ഇന്‍ഡ്യ മുന്നണി തെരഞ്ഞെടുപ്പ് സഖ്യമല്ല, രാഷ്ട്രീയ സഖ്യമായി മാറണം

ബി.ജെ.പി നേടിയതിനേക്കാള്‍ 10,55,033 വോട്ട് കൂടുതല്‍ കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആകെ തകര്‍ന്നു എന്ന സന്ദേശമല്ല ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. പക്ഷേ, സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ രാഷ്ട്രീയ തന്ത്രത്തില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. നേതൃത്വത്തിന്റെ ഭാവനാ ശൂന്യതയാണ് ഇതിനു കാരണം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും വിശകലനം ചെയ്യുന്നു.

Update: 2023-12-05 16:45 GMT
Advertising

രാജ്യത്തിന്റെയും ഭരണഘടനയുടെയും ഭാവി നിര്‍ണയിക്കുന്ന സുപ്രധാന പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ഓരോ തെരഞ്ഞെടുപ്പും ഓരോ പാറ്റേണിലാണ് എന്നതാണ് ശരി; 2018 ല്‍ സമാനമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പകളിലെ ഫലം ആയിരുന്നില്ല 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഫലം. എങ്കിലും ഇപ്പോള്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചില സൂചകങ്ങള്‍ നല്‍കുന്നതാണ്.

പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിയെ സംബന്ധിച്ച് അതീവ നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ഉജ്വല വിജയം, ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച രാഷ്ട്രീയ മുന്നേറ്റം, ഇന്‍ഡ്യ മുന്നണി രൂപീകരണം എന്നിവയ്‌ക്കൊക്കെ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്നത് കോണ്‍ഗ്രസും രാജ്യത്തെ മതേതര വിശ്വാസികളും ആകാംക്ഷയോടെ ഉറ്റു നോക്കുന്നതായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ സംഭവിച്ചത്

കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ബിജെ.പി ഭരിച്ചിരുന്ന മധ്യപ്രദേശ് ഭാരതീയ രാഷ്ട്രീയ സമിതി ഭരിച്ചിരുന്ന തെലങ്കാന, മിസോ നാഷണല്‍ ഫ്രണ്ട് ഭരിച്ചിരുന്ന മിസോറാം എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബി.ജെ.പി മധ്യപ്രദേശ് നില നിര്‍ത്തുകയും രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസാകട്ടെ തെലങ്കാന പിടിച്ചെടുത്തു. മീസോറാമില്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ലാല്‍ഡുഹോമയുടെ നേതൃത്വത്തിലുള്ള സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (ZPM) എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി അധികാരം പിടിച്ചെടുത്തു.

ആകെ വോട്ടിന്റെ എണ്ണം പരിശോധിച്ചാല്‍ ബി.ജെ.പി 48,16,8,987 വോട്ടുകളും കോണ്‍ഗ്രസ് 49,22,4,020 വോട്ടുകളുമാണ് നേടിയത്. ബി.ജെ.പി നേടിയതിനേക്കാള്‍ 10,55,033 വോട്ട് കൂടുതല്‍ കോണ്‍ഗ്രസിന് ലഭിച്ചു എന്നര്‍ഥം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആകെ തകര്‍ന്നു എന്ന സന്ദേശമല്ല ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്.

ഒറ്റ നോട്ടത്തില്‍ ബി.ജെ.പിക്ക് തിളക്കമാര്‍ന്ന ജയം തന്നെയാണ് ലഭിച്ചതെന്ന് മനസ്സിലാക്കാനാകും. കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. എന്നാല്‍, തെലങ്കാനയില്‍ ഏതാണ്ട് മരിച്ചു എന്നു കരുതിയ കോണ്‍ഗ്രസ് ശവക്കുഴിയില്‍ നിന്ന് എഴുന്നേറ്റുവന്നു എന്നവണ്ണം നേടിയ വിജയം അത്ര ചെറുതായി കാണേണ്ട കാര്യവുമല്ല.

