'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും'

ഐതിഹാസികമായ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായും മാപ്പിള സമൂഹത്തെ ഒന്നടങ്കം 'കലാപവസ്തുക്ക'ളായും ചിത്രീകരിച്ച കൊളോണിയല്‍-അര്‍ധ കൊളോണിയല്‍ ചരിത്ര ആഖ്യാനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ഉള്ളറകളെ അനാവൃതമാക്കുന്ന ചരിത്ര അപഗ്രഥന പരമ്പര ആരംഭിക്കുന്നു.

Update: 2022-11-08 06:18 GMT
Click the Play button to listen to article

 ഖിലാഫത്ത് നിസ്സഹകരണ സമരകാലഘട്ടത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍, ജന്മിമാര്‍ക്കും അവരെ താങ്ങി നിര്‍ത്തിയ ബ്രിട്ടീഷ് അധികാരികള്‍ക്കുമെതിരെയുളള സായുധ പ്രക്ഷോഭങ്ങളായി പരിണമിച്ച സന്ദര്‍ഭങ്ങളിലെല്ലാം ജനകീയപോരാട്ടങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിക്കുന്ന ഒരു പൊതു സമീപനമാണ് ഗാന്ധിയും കോണ്‍ഗ്രസും വച്ചു പുലര്‍ത്തിയിരുന്നത്. കൊളോണിയല്‍ ലിബറലിസത്തിന്റെ ചട്ടക്കൂടിനുളളില്‍ നിന്ന് കൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടവുമായി സമാധാനപരമായ സഹവര്‍ത്തിത്വം വച്ചുപുലര്‍ത്തുകയും സമ്മര്‍ദതന്ത്രങ്ങളിലൂടെ സ്വന്തം താല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുകയെന്ന ദേശീയ ഭരണവര്‍ഗങ്ങളുടെ രാഷ്ടീയ അജണ്ടയും ഭൂപ്രഭുത്വത്തിന്റെ കൊടിയ പീഢനങ്ങളെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെയും ഒരേ നാണയത്തിന്റെ രണ്ട്് വശങ്ങളായി വീക്ഷിച്ച കര്‍ഷക ജനസമാന്യത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയും തമ്മിലുളള വൈരുധ്യമാണ് നിസ്സഹകരണ ഖിലാഫത്ത്് പ്രസ്ഥാനകാലത്തെ കര്‍ഷക മുന്നേറ്റങ്ങളോടുള്ള ഗാന്ധിയുടെ സമീപനങ്ങളിലും പ്രതിഫലിപ്പിക്കപ്പെട്ടത്. 1921 ലെ മലബാര്‍ സമരത്തോടുള്ള ഗാന്ധിയുടെ നിഷേധാത്മക നിലപാട് ഈ പൊതു സമീപനത്തിന്റെ ഭാഗം തന്നെയായിരുന്നു. അതേ സമയം മലബാര്‍ സമരത്തോടും അതിന് നേത്യത്വം നല്‍കിയ മാപ്പിള കര്‍ഷകരോടുമുളള സമീപനത്തില്‍ രാഷ്ട്രീയ നിലപാട് മാത്രമല്ല സാംസ്‌ക്കാരിക നിലപാടും പ്രതിഫലിപ്പിക്കപ്പെടുകയുണ്ടായി.

