ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01)

Update: 2024-07-02 13:02 GMT
Advertising

മുസ്‌ലിംകളുടെ പ്രവര്‍ത്തിയുമായി ഇസ്‌ലാമോഫോബിയാ പ്രചാരണത്തിന് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. മുസ്‌ലിംകളുടെ സാന്നിധ്യമായോ സാന്നിധ്യ സാധ്യതയോ പോലും ഇസ്‌ലാമോഫോബിക് വിദ്വേഷപ്രചാരണത്തിന് കാരണമാവും. കേരളത്തിലെ പ്രധാന സമുദായങ്ങളായ ഈഴവ, നായര്‍ സമുദായങ്ങള്‍ എന്‍.ഡി.എക്ക് നല്‍കിയ വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ സി.എസ്.ഡി.എസ്-ലോക്‌നീതി നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയിലൂടെ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് നായര്‍ വിഭാഗത്തല്‍ 45 ശതമാനവും ബി.ജെ.പിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഈഴവരില്‍ 32 ശതമാനവും എന്‍.ഡി.എക്ക് അനുകൂലമായി സമ്മതിദാനാവകാശം വിനിയോഗിച്ചു. ക്രൈസ്തവരില്‍ അഞ്ച് ശതമാനത്തോളം പേര്‍ ഇപ്രകാരം വോട്ട് ചെയ്തതായും കണക്കുകളില്‍ കാണുന്നു. എന്നാല്‍, ഫാസിസ്റ്റ് വിരുദ്ധ നിലപാടെടുത്ത മുസ്‌ലിം ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ചു തീവ്രവാദ, മതരാഷ്ട്ര, വര്‍ഗീയാരോപണങ്ങള്‍ വികസിച്ചുവെന്നതാണ് കഴിഞ്ഞ ഏപ്രില്‍-മെയ്-ജൂണ്‍ മാസങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ ബാക്കിപത്രം. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടെനെ ജാതി സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ഒരു പ്രതികരണവും ഇടതു-വലതു രാഷ്ട്രീയ മുന്നണികളില്‍ നിന്നുണ്ടായില്ല (22 ജൂണ്‍ 2024, മാതൃഭൂമി ന്യൂസ്). എന്നാല്‍, മുസ്‌ലിം സാമുദായിക - രാഷ്ട്രീയ സംഘാടനത്തെ വംശീയമായ വിഭജിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന അനേകം ചര്‍ച്ചകള്‍ നടന്നു.

18ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മുസ്‌ലിം ഉള്ളടക്കമുള്ള ഒരു രാഷ്ട്രീയ സംഘടനയില്‍ (എസ്.ഡി.പി.ഐ) വര്‍ഗീയത ആരോപിച്ചാണ് ഇലക്ഷന്‍ ചര്‍ച്ച തുടങ്ങിയത് (ഏപ്രില്‍ ഒന്ന്). തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലാണ് എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏത് വര്‍ഗീയപാര്‍ട്ടിയെയും ആശ്രയിക്കാവുന്ന തരത്തില്‍ യു.ഡി.എഫ് എത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെ വിമര്‍ശിച്ചു. അതിനു തൊട്ടുപിന്നാലെ യു.ഡി.എഫ് നേതാവ് വി.ഡി സതീശന്‍ എസ്.ഡി.പി.ഐ പിന്തുണക്കെതിരേ രംഗത്തുവന്നു. തീവ്രവാദ സ്വാഭാവമുളള സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ ന്യൂനപക്ഷവര്‍ഗീയതയെയും എതിര്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചെങ്കിലും അത് തള്ളിയതായ വാര്‍ത്തയൊന്നും കണ്ടില്ല.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും 'നല്ല മുസ്‌ലിം'കള്‍ക്കും 'മതേതര സമൂഹ'ത്തിനുമെതിരേ ഗൂഢാലോചന നടത്തുന്നവരായി ചില മുസ്‌ലിം സംഘടനകളെ ചിത്രീകരിക്കുന്ന ശൈലി കേരളത്തില്‍ വികസിപ്പിക്കപ്പെട്ടിരിക്കുന്നു. കാലങ്ങളായി, ഒരു മുന്നണിക്കു വോട്ടു ചെയ്താല്‍ മറുപക്ഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പതിവ്. കോണ്‍ഗ്രസും സി.പി.എമ്മും ഇതില്‍ നിന്നു മുക്തമല്ല. സ്വാഭാവികമായും കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ഭരണപക്ഷമായ സി.പി.എം ആണ് ഇതിനു മുന്നില്‍. 

