പ്രഫ. സി.ആര്‍ ഓമനക്കുട്ടന്‍: ക്ലാസ്സ് റൂമിന് പുറത്തെ അധ്യാപകന്‍

അജ്ഞാത ലോകങ്ങളില്‍ കഥയും കളിയും കാര്യവും വാ തോരാതെ പറഞ്ഞ് സന്തുഷ്ടനായിരിക്കട്ടെ എന്നന്നേക്കും. സാഹിത്യകാരനും അധ്യാപകനുമായിരുന്ന സി.ആര്‍ ഓമനക്കുട്ടനെ അനുസ്മരിക്കുന്നു.

Update: 2023-10-01 17:13 GMT
Advertising

ഒരു അധ്യാപകന്‍ ജനിക്കുന്നതും ജീവിക്കുന്നതും ക്ലാസ് മുറിക്ക് അകത്തോ പുറത്തോ?

ക്ലാസ് മുറിക്കകത്താണെങ്കില്‍ സി.ആര്‍ ഓമനക്കുട്ടന്‍ അധ്യാപകനായിരുന്നോ എന്ന് സംശയിക്കേണ്ടി വരും. കാരണം, വളരെ വളരെ ചുരുക്കമായി മാത്രമേ അദ്ദേഹം ക്ലാസ് മുറികളിലെത്തിയിരുന്നുള്ളൂ! അഞ്ച് വര്‍ഷക്കാലം മഹാരാജാസില്‍ പഠിച്ചതിനിടയില്‍ അദ്ദേഹം 50 മണിക്കൂറെങ്കിലും ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നോ എന്ന് സംശയം.

വല്ലപ്പോഴും മാത്രം എത്തുന്ന ക്ലാസുകളില്‍ അണ്ഡകടാഹത്തില സകലതിനെയും കുറിച്ച് വാചാലനായി. സാഹിത്യം, സിനിമ, രാഷ്ട്രീയം, ചരിത്രം, കലകള്‍ - അങ്ങനെ അവസാനിക്കാത്ത വിഷയങ്ങള്‍. എന്തു പറഞ്ഞു തുടങ്ങിയാലും ബംഗാളി സിനിമയിലും സാഹിത്യത്തിലും അതിവേഗം എത്തും. ക്ലാസ് തീരുമ്പോള്‍ ഞാന്‍ ഏതു പുസ്തകമാണ് നിങ്ങളെ ഞാന്‍ പഠിപ്പിക്കേണ്ടിയിരുന്നത് എന്നു കൃത്യമായി ചോദിച്ചു! ക്ലാസില്‍ വന്നിരുന്നില്ലെങ്കിലും പരീക്ഷാഫലം വരുമ്പോള്‍ കൃത്യമായി എല്ലാവരുടെയും മാര്‍ക്കൊക്കെ അന്വേഷിക്കും. ഞാനൊന്നും പഠിപ്പിച്ചില്ലെങ്കിലും എല്ലാവര്‍ക്കും നല്ല മാര്‍ക്കുണ്ടല്ലോ എന്ന് സന്തുഷ്ടനാകും.

എന്നെ പലരും ഓര്‍മിക്കാറുണ്ടെങ്കിലും അതൊക്കെ ക്ലാസ് റൂമിനു പുറത്തെ കാര്യങ്ങളാണ് - ഓമനക്കുട്ടടന്‍ സാര്‍ പറയുമായിരുന്നു.

