ഉദ്യോഗ ഉത്സവപ്പറമ്പില്‍ പ്രവേശനമില്ലാത്ത സമുദായം

ഉദ്യോഗമേഖലകളില്‍ കേരളത്തിലെയും (ഇന്ത്യയിലേയും) മുസ്‌ലിംകള്‍ എന്തുകൊണ്ട് ഇത്രയധികം പിന്നോട്ട് പോകുന്നു? കേരളമൊഴിച്ചുള്ള പല സംസ്ഥാനങ്ങളിലും ദലിത്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ പിറകിലാണ് എന്ന് സച്ചാര്‍ സമിതിക്ക് പറയേണ്ടി വരുന്നു? സംവരണ തസ്തികകളില്‍ പോലും ഏഴായിരിത്തിലധികം തസ്തികകള്‍ അന്യാധീനപ്പെട്ടുവെന്ന് നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തുന്നു? ഈ ചോദ്യങ്ങള്‍ക്ക് എന്താണ് ഉത്തരം?

Update: 2024-07-03 05:51 GMT
Advertising

2021 ഏപ്രില്‍ മാസത്തിലാണ് സംഭവം. കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍ മുസ്‌ലിംകളെ വിലക്കിക്കൊണ്ട് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. 'ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല'. സംഘികളുടെ വേലയാണെന്ന് ചിലര്‍. കുഞ്ഞിമംഗലത്ത് സംഘികളുണ്ടാവുന്നത് തന്നെ ചരിത്രത്തിന്റെ വലിയൊരു തകര്‍ച്ചയാണെന്ന് മറുമൊഴി. ഇനി വായിക്കുക.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. മറ്റെല്ലാ സമുദായങ്ങള്‍ക്കും അമിതമോ മതിയായതോ ആയ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ മുസ്‌ലിം സമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതത്തേക്കാള്‍ വളരെ പിറകിലാണ് എന്നതാണ് കണക്കുപറഞ്ഞുവെക്കുന്ന സുപ്രധാന കാര്യം. 2024 ജൂണ്‍ 19 വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. താഴെ പറയും പ്രകാരമാണ് പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപാടിയായി ഇന്നലെ നിയമസഭയില്‍ മറുപടി നല്‍കിയത്. സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍ ശേഖരിച്ച വിവരത്തെ അടിസ്ഥാനമാക്കി നല്‍കിയ മറുപടി പ്രകാരം വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യമാണ് താഴെ. 


മേല്‍ പട്ടികയില്‍ നിന്നും മനസ്സിലാകുന്ന പ്രധാന കാര്യങ്ങള്‍ മൂന്നെണ്ണമാണ്.

1. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം മുസ്‌ലിം സമുദായത്തിന് ഒഴികെയുള്ള മറ്റെല്ലാ പിന്നാക്ക സമുദായങ്ങള്‍ക്കും ഏറെക്കുറെ ലഭിച്ചിരിക്കുന്നു. (പല സമുദായങ്ങളുടെയും ജനസംഖ്യ സംബന്ധിച്ച് അവ്യക്തതയുണ്ട്)

2. മുന്നാക്ക സമുദായങ്ങള്‍ ജനസംഖ്യാ അനുപാതത്തിനും അപ്പുറത്ത് വന്‍തോതില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

3. മുസ്‌ലിം സമുദായത്തിന് ജനസംഖ്യയ്ക്ക് അനുപാതികമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ല. മാത്രമല്ല, അതിന്റെ അടുത്തൊന്നും എത്താനുമായിട്ടില്ല. ലഭ്യമാകേണ്ടതിന്റെ പ്രാതിനിധ്യത്തിന്റെ ഏകദേശം പകുതിക്കും താഴെയാണ് മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ.

ഈ മൂന്നു കാര്യങ്ങളും കൂട്ടിവെച്ചാല്‍ മനസ്സിലാകുന്ന നാലാമത്തെ കാര്യം ഇതാണ്: മുസ്‌ലിം സമുദായത്തിന് ലഭ്യമാകേണ്ട സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം അവര്‍ക്ക് ലഭിക്കാതിരിക്കുന്നതിനുള്ള ഭരണപരവും സാമൂഹികവും രാഷ്ട്രീയവുമായ സംവിധാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ടത് നിഷേധിക്കപ്പെടുമ്പോള്‍ അവ എങ്ങോട്ടാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നറിയുന്നതിലൂടെ മേല്‍ സംവിധാനം ആരുടെ താല്‍പര്യത്തിലും കാര്‍മികത്വത്തിലുമാണ് പ്രവര്‍ത്തനിരതമാവുന്നത് എന്നും മനസ്സിലാക്കാം.

