ഐലന്റ് ഓഫ് ബ്ലഡ്: മരണം തളംകെട്ടിയ നാടുകളുടെ കഥ

ഒരു സാഹസികയായ മാധ്യമപ്രവര്‍ത്തകയുടെ വിരസമായ അനുഭവക്കുറിപ്പുകളല്ല ഇത്, പകരം അമ്മയും, മകളും, ഭാര്യയുമായ ഒരു സ്ത്രീയുടെ ചിന്തകളും തമാശകളും തത്വചിന്തയും ഉള്‍ച്ചേര്‍ന്ന മികച്ച വായനാനുഭവമാണ് ഈ പുസ്തകം - അനിത പ്രതാപിന്റെ 'ഐലന്റ് ഓഫ് ബ്ലഡ്' പുസ്തകത്തിന്റെ വായന.

Update: 2024-10-16 07:33 GMT
Advertising

അനിത പ്രതാപിന്റെ ഐലന്റ് ഓഫ് ബ്ലഡ് വീണ്ടും വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു കൗതുകത്തിന് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞ് നോക്കി. പലരും ആ യുദ്ധഭൂമിയില്‍ തന്നെ കൊല്ലപ്പെട്ടിരുന്നു. റോയിട്ടേഴ്‌സിന്റെ പ്രതിനിധിയായി അഫ്ഗാനിസ്താനില്‍ പോയ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടിട്ട് അധിക കാലമായിട്ടില്ലല്ലോ. യുദ്ധങ്ങളുടേയും കലാപങ്ങളുടേയും പ്രവചനാതീതമായ ഭൂമികയിലേക്ക് ചെല്ലുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനപ്പുറത്ത് കണ്ട കാഴ്ചകള്‍ ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ത്രസിപ്പിക്കുന്നതാണെന്നാണ് എന്റെ പരിമിതമായ വായനാനുഭവം. വിഖ്യാത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌കിനെപ്പോലുള്ളവരുടെ യുദ്ധകാലത്തെ അനുഭവകഥകള്‍ ഉദാഹരണം. മരണത്തെക്കുറിച്ചാണ് ഇവരൊക്കെ പറയുന്നതെങ്കിലും യഥാര്‍ഥത്തില്‍ ജീവിതമാണ് വരികള്‍ക്കിടയില്‍ നിന്ന് വേര്‍ത്തിരിഞ്ഞ് വരുന്നത്. ജീവിതത്തെക്കുറിച്ച് തത്വചിന്താധിഷ്ഠിതമായ കാഴ്ചപ്പാടിലേക്ക് ഉയരാന്‍ ഈ സംഘര്‍ഷങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം ഇവരെ പ്രാപ്തരാക്കുന്നുണ്ടെന്ന് തീര്‍ച്ച. അത്തരമൊരു പുസ്തകമാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിത പ്രതാപ് എഴുതിയ ഐലന്റ് ഒഫ് ബ്ലഡ്. മരണം തളംകെട്ടിയ ഭൂമികകളെ മനനം ചെയ്ത് ജീവിതത്തെക്കുറിച്ച് പറയുകയാണ് അനിത പ്രതാപ് ഈ പുസ്തകത്തില്‍.

എണ്‍പതുകളുടെ ആദ്യം തുടങ്ങി രണ്ടായിരത്തിന്റെ തുടക്കം വരെ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ശ്രീലങ്കയിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും നടന്ന ആഭ്യന്തര യുദ്ധങ്ങളും വംശഹത്യകളും പ്രകൃതി ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്ത അനിത പ്രതാപിന്റെ ആദ്യ പുസ്തകമായ ഐലന്റ് ഓഫ് ബ്ലഡ് പ്രത്യക്ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ വിവരണമാണെന്ന് തോന്നുമെങ്കിലും ജീവിതത്തിനെക്കുറിച്ചും, ജേണലിസത്തെക്കുറിച്ചും, രാഷ്ട്രീയത്തിന്റെ അന്തസാരമില്ലായ്മയെക്കുറിച്ചും സത്യസന്ധമായ നിലപാട് മുന്നോട്ടുവെയ്ക്കുന്ന അതിസുന്ദരമായ കൃതിയായാണ് അനുഭവപ്പെടുക. ജീവിക്കുക എന്ന ലളിതമായ കാര്യത്തിനായി സങ്കീര്‍ണമായ സമസ്യകളിലൂടെ കടന്നുപോകുന്ന മനുഷ്യരെ അടുത്തറിഞ്ഞ് സാധാരണത്വം എത്ര വിലമതിക്കാനാവാത്ത അനുഗ്രഹമാണെന്ന അറിവ് ഈ കൃതിയില്‍ പലയിടത്തായി അനിത പ്രതാപ് പങ്കുവയ്ക്കുന്നു. Normality is such a blessing, a blessing we don't count until tragedy strikes എന്ന വാചകം ഈ പുസ്തകത്തിന്റെ അകകാമ്പായി വ്യാഖ്യാനിക്കാം. മേല്‍ വിവരിച്ചവയെല്ലാം വായനയുടെ ഉപോല്‍പന്നം പോലെ ലഭിച്ച അനുഭൂതികളെന്ന് കരുതിയാലും, ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ തനിക്ക് ബോധ്യപ്പെട്ട വസ്തുതകള്‍ മറയേതുമില്ലാതെ തുറന്നുപറയുന്ന കൃതിയാണ് ഐലന്റ് ഓഫ് ബ്ലഡ്. ഈ പുസ്തകത്തിന്റെ വായന നമ്മുടെ രാഷ്ട്രീയബോധ്യങ്ങളെ പിടിച്ചുകുലുക്കും. പ്രൊഫഷണല്‍ സമീപനത്തിന് ഒട്ടും ചോര്‍ച്ചയില്ലാതെ അനിതാപ്രതാപ് നടത്തിയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഈ തുറന്ന ആഖ്യാനം മാധ്യമവിദ്യാര്‍ഥികള്‍ക്ക് തീര്‍ച്ചയായും ഒരു റഫറന്‍സാണ്.