ബി.ജെ.പി കോണ്‍ഗ്രസ് വ്യത്യാസം

രാജ്യത്തെ മോദി പ്രഭാവം എത്രമാത്രം ശക്തമാണ് എന്നതു കൂടി മാറ്റുരച്ച് നോക്കുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പ്. ആകെ തെരഞ്ഞെടുപ്പ് നടന്നത് 678 സീറ്റുകളിലാണ്. രാജസ്ഥാനിലെ 199 സീറ്റുകളില്‍ 115 ഉം (41.69% വോട്ട്) മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 163 ഉം (48.55% വോട്ട്) ഛത്തിസ്ഗഢിലെ 35ഉം (42.23% വോട്ട്) തെലങ്കാനയിലെ 119 സീറ്റുകളില്‍ 8 സീറ്റും (13.9% വോട്ടും) മിസോറാമിലെ 40 സീറ്റുകളില്‍ 2 ഉം (5.06% വോട്ട്) ആണ് ബി.ജെ.പി കരസ്ഥമാക്കിയത്. അതായത് ആകെ 342 സീറ്റുകള്‍

കോണ്‍ഗ്രസിനാകട്ടെ രാജസ്ഥാനില്‍ 69 സീറ്റും (39.53% വോട്ട്) മധ്യപ്രദേശിലെ 66 ഉം (40.04% വോട്ട്) ഛത്തിസ്ഗഡിലെ (46.27% വോട്ട്) തെലങ്കാനയിലെ 64 സീറ്റും (39.40% വോട്ടും) മിസോറാമിലെ 40 സീറ്റുകളില്‍ 2 ഉം (20.82% വോട്ട്) ആണ് കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. അതായത് ആകെ 235 സീറ്റുകള്‍.

ആകെ വോട്ടിന്റെ എണ്ണം പരിശോധിച്ചാല്‍ ബി.ജെ.പി 48,16,8,987 വോട്ടുകളും കോണ്‍ഗ്രസ് 49,22,4,020 വോട്ടുകളുമാണ് നേടിയത്. ബി.ജെ.പി നേടിയതിനേക്കാള്‍ 10,55,033 വോട്ട് കൂടുതല്‍ കോണ്‍ഗ്രസിന് ലഭിച്ചു എന്നര്‍ഥം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആകെ തകര്‍ന്നു എന്ന സന്ദേശമല്ല ഈ തെരെഞ്ഞെടുപ്പ് നല്‍കുന്നത്. പക്ഷേ, സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ രാഷ്ട്രീയ തന്ത്രത്തില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. നേതൃത്വത്തിന്റെ ഭാവനാ ശൂന്യതയാണ് ഇതിനു കാരണം.

ഹിന്ദുത്വ-മൃദു ഹിന്ദുത്വ എന്ന തരത്തിലേക്ക് പ്രചരണം എത്തിച്ചത് കമല്‍നാഥ് ചെയ്ത അബദ്ധമാണ്. കഴിഞ്ഞതവണ ആരംഭത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് ബി.എസ്.പി അടക്കമുള്ളവരുടെ പിന്തുണയാലായിരുന്നു. ഇത്തവണ സമാനമായി അവരെ ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇന്‍ഡ്യാ മുന്നണിയിലെ എസ്.പി, ജെ.ഡി.യു, ഇടത് പാര്‍ട്ടികള്‍ എന്നിവരെ സമ്പൂര്‍ണമായി അവഗണിച്ചു. ഇതെല്ലാം പരാജയ കാരണമായി.