1921 ല്‍ ഐതിഹാസികമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ മാപ്പിളമാരെ 'മതഭ്രാന്തര്‍' എന്ന് വിശേഷിപ്പിക്കുന്നതില്‍ കൊളോണിയല്‍ ലിബറലിസത്തിന്റെയും സവര്‍ണ്ണ ഹിന്ദുത്വത്തിന്റെയും സാസ്‌ക്കാരിക സങ്കലന മാത്യക കൂടുതല്‍ തെളിമയോടെ പുറത്ത് വരികയുണ്ടായി. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ലിബറല്‍ ധാരക്ക് നേത്യത്വം നല്‍കിയ ഗാന്ധിതന്നെയാണ് ഈ സാംസകാരിക ആക്രമണത്തിന്റെയും മുന്നില്‍ നിന്നത്. കൊളോണിയല്‍ നരവംശ ശാസ്ത്രത്തിന്റെ 'വര്‍ഗീകരണങ്ങളും' സ്വഭാവ ചിത്രീകരണവും ഉപയോഗിച്ച് കൊണ്ട് ജനകീയ കലാപങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഉത്തമ മാതൃകയാണ് മലബാര്‍ കലാപത്തോട് ദേശീയ പ്രസ്ഥാനം പൊതുവില്‍ സ്വീകരിച്ച നിലപാടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മാപ്പിളമാരെ കലാപ വസ്തുവായി ചിത്രീകരിക്കുന്ന ചരിത്രരചനകള്‍ ഈ കൊളോണിയല്‍/അര്‍ധ കൊളോണിയല്‍ ന്യായവാദങ്ങളെ/പുനരാവിഷ്‌കരിക്കുകയാണെന്നാണ് ഈ പ്രബന്ധം വാദിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരുക്കൂടിക്കൊണ്ടിരുന്ന സാമ്രാജ്യത്വ വിരുദ്ധ വികാരത്തിന്റെ ഏറ്റവും ശക്തവും സുസംഘടിതവുമായ സായുധ പോരാട്ടമായിരുന്നു 1921 ലെ മലബാര്‍ സമരം. '1857 ലെ മഹത്തായ പട്ടാള കലാപത്തിന് ശേഷം ബ്രിട്ടീഷ് ഭരണത്തിന് നേരിടേണ്ടി വന്ന ഏറ്റവും ഗൗരവമേറിയ കലാപമെന്ന നിലക്കാണ് ഈ സമരത്തെ ചരിത്രം രേഖപ്പെടുത്തിയിട്ടുളളത്.*1 ഏതാണ്ട് നാലുലക്ഷത്തോളം മാപ്പിള ജനത ജീവിച്ചു വന്നിരുന്ന നൂറുകണക്കിന് ചതുരശ്ര മൈല്‍ ഭൂപരിധിക്കുളളില്‍ 1921 ആഗസറ്റ് മാസം മുതല്‍ 1922 ആദ്യം വരെയുളള നിരവധി മാസങ്ങളോളം ബ്രിട്ടീഷ് ഭരണത്തെ നിറ തോക്കുകളുടെ പരിധിക്കുളളില്‍ മാത്രമായി ഒതുക്കി നിര്‍ത്താന്‍ മാപ്പിള കുടിയാന്‍മാര്‍ നേത്യത്വം നല്‍കിയ സമരത്തിന് സാധിച്ചു.*2 1922 ജനുവരി 6ന് സമരത്തിന്റെ സമുന്നത നേതാവായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കീഴ്‌പ്പെടുത്തുകയും 22 ന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയും ചെയ്തതോടെ, ഫെബ്രുവരി അവസാനമായപ്പോഴേക്കും സമരം അവസാനിച്ചു.*3 വിപ്ലവം ആറുമാസക്കാലം നീണ്ടുനിന്നു. അക്കാലത്ത് ലബാറിലെ മുക്കാല്‍ ഭാഗവും മാപ്പിളമാര്‍ അടക്കി ഭരിച്ചു. ബ്രിട്ടീഷ് പട്ടാള നേതാക്കളോടൊപ്പം ഇന്ത്യന്‍ പട്ടാളവും ഇറങ്ങിയശേഷം കലാപം അവസാനിച്ചു. 10000 ത്തിലേറെ ആള്‍ക്കാര്‍ മരിച്ചു *4 ഗവണ്‍മെന്റ് പക്ഷത്ത് 50 സ്‌പെഷ്യല്‍ സായുധ പൊലീസുകാര്‍, 24 റിസര്‍വ് പൊലീസുകാര്‍, ഒരു കേണല്‍ അടക്കം എട്ടു പട്ടാള ഓഫീസര്‍മാര്‍, 200 പട്ടാളക്കാര്‍ എന്നിവര്‍ കെല്ലപ്പെട്ടു. 50 പൊലീസുകാര്‍ക്ക് മാരകമായ മുറിവേറ്റു. എത്ര മാപ്പിളമാര്‍ കൊല്ലപ്പെട്ടു എന്നതിന് ക്യത്യമായ കണക്കില്ല. 12,000 ത്തോളം പേര്‍ മരിച്ചു വെന്ന് കണക്കാക്കപ്പെടുന്നു. 50,000 പേരെ അറസ്സറ്റ് ചെയ്തു. 14,000 പേരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത് വധശിക്ഷക്കോ നാടുകടത്തലിനോ ശിക്ഷിച്ചു*5. ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പട്ടാളക്കാര്‍ കൊന്നൊടുക്കി, കുറെ ഹിന്ദുക്കളെയും (എം. പി. നാരായണമേനോനടക്കം) നാടു കടത്തലിന് ശിക്ഷിച്ചു. കലാപകാലത്തും അതിന്റെ അന്ത്യഘട്ടത്തിലും കൊടിയ ദുരന്തമാണ് ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ മാപ്പിളമാര്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിച്ചത്. നവംബര്‍ ആദ്യവാരത്തില്‍ ഗൂര്‍ഖകളെയും ഗര്‍വാള്‍ റൈഫിള്‍സിനെയും മലബാറിലെത്തിച്ച് ഉള്‍നാടുകളിലേക്ക് മാര്‍ച്ച് ചെയ്യിപ്പിച്ചു.

