ബ്രഹ്മപുരവും കോസ്റ്റ ബ്രാവ ലെബനോണും തമ്മിലെന്ത്?
നഗരവല്‍കരണവും മാലിന്യ പ്രശ്‌നങ്ങളും മനുഷ്യരെ എത്രത്തോളം നിസ്സഹായരാക്കുന്നു എന്ന് സൂക്ഷ്മമായും സരളമായും ആവിഷ്‌കരിക്കുന്ന മനോഹരമായ ഒരു സിനിമയാണ് കോസ്റ്റ ബ്രാവ ലെബനോണ്‍.
വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ജനകീയ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുമ്പോള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന ചില അധികാര പ്രമത്തതകളുണ്ട്. ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ നിരാകരിക്കുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ ഇരകളാകുന്നത് ഒന്നോ രണ്ടോ മനുഷ്യര്‍ മാത്രമല്ല. ഒരു തലമുറ ഒട്ടാകെയാണ്. ആ പരിസ്ഥിതിയെ ആശ്രയിക്കുന്ന മൃഗങ്ങളും പക്ഷികളും അടക്കമുള്ള സൂക്ഷ്മജീവജാലങ്ങള്‍ കൂടിയുണ്ട്.
വര്‍ധിച്ചു വരുന്ന നഗരവല്‍ക്കരണത്തിന്റെ ബാക്കി പത്രമാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരങ്ങളും. കേരളത്തിന്റെ നിലവിലെ ഭൂപ്രകൃതിക്കനുസരിച്ച് കേന്ദ്രീകൃത മാലിന്യ സംസ്‌കരണം പ്രായോഗികമല്ലെന്ന് വിളപ്പില്‍ ശാലയും ലാലൂരും കുരീപ്പുഴയും ബ്രഹ്മപുരവുമെല്ലാം തെളിയിച്ചു കഴിഞ്ഞു. കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്. ജൈവ-അജൈവ മാലിന്യങ്ങള്‍ ഒരിടത്ത് സംഭരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയേ ഉള്ളു.
110 ഏക്കറില്‍ പരന്നുകിടക്കുന്ന, ജൈവ-അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ 2007- ല്‍ സ്ഥാപിച്ചതാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്. എറണാകുളം ജില്ലയുടെ ഏകദേശം മധ്യഭാഗത്തായിട്ടു വരും ബ്രഹ്മപുരത്തിന്റെ സ്ഥാനം. ആലുവയിലെ ഏലൂര്‍ വ്യവസായ- മാലിന്യമേഖലയുടെ ഒരു അനക്‌സ് ആയി വേണം കളമശ്ശേരിയും കാക്കനാടും പിന്നിടുമ്പോഴുള്ള ബ്രഹ്മപുരത്തെ കാണേണ്ടത്. ബി.പി.സി.എല്‍-കൊച്ചി റിഫൈനറിയുടെ പ്ലാന്റ് അതിര് തിരിക്കുന്ന കടമ്പ്രയാറിന്റെ മറ്റൊരരികിലായിട്ടാണ് ഈ വിശാലമായ മാലിന്യക്കൂമ്പാരം.
കൊച്ചി കോര്‍പറേഷന്റെ മാലിന്യങ്ങളാണ് ഇവിടേക്കെത്തുന്നത്. തൊട്ടടുത്തുള്ള കളമശ്ശേരി നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് ദേശീയ പാതയരികില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഏലൂര്‍ നിവാസികള്‍ക്ക് വീട്ടാവശ്യങ്ങള്‍ക്കായി വെള്ളം പമ്പു ചെയ്‌തെടുക്കുന്ന മുട്ടാര്‍ പുഴയിലേക്കുള്ള ഒരു വലിയ തോടായ തൂമ്പുങ്കല്‍ തോടിന് 'പോഷക സമൃദ്ധി' നല്‍കിക്കൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ബ്രഹ്മപുരത്തിന്റെയും കടമ്പ്രയാറിന്റെയും പഴയ ചിത്രവും പുതിയ ചിത്രവും വല്ലാത്ത ചില വ്യാകുലതകളിലേക്ക് നമ്മെ ആഴ്ത്തിക്കളയും. വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗ യോഗ്യമല്ലാതായിരിക്കുന്നു. തൊട്ടാല്‍ നാറുന്ന അവസ്ഥയിലേക്കു മാറിയിരിക്കുന്നു ഈ നീര്‍ത്തടങ്ങളൊക്കെ. നഗരവല്‍കരണവും മാലിന്യ പ്രശ്‌നങ്ങളും മനുഷ്യരെ എത്രത്തോളം നിസ്സഹായരാക്കുന്നു എന്ന് സൂക്ഷ്മമായും സരളമായും ആവിഷ്‌കരിക്കുന്ന മനോഹരമായ ഒരു സിനിമയുണ്ട്. 2021-ല്‍ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച കോസ്റ്റ ബ്രാവ ലെബനോണ്‍.
