കേന്ദ്രം ബി.ബി.സിയെയും വേട്ടയാടുമ്പോള്‍

'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത് എന്ന് വ്യക്തമാണ്. കാരണം, ഏറെ കാലമായി ബി.ബി.സിയുടെ ഓഫീസുകള്‍ ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്നു. അപ്പോഴൊന്നും ഈ റെയ്ഡ് നടത്താനോ സാമ്പത്തിക ക്രമക്കേടുണ്ടോ എന്ന് പരിശോധിക്കാനോ കേന്ദ്രം തയ്യാറായില്ല.

Update: 2023-04-18 10:46 GMT

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തുറന്നു കാണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന രീതി സ്വാഭാവികമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗം തന്നെയാണ് ഇന്ന് ബി.ബി.സി നേരിട്ടുകൊണ്ടിരിക്കുന്ന നടപടികള്‍. ബി.ബി.സിയെ വിടാന്‍ കേന്ദ്രം ഒരുക്കമല്ല. മോദിക്കെതിരായ ഡോക്യൂമെന്ററിയുടെ പേരിലുള്ള നടപടികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഫെമ (Foreign Exchange Management Act) നിയമപ്രകാരം ബി.ബി.സിക്കെതിരെ ഇ.ഡി കേസെടുത്തിരിക്കുകയാണ്. നികുതി വെട്ടിപ്പും വിദേശ നാണയ ചട്ടം ലംഘിച്ചതിനുമാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

എന്താണ് ബി.ബി.സിക്കെതിരായ കേസ്

വിദേശ ഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. ബി.ബി.സി ഒരു വിദേശ സ്ഥാപനമാണെന്നും അതിന്റെ ഇന്ത്യയുടെ ഓഫീസിലേക്ക് പണം വരുന്നതില്‍ ക്രമക്കേടുണ്ടായി എന്നുമാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. വിദേശ നാണയ വിനിമയ ചട്ട പ്രകാരമാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്‍ റെയ്ഡ് നടന്നത്. മണിക്കൂറുകളോളം സമയമെടുത്ത് നടത്തിയ റെയ്ഡില്‍ 2012 മുതലുള്ള സാമ്പത്തിക രേഖകള്‍ പരിശോധിച്ചു. ആ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി.ബി.സിയെ ലക്ഷ്യംവെക്കുന്നത്

ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിയരുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ വെളിപ്പെടുത്തുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 18നാണ് ഈ ഡോക്യുമെന്ററി ഓണ്‍ എയറില്‍ വരുന്നത്. തുടര്‍ന്ന് ജനുവരി 21ന് ഡോക്യുമെന്ററി തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഈ ഡോക്യൂമെന്ററിക്ക് വിലക്ക് വരുകയും ചെയ്തു. 'ഇന്ത്യ: ദി മോദി ക്വസ്റ്റന്‍' എന്ന ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത് എന്ന് വ്യക്തമാണ്. കാരണം, ഏറെ കാലമായി ബി.ബി.സിയുടെ ഓഫീസുകള്‍ ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്നു. അപ്പോഴൊന്നും ഈ റെയ്ഡ് നടത്താനോ സാമ്പത്തിക ക്രമക്കേടുണ്ടോ എന്ന് പരിശോധിക്കാനോ കേന്ദ്രം തയ്യാറായില്ല. എന്നാല്‍, ഈ ഡോക്യൂമെന്ററി വന്നതിനു ശേഷം മാത്രമാണ് ഇത്തരത്തില്‍ ഒരു പരിശോധന ഉണ്ടാവുന്നത്. ഇപ്പോള്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നു.


ബി.ബി.സിക്കെതിരെയുള്ള ഈ കേസിന്റെ രാഷ്ട്രീയ മാനങ്ങളും മറ്റും വിശദമായി പഠിച്ച മാധ്യമ പ്രവര്‍ത്തകനും ദോശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫുമായ സാജന്‍ എവുജിന്‍ പറയുന്നത് ഇങ്ങനെയാണ്: നികുതി വെട്ടിപ്പൊ അല്ലങ്കില്‍ പണത്തിന്റെ ദുര്‍വിനിയോഗമോ ഇങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ അതിന് നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല. അതിനുള്ള വ്യവസ്ഥകളും നിയമ സംവിധാനങ്ങളും ഇന്ത്യയിലുണ്ട്. പക്ഷെ, ഇപ്പോള്‍ ബി.ബി.സിക്കെതിരായ നീക്കം മാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പൊതുവെ പുലര്‍ത്തുന്ന സമീപനത്തിന്റെ ഭാഗമാണ് എന്ന് സംശയിച്ചാല്‍ വളരെ ആഴത്തില്‍ അതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിയും. കാരണം, ഇത്തരം നടപടികള്‍ ഇത് ആദ്യമായല്ല. മോദി സര്‍ക്കാര്‍ വന്നതുമുതല്‍ മാധ്യമങ്ങള്‍ക്കെതിരെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികളെ തുറന്നു കാണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സമാനമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കര്‍ കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു. അതിലെ അപാകതകള്‍ തുറന്നു കാട്ടി.