പലരും പ്രഭാകരനെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ബ്ലാക് ടൈഗേഴ്‌സ് എന്നു വിളിക്കുന്ന ചാവേറുകള്‍ അടക്കം കുറച്ചുപേര്‍ക്ക് മാത്രമേ അതിനുള്ള അവസരമുണ്ടായിരുന്നുള്ളൂ. പ്രഭാകരനെന്ന ജീവനുള്ള ബിംബം പുലികള്‍ എന്ത് ത്യജിച്ചും സംരക്ഷിക്കുമായിരുന്നു. ദ്രാവിഡ സങ്കല്‍പത്തില്‍ വീരാരാധന സാധാരണമാണ്. ഇതിനെക്കുറിച്ച് രാജന്‍ ഗുരുക്കളുടെ നിരീക്ഷണം ജോസി ജോസഫ് തന്റെ സൈലന്റ് കൂ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. വീരമരണത്തെ ആഘോഷിക്കുന്ന പാരമ്പര്യത്തെ, രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ആളിക്കത്തിക്കാന്‍ പുലികള്‍ ശ്രമിച്ചിരുന്നു. ആ മാനസിക നിലയാണ് അവരെ തെക്കന്‍ ഏഷ്യയിലെ ഏറ്റവും പ്രഹരശേഷിയുള്ള തീവ്രവാദ ഗ്രൂപ്പായി മാറാന്‍ സഹായിച്ചത്.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധങ്ങള്‍ ഒരുപക്ഷേ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളില്‍ ഒന്നായിരിക്കും. തമിഴ് വംശജര്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയെ രാഷ്ട്രീയവും വൈകാരികവുമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട പ്രശ്‌നംകൂടിയായിരുന്നു അത്. അതിക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും, അനാഥത്വവും നിത്യസംഭവമായ നാട്ടില്‍ അതിന്റെ കാര്യകാരണങ്ങള്‍ തിരഞ്ഞ് പോകുന്നത് ആത്മഹത്യാപരമാണ്. ഒരു യുദ്ധഭൂമിയില്‍ പോകുമ്പോള്‍ ഏതെങ്കിലും ഒരു സൈന്യത്തിന്റെ സുരക്ഷാകവചം ഒരു പരിധിവരെയെങ്കിലും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കും. എന്നാല്‍, ആഭ്യന്തരയുദ്ധക്കളം യുദ്ധനിയമങ്ങള്‍ അന്യമായ ഇടമാണ്. എങ്ങനെയെങ്കിലും പ്രതിയോഗിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ പോകുന്നവര്‍ക്ക് പൗരന്മാര്‍ പോലും വിഷയമല്ലാതിരിക്കെ മാധ്യമപ്രവര്‍ത്തകരുടെ കാര്യം പറയേണ്ടതില്ലല്ലോ! ആ സാഹചര്യത്തില്‍ വാര്‍ത്തയ്ക്കായി നിരോധിതപാതയില്‍കൂടി ഒരു മാധ്യമപ്രവര്‍ത്തക സഞ്ചരിച്ചാല്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ എത്രയാണ്? അത്തരമൊരു സംഭവം വിവരിക്കുന്നുണ്ട് അനിത ഈ പുസ്തകത്തില്‍. മുള്‍മുനയില്‍ നിന്നല്ലാതെ നമുക്ക് ആ ഭാഗം വായിച്ചു തീര്‍ക്കാനാകില്ല. തന്റെ ഭയങ്ങളെക്കുറിച്ചും, പരിമിതികളെക്കുറിച്ചും ധാരണയുണ്ടായിട്ടും വാര്‍ത്തയെന്ന നിധി തേടി ഒരു പ്രൊഫഷണല്‍ നടത്തുന്ന യാത്ര, മികച്ച വായനാനുഭവം തരുന്നു.  