കോസ്റ്റ ബ്രാവ ലെബനോണ്‍
ശുദ്ധവായുവും ശുദ്ധജലവുമില്ലാതായതോടെ ലെബനോമിന്റെ ന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നിന്ന് ഒരു ഉള്‍നാടന്‍ താഴ്‌വരയിലെ ഫാം ഹൗസിലേക്ക് ജീവിതം പറിച്ചുനട്ടവരായിരുന്നു ബദ്രി കുടുംബം. ശാന്തമായ ആ താഴ്‌വരയില്‍ നിറയെ ആപ്പിള്‍ മരങ്ങളും ബദാം മരങ്ങളുമുണ്ടായിരുന്നു. പഴങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കുകയും പക്ഷികളെ വളര്‍ത്തുകയും കുട്ടികളെ സ്വാശ്രയത്വം ശീലിപ്പിച്ച് സാമ്പ്രദായിക സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യിക്കാതെ ജീവിത പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന സ്വപ്നതുല്യമായ ഒരു ഗാര്‍ഹികാന്തരീക്ഷമായിരുന്നു ബദ്രി കുടുംബത്തിന്റേത്. എന്നാല്‍, എല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു.
പരിസ്ഥിതി പ്രശ്‌നങ്ങളെ പലതരത്തില്‍ സമീപിക്കുന്ന ചലച്ചിത്രങ്ങളുണ്ട്. അവയില്‍ പലതും വനഭൂമി കയ്യേറുന്നവരെക്കുറിച്ച് ആകാം, പുഴകളും കായലോരങ്ങളും കയ്യേറുകയും മണല്‍വാരിയെടുത്ത് അവ നശിപ്പിക്കുകയും അതല്ലെങ്കില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചാകാം. മാലിന്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മിക്കവാറും സിനിമകളില്‍ മുദ്രാവാക്യവിളികളോടെ ആളുകള്‍ ഈ പ്രശ്‌നത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നതാണ് കാണാന്‍ കഴിയുക. ഇതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായി ഒരു കുടുംബത്തിലെ തന്നെ പലരിലും ഒരു പ്രശ്‌നം എപ്രകാരം പ്രതിഫലിക്കുന്നു എന്നതിലൂടെ നവ മുതലാളിത്ത വ്യവസ്ഥിതിയില്‍ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും കൃത്യമായ ഉള്‍ക്കാഴ്ചകളോടെ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ചില പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് 'കോസ്റ്റ ബ്രാവ ലെബനോണ്‍ എന്ന ലെബനോണ്‍ സിനിമ ചെയ്തിരിക്കുന്നത്.
വാലിദ് എന്ന ഇടത്തരം സമ്പന്നനായ ഒരു മനുഷ്യനും അയാളുടെ ഭാര്യ സുരയ്യ മര്‍വാനും (അവര്‍ പണ്ട് പോപ്പ് സിംഗര്‍ ആയിരുന്നു) അയാളുടെ രണ്ടു പെണ്‍മക്കളും, ശ്വസിക്കാന്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമുള്ള പ്രായമായ അമ്മ സൈനയും താമസിക്കുന്ന ഒരു ഫാം ഹൗസിലാണ് കഥ നടക്കുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തില്‍ തങ്ങളുടേതായ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് അവര്‍ ജീവിക്കുന്നു. രാവിലെ എഴുന്നേല്‍ക്കുകയും സൂപ്പ് ഉണ്ടാക്കി കഴിക്കുകയും മുറ്റത്തെ ചെറിയ നീന്തല്‍ കുളത്തില്‍ ആവശ്യാനുസരണം നീന്തിക്കുളിക്കുകയും ചെയ്യുന്ന കുടുംബം. പാട്ടുകേട്ടും നൃത്തംചെയ്തും വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്നു അവര്‍.
