'മുള്‍ച്ചെടിയും കരയാമ്പൂവും': ഫലസ്തീന്‍ പോരാളി കഥ പറയുമ്പോള്‍

ഭാവനയുടെ ലോകത്തില്‍ സഞ്ചരിച്ചാണ്, അധിനിവേശത്തിന്റെ എല്ലാ ദുരിതങ്ങളും നേരിട്ട് അനുഭവിച്ചു കൊണ്ടാണ് യഹ്‌യ സിന്‍വാറിന്റെ ബാല്യ, കൗമാര, യൗവന ഘട്ടങ്ങള്‍ വളരുന്നത്. അത് തന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഖ്യാനത്തില്‍ അതിന്റെ എല്ലാ തീക്ഷ്ണതകളും വളരെ ശക്തമായി പ്രതിഫലിച്ചതായി കാണാം. യഹ്‌യ സിന്‍വാര്‍ എഴുതിയ 'മുള്‍ച്ചെടിയും കരയാമ്പൂവും' നോവല്‍ വായന.

Update: 2024-06-10 08:32 GMT
Advertising

ബഹുസ്വരതയുടെ പാരമ്പര്യമുള്ള ഇന്ത്യാ മഹാരാജ്യത്ത് നിന്നും ഫലസ്തീനെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് കുറച്ചുകൂടി ചരിത്ര ബോധ്യമുള്ളവരാവാം. ആരാധനാലയങ്ങളുടെ അധിനിവേശത്തിന്റെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ തിരുത്തി പുതിയ ചരിത്രം രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന നമ്മുടെ രാജ്യത്തു നിന്ന് കൊണ്ട് ഫലസ്തീന്‍ പ്രശ്‌നം നോക്കിക്കാണേണ്ടതുണ്ട്. ഏതു നാട്ടിലും മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനം നടക്കുമ്പോള്‍ അതിനെ അപലപിക്കാനെങ്കിലുമുള്ള മനസ്സ് മനുഷ്യര്‍ എന്ന നിലയില്‍ നമുക്കുണ്ടാവണം. അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അനീതി നടമാടിയപ്പോള്‍ അവിടേക്കു പട്ടാളത്തെ അയച്ചു സമാധാനം സ്ഥാപിച്ച പാരമ്പര്യമാണ് നമുക്കുള്ളത്.

അധിനിവേശത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് നാം. കൊളോണിയലിസം നമ്മുടെ സമ്പത്താകെ കൊള്ളയടിച്ചപ്പോള്‍ സായുധരായും നിരായുധരായും പോരാടി മരണം വരിച്ചവരാണ് നമ്മുടെ പൂര്‍വ്വികരായ ധീര ദേശാഭിമാനികള്‍. അതുകൊണ്ട് തന്നെ ജന്മ ദേശത്തു നിന്നും ആട്ടിപ്പായിക്കപ്പെട്ടവര്‍ക്കൊപ്പം നാം നില കൊള്ളേണ്ടതും വസ്തുതകള്‍ വസ്തുതകളായി മനസ്സിലാക്കേണ്ടതുമാണ്.

എന്‍.എസ് മാധവന്‍ എഴുതിയ 'തിരുത്ത്' എന്ന കഥയില്‍, വൃദ്ധനായ ചീഫ് എഡിറ്റര്‍ 'തര്‍ക്ക മന്ദിരം തകര്‍ത്തു' എന്ന തലക്കെട്ടു മാറ്റി 'ബാബരി മസ്ജിദ് തകര്‍ത്തു' എന്ന് എഴുതി. ഇതിലൂടെ, ഒരു പ്രശ്‌നമുണ്ടായാല്‍ ഇരു വശവും ഒരു പോലെയാണെന്ന അഴകൊഴമ്പന്‍ സമീപനത്തെയാണ് അദ്ദേഹം തിരുത്തുന്നത്. ഫലസ്തീന്‍കാര്‍ ജന്മദേശത്തു കൊടുംയാതന അനുഭവിക്കുന്ന വേളയിലാണ് ഹമാസ് എന്ന സംഘടന പിറവിയെടുത്തത്. അത് ഭീകര സംഘടനയാണെന്ന്, ഇസ്ലാമിക തീവ്രവാദ സംഘടനയാണെന്ന് വിലയിരുത്തി, ഇതൊരു മത സംഘര്‍ഷമാണെന്നും മതം എന്നും രക്തച്ചൊരിച്ചിലുകളേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും പ്രചരിപ്പിക്കുകയാണ് തല്‍പര കക്ഷികള്‍. ഇവിടെ ചരിത്രവും വസ്തുതകളും ക്രൂരമായി കൊല ചെയ്യപ്പെടുകയാണ്.