മാപ്പിളമാരെയും അവരുടെ സ്ത്രീകളെയും നാമാവശേഷമാക്കാന്‍ ഉത്തരവ് കൊടുത്തു. സ്ത്രീകളെ കൊല്ലുക, വീടുകള്‍ കത്തിക്കുക, കുട്ടികളെ വെട്ടിനുറുക്കുക തുടങ്ങിയ പട്ടാളത്തിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ മാപ്പിള പ്രദേശങ്ങളില്‍ ചിലര്‍ കീഴടങ്ങാന്‍ തയ്യാറായി. നേതാക്കളില്‍ ചിലര്‍ കീഴടങ്ങി. ചിലര്‍ പോരാടി മരിച്ചു *6. 'ലഹള തലവന്മാര്‍, കീഴൊതുങ്ങിയതും, ലഹളയില്‍പെട്ടവരും പെടാത്തവരുമായ മാപ്പിളമാര്‍ ഗവണ്‍മെന്റ് കല്‍പന പ്രകാരം ഹാജരായി പിഴയോ ശിക്ഷയോ വാങ്ങി സമാധാനപ്പെട്ടതും പട്ടാളക്കാരും പൊലീസുകാരും ചില ദിക്കില്‍ ഹിന്ദുക്കളും മാപ്പിളമാരെ പൈശാചികമായ രീതിയില്‍ പീഢിപ്പിച്ചതുമായ കാലമായിരുന്നു മലബാര്‍ സമരത്തിന്റെ അന്ത്യഘട്ടം. മലബാറിലെ ഹിന്ദുക്കള്‍ക്കെന്നപോലെ മുസ്‌ലിംകള്‍ക്കും കലാപം ഒരു ഉണങ്ങാത്ത മുറിവാണുണ്ടാക്കിയത.് പൊലീസും പട്ടാളവും കൂടി ഒരു ഭീകരാന്തരീക്ഷം അഴിച്ചുവിട്ടു. വീടുകള്‍ക്ക് തീ വെച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി, യാതൊരു വിവേചനവും ഇല്ലാതെ പുരുഷന്‍മാരെ പരക്കെ അറസ്സ്റ്റ് ചെയ്തു 7. ഉദ്ദ്യോഗസ്ഥന്‍മാര്‍ ബലമായി പിടിച്ചുപറ്റിയത് കൂടാതെ ഒരു ലക്ഷത്തോളം രൂപയാണ് പിഴയായി മാപ്പിളമാരില്‍ നിന്നും ഈടാക്കിയത്. 67 മാപ്പിള തടവുകാര്‍ ശ്വാസം മുട്ടി മരിച്ച വാഗണ്‍ ട്രാജഡി, ബ്രിട്ടീഷ് ഭരണകൂടം മാപ്പിളമാരെ ഭയപ്പെടുത്തി എന്നന്നേക്കുമായി കീഴടക്കുന്നതിന് ഉപയോഗിച്ച മൃഗീയമായ തന്ത്രങ്ങളുടെ സംഗ്രഹമായിരുന്നു. ഈ ദുരന്തത്തിന് കാരണക്കാരായവരാരും ശിക്ഷിക്കപ്പെടുകയുണ്ടായില്ല. ബ്രിട്ടീഷ് ഭരണം മാപ്പിളമാരോട് സ്വീകരിച്ച് വന്ന പൊതു സമീപനത്തിന്റെ സംഗ്രഹം കൂടിയാണിത.്