ഇടത് പാര്‍ട്ടികള്‍ മറ്റ് ദേശീയ പ്രാദേശിക പാര്‍ട്ടികള്‍

ബി.ആര്‍.സും മിസോറാമിലെ ZPM, MNF എന്നീ രണ്ട് പ്രാദേശിക പാര്‍ട്ടികളും, ഹൈദരാബാദിലെ പരമ്പരാഗത ശക്തി കേന്ദ്രത്തില്‍ എ.ഐ.എം.ഐ.എമ്മും ഒഴികെ മറ്റ് ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ക്കൊന്നും കാര്യമായ സ്വാധീനം ഈ തെരഞ്ഞെടുപ്പില്‍ നേടാനായില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്ന സി.പി.ഐ ഒരു സീറ്റില്‍ വിജയിച്ചു. രാജസ്ഥാനില്‍ നിലവിലുള്ള രണ്ട് സീറ്റും സി.പി.ഐ(എം)ന് നഷ്ടപ്പെട്ടു. ഒരിടത്തും ഒരു ശതമാനം പോലും വോട്ട് നേടാനായില്ല. 2018 ല്‍ രാജസ്ഥാനില്‍ 4,34,210 വോട്ട് നേടിയ സി.പി.എം ഇക്കുറി 3,82,378 വോട്ടുകളിലേക്ക് ചുരുങ്ങി.

മധ്യപ്രദേശില്‍ രണ്ട് സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ട ബി.എസ്.പിക്ക് രാജസ്ഥാനിലെ 6 സീറ്റുകള്‍ എന്നത് രണ്ടായി കുറഞ്ഞു. ചെറുകക്ഷികളില്‍ ഒവൈസിയുടെ എ.ഐ.എം.എ.എം കഴിഞ്ഞ തവണ വിജയിച്ച 7 സീറ്റുകള്‍ അതേപടി നിലനിര്‍ത്തി ഹൈദരാബാദിലെ തങ്ങളുടെ ശക്തിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് ഉറപ്പിച്ചു.

(മുകളില്‍ പറഞ്ഞ എല്ലാ ഡാറ്റകളും തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് സ്വരൂപിച്ചതാണ്)

മധ്യപ്രദേശ്

മധ്യപ്രദേശ് കോണ്‍ഗ്രസ് നേടും എന്നുറപ്പിച്ച സംസ്ഥാനമായിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഗ്രൂപ്പിസവും ഒക്കെ ബി.ജെ.പിക്ക് പ്രതികൂല ഘടകമാണ്. അതോടെ ബി.ജെ.പി സ്ഥിരം തുറുപ്പ് ചീട്ടായ രാമക്ഷേത്രവും തീവ്രഹിന്ദുത്വയുമായി കളം പിടിച്ചു. കോണ്‍ഗ്രസിലുണ്ടായ സമാനമായ ഗ്രൂപ്പിസം, ഏകീകരിച്ച സ്ട്രാറ്റജിയിലൂടെ മുന്നോട്ട് പോകുന്നതിന് തടസ്സമായി. കമല്‍നാഥിന്റെ നേതൃത്വത്തില്‍ മൃദു ഹിന്ദുത്വയായിരുന്നു കോണ്‍ഗ്രസ് എടുത്തിട്ടത്. ദിഗ്‌വിജയ് സിംഗിനെപ്പോലെ ശക്തമായ മതേതര നിലപാടുള്ള നേതാക്കള്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനുള്ള അവസരം നല്‍കിയില്ല. നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കാന്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചതേയില്ല.

ബി.ജെ.പിയാകട്ടെ സമാന്തരമായി മോദി സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്‌കീമുകളുള്‍പ്പെടെ താഴെ തട്ടില്‍ പ്രചരിപ്പിച്ചു. ഹിന്ദുത്വ-മൃദു ഹിന്ദുത്വ എന്ന തരത്തിലേക്ക് പ്രചരണം എത്തിച്ചത് കമല്‍നാഥ് ചെയ്ത അബദ്ധമാണ്. കഴിഞ്ഞതവണ ആരംഭത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് ബി.എസ്.പി അടക്കമുള്ളവരുടെ പിന്തുണയാലായിരുന്നു. ഇത്തവണ സമാനമായി അവരെ ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇന്‍ഡ്യാ മുന്നണിയിലെ എസ്.പി, ജെ.ഡി.യു, ഇടത് പാര്‍ട്ടികള്‍ എന്നിവരെ സമ്പൂര്‍ണമായി അവഗണിച്ചു. ഇതെല്ലാം പരാജയ കാരണമായി.