ജറുസലേം അടങ്ങുന്ന ഫലസ്തീന്‍ ഇസ്ലാമിന്റെ അധീനതയില്‍ വരുന്നത് മഹാനായ ഖലീഫ ഉമറിന്റെ ഭരണകാലത്ത് ക്രിസ്താബ്ദം 636-ലാണ്. അദ്ദേഹം അവിടെ അല്‍അഖ്സ മസ്ജിദ് എന്ന ആരാധനാലയം പുനര്‍നിര്‍മിച്ചു. യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള പുണ്യസ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ പ്രദേശത്ത് മൂന്ന് മതക്കാര്‍ക്കും ഉള്ള അവകാശങ്ങള്‍ അദ്ദേഹം സംരക്ഷിച്ചു എന്നതാണ് ചരിത്രം. ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇതിനു ഭംഗം വന്നിട്ടില്ല. ബഹുസ്വരതയുടേയും സഹവര്‍ത്തിത്വത്തിന്റെയും മനോഹരമായ മാതൃകയാല്‍ വിരചിതമായ മണ്ണായിരുന്നു ആ ഭൂമി. ഇത് നശിപ്പിച്ചത് ബ്രിട്ടീഷ് കൊളോണിയലിസമാണ്, 1948-ലെ ഇസ്രായേല്‍ രാഷ്ട്ര രൂപീകരണമാണ്. സയണിസവും സാമ്രാജ്യത്വവും ഈ ക്രൈം ഫലസ്തീനുമേല്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ മതസാഹോദര്യത്തിന്റെ മനോഹരഭൂമിയായി ഫലസ്തീനും ജറുസലേമും ഇന്നും നിലനില്‍ക്കുമായിരുന്നു.

അകലെ ഫലസ്തീനില്‍ ജനം തീരാദുഃഖം അനുഭവിക്കുമ്പോള്‍ ഇവിടെ മലയാള മണ്ണിലും അതിന്റെ ദുഃഖ സാന്ദ്രത അലയടിക്കുന്നു. ഈ വിഷയകമായി നിരവധി കവിതകള്‍, പഠനങ്ങള്‍, ചിത്രങ്ങള്‍ ഒക്കെ ഇവിടെയും പ്രചരിക്കുന്നു. ഒരു ഫിക്ഷന്‍ രൂപത്തില്‍ ഇതിന്റെ കഥനം നിര്‍വഹിച്ച് സിന്‍വാര്‍ 'മുള്‍ച്ചെടിയും കരയാമ്പൂവും' എന്ന നോവലിലൂടെ ആ നാട്ടിലെ ദുരിതം നമ്മിലേക്ക് ആവാഹിക്കുകയാണ്.