| പ്രഭാകരനൊപ്പം എല്‍ടിടി ക്യാമ്പില്‍ അനിത പ്രതാപ്

മദര്‍ ആന്റ് സണ്‍സ് എന്ന ആദ്യ അധ്യായം തുടങ്ങുന്നത് മകന്‍ സുബിനുമായി അനിത പ്രതാപ് നടത്തുന്ന യാത്രയിലാണ്. ഫാക്ടും ഫിക്ഷനും ഇഴചേര്‍ന്ന ഫാക്ഷന്‍ എന്ന് പൂര്‍ണാര്‍ഥത്തില്‍ വിളിക്കാനാവില്ലെങ്കിലും ഗൗരവമുള്ള വിവരണങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന മുഷിപ്പന്‍ അനുഭവക്കുറിപ്പുകളല്ല ഐലന്റ് ഓഫ് ബ്ലഡ്. പകരം സ്വകാര്യജീവിതത്തിന്റെ ചില അറകള്‍ കൂടി വായനക്കാര്‍ക്കായി എഴുത്തുകാരി തുറന്നുവെച്ചിട്ടുണ്ട്. വയനാടന്‍ കാടുകള്‍ അനിതയില്‍ ശ്രീലങ്കയിലെ സാഹസികയാത്രകളെക്കുറിച്ചുള്ള ഓര്‍മ്മമകള്‍ ഉണര്‍ത്തുന്നതോടെ വായനക്കാരനും ആഖ്യാതാവിന്റെ കൂടെ ശ്രീലങ്കയില്‍ എത്തും. വേലുപിള്ളൈ പ്രഭാകരനെ അഭിമുഖം ചെയ്യാന്‍ നിരോധിത കാനനപാതയിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചതും, ജീവന്‍ മുറുകെപ്പിടിച്ച് ജാഫ്‌നയില്‍ എത്തുന്നതും, വെടിനിര്‍ത്തലിന്റെ സമയമായതിനാല്‍ മാത്രം ഇന്ത്യന്‍ പട്ടാളത്തിന്റെ തോക്കിന്‍ മുന്നില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയതും വായിക്കുമ്പോള്‍ ഏതോ ഹോളിവുഡ് സിനിമയുടെ തിരക്കഥയാണോ നമ്മള്‍ വായിക്കുന്നതെന്ന് തോന്നും. ഈ അധ്യായത്തില്‍ വായനക്കാരന് എല്‍റ്റിറ്റിഇയെക്കുറിച്ച് ഒരു ചിത്രം കിട്ടും. അച്ചടക്കമുള്ള, തമിഴ് ഈഴമെന്ന ആഴത്തിലുള്ള ലക്ഷ്യമുള്ള, സ്വപ്നങ്ങളെ അമാനുഷികമായി ഒളിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രഭാകരനെന്ന കുഴലൂത്തുകാരന് പുറകെ നടന്നിരുന്നത് കെട്ടുകഥയല്ലെന്ന് വ്യക്തമാകും. എല്‍റ്റിറ്റിഇ ഗറില്ലകളുടെ അച്ചടക്കത്തിന്റെ നില വിവരിക്കുന്ന ഒരു ഭാഗം ഉണ്ടിതില്‍. നീണ്ട യാത്രയ്ക്ക് ശേഷം കാട്ടിലൊരിടത്തുവെച്ച് കുളിക്കണമെന്ന് പറഞ്ഞ അനിതയ്ക്ക് നീണ്ട തുണികൊണ്ട് മറപിടിച്ച് അവിടെയൊരു സ്ത്രീ കുളിക്കുന്നുണ്ടെന്ന് ഗൗനിക്കുക പോലും ചെയ്യാതെ മറ്റെന്തൊക്കെയോ ലോക കാര്യങ്ങള്‍ ചര്‍ച്ചചെയ്ത രണ്ട് ഗറില്ലകള്‍ ഭാവനയല്ല, യാഥാര്‍ഥ്യമാണ്. ലൈംഗിക താല്‍പര്യങ്ങള്‍ പൂര്‍ണമായും ത്യജിച്ച് തമിഴ് ഈഴമെന്ന സ്വപ്നത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു അവരുടെ ജന്മങ്ങള്‍. അവിടെ ഒരു സ്ത്രീയ്ക്ക് കുളിക്കാന്‍ മറപിടിക്കുമ്പോഴും തികഞ്ഞ ത്യാഗികള്‍ക്ക് മാത്രം സാധ്യമായ നിരാകരണം പ്രകടിപ്പിക്കുകയാണ് അവര്‍. ഇത്ര അച്ചടക്കമുള്ള ഒരു സൈന്യം എല്‍റ്റിറ്റിഇയെപ്പോലെ അതിന് മുമ്പോ പിന്നെയോ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