ഫലപ്രഖ്യാപനത്തോടെയാണ് അടുത്ത ഘട്ടം ആരംഭിച്ചത്. ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.എം ന്യൂനപക്ഷപ്രീണനം നടത്തിയെന്നും അതാണ് സി.പി.എമ്മിന്റെ കൂട്ടത്തോല്‍വിക്ക് കാരണമെന്ന പരാമര്‍ശവുമായി വിവിധ പാര്‍ട്ടി, സംഘടനാ നേതാക്കള്‍ രംഗത്തുവന്നു. വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് പല നിലയില്‍ പ്രതികരണങ്ങളുണ്ടായി. ഇസ്‌ലാമോഫോബിയയുടെ ഒരു തരംഗം തന്നെയാണ് അത് സൃഷ്ടിച്ചത്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും 'നല്ല മുസ്‌ലിം'കള്‍ക്കും 'മതേതര സമൂഹ'ത്തിനുമെതിരേ ഗൂഢാലോചന നടത്തുന്നവരായി ചില മുസ്‌ലിം സംഘടനകളെ ചിത്രീകരിക്കുന്നശൈലി കേരളത്തില്‍ വികസിപ്പിക്കപ്പെട്ടിരിക്കുന്നു. കാലങ്ങളായി, ഒരു മുന്നണിക്കു വോട്ടു ചെയ്താല്‍ മറുപക്ഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പതിവ്. കോണ്‍ഗ്രസും സി.പി.എമ്മും ഇതില്‍ നിന്നു മുക്തമല്ല. സ്വാഭാവികമായും കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ഭരണപക്ഷമായ സി.പി.എം ആണ് ഇതിനു മുന്നില്‍.

ഇസ്‌ലാമോഫോബിയയുടെ പ്രധാനമായ പ്രശ്‌നങ്ങളിലൊന്ന് മുസ്‌ലിം സംഘാടനത്തോട് എടുക്കുന്ന സമീപനമാണ്. മുസ്‌ലിംകള്‍ ഒരു പാര്‍ട്ടിയിലോ സംഘടനയിലോ ഒത്തുചേരുന്നത് 'വര്‍ഗീയത'യായാണ് വിശേഷിപ്പിക്കപ്പെട്ടത്. മുസ്‌ലിം സംഘടനകള്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണകൊടുക്കുന്നത് 'തീവ്രവാദ'മായും 'മതരാഷ്ട്ര സംസ്ഥാപന' ശ്രമമായും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതു സാഹചര്യത്തിലും വൈവിധ്യങ്ങള്‍ ഒന്നുമില്ലാതെ മുസ്‌ലിം സംഘടനകള്‍ ഒന്നാണെന്ന പ്രതീതിയും സൃഷ്ടിക്കുന്നു.