മുസ്‌ലിം സമുദായത്തിന് ലഭ്യമാകേണ്ട സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം അവര്‍ക്ക് ലഭിക്കാതിരിക്കുന്നതിനുള്ള ഭരണപരവും സാമൂഹികവും രാഷ്ട്രീയവുമായ സംവിധാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ടത് നിഷേധിക്കപ്പെടുമ്പോള്‍ അവ എങ്ങോട്ടാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നറിയുന്നതിലൂടെ മേല്‍ സംവിധാനം ആരുടെ താല്‍പര്യത്തിലും കാര്‍മികത്വത്തിലുമാണ് പ്രവര്‍ത്തനിരതമാവുന്നത് എന്നും മനസ്സിലാക്കാം.

ഇരുമുന്നണികളുടെയും നേതൃത്വത്തില്‍ 'മുസ്‌ലിം പ്രീണനം' ഗംഭീരമായി നടക്കുന്ന കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വര്‍ത്തമാനമാണിത്. മുസ്‌ലിം സമുദായം ഇത്രമേല്‍ പിറകിലാണ് എന്ന് സമുദായത്തെ ഞെട്ടിപ്പിക്കുന്ന പുതിയൊരു കാര്യമൊന്നുമല്ല. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംവരണത്തിലൂടെ ലഭിക്കേണ്ട 7383 തസ്തികകള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടമായിരിക്കുന്നു എന്ന് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സമാനമായ സ്ഥിതിവിവരക്കണക്കുകള്‍ രജീന്ദര്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലും പരാമര്‍ശിക്കപ്പെട്ടു. ഈ രണ്ട് വസ്തുതകളോടും യോജിക്കുന്ന നിഗമനങ്ങള്‍ 2006ലെ കേരളശാസ്ത്ര പരിഷത്തിന്റെ പഠനവും മുന്നോട്ടുവെക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുക എന്നത് താരതമ്യേന റിസ്‌കും ഉത്തരവാദിത്തവും കുറഞ്ഞ, സ്ഥിരതയുള്ള ജോലിയുടെയും ശമ്പളത്തിന്റെയും, വിരമിച്ചതിന് ശേഷം ലഭിക്കുന്ന സ്റ്റാറ്റിയൂട്ടറി, കുടുംബ പെന്‍ഷനുകളുടെയും, തൊഴിലില്‍നിന്നും പിരിയുംവരെ അരിഷ്ഠിച്ചു ജീവിക്കുന്ന മനോഭാവത്തിന്റെയും മാത്രം കാര്യമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഇത്രമേല്‍ ആകര്‍ഷകമാകുമായിരുന്നില്ല സര്‍ക്കാര്‍ ജോലി. അതിനേക്കാള്‍ മികച്ച വരുമാനവും വിശ്രമജീവിത സൗഖ്യവും പ്രദാനം ചെയ്യുന്ന അനേകം തൊഴിലുകളുണ്ട്, ജീവിത സാധ്യതകളുണ്ട്. അതായത്, സര്‍ക്കാര്‍ ജീവനക്കാരനാവുക എന്നത് പ്രാഥമികമായി ഒരു തൊഴിലുറപ്പ് പദ്ധതിയോ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ ഉപജീവനമാര്‍ഗമോ അല്ല. വ്യക്തിയെ സംബന്ധിച്ച് അങ്ങനെ ഒരു തലമുണ്ടാകാമെങ്കിലും ഒരു ജനാധിപത്യസമൂഹത്തില്‍ കാര്യനിര്‍വഹണ വിഭാഗത്തില്‍ പങ്കാളിയാവുക എന്നതാണ് സര്‍ക്കാര്‍ ഉദ്യോഗത്തിനര്‍ഥം. അതിനാല്‍ അത് സമൂഹത്തില്‍ പ്രാതിനിധ്യത്തിന്റെ കൂടി വിഷയമാണ്. ജനാധിപത്യ സമൂഹത്തില്‍ പാര്‍ലമെന്റ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നീ മൂന്നു തലങ്ങളിലും പ്രാതിനിധ്യം ഓരോ ജനവിഭാഗത്തിനും ഉണ്ടാകുമ്പോഴാണ അത് നീതിപൂര്‍വകമായ വ്യവസ്ഥയാണ് എന്ന് പറയാനാവുക. ഗുജറാത്ത് പൊലിസില്‍ ആവശ്യത്തിന് പ്രാതിനിധ്യം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നെങ്കില്‍ 2002ലെ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യാകലാപം ഇത്രമേല്‍ ആസൂത്രണത്തോടെ നടത്തുവാന്‍ സംഘ്പരിവാറിന് സാധിക്കുമായിരുന്നില്ലെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാലാണ് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ അധികാര ശ്രേണികളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന വ്യവസ്ഥ രാജ്യത്തുണ്ടായത്. 