ഇന്ത്യയുടെ റോ തന്നെയാണ് തമിഴ് പുലികള്‍ക്ക് പരിശീലനം നല്‍കിയത്. എന്നാല്‍, അവര്‍ തങ്ങളുടെ പ്രധാന എതിരാളികളാകുമെന്നത് പ്രഭാകരന്‍ പ്രവചിച്ചിട്ടുണ്ട്. അത്രമാത്രം ക്രാന്തദര്‍ശിയായിരുന്നു പ്രഭാകരന്‍. ആകാരത്തിലോ, ശബ്ദത്തിലോ തനിക്ക് ലോകം കല്‍പിച്ച് നല്‍കിയ സങ്കല്‍പത്തിന് ചേരാത്ത പ്രകൃതമായിരുന്നു പ്രഭാകരന്റേതെന്ന് അനിത പ്രതാപ് ഓര്‍ക്കുന്നു. ഒരു സാധാരണക്കാരനില്‍ നിന്ന് തികഞ്ഞ അച്ചടക്കമുള്ള ഒരു സൈനിക സ്വഭാവമുള്ള സംഘത്തെ നയിക്കുന്ന കമാന്ററായി മാറിയ പ്രഭാകരന്റെ ആശയദൃഢത അംഗീകരിക്കേണ്ടതാണെന്ന് പറയുന്നതില്‍ അനിത പ്രതാപിന് മടിയില്ല.

എല്‍റ്റിറ്റിഇയുടെ അച്ചടക്കവും ദൃഢനിശ്ചയവും മാത്രമല്ല അവരുടെ ക്രൂരതകളെക്കുറിച്ചും കാര്‍കശ്യങ്ങളെക്കുറിച്ചും തുടര്‍ന്നുവരുന്ന അധ്യായങ്ങളില്‍ അനിത പ്രതാപ് വെളിപ്പെടുത്തുന്നുണ്ട്. എല്‍റ്റിറ്റിഇയില്‍ ചേരാന്‍ താല്‍പര്യമില്ലെങ്കിലും ഭയം കാരണം സംഘടനയുടെ ഭാഗമാകേണ്ടി വന്ന വിദ്യാര്‍ഥികളെക്കുറിച്ച്, ചെറിയ തെറ്റുകള്‍ക്ക് പോലും മരണം വിധിക്കുന്ന രീതിയെക്കുറിച്ച്, ശരീരം തന്നെ ആയുധമാക്കുന്നതിന്റെ ഭീകരതയെക്കുറിച്ചെല്ലാം വളരെ വിശദമായി പറയുന്നു. ഗ്രഹത്തിന് ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങള്‍ പോലെ തമിഴ് യുവാക്കള്‍ തങ്ങളുടെ ജീവിതം പ്രഭാകരനെ ചുറ്റാന്‍ വിനിയോഗിക്കുന്നു. ഹിപ്‌നോട്ടൈസ് ചെയ്തപോലെ അവര്‍ തങ്ങളുടെ കുടുംബത്തേയും, അച്ഛനമ്മമാരേയും മറക്കുന്നു. മരണസമയത്തുപോലും അവസാനമായി അണ്ണാ എന്ന് വിളിച്ച് മരിക്കുന്നു. ഇതിലെ കൗതുകകരമായ സംഗതി പലരും പ്രഭാകരനെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ബ്ലാക് ടൈഗേഴ്‌സ് എന്നു വിളിക്കുന്ന ചാവേറുകള്‍ അടക്കം കുറച്ചുപേര്‍ക്ക് മാത്രമേ അതിനുള്ള അവസരമുണ്ടായിരുന്നുള്ളൂ. പ്രഭാകരനെന്ന ജീവനുള്ള ബിംബം പുലികള്‍ എന്ത് ത്യജിച്ചും സംരക്ഷിക്കുമായിരുന്നു. ദ്രാവിഡ സങ്കല്‍പത്തില്‍ വീരാരാധന സാധാരണമാണ്. ഇതിനെക്കുറിച്ച് രാജന്‍ ഗുരുക്കളുടെ നിരീക്ഷണം ജോസി ജോസഫ് തന്റെ സൈലന്റ് കൂ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. വീരമരണത്തെ ആഘോഷിക്കുന്ന പാരമ്പര്യത്തെ, രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ആളിക്കത്തിക്കാന്‍ പുലികള്‍ ശ്രമിച്ചിരുന്നു. ആ മാനസിക നിലയാണ് അവരെ തെക്കന്‍ ഏഷ്യയിലെ ഏറ്റവും പ്രഹരശേഷിയുള്ള തീവ്രവാദ ഗ്രൂപ്പായി മാറാന്‍ സഹായിച്ചത്. 