മലബാര്‍ സമരത്തെകുറിച്ചും അതിന്റെ ചരിത്ര പശ്ചാത്തലത്തെകുറിച്ചും അടിസ്ഥാനകാരണങ്ങളെ കുറിച്ചും ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിലേക്കതിനെ കൊണ്ടെത്തിച്ച ഖിലാഫത്ത്-നിസ്സഹകരണപ്രസ്ഥാനത്തെകുറിച്ചും (1919-1923) നിരവധി ചരിത്ര ഗവേഷണ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂട രേഖകളിലെ ഈ പ്രാഥമിക വിവര ശേഖരങ്ങളിലുടനീളം മലബാര്‍ മാപ്പിളമാര്‍ ചിത്രീകരിക്കപ്പെട്ടിട്ടുളളത് ഒരു കലാപ വസ്തുവായിട്ടാണ്. മതം, മതാവേശം, മതഭ്രാന്ത് എന്നിവയുടെ സ്വാധീനത്താല്‍ കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഏത് ഭരണകൂടത്തിനെതിരെയും കലാപത്തിനൊരുമ്പെടുന്നവര്‍, (*9) എന്ന് 1852 ല്‍ മലബാര്‍ സ്‌പെഷല്‍ കമ്മീഷണര്‍ ആയിരുന്ന (T. L. STRANGE) ടി. എല്‍. സേട്രഞ്ചിന്റെ നിഗമനമാണ് മാപ്പിളമാരെ കലാപവസ്തുവായി ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാന പ്രമാണമെന്ന് തോന്നുന്നു. 'മലബാറില്‍ പൊട്ടിപുറപ്പെട്ട എല്ലാ കലാപങ്ങളും ഏതെങ്കിലും തരത്തില്‍ മതവുമായി ബന്ധപ്പെട്ടവയായിരുന്നുവെന്ന് ക്യഷ്ണന്‍ നായരുടെ അഭിപ്രായത്തില്‍ 1921 കാലത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ വിശ്വസിച്ചിരുന്നുവെന്നു മാത്രമല്ല അതാണ് മുഖ്യഘടകം എന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അത്‌കൊണ്ട് സേട്രഞ്ചിന്റെ അഭിപ്രായം പരക്കെ അംഗീകരിക്കപ്പെട്ടു. *10 ഈ മതഭ്രാന്ത് സിദ്ധാന്ത പ്രകാരം 'ഹിന്ദുക്കള്‍ *11 സ്വാഭാവികമായും സൗമ്യരും പ്രകോപനമില്ലെങ്കില്‍ ക്ഷമാശീലരുമാണ്. എന്നാല്‍, മാപ്പിളമാര്‍ക്ക് പിടിച്ചുപറിയുടെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും സ്വഭാവമുണ്ട്. തര്‍ക്കങ്ങളില്‍ അനിവാര്യമായും പ്രകോപനത്തിന്റെ തുടക്കം അവരായിരുന്നു. മുസ്‌ലിം വിശ്വാസമാണ് ആത്മാഭിമാനത്തെയും അസഹിഷ്ണുതയെയും പോറ്റിവളര്‍ത്തിയത്.'