തെരഞ്ഞെടപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ ഈ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങല്‍ തുടങ്ങി. ബലിയാടാക്കല്‍ (സ്‌കേപ് ഗോട്ടിംഗ്) പോലെ പ്രത്യേകിച്ച് ഒരു യുക്തിയുമില്ലാതെ ആചാര സമാനമായ ഒരു പ്രക്രിയയാണ് ഈ ആരോപണങ്ങള്‍. ഇതുവഴി ആരോപണമുന്നയിക്കുന്നവര്‍ക്ക് സ്വയം സുരക്ഷിതമാക്കാനും സങ്കീര്‍ണമായ സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെ മറ്റൊരു ദിശയിലേക്കു സ്ഥലംമാറ്റാനും കഴിയുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നാലും ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭൂരിപക്ഷ ദേശീയതക്കൊപ്പം അണിനിരന്നവര്‍ക്ക് ഉറപ്പും സുരക്ഷയും സമാധാനവും നല്‍കുന്ന ബലിയാടുകളെ നേരത്തെതന്നെ തയ്യാറാക്കിയതിനാല്‍ ഒരു പ്രത്യേക സാഹചര്യം ആവശ്യപ്പെടുന്ന ഒരു സാമൂഹിക വിശകലന സമീപനം മാറ്റിവെക്കാന്‍ കഴിയുന്നു. മുസ്‌ലിം സംഘാടനത്തോടുള്ള മുന്‍കൂര്‍ നിര്‍മിത ധാരണകളിലേക്ക് പുതിയ ഘടകങ്ങള്‍ കണ്ണി ചേര്‍ക്കുന്നു. യുക്തിപരമായ വിശകലനം ആവശ്യമില്ലാത്ത വിധം ആഖ്യാനങ്ങള്‍ യാന്ത്രികമായി പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നു. വംശീയ വാര്‍പ്പു മാതൃകകളുടെ ശക്തിയും അതാണ്. തെരഞ്ഞെടുപ്പില്‍ എന്തു നടന്നാലും മുസ്‌ലിം അപരരെക്കുറിച്ചുള്ള നിലപാടുകള്‍ യാന്ത്രികമായി ആവര്‍ത്തിക്കുന്നുവെന്നു മാത്രം.

യു.ഡി.എഫിന്റെ സംഘടനാതലം: എ.കെ ബാലന്റെ പ്രസ്താവനകള്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ഫലം വരുന്നതിനു മുമ്പു തന്നെ ആദ്യ വെടിപൊട്ടിച്ചത് സി.പി.എം നേതാവ് എ.കെ ബാലനാണ്. ഫലപ്രഖ്യാപനത്തിന് തൊട്ടു തലേദിവസമായിരുന്നു അത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സംഘടനാതലം ചലിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണെന്ന ബാലന്റെ പ്രതികരണം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു: ''എല്‍.ഡി.എഫിന്റെ വിജയത്തെ മുന്നില്‍ കണ്ടുകൊണ്ട് എല്ലാവഴിവിട്ട മാര്‍ഗങ്ങളും യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്‌ലാമിയും മറ്റൊരു ഭാഗത്ത് എസ്.ഡി.പി.ഐയുമായിരുന്നു. ചിലയിടങ്ങളില്‍ ആര്‍.എസ്.എസിലെ ഒരു വിഭാഗത്തിന്റെ സഹായവും കിട്ടിയിട്ടുണ്ട്. ഇത് പ്രകടമായത് വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ്. എല്‍.ഡി.എഫിന് മികച്ച വിജയം ലഭിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഈ പ്രവര്‍ത്തനം അവര്‍ നല്ലരൂപത്തില്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് എല്‍.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും''. (മീഡിയവണ്‍ ജൂണ്‍ 3, 2024). യു.ഡി.എഫ് സ്വീകരിച്ച ഈ 'വഴിവിട്ട മാര്‍ഗം' പൊതുജനാധിപത്യ-മതേതര സംവിധാനത്തിനും, കേരളത്തിലെ സംശുദ്ധരാഷ്ട്രീയത്തിനും ഏറ്റവും വലിയ ആപത്തായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. 