ഇന്ത്യയുടെ റോ തന്നെയാണ് പുലികള്‍ക്ക് പരിശീലനം നല്‍കിയത്. എന്നാല്‍, അവര്‍ തങ്ങളുടെ പ്രധാന എതിരാളികളാകുമെന്നത് പ്രഭാകരന്‍ പ്രവചിച്ചിട്ടുണ്ട്. അത്രമാത്രം ക്രാന്തദര്‍ശിയായിരുന്നു പ്രഭാകരന്‍. ആകാരത്തിലോ, ശബ്ദത്തിലോ തനിക്ക് ലോകം കല്‍പിച്ച് നല്‍കിയ സങ്കല്‍പത്തിന് ചേരാത്ത പ്രകൃതമായിരുന്നു പ്രഭാകരന്റേതെന്ന് അനിത പ്രതാപ് ഓര്‍ക്കുന്നു. ഒരു സാധാരണക്കാരനില്‍ നിന്ന് തികഞ്ഞ അച്ചടക്കമുള്ള ഒരു സൈനിക സ്വഭാവമുള്ള സംഘത്തെ നയിക്കുന്ന കമാന്ററായി മാറിയ പ്രഭാകരന്റെ ആശയദൃഢത അംഗീകരിക്കേണ്ടതാണെന്ന് പറയുന്നതില്‍ അനിത പ്രതാപിന് മടിയില്ല. രുചികരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, ബ്രഹ്മചര്യമെന്ന പുലികളുടെ നയം തെറ്റിച്ച് വിവാഹം ചെയ്യുകയും ചെയ്തിട്ടും പ്രഭാകരനെന്ന വന്‍മരം ഒട്ടും ഉലച്ചില്‍ തട്ടാതെ പുലികളെ നയിച്ചു. ശ്രീലങ്കയുടേയും ഇന്ത്യയുടേയും സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തി. അവരുടെ പ്രവചനങ്ങളെ തെറ്റിച്ച് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. പ്രഭാകരനുമായുള്ള കൂടിക്കാഴ്ചകള്‍ തനിക്ക് ഉണ്ടാക്കിയ അപഖ്യാതിയെ നര്‍മബുദ്ധയോടെ അനിത പ്രതാപ് എടുത്തുപറയുന്നുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സൈനികരുടെ ഭാഗത്തുനിന്നും നിരന്തരം ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ പ്രഭാകരനോട് പറയാന്‍ പറയുമ്പോള്‍ താന്‍ ദൂതനല്ല മാധ്യമപ്രവര്‍ത്തകയാണെന്ന് പറയുന്ന ധൈര്യത്തിനുടമയാണ് അനിതാപ്രതാപ്. പ്രഭാകരന്‍ പക്ഷേ പ്രവര്‍ത്തിയല്ലാതെ വാക്കുകള്‍ കൊണ്ട് ആരെയും ഭീഷണിപ്പെടുത്താറില്ല.

1988-89 കാലഘട്ടത്തില്‍ ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം അതിന്റെ രൗദ്രഭാവം കൈകൊണ്ട സമയമായിരുന്നു. ആ കാലത്തെ അനുഭവം അനിത പ്രതാപ് വിവരിക്കുന്നത് വായിക്കുമ്പോള്‍ ശ്രീലങ്കയില്‍ നടന്ന നരകതുല്യമായ അക്രമങ്ങളുടെ നേര്‍ചിത്രം കിട്ടും. ഒരു കൂട്ടം യുവാക്കളെ കൊടിയ പീഡനത്തിന് ശേഷം കഴുത്തില്‍ ടയര്‍ ഇട്ട് കത്തിച്ച് കൊന്നുതള്ളിയത് കാണേണ്ടിവന്നത് വളരെ വേദനയോടെ അവര്‍ ഓര്‍ക്കുന്നു. ആഭ്യന്തരയുദ്ധങ്ങളില്‍ ഇത്തരം ക്രൂരതകള്‍ ഉണ്ടാവുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ അതിവിദഗ്ധമായി ഭരണാധികാരികള്‍ അവയെ എത്തിക്കുകയും ചെയ്യും. ജോലിയുടെ ഭാഗമായി ഇതെല്ലാം കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്ര വലിയ മാനസിക പിരിമുറുക്കമാണ് അത് ഉണ്ടാക്കുന്നത്. കെവിന്‍ കാര്‍ട്ടറെപ്പോലെ ചിലര്‍ ആത്മഹത്യ ചെയ്യും. അനിത പ്രതാപിനെപ്പോലുള്ള മനോബലമുള്ള സ്ത്രീകള്‍പോലും നിലകിട്ടാതെ കരഞ്ഞുപോകും. മനുഷ്യനും അവന്റെ രാഷ്ട്രീയത്തിനും സ്വാര്‍ഥതക്കുമെല്ലാം അപ്പുറം മനുഷ്യത്വമെന്ന വാക്കിന് നിലനില്‍പ്പുണ്ട് എന്ന് ഈ പുസ്തകം പറയാതെ പറഞ്ഞുവെയ്ക്കുന്നു. എല്‍റ്റിറ്റിഇ ലോകത്തെ വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടാക്കിയിരുന്നു. പ്രധാനമായും ആയുധമെത്തിക്കാനാണ് ഈ ബന്ധങ്ങള്‍ ഉപയോഗിച്ചത്. വിശാല തമിഴ്ഈഴമെന്ന കാല്‍പനിക സ്വപ്നത്തിന് പതിനായിരക്കണക്കിന് നിരപരാധികള്‍ ജീവന്‍ നഷ്ടപ്പെടുത്തി. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡണ്ടായിരുന്ന രണസിങ്കെ പ്രേമദാസനുമടക്കമുള്ള പ്രമുഖരും അവരുടെ ഹിറ്റ് ലിസ്റ്റില്‍ പെട്ടു. ചോരക്കളിയുടെ ആകെത്തുക പക്ഷേ നഷ്ടം തന്നെ. 