ഫലസ്തീന്റെ മണ്ണില്‍ നടക്കുന്ന പോരാട്ടത്തിന്റെ കഥ പോരാളിയായ യഹ്യ സിന്‍വാര്‍ നമ്മോട് നോവല്‍ രൂപത്തില്‍ പറയുന്നു. യഹ്‌യ സിന്‍വാര്‍ ഒരു ഹമാസ് പോരാളിയാണ്. ആ ജീവിതം അധികവും ഇരുമ്പഴികള്‍ക്കുള്ളിലായിരുന്നു. ഇപ്പോഴും അദ്ദേഹം ഒളിവ് ജീവിതം നയിക്കുകയാണെന്നാണ് കരുതപ്പെടുന്നത്. ഭാവനയുടെ ലോകത്തില്‍ സഞ്ചരിച്ചാണ്, അധിനിവേശത്തിന്റെ എല്ലാ ദുരിതങ്ങളും നേരിട്ട് അനുഭവിച്ചു കൊണ്ടാണ് യഹ്‌യ സിന്‍വാറിന്റെ ബാല്യ, കൗമാര, യൗവന ഘട്ടങ്ങള്‍ വളരുന്നത്. അത് തന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഖ്യാനത്തില്‍ അതിന്റെ എല്ലാ തീക്ഷ്ണതകളും വളരെ ശക്തമായി പ്രതിഫലിച്ചതായി കാണാം.  


| നോവലിന്റെ അറബ് പതിപ്പ്

മനുഷ്യനും മറ്റ് ജീവികള്‍ക്കും ആവോളം വിഭവങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് കൂടുതല്‍ വേണം എന്ന ആര്‍ത്തി മൂലമാണ് അധിനിവേശങ്ങള്‍ സംഭവിക്കുന്നത്, സാമ്രാജ്യങ്ങള്‍ രൂപപ്പെടുന്നത്. ലോകം കീഴടക്കാന്‍ വെമ്പുന്ന ഭരണാധികാരികളെ ചരിത്രത്തിലെമ്പാടും കാണാം. അവരെല്ലാം വെറുംകയ്യോടെ മടങ്ങി എന്നതും ഒരു യാഥാര്‍ഥ്യമാണ്. എന്തുകൊണ്ട് മനുഷ്യന്‍ ഇങ്ങനെ യുദ്ധം ചെയ്തു ആളുകളെ കൊന്നൊടുക്കി വിജയിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ഒരു വലിയ ചോദ്യമാണ്. ഇത്തരം മനോഭാവത്തിലൂടെ മുതലാളിത്തവും ഫാസിസവും ഉണ്ടായി. ലോകത്തെ വലിയ ഒരു ഫാസിസ്റ്റ് ശക്തിയാണ് സയണിസം. ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പേരില്‍ എത്രയോ കാലങ്ങളായി ഫലസ്തീനില്‍ പാവങ്ങളായ തദ്ദേശീയര്‍ വിവരണാതീതമായ കൊടും ക്രൂരതകള്‍ക്ക് ഇരയാവുന്നു. വളരെ സ്വാഭാവികമായി അവരില്‍ ഉണ്ടാകുന്ന ചെറുത്ത് നില്‍പ്പിനെ ഭീകരവാദം എന്ന് പേരിട്ടു വിളിക്കുകയാണ്. അധിനിവേശത്തേക്കാള്‍ വലിയ ക്രൂരതയാണ് ഇത്. അവരുടെ ആദര്‍ശ വിശ്വാസത്തെ പരലോകപരമായ മതവിശ്വാസം എന്ന് ആക്ഷേപിക്കുന്നു. ഇസ്ലാം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭീകരതയാണ് എന്ന് ലോകത്ത് മൊത്തം പ്രചരിപ്പിക്കുന്നു. ഈയൊരു വലിയ രാഷ്ട്രീയ പ്രശ്‌നത്തെ മതവിഷയമാക്കി ചുരുക്കാനാണ് ശ്രമം നടക്കുന്നത്. ഇത് തിരുത്തപ്പെടണം. അതിന് ഈ നോവല്‍ തീര്‍ച്ചയായും സഹായകമായി വര്‍ത്തിക്കും.