ഇന്നേക്ക് 28 വര്‍ഷങ്ങള്‍ക്കുമുമ്പ് ബംഗാളി നോവലുകളുടെ മലയാളവിവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ബംഗാളിപഠിക്കാന്‍ എന്തുചെയ്യും എന്ന് ആശങ്കപ്പെട്ട് ഓടിയെത്തിയത് ആ ബംഗാളി പ്രിയന്റെ അടുത്തായിരുന്നു. ബംഗാളി പഠിക്കണം എന്നറിയിച്ചപ്പോള്‍ വളരെ സന്തോഷമായി. എന്റെ മകളെ ബംഗാളി രണ്ടാം ഭാഷയായി എടുപ്പിച്ചു. അവളത് തുടര്‍ന്നില്ല. ജയ പഠിക്കുന്നുണ്ടല്ലോ വളരെ സന്തോഷം എന്നു പറഞ്ഞ് നേരേ കൊണ്ടുപോയത് അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്ന ബംഗാളിയും മറ്റു പല ഭാരതീയ ഭാഷകളും അറിയാവുന്ന, വിവര്‍ത്തകനായ എം.കെ.എന്‍ പോറ്റി സാറിന്റെ അടുത്തായിരുന്നു. പരിചയപ്പെടുത്തി ശിഷ്യപ്പെടുത്തി ഉത്തരവാദിത്തമേല്പിച്ചു. അത്യുത്സാഹിയായ ആ ഭാഷാപണ്ഡിതന്‍ അപ്പോള്‍ത്തന്നെ പിടിച്ചിരുത്തി ആവേശപൂര്‍വം അക്ഷരമാല പഠിപ്പിച്ചു തുടങ്ങി! കല്‍ക്കട്ടയില്‍ നിന്നു പുസ്തകങ്ങള്‍ വരുത്താന്‍ സൗകര്യമാരാഞ്ഞ് അന്ന് മഹാരാജാസില്‍ ബംഗാളി പഠിപ്പിച്ചിരുന്ന ടീച്ചറുടെയടുത്തും കയ്യോടെ എത്തിച്ചു. പഠനം ഊര്‍ജിതമായി നടന്നു. ഇനിയും ഇവള്‍ പഠിച്ചില്ലെങ്കിലോ എന്നു കരുതിയാവാം വലിയ വിവര്‍ത്തകരായിരുന്ന രവിവര്‍മ്മ, നിലീന അബ്രഹാം ഇവരെയും പരിചയപ്പെടുത്തിയത്!

കാലം കറങ്ങിത്തിരിഞ്ഞു. ഗവേഷണ പ്രബന്ധം പുസ്തകമായപ്പോള്‍ ആദ്യം തന്നെ അയച്ചുകൊടുത്തു. കാലടി ആര്യാസില്‍ കസിനോടൊപ്പം ചായക്കിരിക്കുമ്പോഴാണ് ആ ഫോണ്‍വിളി വന്നത്. പുസ്തകം അയച്ചു തന്നതിനും ആമുഖത്തില്‍ അദ്ദേഹത്തെ ഓര്‍മിച്ചതിനും സന്തോഷവും നന്ദിയും പറഞ്ഞു. അതിനു ശേഷമാണ് പ്രതീക്ഷിക്കാതെ ഗദ്ഗദ കണ്ഠനായി പറഞ്ഞത് ഞാനൊരിക്കലും ഒരു നല്ല അധ്യാപകനായിരുന്നില്ല. എന്നെ പലരും ഓര്‍മിക്കാറുണ്ടെങ്കിലും അതൊക്കെ ക്ലാസ് റൂമിനു പുറത്തെ കാര്യങ്ങളാണ്. അന്ന് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. എങ്കിലും ജയ എന്നെ ക്ലാസ് റൂമിലെ അധ്യാപകനായി പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ഓര്‍മിക്കുകയും ചെയ്തല്ലോ വളരെ സന്തോഷം. പിന്നെ എന്റെ മകളുടെ രോഗാവസ്ഥയറിഞ്ഞ് സങ്കടത്തിലായി.

എന്റെ ഗുരുക്കന്മാര്‍, പ്രകാശം പകര്‍ന്നവര്‍ ഓരോരുത്തരായി മറയുകയാണ്. സുഹൃത്ത് രാജേഷ് നാരായണനൊപ്പം സാറിനെ കാണാന്‍ ഉടന്‍ പോകണമെന്ന് പദ്ധതിയിട്ടു. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നടക്കാതെ പോയ സ്വപ്നം. കാലം കാത്തു നിന്നില്ലല്ലോ. അല്ലെങ്കില്‍ കാത്തു നില്‍ക്കാന്‍ കരുണയില്ലാത്തതിനെയാണല്ലോ നാം കാലമെന്ന് പേരിട്ടുവിളിക്കുന്നത്!

അജ്ഞാത ലോകങ്ങളില്‍ കഥയും കളിയും കാര്യവും വാ തോരാതെ പറഞ്ഞ് സന്തുഷ്ടനായിരിക്കട്ടെ എന്നന്നേക്കും. ആദരം. പ്രണാമം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ജയ സുകുമാരന്‍

Writer

Similar News