എല്‍റ്റിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരിലാണ് എന്റെ തലമുറ അനിത പ്രതാപ് എന്ന മാധ്യമപ്രവര്‍ത്തകയെ കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, അതിലും അനിശ്ചിതത്വം നിറഞ്ഞ ആഭ്യന്തര കലഹങ്ങള്‍ക്കിടയില്‍ നിര്‍ഭയയായി നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അവരെന്ന് ഈ പുസ്തകം വായിക്കുമ്പോഴായിരിക്കും നാം തിരിച്ചറിയുക. സിഎന്‍എന്‍ പ്രതിനിധിയായിരിക്കുമ്പോള്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ അട്ടിമറി റിപ്പോര്‍ട്ട് ചെയ്ത അനുഭവങ്ങള്‍ അഫ്ഗാനിസ്താന്‍ ദ ഡൂമ്ഡ്‌ലാന്റ് എന്ന ഭാഗത്ത് പ്രതിപാദിച്ചിട്ടുണ്ട്. താലിബാന്‍ ഭരണത്തില്‍ വന്നപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ തൊഴിലെടുക്കരുതെന്നും വിദ്യാഭ്യാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള നയങ്ങള്‍ താലിബാന്‍ നടപ്പാക്കി. രസകരമായ സംഗതി എന്തെന്ന് വെച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കുന്ന ആണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു എന്നതാണ്. അതുപക്ഷേ താലിബാന്റെ വിലക്ക് കാരണമല്ല, മറിച്ച് അധ്യാപകരില്‍ അധിക ശതമാനം പേരും സ്ത്രീകളായിരുന്നത് കൊണ്ടാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമില്ലല്ലോ! വീഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ടായിരുന്ന രാജ്യത്ത് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ ഈ ഭാഗത്ത് പറയുന്നുണ്ട്. സ്ത്രീകള്‍ തൊഴിലെടുക്കുന്നത് വിലക്കിയപ്പോള്‍ ദുരിതമനുഭവിച്ച മറ്റൊരു കൂട്ടര്‍ വിധവകളാണ്. വിശക്കുന്ന കുട്ടികള്‍ക്ക് വയറുനിറയ്ക്കാന്‍ താലിബാന്റെ കണ്ണ് വെട്ടിച്ച് അവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നു. പര്‍ദ ധരിക്കണമെന്ന നിയമവും പാവപ്പെട്ടവര്‍ക്ക് വെല്ലുവിളിയായി. പര്‍ദ വാങ്ങാന്‍പോയിട്ട് ശൈത്യകാലത്ത് കട്ടിയുള്ള വസ്ത്രം വാങ്ങിക്കാന്‍ പോലും കെല്‍പുണ്ടായിരുന്നവരായിരുന്നില്ല ആ പാവങ്ങള്‍. വടക്കന്‍ അഫ്ഗാനിസ്താനില്‍ ബല്‍കിസ്താന്‍ എന്ന രാജ്യം ഉണ്ടായിവന്നതും മാസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായതും, വിസയില്ലാത്ത ആ നാട്ടിലേക്ക് എത്തിപ്പെട്ടതിന്റേയും രസകരമായ കഥ ഇതേ ഭാഗത്ത് വിവരിക്കുന്നുണ്ട്. അനിശ്ചിതത്വം നിറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ ജീവിതം എഴുതുമ്പോള്‍ അതില്‍ ഒരു വീമ്പു പറച്ചിലിന്റെ ഭാവം ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ പുസ്തകത്തില്‍ അത്തരമൊരു ഭാവം കാണാന്‍ കഴിയില്ല. ചിലയിടത്തെങ്കിലും അത്തരമൊരു ഭാവത്തിന്റെ അനുരണനം തോന്നിയാലും അത് ഈ എഴുത്തുകാരി അര്‍ഹിക്കുന്നതാണെന്ന് കരുതാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