രാജസ്ഥാന്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേരത്തേ തന്നെ പരാജയം മണത്തതാണ്. എന്നാല്‍, ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും ഉയര്‍ത്തിക്കാട്ടാനാകാതെ പ്രതിസന്ധിയിലായിരുന്നു ബി.ജെ.പി. അതോടെ കോണ്‍ഗ്രസിന്റെ സാധ്യത തെളിഞ്ഞതാണ്. പക്ഷേ, ഇവിടെ മോദിയെയാണ് ബി.ജെ.പി ഐക്കണാക്കിയത്. കോണ്‍ഗ്രസാകട്ടെ ദേശീയ വിഷയങ്ങളൊന്നും എടുത്തിട്ടില്ല. എന്നു മാത്രമല്ല, അശോക് ഗെഹ്‌ലോട്ടിന്റെ ഭരണ നേട്ടങ്ങള്‍ മാത്രമാണ് പ്രചാരണായുധമാക്കിയത്. സച്ചിന്‍ പൈലറ്റ്-ഗെഹ്‌ലോട്ട് ശീത മത്സരം തെരഞ്ഞെടുപ്പിലെ എല്ലാ ഘട്ടത്തിലും പ്രകടമായിരുന്നു. ഗുജ്ജാറുകളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റുന്നതിനും ഇത് കാരണമായി. ജാതി സെന്‍സസ് അടക്കം ഒ.ബി.സികളെ സ്വാധീനിക്കാവുന്ന നിരവധി വിഷയങ്ങളുണ്ടായിട്ടും ദേശീയ വിഷയങ്ങള്‍ പ്രചരണമാക്കേണ്ട എന്ന ഒ.ബി.സി നേതാവ് കൂടിയായി ഗെഹ്‌ലോട്ടിന്റെ തന്ത്രം വലിയ തിരിച്ചടിയായി. ബി.ജെ.പിയാകട്ടെ മോദി പ്രഭാവം കാട്ടിയും ഹിന്ദുത്വ സൈക്കുയോഗിച്ചുമാണ് മുന്നേറിയത്.

ഇടതു പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ചില മേഖലകളില്‍ കോണ്‍ഗ്രസും അവരും തമ്മില്‍ ധാരണയില്ലാതായത് കോണ്‍ഗ്രസിന്റെ തെറ്റായ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റുകൊണ്ടാണ്. അമിത ആത്മ വിശ്വാസം എത്രമാത്രം വിനയാകും എന്നതിന് ഉത്തമമായ സാമ്പിളാണ് ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് പരാജയം.

രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള ചെറുകക്ഷികളുണ്ട്. പ്രത്യേകിച്ച് ട്രൈബല്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ബി.എ.പി, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികള്‍. ഇവരെല്ലാം കോണ്‍ഗ്രസുമായി നല്ല ബന്ധമുള്ള പാര്‍ട്ടികളാണ്. അവരെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇവര്‍ക്കെല്ലാം നിയമസഭയിലേക്ക് ഏതാനും സീറ്റുകള്‍ നേടാനായി. നേരത്തേ രണ്ട് സീറ്റുണ്ടായിരുന്ന സി.പി.ഐ(എം) അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ക്കും ചില സ്വാധീന മേഖലകളുണ്ടായിരുന്നു. ഇന്‍ഡ്യാ സഖ്യം സംസ്ഥാനത്ത് ആവശ്യമില്ല എന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതോടെ ഇവരെല്ലാം വേറിട്ട് മത്സരിക്കേണ്ട നിലയെത്തി. ഇടത് പാര്‍ട്ടികള്‍ മത്സരിച്ചിടങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ പരാജയ കാരണവുമായി.