Photo: Biju Ibrahim

വര്‍ഗം, ലിംഗം, വംശം, ജാതി, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ, ഭൂമിശാസ്ത്ര മേഖല, മതം, ഭാഷ എന്നിവയെല്ലാം പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്വത്വങ്ങളാണ്.

ഇത്തരം വിഭാഗങ്ങള്‍ക്കെല്ലാം മതിയായ പ്രാതിനിധ്യമുണ്ടാകുമ്പോള്‍ നയരൂപീകരണത്തില്‍ ആ വിഭാഗങ്ങളുടെ വികാരവിചാരങ്ങളെ മനസ്സിലാക്കാന്‍ സ്റ്റേറ്റിന് സാധിക്കുന്നു. കൂടുതല്‍ ഉള്‍ക്കൊള്ളുന്ന (ഇന്‍ക്ലൂസീവ്) തും ഫലപ്രദവുമായ നയരൂപീകരണത്തിന് സാധിക്കുകയും ചെയ്യുന്നു. തങ്ങളുടെ സമുദായത്തില്‍ പെട്ടവരുടെ സാന്നിധ്യം രാജ്യത്തോട് കൂറും പ്രതിബദ്ധതയും പുലര്‍ത്താനും രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ മികവോടെ സഹകരിക്കാനും ആ സമുദായത്തെ പ്രേരിപ്പിക്കുന്നു. ഏതുമേഖലയിലുള്ള പ്രാതിനിധ്യവും ആ സമുദായത്തിന്റെ ഭാവി തലമുറയെ നിര്‍ണയിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. തിരിച്ചു പറഞ്ഞാല്‍ മതിയായ പ്രാതിനിധ്യമില്ലാത്തത് ഇക്കാര്യങ്ങളിലെല്ലാം വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ അതാത് കമ്യൂണിറ്റികളെ നിര്‍ബന്ധിക്കുന്നു. ലോകത്തുള്ള എല്ലാ വിമോചന പോരാട്ടങ്ങള്‍ക്കു പിറകിലും പ്രാതിനിധ്യം അനുവദിക്കാത്ത ഒദ്യോഗികമായ ഇത്തരം വിവേചന ഭീകരതകള്‍ കാണാവുന്നതാണ്.

ഉദ്യോഗമേഖലകളില്‍ കേരളത്തിലെയും (ഇന്ത്യയിലേയും) മുസ്‌ലിംകള്‍ എന്തുകൊണ്ട് ഇത്രയധികം പിന്നോട്ട് പോകുന്നു? കേരളമൊഴിച്ചുള്ള പല സംസ്ഥാനങ്ങളിലും ദലിത്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ പിറകിലാണ് എന്ന് സച്ചാര്‍ സമിതിക്ക് പറയേണ്ടി വരുന്നു? സംവരണ തസ്തികകളില്‍ പോലും ഏഴായിരിത്തിലധികം തസ്തികകള്‍ അന്യാധീനപ്പെട്ടുവെന്ന് നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തുന്നു? ഈ ചോദ്യങ്ങള്‍ക്ക് എന്താണ് ഉത്തരം?

കേരള രൂപീകരണത്തിന് ശേഷം 14 മന്ത്രിസഭകള്‍ അധികാരത്തിലെത്തിയിട്ടുണ്ട്. 366 മന്ത്രിമാര്‍. അതില്‍ 66 പേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍. 18 ശതമാനം. ജനസംഖ്യാനുപാതികമായി മന്ത്രിസഭകളിലും പ്രാതിനിധ്യമുണ്ടായിട്ടില്ല. ഈ 66 എണ്ണത്തില്‍ ചുരുങ്ങിയ ശതമാനം ഇന്ത്യന്‍ മതനിരപേക്ഷതയെ പാശ്ചാത്യന്‍ മതേതരത്വമാണെന്ന് തെറ്റിദ്ധരിച്ച് സമുദായ പ്രതിബദ്ധതയുടെ എതിര്‍ദിശയയില്‍ നിന്നവരാണ്. എന്നാലും അവശേഷിക്കുന്നവര്‍ എന്താണ് ചെയ്തത്. മുസ്‌ലിം സമുദായത്തിന്റെയും അതിന്റെ അവകാശങ്ങളുടെയും സംരക്ഷകരും പോരാളികളുമെന്ന അവകാശവാദത്തോടെ അധികാരത്തിലെത്തിയതാണ് അവര്‍. 

