യശ്വന്ത് വർമ്മ കേസിനെ മറയാക്കി എൻജെഎസിക്ക് ആവശ്യക്കാരേറുമ്പോൾ ജുഡീഷ്യറിയിൽ പിടിമുറുക്കുമോ ബിജെപി​?

കൊളീജിയം സംവിധാനത്തെ വിമർശിച്ച് നിരവധി നിയമവിദഗ്ധരും സുപ്രീംകോടതി ജസ്റ്റിസുമാരും രംഗത്തെത്തിയിരുന്നങ്കിലും എൻജെഎസിയിലൂടെ പരിഹാരം കാണാൻ പറ്റുമോ എന്നത് തർക്കവിഷയമാണ്. 2014ൽ അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച എൻജെഎസി നിയമത്തിനെതിരെ നിരവധി ആരോപണങ്ങൾ അക്കാലത്തുതന്നെ ഉയർന്നിരുന്നു

Update: 2025-03-27 15:55 GMT
യശ്വന്ത് വർമ്മ കേസിനെ മറയാക്കി എൻജെഎസിക്ക് ആവശ്യക്കാരേറുമ്പോൾ ജുഡീഷ്യറിയിൽ പിടിമുറുക്കുമോ ബിജെപി​?
AddThis Website Tools
Advertising

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ (അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി) വ​സ​തി​യോ​ടു​ചേ​ർ​ന്ന സ്റ്റോ​ർ റൂ​മി​ൽ നി​ന്ന് ക​റ​ൻ​സി നോ​ട്ടു​കൾ കണ്ടെത്തിയെന്ന ആരോപണം വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ജുഡീഷ്യറിയുടെ അടിസ്ഥാനമായ നിഷ്പക്ഷത വരെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. സുപ്രീംകോടതി പെട്ടന്നുതന്നെ ഇടപെടുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്ത് മാതൃക തീർക്കുമ്പോൾ മറ്റൊരു ഭാഗത്ത് ചർച്ചകൾ വേറെ വഴിക്കാണ്.

നരേന്ദ്ര മോദി സർക്കാർ 2014ൽ കൊണ്ടുവന്ന നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് കമ്മീഷൻ (എൻജെഎസി) ഉണ്ടായിരുന്നെങ്കിൽ ജുഡിഷ്യറിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നതാണ് കേന്ദ്രസർക്കാരുമായി ചേർന്നുനിൽക്കുന്ന ഒരു വിഭാഗത്തിന്റെ പ്രധാന വാദം. അതിൽ പ്രമുഖൻ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻഖറാണ്. മാർച്ച് ഇരുപതിനും ഇരുപത്തിയഞ്ചിനുമിടയിൽ ഒന്നിലധികം തവണയാണ് രാജ്യസഭയിൽ എൻജെഎസിക്ക് വേണ്ടി അദ്ദേഹം വാദിച്ചത്. മുഴുവൻ പ്രശ്നവും നിയമനപ്രക്രിയയുടേതാണ് എന്നാണ് ധൻഖറിന്റെ ഓരോ വാക്കുകളിലും പ്രതിഫലിക്കുന്നത്.

എൻ ജെ എ സി നിലവിൽ വന്നിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനെ എന്നായിരുന്നു ധൻഖർ അഭിപ്രായപ്പെട്ടത്. അതിനുവേണ്ടിയുള്ള ആവശ്യങ്ങൾ വീണ്ടുമുയർത്താനുള്ള അവസരമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. മാർച്ച് 24ന് ഈ വിഷയവുമായി ബന്ധപ്പെട്ട്, ധൻഖർ സഭയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയെയും പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു. തൊട്ടടുത്ത ദിവസം എൻജെഎസി കുറിച്ച് ചർച്ച ചെയ്യാൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗവും ചേർന്നു.