ബ്രിട്ടീഷ്‌കാര്‍ക്കും ഹിന്ദുക്കള്‍ക്കും കടുത്ത അമര്‍ഷവും ഉല്‍ക്കണ്ഠയും ഉണ്ടായിരുന്നപ്പോഴത്തെ സിദ്ധാന്തമാണിതെന്നാണ് റോളണ്ട് മില്ലറുടെ നിഗമനം. 1921ലെ മലബാര്‍ സമരത്തിന് ശേഷം ടി.എല്‍ സ്‌ട്രേഞ്ചിന്റെ 'മാപ്പിളയെന്ന കലാപവസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാന പ്രമാണം ബ്രിട്ടീഷുദ്യോഗസ്ഥരിലെ വിമര്‍ശകരെപോലും അപ്രസക്തരാക്കി അതിജീവിക്കുകയും ദേശീയ ചരിത്രകാരന്മാര്‍തന്നെ അതേറ്റുപിടിക്കുകയും ചെയ്തു.*13 മലബാര്‍ സമരത്തോടുള്ള ദേശീയ പ്രസ്ഥാനത്തിന്റെ വീക്ഷണം രൂപപ്പെടുന്നതിലും ഇത് കടന്നുവരികയുണ്ടായി. മലബാറിലെ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധയുദ്ധം സ്വാതന്ത്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്ന സമീപനമാണ് 1921ന് ശേഷം ഗാന്ധിയും കോണ്‍ഗ്രസും സ്വീകരിച്ചത്.*14 നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായല്ല മാപ്പിളമുന്നേറ്റം തലപൊക്കിയത് എന്ന് കോണ്‍ഗ്രസ് ദൃഢമായി വിശ്വസിച്ചു, പ്രത്യേകിച്ചും പ്രശ്‌നങ്ങള്‍ക്കാറുമാസം മുമ്പു മുതല്‍ കലാപമുണ്ടായ പ്രദേശങ്ങളില്‍ നിസ്സഹകരണ-ഖിലാഫത്ത് പ്രചാരകര്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുക്കാതിരുന്ന സാഹചര്യത്തില്‍ ഈ രണ്ടു പ്രസ്ഥാനങ്ങളുമായി തീരെ ബന്ധമില്ലാത്ത ചില കാരണങ്ങളാണ് കലാപമുണ്ടാക്കിയത്. അഹിംസാതത്വങ്ങള്‍ അവിടങ്ങളില്‍ എത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ കലാപമുണ്ടാകുക തന്നെയില്ലായിരുന്നെങ്കില്‍ കലാപമുണ്ടാക്കുക തന്നെയില്ലായിരുന്നു' എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗികവീക്ഷണം. ഖിലാഫത്തിനെ മാപ്പിളമാര്‍ മതപരമായി കണ്ടുവെന്ന കെ.പി കേശവമേനോനുമായുള്ള അഭിമുഖത്തില്‍ നിന്നും കെ.എന്‍. പണിക്കര്‍ ഉദ്ധരിക്കുന്നുണ്ട്.*15 ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്താല്‍ ഉത്തേജിതമായ മതഭ്രാന്ത് എന്ന പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ട് 1921 ലെ ബ്രിട്ടീഷുദ്രോഗസ്ഥര്‍*16 പത്തൊമ്പതാം നൂറ്റാണ്ടിലെ മതഭ്രാന്ത് സിദ്ധാന്തത്തെ പരിഷ്‌കരിച്ചതോടെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തെ മതഭ്രാന്തിന്റെ പ്രചോദന കേന്ദ്രമായി ഭരണകൂടം പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഈ കുറ്റാരോപണത്തില്‍ നിന്ന് ദേശീയ പ്രസ്ഥാനത്തെ മോചിപ്പിക്കുകയും, സ്വയംഭരണത്തിനുവേണ്ടി (സ്വരാജ്) യുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുകയെന്ന ഇരട്ടദൗത്യം സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെയും ഖിലാഫത്ത്-നിസ്സഹകരണ നേതാക്കളുടെയും ഇത് രണ്ടിന്റെയും (കോണ്‍ഗ്രസ്സ്) - ആള്‍ ഇന്ത്യാ ഖിലാഫത്ത് കമ്മിറ്റി) സൈന്യാധിപസ്ഥാനത്തുണ്ടായിരുന്ന ഗാന്ധിയുടെയും ചുമലില്‍ വന്നു ചേര്‍ന്നു. 1921 ലെ മലബാര്‍ സമരത്തോടും അതിന്റെ മുന്നില്‍ നിന്ന് പോരാടിയ മാപ്പിളമാരോടും ഇവര്‍ പൊതുവില്‍ സ്വീകരിച്ച നിഷേധാത്മക സമീപനത്തെ അത്തരത്തിലുള്ള ഒരു അടിയന്തിര രാഷ്ട്രീയാവശ്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പരിണതിയായി, അഥവാ, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുറ്റാരോപണങ്ങളോടുള്ള അടവുപരമായ സമീപനമായിരുന്നുവെന്നും വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷെ, യഥാര്‍ഥ്യം അതിനുമപ്പുറത്തായിരുന്നുവെന്നാണ് കലാപാനന്തരം ഗാന്ധിയും കോണ്‍ഗ്രസ്സും, ഖിലാഫത്ത് നേതാക്കളും നടത്തിയ പരസ്യപ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.