കേരളം (ഇന്ത്യ) ഭരിച്ച ഏതെങ്കിലും മതേതര, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുസ്‌ലിംകളെ തങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, മുസ്‌ലിം സമുദായത്തെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. പരസ്പരം മുസ്‌ലിം പ്രീണന ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. മുന്നാക്ക/ഭൂരിപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും നഷ്ടപ്പെടുത്തിയാണ് മുസ്‌ലിം പ്രീണനം നടത്തുന്നത് എന്ന നിലക്ക് പരസ്പരം പഴിചാരുമ്പോള്‍ ആരെയാണ് അത്തരം ആരോപണങ്ങള്‍ യഥാര്‍ഥത്തില്‍ പ്രീണിപ്പിക്കുന്നത് എന്നത് വ്യക്തമാണല്ലോ. മതേതര പാര്‍ട്ടികളും സര്‍ക്കാറുകളും മുസ്‌ലിംകളോട് പ്രീണനനയം സ്വീകരിച്ചിരുന്നുവെങ്കില്‍ മുസ്‌ലിംകളുടെ അവസ്ഥ ഇത്രയും ശോചനീയമാകുമായിരുന്നില്ലല്ലോ.

സംഘ്പരിവാറും ബ്രിട്ടീഷ് കൊളോണിയലിസവും നടുകയും വെള്ളം തേവി നനക്കുകയും ചെയ്താണ് ഇന്ത്യന്‍ ദേശീയത വളര്‍ന്നതും വികസിച്ചതും. ഈ ദേശീയത രൂപപ്പെട്ടപ്പോള്‍ അതിന്റെ പുറത്ത് നിര്‍ത്തപ്പെടുകയായിരുന്നു മുസ്‌ലിംകള്‍. പൗരന്‍ എന്ന നിലക്ക് മുസ്‌ലിം സമുദായത്തില്‍ പെട്ട ഓരോരുത്തര്‍ക്കും വ്യക്തിപരമായ അവകാശങ്ങള്‍ വകവെച്ചു നല്‍കിയ പോലെ രാഷ്ട്രീയം, സിവില്‍ സര്‍വീസ്, ബിസിനസ്, ധനകാര്യം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സമുദായമെന്ന നിലയില്‍ സാമുദായികമായ അവകാശങ്ങള്‍ കൂടി അനുവദിക്കേണ്ടിയിരുന്നു. ഇതിന് പക്ഷെ, രാജ്യത്തിന് കഴിയാതെ പോയി. വിദ്യാഭ്യാസം, വ്യക്തിനിയമം തുടങ്ങിയ കാര്യങ്ങളില്‍ ചില അവകാശങ്ങള്‍ നല്‍കിയെങ്കിലും ഒരു സമുദായം എന്ന നിലക്ക് വിലമതിക്കുന്നില്ല. ഇക്കാര്യത്തില്‍ അംബേദ്കറുടെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷത്തിന് ഇഷ്ടാനുസരണം ഭരിക്കാനുള്ള ദൈവിക അവകാശമുണ്ടെന്നാണ് ഇന്ത്യന്‍ ദേശീയത വിശ്വസിക്കുന്നത്. അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട വല്ല അവകാശവാദവും ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രകടിപ്പിച്ചാല്‍ അത് വര്‍ഗീയതയായി കണക്കാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഭൂരിപക്ഷം എല്ലാ അധികാര സ്ഥാനങ്ങളും കുത്തകയാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അതിനെയാണ് ദേശീയത എന്ന് വിളിക്കുന്നത്. ഈ രാഷ്ട്രീയ തത്ത്വചിന്തയാല്‍ നയിക്കപ്പെടുന്ന ഭൂരിപക്ഷവിഭാഗങ്ങള്‍ ഒരു തലത്തിലും ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ അധികാരത്തില്‍ പങ്കാളികളാക്കാന്‍ തയ്യാറല്ല. ഇക്കാര്യത്തില്‍ നിയമപരവും ഭരണഘടനാപരവുമായ ക്രമീകരണങ്ങള്‍ നടത്താന്‍ അവര്‍ സന്നദ്ധരുമല്ല.''