പെട്ടെന്നൊരു ദിവസം ആണ് വീടിനു മുന്‍പില്‍ ഉള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതായി അവര്‍ അറിയുന്നത്. വാലിദിന്റെ സഹോദരിയുടെ ഭൂമിയായിരുന്നു അത്. അവളിപ്പോള്‍ കൊളംബിയയില്‍ ആണ്. ഈ ഭൂമിയില്‍ ആണ് നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ സംസ്‌കരിക്കാനായി പുതിയ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. ഈ കാര്യങ്ങളെല്ലാം വളരെ ആവേശത്തോടെയാണ് മന്ത്രി ടി.വിയിലൂടെ പ്രസ്താവിക്കുന്നതു തന്നെ. രാജ്യത്തെ ഏറ്റവും വലിയ സംസ്‌കരണ ഫാക്ടറിയാണ് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം അഭിമാനം കൊള്ളുന്നു.
തുടര്‍ന്നുള്ള ദിവസങ്ങള്‍ അവര്‍ക്ക് വളരെ ക്ലേശമേറിയതായിരുന്നു. ആ വിശാലമായ ഭൂപ്രദേശത്ത് ഒരു വലിയ ഗര്‍ത്തം ഉണ്ടാക്കുകയാണ് അധികൃതര്‍ ആദ്യം ചെയ്തത്. അതിനായി ഡൈനാമിറ്റ് ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുന്നു. അവിടെ നിന്നും തെറിച്ചു വീണ കല്ലുകളും മണ്ണും ഇവരുടെ നീന്തല്‍ക്കുളത്തിലാണ് വന്നു വീണത്. വളരെ വൃത്തിയോടെ പരിപാലിച്ചു പോന്നിരുന്ന നീന്തല്‍ക്കുളം ആകെ താറുമാറായി.
പിന്നീട് അവിടെ ഒരു ഒരു ഷീറ്റ് മേഞ്ഞ കെട്ടിടം പണിയുകയും ധാരാളം ലോറികളില്‍ നഗരത്തിലെ അവശിഷ്ടങ്ങള്‍ അവിടെ കൊണ്ടുവന്ന് തള്ളുകയും ചെയ്യുന്നു. ദുര്‍ഗന്ധവും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് വീട്ടില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി വാലിദിനും കുടുംബത്തിനും. വാലിദിന്റെ കൗമാരക്കാരിയായ മകള്‍ താല ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ പുതിയ മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്ന ചെറുപ്പക്കാരനില്‍ അനുരാഗക്തയായിരുന്നു. വാലിദിന്റെ അമ്മയാകട്ടെ അവിടെയുള്ള ഒരു ജോലിക്കാരന്റെ കയ്യില്‍നിന്നും എന്നും സിഗരറ്റ് മേടിക്കാനുള്ള പുറപ്പാടും. അവര്‍ സാമാന്യം നല്ല സ്‌മോക്കര്‍ ആണ്. വാലിദിന്റെ ഭാര്യ അവിടെ വന്നു താമസിച്ചതിന് എന്നും ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നു. ഇളയമകള്‍ റീം ആണ് സംഘര്‍ഷഭരിതമായ പല സന്ദര്‍ഭങ്ങളിലും തന്റെ സംഭാഷണം കൊണ്ട് സന്ദര്‍ഭത്തിന് ഒരു അയവു വരുത്തുന്നത്. വളരെ നിഷ്‌കളങ്കമായി അവള്‍ പറയുന്ന പല കാര്യങ്ങളും പലപ്പോഴായി ഓരോ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായി മാറുന്നുവെന്ന് നമുക്ക് തോന്നിപ്പോകും.