ജൂണ്‍ 4ലെ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും ബാലന്‍ ഇക്കാര്യം ആവര്‍ത്തിച്ചു: ''യു.ഡി.എഫിന്റെ സംഘടനയെ ചലിപ്പിച്ചത് കോണ്‍ഗ്രസ്സോ മുസ്‌ലിം ലീഗോ അല്ല. അതിന്റെ പിന്നില്‍ വലിയൊരു ശക്തിയുണ്ട്. അത് ജമാഅത്തെയും എസ്.ഡി.പി.ഐയുമാണ്. അത് കുറച്ചുകാണണ്ട, അതിന്റെ ആപത്ത് അവര്‍ മനസ്സിലാക്കാന്‍ പോകുന്നേയുള്ളൂ. ഞങ്ങളുടെ പരാജയത്തെ സംബന്ധിച്ച് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇപ്പറഞ്ഞ കാര്യം അത് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന അപകടകരമായ സൂചനയുടെ ലക്ഷണമാണ്. ഇപ്പോള്‍ യു.ഡി.എഫ് വിജയിച്ചിട്ടുണ്ട്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരായിരുന്നതെന്ന് വ്യക്തമാവും. പ്രകടമായിട്ടുതന്നെ ജമാഅത്തെയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് നമുക്കൊക്കെ അറിയാം. എല്ലാ സ്ഥലത്തും ഒരേ രൂപത്തിലല്ല, ഏറ്റക്കുറച്ചിലോടു കൂടിയിട്ടാണ്. ഈയൊരു ആപത്ത് നമ്മുടെ മതേതര കേരളത്തിന്റെ ഏറ്റവും വലിയ വൃണമാണ്. അത് തിരിച്ചറിയണം.... പാലക്കാടും നേരത്തേ സൂചിപ്പിച്ച ആപത്തുണ്ടായിട്ടുണ്ട്.''. (ജൂണ്‍ 4 2024, ഏഷ്യാനെറ്റ് ന്യൂസ്).

ഈ പ്രതികരണങ്ങള്‍ പുറത്തുവരും മുന്‍പേത്തന്നെ ബാലന്‍ മറ്റൊരു ആക്രമണം കൂടി നടത്തിയിരുന്നു. അന്നദ്ദേഹം ലീഗിനെയാണ് ലക്ഷ്യംവച്ചത്. മുസ്‌ലിം ലീഗിനെ ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ വര്‍ഗീയ ശക്തികള്‍ റാഞ്ചിയെന്നായിരുന്നു പ്രസ്താവന: ''മുസ്‌ലിം ലീഗിനെ ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും ചേര്‍ന്ന് റാഞ്ചുകയാണ് ചെയ്തത്. യു.ഡി.എഫിന്റെ സംഘടന ജമാത്തിന്റെയും എസ്.ഡി.പി.ഐയുടെയും കയ്യിലായി. അര്‍.എസ്.എസ്സുമായും ഒരു ചങ്ങാത്തമുണ്ടാക്കി. കുറേ കോണ്‍ഗ്രസ്സുകാര്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പകരം പാലക്കാട് ബി.ജെ.പിയുടെ ഗണനീയവോട്ട് കോണ്‍ഗ്രസ്സിന് പോയി'' (ജൂണ്‍ 1, 2024 റിപ്പോര്‍ട്ടര്‍).