ഇത്തരം വിഷയം കൈകാര്യം ചെയ്യുന്ന ഫിക്ഷന്‍ പൊതുവേ വരണ്ടതാവാനാണ് സാധ്യത. യുദ്ധവും ഹിംസയും മാത്രം പ്രതിപാദിക്കുമ്പോള്‍, ചോരപ്പുഴകളെ പ്രതിപാദിക്കുമ്പോള്‍, പലപ്പോഴും ഭാഷയ്ക്ക് മികവ് ഉണ്ടാകാറില്ല. അറബി ഭാഷയുടെ വശ്യത നമ്മുടെ ഭാഷയിലേക്കു സംക്രമിപ്പിക്കുക ഏറെ പ്രയാസവുമാണ്. വിശുദ്ധ ഖുര്‍ആന്റെ പരിഭാഷകളില്‍ ഏറെ വ്യത്യസ്തത കാണാം. ആശയം പോലും പാടേ മാറ്റിക്കളയുന്ന പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്. മലയാളത്തിലേക്ക് പല ക്ലാസ്സിക്കുകളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അറബിയില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ താരതമ്യേന കുറവാണ്. ഇവിടെ സിന്‍വാറിനെ മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോള്‍ മലയാളത്തിന്റെ ചാരുതയാര്‍ന്ന ഭാഷയാണ് എസ്.എം സൈനുദ്ദീന്‍ ഉപയോഗിച്ചിരിക്കുന്നത്. നോവലിന്റെ ആരംഭം തന്നെ ഉദാഹരണം.


| ഗസ്സയിലെ ഒരു അഭയാര്‍ഥി ക്യാമ്പ് 

'1967 ഉശിരന്‍ അരുണ കിരണങ്ങള്‍ ഏറ്റ് വെട്ടിത്തിളങ്ങി സുന്ദരിയാകാന്‍ വെമ്പല്‍ കൊള്ളുന്ന ആസന്നമായ വസന്തത്തെ ആകാശം മൂടുന്ന മേഘങ്ങള്‍ കൊണ്ട് ഞെക്കി ഞെരുക്കി തടഞ്ഞുനിര്‍ത്തി വിട പറയാന്‍ വിസമ്മതിക്കുകയാണ് കനത്ത ശൈത്യകാലം. ഒപ്പം അസഹനീയ ശൈത്യത്തിന് മേല്‍ കുത്തിച്ചൊരിയുന്ന പേമാരിയും. ക്യാമ്പിലെ വീടുകളെ അത് വെള്ളത്തില്‍ മുക്കി. ഇടവഴികളിലെ ഓടകളിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളം ക്യാമ്പിലെ ടെന്റുകളിലേക്കും കൂടാരങ്ങളിലേക്കും ഇരച്ചു കയറി. അഭയാര്‍ഥികള്‍ ക്യാമ്പിലെ ഒറ്റമുറിയിലേക്ക് കൂട്ടത്തോടെ തിക്കിക്കയറി. സമീപത്തെ തെരുവിനേക്കാള്‍ മോശമായ നിലമാണ് ഒറ്റമുറിയിലേത്'

നോക്കൂ അധിനിവേശത്തിന്റെ ഭീകരത. നമ്മള്‍ എഴുത്തുകാരനോടൊപ്പം ആ ഒറ്റമുറിയില്‍ എത്തിപ്പെടുന്നു. ഭ്രാന്തമായ കാലാവസ്ഥയും മനുഷ്യര്‍ ആ ഒറ്റമുറിയില്‍ തിക്കിത്തിരക്കിയിരിക്കുന്നതും അവരുടെ മുന്നില്‍ ലോകം ചുരുങ്ങുന്നതും നാം അറിയുന്നു. അതേ, ലോകത്തെ വസന്തങ്ങള്‍, വീക്ഷണങ്ങള്‍, പ്രതാപങ്ങള്‍, ശാസ്ത്ര നേട്ടങ്ങള്‍, കലാരംഗത്തെ മുന്നേറ്റങ്ങള്‍... ഈ സുന്ദരമായ ഭൂമിയെ അനുഭവിക്കാന്‍ യോഗമില്ലാതെ പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം ക്യാമ്പില്‍ കഴിഞ്ഞു കൂടുകയാണ്. ജന്മദിനങ്ങളും പെരുന്നാളും ഒക്കെ വര്‍ണ്ണാഭമായി നാം ആഘോഷിക്കുമ്പോള്‍ ജനിച്ച മണ്ണില്‍ ഒന്ന് നടുനിവര്‍ത്താനാവാതെ ഒരു ജനത കണ്ണുനീരോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നു. അവരില്‍ സമരാവേശം ഉണരാതെ വരുമോ? ബെന്യാമിന്‍ ആടുജീവിതത്തില്‍ പറയുന്നത് പോലെ ''അനുഭവിക്കാത്തതൊക്കെയും നമുക്ക് കെട്ടുകഥകള്‍ മാത്രമാവും.'' ദുരിതം അനുഭവിക്കുന്നവര്‍ ജനിച്ച നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാവും. ആയുധം കയ്യിലെടുക്കയും, വേണ്ടി വന്നാല്‍ ചാവേറാവുകയും ചെയ്യും. 