കൊളീജിയം സംവിധാനത്തെ വിമർശിച്ച് നിരവധി നിയമവിദഗ്ധരും സുപ്രീംകോടതി ജസ്റ്റിസുമാരും രംഗത്തെത്തിയിരുന്നങ്കിലും എൻജെഎസിയിലൂടെ പരിഹാരം കാണാൻ പറ്റുമോ എന്നത് തർക്കവിഷയമാണ്. 2014ൽ അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച എൻജെഎസി നിയമത്തിനെതിരെ നിരവധി ആരോപണങ്ങൾ അക്കാലത്തുതന്നെ ഉയർന്നിരുന്നു. അതിൽ പ്രധാനം എൻ ജെ എ സിയുടെ ഘടനയാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന രണ്ട് ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി, രണ്ട് 'പ്രമുഖ വ്യക്തികൾ' എന്നിവരായിരുന്നു എൻ ജെ എ സി അംഗങ്ങൾ. അതിലെ പ്രമുഖ വ്യക്തികളെ തെരഞ്ഞെടുക്കുന്നത് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരുടെ സമിതിയുമായിരിക്കും. അതിലുയരുന്ന പ്രധാന പ്രശ്നം, ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ജുഡീഷ്യൽ അംഗങ്ങൾക്ക് ഭൂരിപക്ഷമില്ല എന്നതാണ്. ഒപ്പം നിയമമന്ത്രിയെ ഭാഗമാക്കുന്നതിലൂടെ എക്സ്ക്യൂട്ടീവിന് നിയമനത്തിൽ ഇടപെടാനുള്ള അവസരവും ലഭിക്കുന്നു. സമിതിയിലെ രണ്ട് പ്രമുഖ വ്യക്തികളെ നിയമിക്കുന്നതിന് യോഗ്യത എന്തെന്ന് നിശ്ചയിക്കാത്തതിനാൽ അവർ രാഷ്ട്രീയ നിയമങ്ങളാകാനും സാധ്യതയുണ്ടെന്ന വിമർശനവും ഉയർന്നിരുന്നു. അതിനെല്ലാം, പുറമെ എൻ ജെ സി ആക്ടിന്റെ അഞ്ചാം വകുപ്പനുസരിച്ച്, നിർദേശങ്ങളോട് സമിതിയിലെ രണ്ടുപേർക്ക് എതിർപ്പുണ്ടെങ്കിൽ വീറ്റോ ചെയ്യാനുള്ള അധികാരവും നൽകുന്നു. പ്രായോഗികതലത്തിൽ, ജുഡീഷ്യറിയുടെ തീരുമാനത്തെ എക്സിക്യൂട്ടീവിന് തടയാൻ സാധിക്കും.

വിമർശനങ്ങൾ ഉയർന്നിരുനെങ്കിലും, മോദി സർക്കാരിന് എൻ ജെ എ സി ആക്ട് പാസ്സാക്കിയെടുക്കാൻ സാധിച്ചിരുന്നു. സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും 16 സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിച്ച ആക്റ്റ്, 2015 ഏപ്രിൽ 13ന് നിയമായി മാറിയിരുന്നു. നേരത്തെ അടൽ ബിഹാരി വാജ്‌പേയിയും രണ്ടാം യു പി എ സർക്കാരുകളും ശ്രമിച്ചിട്ട് നടക്കാതെ പോയ കാര്യമായിരുന്നു മോദി നടത്തിയെടുത്തത്. എന്നാൽ സുപ്രീംകോടതി ഇടപെടലിൽ നിയമം റദ്ദാക്കപ്പെടുകയായിരുന്നു. അന്നുമുതൽ ഇന്നുവരെ അതേച്ചൊല്ലിയുള്ള കേന്ദ്രസർക്കാർ- ജുഡീഷ്യറി പോരും പല സമയങ്ങളിൽ ഉയർന്നു വന്നിരുന്നു.

ഇടക്കാലത്തു കൊളീജിയം ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിന് പിന്നിൽ എൻ ജെ എ സി റദ്ദാക്കിയതാണെന്ന് വരെ സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. സർക്കാർ അവരുടെ പരിധി വിടുന്നുവെന്ന മുന്നറിയിപ്പ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതും രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മുൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ എന്നിവർ എല്ലാകാലത്തും എൻ ജെ എ സിക്ക് വേണ്ടി നിരന്തരം വാദിച്ചിരുന്നവരാണ്. അങ്ങനെയിരിക്കെയാണ് യശ്വന്ത് വർമയ്‌ക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എൻ ജെ എ സി ക്കായുള്ള പുതിയ ശ്രമംങ്ങൾ ഒരു ഭാഗത്തുകൂടി നടക്കുന്നത്.