യു.ഡി.എഫ് ക്യാമ്പയിന്‍ : കെ.എന്‍ ഗണേഷിന്റെ സിദ്ധാന്തം

യു.ഡി.എഫ് കാമ്പയിന്‍ എസ്.ഡി.പി.ഐ ഏറ്റെടുത്തുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത് പക്ഷേ, എ.കെ ബാലനല്ല, ചരിത്രകാരനായ കെ.എന്‍ ഗണേഷാണ്. മെയ് രണ്ടാം തിയ്യതി വടകരയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതാര് എന്ന ശീര്‍ഷകത്തില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ (ബിജുമോഹന്‍ ചാനല്‍, മെയ് 2, 2024) അദ്ദേഹം വടകരയെ നാദാപുരത്തെ രാഷ്ട്രീയവുമായി ചേര്‍ത്തുവയ്ക്കുകയും യു.ഡി.എഫ് വര്‍ഗീയ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു: ''...വടകരയില്‍ മുസ്‌ലിം പ്രചരണം ശക്തമായ സാഹചര്യമുണ്ട്. അതുണ്ടായിരിക്കെത്തന്നെ ഒരു പ്രധാന പ്രശ്‌നമായി വന്നത് എസ്.ഡി.പി.ഐ, യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതാണ്. എസ്.ഡി.പി.ഐയുടെ പൊസിഷന്‍ ആര്‍ക്കും അറിയില്ലായിരുന്നു. അവര്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ നിറുത്തുകയാണ്‌ സാധാരണ ചെയ്യുന്നത്. ഇത്തവണ യു.ഡി.എഫിന് പിന്തുണ നല്‍കി. എസ്.ഡി.പി.ഐക്ക്‌ വേരോട്ടമുള്ള മണ്ഡലമാണ് വടകരയിലെ പല ഭാഗങ്ങളും. അവര്‍ വന്നതോടെ ക്യാമ്പയിനിന്റെ സ്വഭാവം പൂര്‍ണമായി മാറി. ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ ഏതുവിധേനയും ജയിപ്പിക്കുകയെന്ന അവസ്ഥയിലേക്ക് നീങ്ങി. അപ്പുറത്ത് ശക്തമായ ഇടതുപക്ഷ സ്ഥാനാര്‍ഥി നിന്നിരുന്നതുകൊണ്ടുതന്നെ അവരെ പരമാവധി ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഒരു കാലത്ത് തുടങ്ങിവച്ച് പതുക്കെപ്പതുക്കെ ഇല്ലാതായ ആര്‍.എസ്.എസ് മുസ്‌ലിം വേര്‍തിരിവിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയവത്കരണ പ്രവണത വീണ്ടും ശക്തിപ്പെടുന്ന അവസ്ഥയുണ്ടായി. അതു ഗൗരവമായ സ്ഥിതിയാണ്. വെറുമൊരു തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ക്രൂരമായ രീതിയില്‍ വര്‍ഗീയ വത്കരണത്തിന് തുനിയുകയും അവിടത്തെ ചരിത്രപരമായ പശ്ചാത്തലം പോലും മനസ്സിലാക്കാതെ, അവിടത്തെ പുതിയ സ്ഥിതിവിശേഷം കണക്കിലെടുക്കാതെ ഇത്തരത്തിലേക്ക് വീണ്ടും മാറുകയെന്നത് വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. നമ്മുടെ തെരഞ്ഞെടുപ്പുകളെ ബാധിച്ചിരിക്കുന്ന വര്‍ഗീയവത്കരണത്തിന്റെ, പരസ്യമായ വര്‍ഗീയ വോട്ടുപിടുത്തത്തിന്റെ രീതിയായിട്ടാണ് നമ്മളതിനെ കാണുന്നത്. സ്ഥാനാര്‍ഥി വര്‍ഗീയവാദിയല്ലെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല. വര്‍ഗീയതക്ക് അങ്ങനെയൊന്നുമില്ല''. 


ഇസ്‌ലാമോഫോബിയയുടെ ദേശീയവാദ യുക്തികള്‍

സ്വാതന്ത്ര്യത്തിനുശേഷം മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെ ദേശീയവാദികളില്‍ പലരും അജ്ഞതയായും അപരിഷ്‌കൃതത്വമായുമാണ് വിലയിരുത്തിയിരുന്നത്. മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനകള്‍ രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കുഴച്ചുവെന്നായിരുന്നു ആക്ഷേപം. സമുദായങ്ങള്‍ക്ക് പ്രത്യേകമായുള്ള രാഷ്ട്രീയസംഘടനകള്‍ വര്‍ഗീയതയ്ക്കു വളംവെച്ചുകൊടുക്കുമെന്നും തദ്വാരാ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുമെന്നുമായിരുന്നു സമുദായിക സംഘടനകള്‍ക്കെതിരേയുള്ള പരാതി.