അയോധ്യയില്‍ പുതിയ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ കഴിഞ്ഞ സാഹചര്യത്തില്‍ 1992 ല്‍ ബാബരി മസ്ജിദ് പൊളിക്കുന്നതിന് ദൃക്‌സാക്ഷിയായ മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കര്‍സേവ നടക്കുന്നതിന് മൂന്ന് ദിവസം മുന്നേ സ്ഥലത്ത് എത്തുകയും ആ രംഗങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു അനിത പ്രതാപ്. ഹിന്ദു വികാരം അത്രമാത്രം ആളികത്തിക്കാന്‍ വിശ്വഹിന്ദു പരിഷത്തിനും ബിജെപിക്കും ആയിരുന്നു. സാമാന്യം വിദ്യാഭ്യാസവും അറിവുമുള്ളവര്‍ പോലും രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചിരുന്നു എന്ന വസ്തുത അല്‍പം അത്ഭുതത്തോടെയാണ് അനിത പ്രതാപ് ഉള്‍ക്കൊണ്ടത്. പിന്നീടുള്ള വിവരണങ്ങളെല്ലാം നമുക്കറിയാവുന്ന കാര്യങ്ങള്‍ തന്നെ.

മുംബൈ കലാപത്തിന്റെ ചൂടിലാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുമായി അനിത പ്രതാപ് ഒരു അഭിമുഖം നടത്തുന്നത്. kick them out എന്ന പിന്നീട് കുപ്രസിദ്ധമായ താക്കറെയുടെ പ്രസ്താവനക്ക് അടിസ്ഥാനമായ അഭിമുഖമായിരുന്നു അത്. അനിത പ്രതാപിനെ കോടതി കേറ്റിയ അഭിമുഖം. ജര്‍മനിയില്‍ നാസികള്‍ ജൂതന്മാരോട് ചെയ്തത് പോലെയാണ് ഇവിടെ മുസ്‌ലിംകളോട് ശിവസേനക്കാര്‍ ചെയ്യുന്നതെന്ന അനിതയുടെ ചോദ്യത്തിന് അവര്‍ ജൂതന്മാരെപ്പോലെ പെരുമാറിയിട്ടുണ്ടോ ഉണ്ടെങ്കില്‍ അവരോട് അങ്ങനെ പെരുമാറിയതില്‍ തെറ്റില്ലെന്ന പ്രസ്താവനയും അന്ന് ഏറെ വിവാദമായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകയുടെ ഉറച്ചബോധ്യങ്ങള്‍ നയിച്ച അഭിമുഖമായിരുന്നു അത്. എത്ര വലിയ രാഷ്ട്രീയ നേതാവായാലും കൃത്യമായ ചോദ്യങ്ങളില്‍ അവരുടെ പൊള്ളത്തരങ്ങള്‍ പൊളിഞ്ഞ് വീഴും. ഇന്നും അത്രയൊന്നും സാധാരണമല്ലാത്ത ഇത്തരം ബോധ്യങ്ങളുടെ അഭാവമാണ് ജേണലിസത്തിന്റെ ഇപ്പോഴത്തെ അപചയത്തിന് കാരണം.  


| വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം കൊണ്ടുപോകുന്ന ശ്രീലങ്കന്‍ സൈനികര്‍

രാജ്യത്തിന്റെ അകത്തും പുറത്തുമായി നടന്ന വിവിധ പ്രകൃതി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവങ്ങളാണ് ബാക്കിയുള്ള ഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ബംഗ്ലാദേശിലെ കൊടുങ്കാറ്റും പേമാരിയും തകര്‍ത്ത ഗ്രാമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന സമയത്ത് യാതൊരു സുരക്ഷയും നോക്കാതെ ഒരു പൊളിഞ്ഞ ബോട്ടില്‍ യാത്ര ചെയ്തതും.

