ആയിഷ: ത്വലഅല്‍ ബദ്‌റു അലയ്‌ന...
നിലമ്പൂര്‍ ആയിഷ എന്ന ലെജന്റിന് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരവ് കൂടിയാണ് ആയിഷ എന്ന മനോഹര ചലച്ചിത്രം.
സ്‌നേഹരാജ്യത്തിന്റെ ഫ്രെയിമുകളെ മനോഹരമായി അടുക്കി വെച്ച, ഭാഷാവ്യാപാരങ്ങളെ ഉടച്ചുവാര്‍ത്ത അനുഭവവുമായാണ് ആമിര്‍ പള്ളിക്കലിന്റെ 'ആയിഷ' എന്ന സിനിമ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ പതിവു ശൈലികളെ, ഫ്രെയിമുകളെ അങ്ങേയറ്റം മാറ്റി മറിച്ച്-ഇറാനിയന്‍/തുര്‍ക്കി സിനിമകളുടെ അടരുകള്‍ മലയാള ഫ്രെയിമുകളിലേക്ക് മനോഹരമായി ഒട്ടിച്ചേര്‍ത്ത് ലാളിക്കപ്പെട്ടിട്ടുള്ള ഒരു ക്ലാസ്സിക് സിനിമ. ദീര്‍ഘകാല പ്രവാസ ചരിത്രമുള്ള മലയാളി ചലച്ചിത്രകാരന്‍മാര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട സിനിമ എന്നും വേണമെങ്കില്‍ പറയാം.
മാമ്മയായി വന്ന മോണ എസ്സ എന്ന നടി ഗംഭീര അഭിനയ പാടവത്താല്‍ മഞ്ജുവാര്യര്‍ക്കൊപ്പമോ അവര്‍ക്കു മുന്നിലോ ആയി മനസ്സില്‍ ഇടം പിടിക്കുന്നു. അത്ര ഗംഭീര പെര്‍ഫോര്‍മെന്‍സ്. ജൈവികമായി അഭിനയ കലയെ തൊട്ട ഒരാളാണ് അവരെന്ന് തോന്നുന്നു. അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഈ സിനിമയെ എത്തിച്ചതില്‍ മോണ എസ്സക്കുള്ള പങ്ക് അത്രമാത്രം വലുതാണ്.
പരിചിതരും അപരിചിതരുമായ എത്രയെത്ര മനുഷ്യര്‍ കലഹിച്ചും ഇഴുകിച്ചേര്‍ന്നും ഉദ്വേഗപ്പെട്ടുമാണ് ഓരോ മനുഷ്യ ജീവിതവും പൂര്‍ണ്ണമാക്കുക. ഇവിടെ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ എണ്‍പതുകളുടെ അവസാനമുള്ള ഒരേടാണ് ഈ സിനിമയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ മലക്കംമറിച്ചിലിനിടയില്‍ ഒരു രാജകുടുംബത്തില്‍ ഖദ്ദാമയായി എത്തിപ്പെടുന്ന ആയിഷ ആ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായ മാമ്മയുമായി ഉടലെടുക്കുന്ന അപ്രതീക്ഷിതവും എന്നാല്‍, അതീവ ഊഷ്മളവുമായ ബന്ധത്തിന്റെ കരുത്തും കനവുമാണ് ഈ സിനിമയുടെ കാതല്‍. മാമ്മയായി വന്ന മോണ എസ്സ എന്ന നടി ഗംഭീര അഭിനയ പാടവത്താല്‍ മഞ്ജുവാര്യര്‍ക്കൊപ്പമോ അവര്‍ക്കു മുന്നിലോ ആയി മനസ്സില്‍ ഇടം പിടിക്കുന്നു. അത്ര ഗംഭീര പെര്‍ഫോര്‍മെന്‍സ്. ജൈവികമായി അഭിനയ കലയെ തൊട്ട ഒരാളാണ് അവരെന്ന് തോന്നുന്നു. അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഈ സിനിമയെ എത്തിച്ചതില്‍ മോണ എസ്സക്കുള്ള പങ്ക് അത്രമാത്രം വലുതാണ്.
ഏഷ്യയിലെ തന്നെ ആദ്യ മുസ്‌ലിം നടിയായി നാടക/സിനിമ അന്തരീക്ഷത്തിലൂടെ അന്‍പതുകള്‍ മുതല്‍ നടന്ന ഒരു സ്ത്രീ എന്തെല്ലാം ഉരസലുകളിലൂടെ, ജീവന്‍മരണ പോരാട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്ന് നമുക്കൊക്കെ ഊഹിക്കാവുന്നതിനും അപ്പുറമാണ്. കരുത്തയായ ആയിഷ, ഖദ്ദാമയായി എത്തുമ്പോഴും മറ്റു ഖദ്ദാമകളില്‍ നിന്ന് അവര്‍ വേറിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ്. പക്ഷേ, എല്ലാത്തിനുമപ്പുറം ഒഴുകിപ്പരക്കുന്ന ജീവിതത്തിന്റെ സ്‌നേഹപ്പച്ചയാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ ഏവരുടെയും മനസ്സ് നിറക്കുക. മഞ്ജുവാര്യരുടെ തിരിച്ചുവരവിലെ ഏറ്റവും മികച്ച കഥാപാത്രം. class feeling, class treatment. തിയേറ്ററുകളില്‍ തന്നെ പോയി കണ്ട് അനുഭവിക്കേണ്ട ഒന്ന്.
സിനിമയില്‍ ആയിഷ ഒരിടത്ത് പറയുന്നുണ്ട്, 'ഞാന്‍ ജീവിച്ച ജീവിതത്തിന്റെ അടിമയല്ല, ജീവിക്കാനിരിക്കുന്ന ജീവിതത്തിന്റെ ഉടമയുമല്ല. ഇങ്ങനെ ഒഴുകിപ്പോകുന്നെന്നേയുള്ളൂ' എന്ന്. ആത്മാവിന് കരുത്തുള്ളവര്‍ക്ക് മാത്രം പറയാന്‍ കഴിയാവുന്ന ഒന്ന്. എന്തായാലും, നിലമ്പൂര്‍ ആയിഷ എന്ന ലെജന്റിന് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരവ് കൂടിയാകട്ടെ ഈ മനോഹര ചലച്ചിത്രം.