ഛത്തിസ്ഗഢ്

ഛത്തിസ്ഗഢിലാകട്ടെ കോണ്‍ഗ്രസിന്റെ സ്ട്രാറ്റജി അമ്പേ പാളി. ഒ.ബി.സി നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗലിന് തന്റെ ജനപ്രീതിയില്‍ ജയിച്ചു കയറാം എന്നതായിരുന്നു ചിന്ത. അതേ സമയം ഭരണ വിരുദ്ധ വികാരം മനസ്സിലാക്കാനായില്ല. ബി.ജെ.പി ആകട്ടെ പിന്നാക്ക സമുദായങ്ങളെ തങ്ങളുടെ പിന്നില്‍ നിര്‍ത്തി രൂപീകരിച്ച സോഷ്യല്‍ എഞ്ചിനീയറിംഗ് വിജയ ഫോര്‍മുലയായി മാറ്റി. ഇടതു പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ചില മേഖലകളില്‍ കോണ്‍ഗ്രസും അവരും തമ്മില്‍ ധാരണയില്ലാതായത് കോണ്‍ഗ്രസിന്റെ തെറ്റായ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റുകൊണ്ടാണ്. അമിത ആത്മ വിശ്വാസം എത്രമാത്രം വിനയാകും എന്നതിന് ഉത്തമമായ സാമ്പിളാണ് ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് പരാജയം.

ഈ മുന്ന് സംസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തേണ്ടത് ഒ.ബി.സി സമുദായങ്ങളാണ്. ഗെഹ്‌ലോട്ടും ഭൂപേഷും ആകട്ടെ ഒബി.സിയില്‍ നിന്നുയര്‍ന്നു വന്ന നേതാക്കളുമാണ്. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന ജാതി സെന്‍സസ് ഇവിടെ മുഖ്യ ചര്‍ച്ചയാക്കാന്‍ ഇവര്‍ക്കായില്ല. തീവ്ര ഹിന്ദുത്വ പ്രചാരണവുമായി ബി.ജെ.പി വന്നതിനെ മൃദു ഹിന്ദുത്വയുമായി പ്രതിരോധിക്കാനിറങ്ങി എന്ന വലിയ അപകടമാണ് കോണ്‍ഗ്രസ് ചെയ്തത്.

തെലങ്കാന

തെലങ്കാനയില്‍ വ്യത്യസ്തമായ രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഏതാണ്ട് ശവക്കുഴിയിലായി എന്ന് കരുതിയ സ്ഥിതിയിലായിരുന്നു ഏതാനും മാസം മുമ്പ് വരെ ഇവിടെ കോണ്‍ഗ്രസ്. സംസ്ഥാനം രൂപീകൃതമായ കാലം മുതല്‍ സര്‍വ്വ ശക്തിയോടെ വാഴുന്ന ചന്ദ്രശേഖര റാവു എന്ന അതികായന്റെ നേതൃത്വത്തിലെ ടി.ആര്‍.എസ് (ഇപ്പോള്‍ ബി.ആര്‍.എസ്) തന്നെ മൂന്നാം വട്ടവും അനായാസം അധികാരത്തിലേറും എന്ന നിലയില്‍ നിന്നാണ് ഫിനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റത്. ഒരു ഘട്ടത്തില്‍ ബി.ആര്‍.എസിന് ബദല്‍ ജി.ജെ.പി എന്ന നിലയിലേക്ക് ബി.ജെ.പി എമര്‍ജ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉണര്‍ന്നതോടെ അത് പിറകിലേക്ക് പോയി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പുലര്‍ത്തിയ അതേ സ്ട്രാറ്റജി തെലങ്കാനയിലും പുലര്‍ത്തി. ഇത് രാഷ്ട്രീയമായ മേല്‍കൈ കോണ്‍ഗ്രസിന് സമ്മാനിച്ചു. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിലിയ ചലനങ്ങളുണ്ടാക്കിയിരുന്നു ഇവിടെ. അതിനെ കാപ്പിറ്റലൈസ് ചെയ്യാനുള്ള തന്ത്രങ്ങളാണ് രേവന്ത് റെഡി എന്ന യുവ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്.

സോഷ്യല്‍ മൂവ്‌മെന്റുകളെയും ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള ചെറുപാര്‍ട്ടികളെയും കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. അതില്‍ വിജയം കണ്ടു. ജാതി സെന്‍സസ്, ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളുന്നയിച്ചു. ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ സോഷ്യല്‍ എഞ്ചിനീയറിംഗ് രൂപപ്പെടുത്തി. ഭരണ വിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമായി.