ഭൂരിപക്ഷം വരുന്ന സവര്‍ണ ഉദ്യോഗസ്ഥ വിഭാഗത്തിന്റെ കൈകളില്‍ വന്നുചേരുന്ന ഫയലുകള്‍ക്കകത്ത് മുസ്‌ലിം സമുദായത്തിന്റെ ജീവിതം പിടയുന്നതെങ്ങിനെയെന്നൊക്കെ പഠിക്കേണ്ട കാര്യങ്ങളാണ്. ഇതൊക്കെ വര്‍ഗീയമാണ് എന്ന പ്രചണ്ഡമായ പ്രചാരണം നടക്കും. ശരിയാണ് എല്ലാം മറന്ന് നമുക്കിങ്ങനെയും വായിക്കാമല്ലോ - മൂന്ന് കോടി മലയാളികളില്‍ നിന്ന് 5,45,423 പേര്‍ സര്‍ക്കാര്‍ ജീവനക്കാര്‍. മുമ്പ് കമ്യൂണല്‍ അവാര്‍ഡ് റദ്ദ് ചെയ്യാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് അത് ഹിന്ദുവിനെ വിഭജിക്കുമെന്ന് വാദഗതിയായിരുന്നു.

ഇങ്ങനെ മുസ്‌ലിം സമുദായത്തെ അപരസ്ഥാനത്ത് നിര്‍ത്തുന്ന ദേശീയതയുടെ നടത്തിപ്പുകാരാവുകയായിരുന്നു എല്ലാ ഭരണകൂടങ്ങളും ചെയ്തത്. രാജ്യത്തിന്റെ ഇതര മേഖലകളില്‍ നിന്ന് വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട സാഹചര്യമാണ് മുസ്‌ലിംകള്‍ക്ക് കേരളത്തില്‍ എന്നാണല്ലോ പറയാറ്. അത് എത്രത്തോളം എന്നതിന്റെ നേര്‍ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍. കേരള രൂപീകരണത്തിന് ശേഷം 14 മന്ത്രിസഭകള്‍ അധികാരത്തിലെത്തിയിട്ടുണ്ട്. 366 മന്ത്രിമാര്‍. അതില്‍ 66 പേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍. 18 ശതമാനം. ജനസംഖ്യാനുപാതികമായി മന്ത്രിസഭകളിലും പ്രാതിനിധ്യമുണ്ടായിട്ടില്ല. ഈ 66 എണ്ണത്തില്‍ ചുരുങ്ങിയ ശതമാനം ഇന്ത്യന്‍ മതനിരപേക്ഷതയെ പാശ്ചാത്യന്‍ മതേതരത്വമാണെന്ന് തെറ്റിദ്ധരിച്ച് സമുദായ പ്രതിബദ്ധതയുടെ എതിര്‍ദിശയയില്‍ നിന്നവരാണ്. എന്നാലും അവശേഷിക്കുന്നവര്‍ എന്താണ് ചെയ്തത്. മുസ്‌ലിം സമുദായത്തിന്റെയും അതിന്റെ അവകാശങ്ങളുടെയും സംരക്ഷകരും പോരാളികളുമെന്ന അവകാശവാദത്തോടെ അധികാരത്തിലെത്തിയതാണ് അവര്‍. മുസ്‌ലിം ന്യൂനപക്ഷത്തെയും പിന്നാക്ക വിഭാഗങ്ങളെയും അധികാര, ഉദ്യോഗ മേഖലകളില്‍ നിന്നും പുറത്തുനിര്‍ത്തുക എന്ന സംഘ്പരിവാര്‍ അജണ്ടയുടെ കങ്കാണിപ്പണിയെടുക്കുകയാണ് അധികാരത്തിലിരുന്ന് അവര്‍ ചെയ്തത് എന്ന് നിസംശയം പറയാനാവും. അവരെ വിചാരണ ചെയ്തുകൊണ്ടല്ലാതെ ഈ കണക്കുകള്‍ സമുദായത്തിന് കൂട്ടിക്കിഴിക്കാനാവില്ല.