മാക്‌സിം ഗോര്‍ക്കിയുടെ അമ്മ അടുത്തിടെ പുനര്‍വായന നടത്തുകയുണ്ടായി. റഷ്യന്‍ വിപ്ലവം കൊടുംപിരികൊണ്ട കാലത്തു മക്കള്‍ക്ക് തണലായി ഒരു അമ്മ നിലകൊള്ളുന്നതാണ് ഈ ക്ലാസ്സിക് കൃതിയുടെ ഇതിവൃത്തം. എക്കാലവും അമ്മയുണ്ടാവണം, ഏതിനും കൂടെ. എങ്കിലേ ഏതു വിപ്ലവവും വിജയിക്കൂ. പോരാളികള്‍ക്ക് ഈ നോവലിലും താങ്ങായി, തണലായി, ഒരു ഉമ്മയുണ്ട്. മകന്‍ രക്തസാക്ഷിയാവുമ്പോള്‍ പോലും തന്റെ ആദര്‍ശ വിശ്വാസത്തിന്റെ ഉറപ്പില്‍ മകന്‍ സ്വര്‍ഗം പുല്‍കും എന്ന് സമാധാനപ്പെടുന്ന ഒരു ഉമ്മ. ഒന്നുകില്‍ ഇന്ത്യക്കു സ്വാതന്ത്ര്യം, അല്ലെങ്കില്‍ എനിക്കൊരു ഖബര്‍ എന്ന് പറഞ്ഞ മൗലാനാ മുഹമ്മദലിയെ ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കും.

ഒരു നോവലിന്റെ പാത്രസൃഷ്ടി, ഘടന, ആഖ്യാനം എന്നിവയെല്ലാം നോവലിന്റെ വിജയത്തില്‍ ഏറെ പങ്കുവഹിക്കുന്നു. ഇവിടെ ഓരോ കഥാപാത്രത്തിനും മിഴിവ് നല്‍കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അവരുടെ മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്നുണ്ട്. സ്‌തോഭജനകമായ സംഭവവികാസങ്ങളുടെ ആഖ്യാനം ദുര്‍ഗ്രാഹ്യത വരുത്താതെ ലളിതമായി പറഞ്ഞു പോവുന്നു. നോവല്‍ വികസിക്കുമ്പോള്‍ ചാവേര്‍ ആക്രമണങ്ങളും ബോംബുകളും കൊണ്ട് നിറയുന്നത് നമ്മെ അസ്വസ്ഥപ്പെടുത്തും. എങ്കിലും അവ ഒരു യാഥാര്‍ഥ്യമാണെന്നു തിരിച്ചറിഞ്ഞല്ലേ പറ്റൂ.