പരമ്പരാഗത ശക്തി കേന്ദ്രമായ ഹൈദരാബാദില്‍ മത്സരിച്ച 9 സീറ്റില്‍ 7ലും വിജയിച്ച് AIMIM ഉം ഉവൈസിയും തങ്ങളുടെ ശക്തി ഉറപ്പിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ പല നയങ്ങളോടും പാര്‍ലമെന്റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തിയ അനുകൂല ഭാവം ബി.ആര്‍.എസിനെ ന്യൂനപക്ഷ വോട്ടര്‍മാരില്‍ നിന്നും മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന വോട്ടര്‍മാരില്‍ നിന്നും അകറ്റി. ഇതിനെയും സമര്‍ഥമായി ഉപയോഗിക്കാന്‍ ഇവിടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനേജര്‍മാര്‍ക്ക് കഴിഞ്ഞു.

മിസോറാം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതു ട്രന്‍ഡ് ആണ് മിസോറാമില്‍ കണ്ടത്. പ്രാദേശിക പാര്‍ട്ടികളായ സോറം പീപ്പിള്‍സ് മൂവ്‌മെന്റും മിസോ നാഷണല്‍ ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം. ത്രികോണ മത്സര സ്വഭാവത്തില്‍ കോണ്‍ഗ്രസും ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ലാല്‍ദുഹോമ 2017ല്‍ രൂപം നല്‍കിയ പാര്‍ട്ടിയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്. അവര്‍ ആദ്യമായി മിസോറാമില്‍ അധികാരം നേടി. 20 ശതമാനം വോട്ട് ലഭിച്ചിട്ടും കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ വിജിയിക്കാനായത്. 5 ശതമാനം വോട്ട് മാത്രം നേടിയ ബി.ജെ.പി 2 സീറ്റ് നേടിയെടുത്തു.

മിസോറാമിലെ ഫലം വന്നയുടന്‍ സോറം പീപ്പിള്‍സ് പാര്‍ട്ടിയെ അഭിനന്ദിച്ച് മോദി രംഗത്തെത്തിയത് നിലവില്‍ ബി.ജെ.പി അനുകൂല ഭാവം പുലര്‍ത്തിയിരുന്ന ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ ഉപേക്ഷിച്ച് പുതിയ ഭരണകക്ഷിയുമായി സൗഹൃദം പൂലര്‍ത്തുമെന്ന സൂചനയാണ്. എങ്ങനെയാണ് കുറഞ്ഞ വോട്ടുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടിയെടുക്കുന്നത് എന്നത് ഇതിലൂടെ വായിച്ചെടുക്കാനാവും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളോട് ഇന്‍ഡ്യാ സഖ്യം എന്ത് സമീപനമാണ് പുലര്‍ത്തേണ്ടത് എന്നതും ഇതിലൂടെ പഠിക്കേണ്ടതാണ്.

തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം

ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ മതേതര പാര്‍ട്ടികള്‍ക്ക് നകുന്നത് കൃത്യമായ മെസ്സേജാണ്. ബി.ജെ.പി പരാജയപ്പെടുത്താനാവാത്ത ശക്തിയൊന്നുമല്ല ഇപ്പോഴും എന്നതും ഇത് വിളിച്ചോതുന്നു. തെരഞ്ഞെടുപ്പ് അജണ്ട നിര്‍ണയിക്കുന്നതില്‍ അവര്‍ കാട്ടുന്ന തന്ത്രമാണ് അവരെ വിജയത്തിലേക്ക് എത്തിക്കുന്നത്. കോണ്‍ഗ്രസ് കര്‍ണാടകയിലും തെലങ്കാനയിലും പുലര്‍ത്തിയ ഇന്‍ക്ലൂസിവ്‌നെസ് എന്നത് ദേശ വ്യാപകമായി പുലര്‍ത്തിയാല്‍ ഇന്‍ഡ്യാ മുന്നണിക്ക് സാധ്യത വലുതാണ് എന്നതും ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വായിച്ചെടുക്കാനാകും.