(തുടരും)

കുറിപ്പുകള്‍:

1. Kathleen Gough: Indian peasant uprisings. EPW special numbner August 1974

2. THE MOPLAH REBELLION AND ITS GENESIS : CONRADWOOD , INTRODUCTION.

3 - കെ.കോയോട്ടി മൊലവി 1921ലെ മലബാര്‍ കലാപം - സമാധാന ചച്ചര്‍കള്‍ക്ക്് തയ്യാറാണെന്ന് മേലാറ്റൂര്‍ എസ്.ഐ. പി. രാമനാഥയ്യര്‍ അറിയിച്ചതിനെതുടര്‍ന്ന് 1922 ജനുവരി 6 ന് കാളികാവ് പോലീസ് സ്‌റ്റേഷനില്‍ ചെന്ന ഹാജിയാരെയും സംഘത്തെയും ചതിയില്‍ പെടുത്തുകയായിരുന്നുവെന്ന് കോയട്ടി മൗലവി രേഖപ്പെടുത്തുന്നു.

4 - മേജര്‍ ബാര്‍ണാട് സ്്്റ്റുവര്‍ടിന്റെ റിപ്പോര്‍ട്ട് (1922 MARCH 14 ) (കെ.എന്‍. പണിക്കര്‍ ഉദ്ധരിച്ചു ചേര്‍ത്തത്)

5 - കെ .കോയട്ടി മൗലവി - '1921ലെ മലബാര്‍ കലാപം'്്്് പേജ്്്് 114 .(പ്രൊഫ: M.P.S. മേനോന്‍ മലബാര്‍ സമരം - എം പി നാരായണ മേനോനും സഹപ്രര്‍ത്തകരും എന്ന ക്യതിയില്‍ ഉദ്ദരിച്ചത്് PP-143

6 - കെ. മാധവന്‍ നായര്‍ : മലബാര്‍ കലാപം - മാതൃഭൂമി ബുക്ക്‌സ്. -

7- കെ.എന്‍ പണിക്കര്‍ : മരബാര്‍ കലാപം: പ്രഭുത്വത്തിന്ും രാജവാഴ്ച്ചക്കുമെതിരെ pp -236