നിലവിലെ കൊളീജിയം സംവിധാനത്തിന് നിരവധി പോരായ്മകൾ ഉണ്ടെന്നത് ഉന്നത നിയമജ്ഞർ വരെ അംഗീകരിക്കുന്ന കാര്യമാണ്. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ആർ. ബി. മിശ്ര, ജസ്റ്റിസ് കെ ടി തോമസ്, മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആർ. സി. ലഹോട്ടി, ഉൾപ്പെടെയുള്ളവർ കൊളീജിയം സംവിധാനത്തെ അതാര്യതയുടെ പേരിൽ വിമർശിച്ചിവരായിരുന്നു. നിയമന പ്രക്രിയയുടെ കാര്യത്തിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നായിരുന്നു എൻ ജെ എ സിയെ റദ്ദ് ചെയ്യുന്ന ഉത്തരവിലെ ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജന വിധി. "ഇടയ്ക്കിടെയുള്ള ചോർച്ചകൾ മാറ്റിനിർത്തിയാൽ കൊളീജിയത്തിന്റെ നടപടികൾ തികച്ചും അതാര്യവും പൊതുജനങ്ങൾക്കും ചരിത്ര രേഖകൾക്കും അപ്രാപ്യമായിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകാൻ ഭാഗ്യമില്ലാത്ത ഈ കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ ഏതൊരു വ്യക്തിയുടെയും പരിധിക്കപ്പുറമാണ് രേഖകൾ" അദ്ദേഹം കുറിച്ചു.

എന്നാൽ കൊളീജിയം സംവിധാനത്തിന്റെ പോരായ്മകൾ നികത്താൻ എൻ ജെ എ സി പര്യാപ്തമാണോ എന്നത് ചോദ്യമായി നിലനിൽക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന ഓരോ സംവിധാനങ്ങളെയും കളിപ്പാവകളാക്കി മാറ്റുന്ന കേന്ദ്രസർക്കാരിന്റെ ജുഡീഷ്യറിയെ നന്നാക്കാനുള്ള നീക്കം അത്ര നിഷ്ക്കളങ്കമായി കാണാൻ സാധിക്കില്ല. പ്രത്യേകിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം സംബന്ധിച്ച് പുറപ്പെടുവിച്ച വിധിയെ കേന്ദ്ര സർക്കാർ എത്തരത്തിലാണ് അട്ടിമറിച്ചതെന്ന സമീപകാല ഉദാഹരണം മുന്നിലുള്ളപ്പോൾ

പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കണന്നായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ അതിനുപകരം പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ഒപ്പം പ്രധാനമന്ത്രിക്ക് താത്പര്യമുള്ള മറ്റൊരു കേന്ദ്രമന്ത്രി എന്ന നിലയിലേക്കാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ സമിതിയുടെ ഘടന പൊളിച്ചെഴുതിയത്. അതോടെ, മൊത്തം സംവിധാനത്തിന്റെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ, ധൻകറിന്റെ ഉൾപ്പെടെയുള്ള 'എൻ ജെ എ സി ഉണ്ടായിരുന്നെങ്കിൽ' എന്ന സ്വപ്നത്തെ സംശയത്തിന്റെ നിഴലിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു.

2025 ലെ ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ തൃണമൂൽ കോൺഗ്രസ് എം.പി ​മവു​വ മൊയ്ത്ര ഈ വിഷയത്തിൽ ചില പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. യശ്വന്ത് വർമ്മ കേസിന്റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ നിയമനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ധൻഖർ നടത്തുന്നതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഗോദി മീഡിയ അടങ്ങുന്ന ഹിന്ദുത്വ സംവിധാനങ്ങൾ അതിനായുള്ള പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്ന സൂചനയും മൗവ്വ നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയ പോലെ ജുഡിഷ്യറിയെയും പിടിച്ചെടുക്കാനാണ് അവരുടെ ശ്രമെന്നും മൗവ പറയുന്നു. നിലവിൽ എൻജെഎസിക്ക് പിന്തുണ അറിയിച്ചിരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഉൾപ്പടെയുള്ള മുന്നറിയിപ്പാണ് തൃണമൂൽ എംപിയുടെ ഈ വാക്കുകൾ

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - മുഹമ്മദ് റിസ്‍വാൻ

Web Journalist at MediaOne

Similar News