മഹാരാഷ്ട്രയിലെ കില്ലാരിയില്‍ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ ശവശരീരങ്ങള്‍ ആശുപത്രി വളപ്പില്‍ കുന്നുകൂട്ടിയിട്ടതിന്റെ ഭീകരതയും, ഉത്തര്‍പ്രദേശിലെ ഹസാരയില്‍ ഒരു നദി ഒരു ഗ്രാമത്തെ ഒന്നാകെ വിഴുങ്ങിയതും, വരള്‍ച്ചയെ പേടിച്ച് ഗ്രാമവാസികള്‍ നഗരങ്ങളിലേക്ക് നടത്തിയ പറിച്ചുനടലുകളും തുടങ്ങി ജനങ്ങളെ പിടിച്ച് കുലുക്കിയ, തകര്‍ത്ത ഒട്ടേറെ വാര്‍ത്തകള്‍ അനിത പ്രാതാപ് തന്റെ മാധ്യമപ്രവര്‍ത്തനത്തിനിടെ ലോകത്തിന് മുന്നില്‍ കൊണ്ടുവന്നു. പലതും ടെലിവിഷന്‍ ചാനലുകളെപ്പോലും മറികടക്കുന്ന എക്‌സ്‌ക്ലൂസീവുകളായിരുന്നു. എന്നാല്‍, എക്‌സ്‌ക്ലൂസീവുകള്‍ സൃഷ്ടിക്കാന്‍ മാത്രം വാര്‍ത്തയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകയല്ല എഴുത്തുകാരിയെന്നാണ് ഈ പുസ്തകം നമുക്ക് തരുന്ന ചിത്രം. വാര്‍ത്തകളെ അത്രമാത്രം സ്‌നേഹിക്കുകയും അത് ആത്മാര്‍ഥമായി ചെയ്യുമ്പോള്‍ തന്നെ അതിന് പുറത്ത് മനുഷ്യത്വത്തിന്റെ ഒരു പാളി ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നുണ്ട് അനിത പ്രതാപ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊന്നും ഇല്ലാതിരുന്ന കാലത്ത് സ്വന്തം സുരക്ഷപോലും അപകടത്തിലാക്കിക്കൊണ്ട് അനിത പ്രതാപ് ചെയ്ത റിപ്പോര്‍ട്ടുകള്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പ്രധാന അധ്യായമാണ്.

മാധ്യമസ്വാതന്ത്ര്യത്തില്‍ നൂറ്റിഅറുപത്തൊന്നാം സ്ഥാനത്തെത്തി നില്‍ക്കുന്ന ഒരു രാജ്യത്ത് മാധ്യമപ്രവര്‍ത്തകരുടെ നില ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്നിരിക്കെ അനിത പ്രതാപിനെപ്പോലെ, ചിത്ര സുബ്രഹ്മണ്യത്തെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുകൂടി ലോകം ചര്‍ച്ച ചെയ്യണം.

ചരിത്രത്തെ ഒട്ടും പരിക്കുകളില്ലാതെയാണ് ഐലന്റ് ഓഫ് ബ്ലഡില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ആഖ്യാന ശൈലിയിലും ഭാഷയിലും മാധ്യമപ്രവര്‍ത്തകയുടെ കൃത്യതയും ലാളിത്യവും അനിത പ്രതാപ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. ചോരകൊണ്ട് ചുവന്ന ഒരു കാലം ഓര്‍മിച്ചെടുത്ത് എഴുതുമ്പോള്‍ ആഖ്യാനം അല്‍പം ഇരുണ്ടതാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, മരണവും ദാരിദ്ര്യവും അഴിമതിയും നിറഞ്ഞ ഇരുണ്ട ലോകത്തെക്കുറിച്ച് പറയുമ്പോഴും സൂക്ഷ്മമായ നര്‍മം ഇടയ്ക്കിടെ ചേര്‍ക്കാന്‍ എഴുത്തുകാരി മടിക്കുന്നില്ല. സങ്കീര്‍ണമായ വിഷയങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ആ രചനാ ശൈലിക്ക് സാധിക്കുന്നു. പുസ്തകത്തിലെ വിവരണങ്ങളേ തീരുന്നുള്ളൂ. യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കുന്നില്ല. യുദ്ധങ്ങളും, കലാപങ്ങളും, ദുരന്തങ്ങളും നിര്‍മാര്‍ജനം ചെയ്യപ്പെടാത്ത പകര്‍ച്ചവ്യാധികളായി മനുഷ്യരെ ബാധിച്ചുകൊണ്ടേയിരിക്കുകയാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു സാഹസികയായ മാധ്യമപ്രവര്‍ത്തകയുടെ വിരസമായ അനുഭവക്കുറിപ്പുകളല്ല ഇത്, പകരം അമ്മയും, മകളും, ഭാര്യയുമായ ഒരു സ്ത്രീയുടെ ചിന്തകളും തമാശകളും തത്വചിന്തയും ഉള്‍ച്ചേര്‍ന്ന മികച്ച വായനാനുഭവമാണ് ഈ പുസ്തകം. വിശദമായ വായന സാധിക്കുമെങ്കില്‍ എണ്‍പതുകളുടെ ആദ്യം മുതല്‍ രണ്ടായിരത്തിന്റെ തുടക്കം വരെ തെക്കേ ഏഷ്യ കണ്ട പ്രധാന സംഭവങ്ങളുടെ ചുരുക്കെഴുത്താണ് ഈ കൃതി.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ലെനിന്‍ സുഭാഷ്

Writer

Similar News