രാജ്യത്ത് നിന്ന് മുസ്‌ലിംകള്‍ പുറം തള്ളപ്പെടുന്നു എന്നത് ഈ തെരഞ്ഞെടുപ്പിലും വ്യക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 16 മുസ്‌ലിം പ്രതിനിധികള്‍ മാത്രമാണ് വിജയിച്ചത്. രാജസ്ഥാനില്‍ 6 (5 കോണ്‍ഗ്രസ്, 1 സ്വതന്ത്രന്‍), മധ്യപ്രദേശില്‍ 2 (കോണ്‍ഗ്രസ്), ഛത്തിസ്ഗഢില്‍ 1 (കോണ്‍ഗ്രസ്), തെലങ്കാനയി 7 (എല്ലാവരും എ.ഐ.എം.ഐ.എം) എന്നിങ്ങനെയാണ് നില. എല്ലാവരും പ്രതിപക്ഷ അംഗങ്ങളാണ്. തെലങ്കാനയില്‍ ഭരണകക്ഷിയായി മാറിയ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ആര്‍.സും മത്സരിപ്പിച്ച എല്ലാ മുസ്‌ലിം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഇത് നല്ല സൂചനയല്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സംവരണം എന്ന ആവശ്യം ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭവുമാണ്.

തെരഞ്ഞെടുപ്പു ഫലം മതേതര ചേരിക്ക് നിരാശയുണ്ടാക്കേണ്ട ഒന്നാണ് എന്ന് തോന്നുന്നില്ല. പക്ഷേ, ഇത് കൃത്യമായി തിരിച്ചറിയാന്‍ ഒന്നാമതായി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറാവണം. ഇന്‍ഡ്യ മുന്നണി ഒരു സങ്കല്‍പത്തിനപ്പുറം കൃത്യമായ രാഷ്ട്രീയമുള്ള സഖ്യമായി മാറണം. ഹിന്ദി ബെല്‍റ്റില്‍ മൃദു ഹിന്ദുത്വയുമായി കോണ്‍ഗ്രസ് ഇറങ്ങരുത്. രാഹുല്‍ഗാന്ധി മുന്നോട്ട് വെക്കുന്ന ആനുപാതിക പ്രാതിനിധ്യം, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഗ്രസ് കൂടുതല്‍ രാഷ്ട്രീയമായും പക്വതയോടും കൂടി പ്രതിനിധാനം ചെയ്യണം. ഇടത് പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് നിന്നാല്‍ നിലവിലെ മണ്ണ് കൂടി ഒലിച്ചു പോകും എന്ന് അവരും തിരിച്ചറിയണം. കോണ്‍ഗ്രസുമായി സഹകരിച്ച തെലങ്കാനയിലാണ് ഒരേ ഒരു സീറ്റ് ഇടതു പാര്‍ട്ടിയായ സി.പി.െഎക്ക് ലഭിച്ചത്. ആം ആദ്മി, എസ്.പി, സമാനമായ പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയെ എല്ലാം കൂട്ടിപ്പിടിക്കാന്‍ കോണ്‍ഗ്രസ് വിശാല മനസ്സ് കാണിക്കണം. ഗെഹ്‌ലോട്ടും കമല്‍നാഥും ഭൂപേഷും കാണിച്ച ഏക പാര്‍ട്ടി ധിക്കാരം കോണ്‍ഗ്രസ് അവസാനിപ്പിക്കണം.

ഇന്‍ഡ്യ മുന്നണി തെരഞ്ഞെടുപ്പു സഖ്യം എന്നതില്‍ നിന്ന് മാറി രാഷ്ട്രീയ സഖ്യമാകണം. വിശാലമായ മതേതര-സാമൂഹ്യ കാഴ്ചപ്പാട് രാഷ്ട്രീയ പദ്ധതിയാക്കണം. ബി.ജെ.പിയുടെ ഹിന്ദുത്വയെ കര്‍ണാടകയില്‍ നേരിട്ട പോലെ രാഷ്ട്രീയമായി നേരിടണം. അതിനനുഗുണമായ രാഷ്ട്രീയ ആശയം വളര്‍ത്തണം. എങ്കില്‍ 2024 ല്‍ തന്നെ ശുഭസൂചകമായ വാര്‍ത്ത വരും. അതാണ് അഞ്ച് സംസ്ഥാന തെരെഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സജീദ് ഖാലിദ്

Writer

Similar News