി എത്തുമ്പോൾ ഭയപ്പെടാനേറെയുണ്ട്​. ലോകത്തിലെ ഏറ്റവുംവലിയ സൈനിക സാമ്പത്തിക ശക്​തിയായ അ​മേരിക്കയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു എന്നുത​ന്നെയാണ്​ ജനാധിപത്യ വിശ്വാസികൾ കരുതുന്നത്​.

വിമർശകനിൽനിന്ന്​ ‘വിശ്വാസി’യി​​ലേക്ക്​

പ്രസിഡന്‍റായുള്ള ട്രംപിന്‍റെ ആദ്യ ഊഴത്തിൽ മസ്ക്​ അദ്ദേഹത്തിന്‍റെ വിമർശകനായിരുന്നു. ആദ്യം ഹിലാരിയേയും പിന്നീട്​ ബൈഡനേയുമാണ്​ മസ്ക്​ പിന്തുണച്ചത്​. 2021ൽ ബൈഡൻ പ്രസിഡൻസിയിലാണ്​ കാര്യങ്ങൾ മാറിമറിഞ്ഞത്​. ബൈഡൻ തന്നെ അവഗണിക്കുന്നു എന്ന പരാതി മസ്ക്​ പരസ്യമായി പറഞ്ഞിരുന്നു. ഇലക്​ട്രിക്​ വാഹനങ്ങൾക്കായുള്ള ഫ്യൂച്ചർ സമ്മിറ്റിൽ മസ്കിനെ വൈറ്റ്​ഹൗസ്​ ക്ഷണിക്കാത്ത്​ കാര്യങ്ങൾ കൂടുതൽ വഷളാക്കി. സ്​പേസ്​ എക്സിന്‍റെ വിജയങ്ങളിൽ ബൈഡൻ അഭിനന്ദനം അറിയിക്കാത്തതും മസ്കിനെ രോഷാകുലനാക്കിയിരുന്നു. ‘അയാൾ ഇപ്പോഴും ഉറങ്ങുകയായിരിക്കും’ എന്നായിരുന്നു ബൈഡനെ പരിഹസിച്ച്​ മസ്ക്​ അന്ന്​ എക്​സിൽ കുറിച്ചത്​. ഇതിന്‍റെ തുടർച്ചയിലാണ്​ മസ്ക്​ ട്രംപ്​ ക്യാമ്പിലെത്തിയത്​. ഇതിനിടയിൽ നടന്ന ഡീലുകൾ എന്താണെന്നത്​ സംബന്ധിച്ച വിവരങ്ങൾ ഇന്നും ദുരൂഹമാണ്​.

കരാറുകൾ വിഴുങ്ങുന്ന മസ്ക്​

നേരത്തേതന്നെ അമേരിക്കൻ സർക്കാറിന്‍റെ വിവിധതരം കരാറുകൾ ധാരാളമായി തരപ്പെടുത്തുന്നയാളാണ്​ ഇലോൺമസ്ക്​. പ്രത്യേകിച്ചും നാസയുടെ ഉപകരാറുകൾ ലഭിക്കുന്ന പ്രധാന കമ്പനിയാണ്​ സ്​പേസ്​ എക്സ്​. ട്രംപ്​-മസ്ക്​ കൂട്ടുകെട്ട്​ വരുന്നതോടെ ഇതിന്​ ആക്കംകൂടും. മോദിയുടെ തണലിൽ തന്‍റെ സമ്പത്ത്​ ആയിരക്കണക്കിന്​ ഇരട്ടിയായി വളർത്തുന്ന അദാനിയുടെ മാതൃകയിൽ ട്രംപിന്‍റെ തണലിൽ മസ്ക്​ തഴച്ച്​വളരും. തന്‍റെ നിഗൂഡ അജണ്ടകൾ പുറത്തെടുക്കാനും പുതിയ ഉയരങ്ങളിലേക്ക്​ അവ എത്തിക്കാനും മസ്കിന്​ ഇനി അനായാസം സാധിക്കും. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ലാഭക്കൊതിയന്മാരായ മുതലാളിമാർ നേരിട്ട്​തന്നെ ഭരണകൂടങ്ങൾ നിയന്ത്രിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പുതിയതലമാണ്​ അമേരിക്കയിൽ ഉദയംകൊള്ളുന്നത്​. ലോകത്താകമാനം ഈ അമേരിക്കൻ മോഡൽ വരുമെന്നുള്ളത്​ ഉറപ്പാണ്​.