8- ആറു മാപ്പിള തടവുപുളളികളെ വായുദ്വാരങ്ങളില്ലാത്ത ഒരു റെയില്‍ വാഗണില്‍ താനൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക്്് അയക്കുകയുണ്ടായി. ജലവും വായുവും ലഭിക്കാതെ ഇവര്‍ ആര്‍ത്തു നിലവിളിച്ചെങ്കിലും പോത്തന്നൂരില്‍ എത്തുന്നതിന് മുമ്പ്്് വാതില്‍ തുറക്കുകയുണ്ടായില്ല. ഗവണ്‍മെന്റ് ഇതന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും ഈ ദുരന്തത്തിന് കാരണക്കാരായവരാരും ശിക്ഷിക്കപ്പെട്ടില്ല.(judl.p.o.go.no. 159, 4 April 1923 ; Public Dept (conf)

G.O .No 734, 12 Sept, 1922 and G.o No.858. 6 Dec 1922 (K. N. PANICKER - അതേ പുസ്്്തകത്തിലൂളള അടിക്കുറിപ്പ്്്).

9. അന്വേഷണ വിധേയമായ എല്ലാ കുറ്റകൃത്യങ്ങളിലും പൊതുവില്‍ കാണുന്ന പ്രകടമായ ഒരു സ്വഭാവം, കുറ്റവാളികളുടെ വിട്ടു വീഴ്ചയില്ലാത്ത മതാവേശമാണ്; ആക്രമങ്ങള്‍ക്ക് പ്രേരകമായ യഥാര്‍ത്ഥ വസ്തുത ഇതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല'. 1852 Sep 25ന് എല്‍. സ്്‌ട്രേഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ ഉദ്ധരിച്ച് ചേര്‍ത്തത്. 627 (വിവര്‍ത്തനം ടി.വി.കൃഷ്ണന്‍ മാതൃഭൂമി ബുക്‌സ് )

10. Proceedings of the legislative council 1921 (റോളാങ് മില്ലര്‍ ഉദ്ധരിച്ച് ചേര്‍ത്തത്)

11. റോളണ്ട് - ഇ- മില്ലര്‍ : മാപ്പിള മുസ്ലീംങ്ങള്‍ PP-14 1. (Correspondance on Mappila Outragse in Malabar -1849 - 1853)

12. മില്ലര്‍ അതേ പുസ്തകം. PP 128

13. എം. ഗാഗാധരന്‍: മലബാര്‍ കലാപവും കാരണങ്ങളും PP. 332 ' സി. ഗോപാലന്‍ നായര്‍ ലഹളയെപറ്റി നല്‍കിയ വിവരണങ്ങള്‍ സൂചിപ്പിക്കുന്നത് മാപ്പിളമാരുടെ മതഭ്രാന്തും അസഹിഷ്ണതയും അവരെ കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ക്കുണ്ടായ ചില വീഴ്ചകളും ആണ് എന്നദ്ദേഹം കരുതിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാപ്പിള റെബലിയന്‍ 1921 എന്ന 1923ല്‍ പുറത്തിറങ്ങിയ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് എം. ഗംഗാധരന്‍ പ്രസ്താവിക്കുന്നു.

14. കെ.എന്‍. പണിക്കര്‍ PP-235, AICC File No. 3 1921 അതേ പുസ്തകം PP -235 AICC File No.3 1921

15. അതേ പുസ്തകം കുറിപ്പുകള്‍ PP 252, കുറിപ്പ് 242.

16. R.H. Hitchcock ഈ വീക്ഷണഗതിയുടെ പ്രധാന വക്താവായിരുന്നു PEASANT REVOLT IN MALABAR എന്ന അദ്ദേഹത്തിന്റെ ഈ വീക്ഷണഗതി പ്രകാശിപ്പിക്കുന്നുണ്ട്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സി.കെ അബ്ദുല്‍ അസീസ്

Writer

Similar News