വിപ്ലവകാരികള്‍ക്കിടയില്‍ ഏതൊരിടത്തേയും പോലെ ആശയ സംഘട്ടനങ്ങള്‍ നടക്കുന്നുണ്ട് ഇവിടെയും; ഗാന്ധിയും നേതാജിയും തമ്മിലുണ്ടായിരുന്ന ആശയ സംഘട്ടനം പോലെയും ഗാന്ധിയും അംബേദ്ക്കറും തമ്മിലുള്ള വീക്ഷണ വ്യത്യാസം പോലെയും. പക്ഷെ, ഈ തര്‍ക്കങ്ങള്‍ തുടര്‍ന്നെങ്കിലും ഏവര്‍ക്കും ഉള്ളത് ഒരേ ലക്ഷ്യമാണല്ലോ. വീടിനകത്തു നടക്കുന്ന ശക്തമായ വാദ പ്രതിവാദങ്ങള്‍ നോവലിലെ പ്രധാന സംഭാഷണങ്ങള്‍ ആണ്. 


| മുള്‍ച്ചെടിയും കരയാമ്പൂവും - കവര്‍ ചിത്രം                                                                                         | എസ്.എം സൈനുദ്ദീന്‍

സയണിസം കാട്ടുന്ന ക്രൂരവും വന്യവുമായ ഭീകരതക്കെതിരെ പൊരുതുമ്പോള്‍ സ്വാഭാവികമായും പ്രണയം, സ്‌നേഹം, സാഹോദര്യം പോലുള്ള മൃദുല വികാരങ്ങള്‍ മനുഷ്യന്‍ മറന്നു പോകും. എങ്കിലും ഈ പ്രതിസന്ധികള്‍ക്കിടയിലും അവര്‍ പ്രണയിക്കുന്നുണ്ട്. പലപ്പോഴും മനോഹരമായ ഓര്‍മകളായി ആ പ്രണയത്തെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നുമുണ്ട്. അതിന്റെ ബാഹ്യരൂപങ്ങളിക്ക് കടക്കാന്‍ അവരെ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. സാഹോദര്യവും കുടുംബ ബന്ധങ്ങളുമെല്ലാം നോവലില്‍ ഇഴചേര്‍ന്ന് കിടക്കുന്നത് എത്ര മനോഹരമായിട്ടാണ് സിന്‍വാര്‍ ആഖ്യാനിച്ചിട്ടുള്ളത്. ഒഴികിപ്പരക്കുന്ന ഉമ്മയുടെ സ്‌നേഹവും വാത്സല്യവും, കരളിനു കുളിരും കണ്ണിനു കുളിര്‍മയും നല്‍കുന്ന നിരവധി സന്ദര്‍ഭങ്ങളും നോവലിലുണ്ട്. മിഴികള്‍ ഈറനണിയാതെ ആ ഭാഗങ്ങളിലൂടെ വായനക്കാരനു കടന്നുപോകാനാവില്ല. ദുരിതങ്ങള്‍ക്കിടയിലും അവര്‍ പാടുകയും രസിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും നോവല്‍ ഉള്‍ക്കൊള്ളുന്നു. ജീവിതത്തെ എല്ലാവരെക്കാളും മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്ന ലോകത്തെ ഏകജനത എന്ന് വേണമെങ്കില്‍ നമുക്ക് ഫലസ്തീനികളെ വിശേഷിപ്പിക്കാം.

മാനവികത ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ മനസ്സ് കൊണ്ടെങ്കിലും ഐക്യപ്പെടാന്‍ ഈ നോവലിന്റെ വായന നമ്മെ സഹായിക്കും. കൂടുതല്‍ വസ്തുനിഷ്ഠമായ പഠനങ്ങളിലേക്ക് നോവല്‍ വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ ആര്‍ത്തി ഉണ്ടാക്കുന്ന വിനാശങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കേണ്ടത് എഴുത്തുകാരന്റെ പ്രാഥമിക കടമയാണ്.

നോവലിന്റെ മൊഴിമാറ്റം മനോഹരമായി നിര്‍വഹിച്ചിരിക്കുന്നത് എസ്.എം സൈനുദ്ദീന്‍ ആണ്. വിവര്‍ത്തന രംഗത്തു അദ്ധേഹത്തിന്റെ നിസ്തുല സംഭാവനയായി ഇതിനെ കാണാം. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് നോവലിന്റെ പ്രസാധകര്‍.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - എച്ച്. അന്‍വര്‍ ഹുസൈന്‍

Writer

Similar News