കൂടുതലല്ല, ജനസംഖ്യാനുപാതികമായിട്ടെങ്കിലും തങ്ങള്‍ക്ക് ഉദ്യോഗ മേഖലകളില്‍ പ്രാതിനിധ്യം വേണമെന്നത് മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആവശ്യമാണ്. കേരളത്തിന്റെ ഭരണ, ഉദ്യോഗ മേഖലകളിലെ സവര്‍ണ, ആഢ്യ മനോഭാവത്തിന്റെ കര്‍ണപുടങ്ങളെ തുളച്ചു കയറുന്ന പ്രക്ഷോഭത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. അപ്പോഴും തിരിഞ്ഞുനിന്ന് ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജൂണ്‍ 19 ലെ നില അനുസരിച്ചാണ് സര്‍ക്കാര്‍ നിയമസഭയില്‍ കണക്കുവെച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിപ്പുറത്തേക്ക് സര്‍വീസില്‍ പ്രവേശിച്ചവരുടെ കണക്കാണ് എന്നാണതിനര്‍ഥം. മുസ്‌ലിം ലീഗ് യു.ഡി.എഫ് മുന്നണി വിടുന്നത്, തുടര്‍ന്ന് സംവരണ മുന്നണിയില്‍ ചേരുന്നത്, മുന്നണിയിലേക്ക് തിരിച്ചു വരുന്നതും സംവരണ മുന്നണിയില്‍ നിന്ന് പൊടുന്നനെ ഇറങ്ങിപ്പോരുന്നതും, ലീഗിനോട് സംവരണ മുന്നണി 'വഴി നോക്കാന്‍' പറയുന്നതും, നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതും (മൂന്ന് കാര്യങ്ങളായിരുന്നു പ്രധാനം: ഒന്ന്, കഴിഞ്ഞ കാലത്തെ സംവരണ നഷ്ടം നികത്താനാവില്ല, രണ്ട്, വരും കാലത്ത് സംവരണം നഷ്ടപ്പെടാതെ നോക്കാം, മൂന്ന്, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം) മുസ്‌ലിം ലീഗ് അതിനെ വിപ്ലവകരമായ ചരിത്രസംഭവം എന്ന് വിശേഷിപ്പിച്ചത്, സച്ചാര്‍ സമിതി റിപ്പോര്‍ട്ടും പാലോളി കമ്മിറ്റി ശുപാര്‍ശകളും ഉണ്ടാവുന്നത്, ഇത്രയധികം മുന്നാക്ക പ്രാതിനിധ്യമുണ്ടായിട്ടും മുന്നാക്ക സംവരണം നടപ്പാക്കുന്നത്, 32 മുസ്‌ലിം മന്ത്രിമാരുണ്ടാകുന്നത്, അതില്‍ 24 പേര്‍ മുസ്‌ലിം ലീഗില്‍ നിന്നാകുന്നത് എന്നൊന്നും വിസ്മരിക്കരുത്.

സവര്‍ണ ചിഹ്നങ്ങള്‍ ഒദ്യോഗിക പരിപാടികളിലും ഓഫീസുകളിലും മേല്‍ക്കൈ നേടുന്നതെങ്ങിനെ എന്ന ചര്‍ച്ച 'നിലവിളക്ക് കാലത്ത്' നടന്നതാണല്ലോ. ഇപ്പോള്‍ സര്‍വീസിലുണ്ടെന്ന് പറയുന്ന സമുദായത്തിലെ 73,744 പേര്‍ക്ക് തൊഴിലിടങ്ങള്‍ എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ സംബന്ധിച്ച പഠനം ഇനിയും നടക്കേണ്ടതുണ്ട്. ഭൂരിപക്ഷം വരുന്ന സവര്‍ണ ഉദ്യോഗസ്ഥ വിഭാഗത്തിന്റെ കൈകളില്‍ വന്നുചേരുന്ന ഫയലുകള്‍ക്കകത്ത് മുസ്‌ലിം സമുദായത്തിന്റെ ജീവിതം പിടയുന്നതെങ്ങിനെയെന്നൊക്കെ പഠിക്കേണ്ട കാര്യങ്ങളാണ്. ഇതൊക്കെ വര്‍ഗീയമാണ് എന്ന പ്രചണ്ഡമായ പ്രചാരണം നടക്കും. ശരിയാണ് എല്ലാം മറന്ന് നമുക്കിങ്ങനെയും വായിക്കാമല്ലോ - മൂന്ന് കോടി മലയാളികളില്‍ നിന്ന് 5,45,423 പേര്‍ സര്‍ക്കാര്‍ ജീവനക്കാര്‍. മുമ്പ് കമ്യൂണല്‍ അവാര്‍ഡ് റദ്ദ് ചെയ്യാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് അത് ഹിന്ദുവിനെ വിഭജിക്കുമെന്ന് വാദഗതിയായിരുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. നജാത്തുല്ല

Writer

Similar News