തുടര്‍ന്ന് ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ പെട്ടെന്ന് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. അതുപോലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുവന്ന ന്യൂസ് ക്ലിക്ക് എന്ന ഡല്‍ഹി കേന്ദ്രമായ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസുകളില്‍ ദീര്‍ഘ സമയം ഇ.ഡിയുടെ റെയ്ഡുണ്ടായി. അത്‌പോലെ തന്നെയാണ് എന്‍.ഡി.ടി.വിയിലും സംഭവിച്ചത്. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ വിമര്‍ശനം നടത്തിയ എന്‍.ഡി.ടി.വിയുടെ ഉടമകളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡുണ്ടായി. ദി ക്വിന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ നീങ്ങി. ഇതേപോലെ സമാനമായ അനുഭവങ്ങള്‍ ധാരാളമുണ്ട്.


എന്‍.ഡി.ടി.വിയുടെ ഉടമകളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന സി.ബി.ഐ സംഘം


ന്യൂസ് ക്ലിക്ക് ഓഫീസില്‍ ഇ.ഡി റെയ്ഡ് നടത്തുന്നു

ഇന്ത്യയിലെ മാധ്യമങ്ങള്‍ പൊതുവെ ബി.ജെ.പിയെ പിന്തുണക്കുന്നവരാണ് എന്നുള്ള അഭിപ്രായം രാജ്യത്ത് വളരെ ശക്തമായി തന്നെയുണ്ട്. പക്ഷെ, വളരെ ചുരുക്കം മാധ്യമങ്ങള്‍ മാത്രമാണ് കേന്ദ്രത്തെ വിമര്‍ശിക്കുന്നത്. ഈ മാധ്യമങ്ങള്‍ക്കെതിരെയാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. ഇ.ഡി എന്ന ഏജന്‍സി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ ശിക്ഷ നിരക്ക് വളരെ കുറവാണ്. ഒരു ശതമാനം പോലും ശിക്ഷാ നിരക്ക് ഇതുവരെയും രേഖപ്പെടുത്താത്ത ഏജന്‍സിയാണ് ഇ.ഡി. രാഷ്ട്രീയമായി ദുരുപയോഗിക്കാന്‍ വളരെ എളുപ്പമുള്ള ഏജന്‍സിയാണ് ഇ.ഡി. ഇ.ഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കോടതിയിലെത്തുമ്പോള്‍ നടപടികള്‍ നീണ്ടുപോകുന്നു. ആര്‍ക്കെങ്കിലുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത ആ കേസുകളില്‍ പ്രതിയാക്കപ്പെടുന്നവര്‍ക്കാണ്.

വളരെയേറെ കര്‍ശനമായ വ്യവസ്ഥകളും, അതേസമയം സംശയത്തിന്റെ പേരിലോ ഏതെങ്കിലും മൊഴിയുടെ പേരിലോ ആരെയെങ്കിലും കുടുക്കാന്‍ കഴിയുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഐ.ടി ചട്ടങ്ങളിലുണ്ടായ ഭേദഗതി കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെയും രാഷ്ട്രീയമായ വിയോജിപ്പുകളെയും എതിര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതു പോലെ ബി.ബി.സി ഡോക്യുമെന്ററി വന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിക്കുകയും ഇപ്പോള്‍ ഇ.ഡി കേസെടുക്കുകയും ചെയ്തിരിക്കുന്നത്. സാജന്‍ എവുജിന്‍ കൂട്ടിച്ചേര്‍ത്തു.


തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത, തങ്ങള്‍ക്ക് എതിരായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ അന്വേഷണ ഏജന്‍സികളെയും മറ്റു ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്നത്. അതേസമയം, ഭയപ്പെടുത്തി കൂടെ നിര്‍ത്തുക എന്ന കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രം ചില മാധ്യമ സ്ഥാപനങ്ങളുടെ കാര്യത്തില്‍ വിജയം കണ്ടതായും കാണാന്‍ കഴിയും.

2017 ല്‍ നടന്ന സി.ബി.ഐ റൈഡിനു ശേഷം 2022 ല്‍ എന്‍.ഡി.ടി.വി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് ഇതിനൊരു ഉദാഹരണമാണ്. മറ്റൊന്നാണ് ദി ക്വിന്റ്. 2018 ല്‍ ക്വിന്റ് എഡിറ്റര്‍ രാഘവ് ബഹ്‌ലിന്റെയും സി.ഇ.ഒ ആയ റിതു കപൂറിന്റെയും വസതികളിലും മറ്റുള്ള ഓഫീസുകളിലും ആദായ നികുതി വകുപ്പ് റൈഡ് നടക്കുന്നു. പിന്നീട് ക്വിന്റ് ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരിയും അദാനി ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ക്വിന്റ് പൂര്‍ണമായും അദാനിയുടെ കൈകളില്‍ എത്തിയത്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News