 

സാത്താന്‍റെ ഉദയം?

ഡിസി കോമിക്കുകളിൽ പ്രത്യക്ഷപ്പെടുന്ന ലെക്സ്​ ലൂഥർ എന്ന സൂപ്പർ വില്ലനെ ഓർമയില്ലേ. ​ഇലോൺ മസ്കിനെ നമ്മുക്ക്​ താരതമ്യപ്പെടുത്താവുന്നത്​ ലൂഥറുമായിട്ടാണ്​.​ അമാനുഷിക ശക്​തികൾ ഒന്നുമില്ലാത്ത, ലെക്സ്​ കോർപ്പറഷേന്‍റെ സിഇഒ എന്ന പദവിയിലുള്ള ആളാണ്​ ലൂഥർ. അയാളൊരു ആത്മരതിക്കാരനും ദുരഭിമാനിയുമായ ഭ്രാന്തൻ ശാസ്ത്രജ്ഞനാണ്​. ബിസിനസും രാഷ്ട്രീയവും സയൻസും സാ​ങ്കേതിക വിദ്യയും ഉപയോഗിച്ച്​ ലോകത്ത്​ തിന്മപടർത്തുകയാണ്​ ലെക്സ്​ ലൂഥർ ചെയ്യുന്നത്​. സൂപ്പർമാനാണ്​ അയാളുടെ പ്രധാന ശത്രു. അമേരിക്കയിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ മസ്കിന്‍റെ പരിവേഷം ലെക്സ്​ ലൂഥറിന്‍റേതാണ്​. അയാൾക്ക്​ കൈവരുന്ന അമിത പ്രാധാന്യം അവരെ ഭയപ്പെടുത്തുന്നുണ്ട്​. തന്‍റെ പണശക്​തിയിലൂടെയും സാ​ങ്കേതികവിദ്യയിലെ സ്വാധീനംവഴിയും അയാൾ ലെക്സ്​ ലൂഥറിനെപ്പോലെ ഭാവി അമേരിക്കയുടെ പ്രസിഡന്‍റ്​ ആയേക്കും എന്ന്​ കരുതുന്നവരുണ്ട്​.

സ്​പേസ്​ എക്സിന്‍റെ ആഘോഷിക്കപ്പെടുന്ന വിജയങ്ങൾക്ക്​ പിറകിൽ പതിയിരിക്കുന്ന അപകടങ്ങൾ നാം കാണാതിരുന്നുകൂട. നമ്മുക്കിടയിൽ ചുവടുവച്ച്​ വളരുന്ന ലെക്സ്​ ലൂഥറാണ്​ ഇലോൺ മസ്ക്​. പരമ്പരാഗത മാധ്യമങ്ങൾക്ക്​ പകരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ രംഗം കീഴടക്കിയപ്പോൾ എത്ര മലീമസമായാണ് വാർത്തയും പരസ്യവും സഞ്ചരിക്കുന്നതെന്നത്​ നാം കാണുന്നതാണ്​. സത്യാനന്തര പ്രഭാഷണക്കാരും പാലാക്കാരന്മാരും മറുനാടനും കൂടി നടത്തുന്ന വാർത്താലോകം എത്രമാത്രം അപകടകരമാണ്​. വാർത്തയേതാണ്​ പരസ്യമേതാണ്​ പ്രൊപ്പഗണ്ടയേതാണ്​ പരദൂഷണമേതാണ്​ എന്ന്​ തിരിച്ചറിയാനാകാത്ത വ്യാജലോകമാണത്​. ഇതേ ദുർഗതിയായിരിക്കും കച്ചവടക്കാർ രാഷ്​ട്രമീമാംസാരംഗം കീഴടക്കുമ്പോൾ സംഭവിക്കുക. കോർപ്പറേഷനുകൾ നടത്തി പരിചയമുള്ള മനുഷ്യർ ജനാധിപത്യത്തിന്‍റെ കുറുക്കുവഴിയിലൂടെ ദേശരാഷ്​ട്രങ്ങളുടെ അധികാരം നേരിട്ട്​ കൈക്കലാക്കുകയാണിപ്പോൾ. നമ്മുടെ നാട്​ കൂടുതൽ വിജയിക്കാൻ അദാനിയെ പ്രത്യേക ചുമതലയുള്ള മന്ത്രിയാക്കുന്ന കാലം വിദൂരമല്ല.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഷബീർ പാലോട്

contributor

Similar News