ഓരോ ദിവസവും അവിടെ കൊണ്ടു വന്നിടുന്ന മാലിന്യങ്ങള്‍ ഓരോ കൂമ്പാരമായി മാറുകയും മാലിന്യങ്ങളുടെ ഒരു മല തന്നെ പതുക്കെ രൂപപ്പെടുകയും ചെയ്യുന്നു. എന്തുചെയ്യണമെന്നറിയാതെ ആ കുടുംബം വിഷമിക്കുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ പ്ലാന്റില്‍ രാത്രി ആകുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവിടെയിട്ട് കത്തിക്കുന്നതും അവര്‍ കാണുന്നു. കരിമ്പുകയും തീയും കൊണ്ട് ആവൃതമായ ആ സ്ഥലത്തിനടുത്ത് താമസിക്കുന്നതിനാല്‍ സമാധാനത്തോടെ കുറച്ച് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ എന്തിന് ഒന്ന് ശ്വസിക്കാന്‍ പോലും കഴിയാതെ അവര്‍ വിഷമിക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ മാസ്‌ക് ധരിച്ചാണ് അവരെല്ലാവരും പുറത്തിറങ്ങുന്നത്.
വാലിദ് അവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റി നിരന്തരമായി അധികൃതര്‍ക്ക് പരാതി അയക്കുന്നുണ്ട്. മാത്രമല്ല, ഇപ്രകാരം അശാസ്ത്രീയമായി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. എന്ത് പ്രശ്‌നങ്ങള്‍ക്കും 44 വരെ എണ്ണി കഴിഞ്ഞാല്‍ പരിഹാരമാകുമെന്ന് വിശ്വസിക്കുന്ന ഏഴ് വയസ്സുകാരിയായ റീം ഇടയ്ക്കിടെ പ്രശ്‌നപരിഹാരത്തിനായി എണ്ണുന്നത് വളരെ സങ്കടത്തോടു കൂടി മാത്രമേ നമുക്ക് കാണാന്‍ കഴിയൂ. വീട്ടില്‍ നിരന്തരം വഴക്ക് ഉണ്ടാകുന്നു. വളരെ ഊര്‍ജസ്വലമായി
ഓക്‌സിജന്‍ സിലിണ്ടര്‍ കയ്യില്‍ പിടിച്ചുകൊണ്ട് വീടിനു ചുറ്റും കറങ്ങിനടന്നിരുന്ന വാലിദിന്റഎ അമ്മ പെട്ടെന്ന് കിടപ്പിലാകുന്നു. തനിക്ക് മരിക്കാന്‍ സമയമായി എന്ന് അവര്‍ റീമിനോട് പറയുമ്പോള്‍ അതുവരെ എണ്ണിക്കൊണ്ടിരുന്ന റീം 43 ആകുമ്പോള്‍ എണ്ണല്‍ നിര്‍ത്തുന്നുണ്ട്. അതിനെപ്പറ്റി അവള്‍ പറയുന്നത് അമ്മൂമ്മയ്ക്ക് മരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ എണ്ണല്‍ നിര്‍ത്തിയത് എന്നാണ്. വാലിദിന്റെ സഹോദരി അമ്മൂമ്മയുടെ അന്ത്യവാചകം എന്താണെന്ന് റീമിനോട് അന്വേഷിക്കുന്നുണ്ട്. 'ജീവിതം അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. ലഘുവായി കാര്യങ്ങളെ കാണൂ' എന്നാണ് അമ്മുമ്മ പറഞ്ഞത് എന്ന് റീം പറയുന്നത് നമ്മളെ ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യും.
വാലിദിന്റെ 17 കാരിയായ മകള്‍ താല രാത്രിയില്‍ മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ യുവാവായ എന്‍ജിനീയറെ കാണാന്‍ ഒറ്റയ്ക്ക് പോകുന്നുണ്ട്. എന്താണ് പഠിച്ചത് എന്ന അവളുടെ ചോദ്യത്തിന് Environmental engineering ആണ് വിഷയം എന്ന് അയാള്‍ മറുപടി പറയുന്നു. പാരിസ്ഥിതിക ശാസ്ത്രം പഠിച്ച ഒരു വ്യക്തി വളരെ അശാസ്ത്രീയമായി ഇത്തരം ഒരു മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ജോലി ചെയ്യുന്നത് തികഞ്ഞ വൈരുധ്യമായി നമുക്ക് അനുഭവപ്പെടുന്നു.
മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ധാരാളം പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, ഒന്നും ഫലം കാണുന്നില്ല. അവരുടെ ടാപ്പുകളില്‍ മലിന ജലം വരാന്‍ തുടങ്ങിയതോടു കൂടി സുരയ്യ വല്ലാതെ രോഷാകുലയായി. അവിടെനിന്ന് ബെയ്‌റൂത്തിലെ പഴയ വീട്ടിലേക്ക് താമസം മാറ്റണം എന്ന് അവള്‍ ശഠിക്കുന്നു. മാത്രമല്ല, വാലിദുമായി ഉണ്ടായ ചില വാക്കുതര്‍ക്കങ്ങള്‍ മൂലം വീട്ടിലെ വീട്ടുപകരണങ്ങള്‍ എല്ലാം അവര്‍ രണ്ടുപേരും കൂടി തല്ലിപ്പൊട്ടിക്കുന്നു. നഗരത്തില്‍ നിന്നും മാറി ഇതുപോലൊരു സ്ഥലത്ത് താമസിച്ചത് വഴി തന്റെ ജീവിതവും തന്റെ കരിയറും നശിച്ചുപോയി എന്ന് ആ സ്ത്രീ വിലപിക്കുന്നു. ബെയ്‌റൂത്തിലേക്ക് തിരിച്ചു പോവുകയാണ് എന്ന് അവര്‍ തീര്‍ത്തുപറയുന്നു. പിറ്റേദിവസം താലയേയും കൂട്ടി അവര്‍ ബെയ്‌റൂത്തിലേക്ക് പോകുന്നു. വാലിദും റീമും അവരോടൊപ്പം പോകാന്‍ കൂട്ടാക്കുന്നില്ല. പക്ഷേ, വാലിദിന്റെ തീരുമാനം അധികം താമസിയാതെ തിരുത്തപ്പെടുന്നുണ്ട്. അവരുടെ ജീവിതം ദുരിതപൂര്‍ണമാകാന്‍ കാരണമായ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രക്ഷോഭകാരികളുടെ സമ്മര്‍ദത്താല്‍ ഇതിനിടെ അടച്ചുപൂട്ടുന്നു.
നഗരത്തിന്റെ ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ ഒരു നാട്ടിന്‍പുറത്തുവന്ന് താമസിക്കുകയായിരുന്നു വാലിദും കുടുംബവും. എന്നാല്‍, നഗരത്തിലെ അവശിഷ്ടങ്ങള്‍ നെഞ്ചിലേറ്റി പുകഞ്ഞു നീറി സ്വയം ഇല്ലാതാകാനാണ് ഇതുപോലെയുള്ള എല്ലാ ഗ്രാമപ്രദേശങ്ങള്‍ക്കും വിധിച്ചിട്ടുള്ളത്. കൃത്യമായ ആസൂത്രണത്തിന്റെ കുറവ്, ഒരു വിഭാഗത്തിന്റെ മാത്രം സുഖസൗകര്യങ്ങള്‍ ലക്ഷ്യമാക്കി കൊണ്ടുള്ള വികസനം, ശാസ്ത്രീയമായ അറിവുകളുടെ അഭാവം, പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്ന ജീവിതാവസ്ഥ പരിപാലിക്കണം എന്നുള്ള ഉത്തരവാദിത്തം ഇല്ലായ്മ ഇങ്ങനെ ചൂണ്ടിക്കാണിക്കാന്‍ എത്രയെത്ര കാരണങ്ങള്‍.
ടീനേജ്കാരിയായ തന്റെ സഹോദരിയെ ആശ്വസിപ്പിക്കുകയും ജീവിതം എത്ര ലഘുവാണ് എന്ന ഉള്‍ക്കാഴ്ച പ്രേക്ഷകരില്‍ നിറക്കുകയും ചെയ്യുന്ന റീം എന്ന കൊച്ചു പെണ്‍കുട്ടിയായി അതിമനോഹരമായ അഭിനയം കാഴ്ചവെച്ച Geana Restom ആദ്യന്തം ഈ സിനിമയ്ക്ക് മിഴിവ് നല്‍കുന്നു. Mounia Akl ആണ് സംവിധായിക. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും കോസ്റ്റ ബ്രാവ ലെബനോണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രഹ്മപുരത്തെ പുക ശ്വസിച്ച് വീട്ടിലടച്ചിരിക്കുന്ന കൊച്ചിക്കാര്‍ക്ക് ഇടക്കൊരാശ്വാസത്തിന് കോസ്റ്റ ബ്രാവ ലെബനോണ്‍ കാണാവുന്നതാണ്. നെറ്റ് ഫ്‌ളിക്‌സിലുണ്ട്.