എന്നാല്‍, മുസ്‌ലിംകള്‍ക്ക് ഒരു സമുദായമെന്ന നിലയില്‍ നിലനില്‍ക്കാനും സംഘടിക്കാനും അവകാശമുണ്ടെന്ന് ദക്ഷിണേന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ വിശിഷ്യ മുസ്‌ലിം ലീഗ് നേതാക്കള്‍ വാദിച്ചു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന ദീര്‍ഘമായ ഒരു പോരാട്ടത്തിനുശേഷമാണ് പൊതുസമൂഹത്തെക്കൊണ്ട് ഭാഗികമായെങ്കിലും ഇക്കാര്യം അംഗീകരിപ്പിക്കുന്നതില്‍ മുസ്‌ലിം ലീഗ് വിജയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്നും പൂര്‍ണമായി വിജയിച്ചിട്ടില്ല. ഇസ്‌ലാമോഫോബിയയുടെ പ്രധാന ഘടകമായി മുസ്‌ലിം സംഘാടനത്തോടുള്ള വംശീയസ്വഭാവമുള്ള വിരോധം ഇന്നും നിലനില്‍ക്കുന്നു.

എ.കെ ബാലനും കെ.എന്‍ ഗണേഷുമടക്കമുള്ള ഇടത് പ്രമുഖര്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തിയതും അതേ ഇസ്‌ലാമോഫോബിക് ആരോപണമാണ്. ഇക്കാര്യത്തില്‍ അവര്‍ രണ്ട് തന്ത്രങ്ങളാണ് മെനഞ്ഞത്. മുസ്‌ലിം സംഘടനകളെയും ഇതര സംഘടനകളെയും പരസ്പരം എതിര്‍ നിര്‍ത്തുകയാണ് ഒന്നാമതായി ചെയ്തത്. മുസ്‌ലിം സംഘടനകളില്‍ത്തന്നെ വേര്‍തിരിവ് കൊണ്ടുവന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. മുസ്‌ലിം സംഘടനകളെയും മറ്റിതര സംഘടനകളെയും പരസ്പരം എതിര്‍നിര്‍ത്തുമ്പോഴും മുസ്‌ലിം സാമുദായിക സ്വഭാവമുളള ഐ.എന്‍.എല്‍ സംഘടന ഇന്നും ഇടത് മുന്നണിയുടെ ഭാഗമാണെന്നിടത്താണ് ഇതിന്റെ രഹസ്യം കിടക്കുന്നത്. ഒരു കാലത്ത് സി.പി.എം വര്‍ഗീയ/തീവ്രവാദ കക്ഷി എന്നാരോപിച്ച പി.ഡി.പി ഇത്തവണ ഇടതുമുന്നണിക്ക് പിന്തുണ കൊടുത്തതിനാല്‍ അവരെക്കുറിച്ച് ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചില്ല.

സി.പി.എമ്മിന്റെ മുസ്‌ലിം നിലപാടുകള്‍: ഒരു ചരിത്രം

ആവശ്യാനുസരണം മുസ്‌ലിം സംഘടനകളെ തള്ളുന്നതും കൊള്ളുന്നതും സി.പി.എം ചരിത്രത്തിന്റെ ഭാഗമാണ്. 2009 ലെ പൊന്നാനി ലോകസഭാ തെരഞ്ഞെടുപ്പ് പിണറായിയും മഅ്ദനിയും വേദി പങ്കിടുന്നത് ദിവസങ്ങള്‍ക്കു മുമ്പേ പാര്‍ട്ടി നേതൃത്വം പ്രചരിപ്പിച്ചിരുന്നു. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പി.ഡി.പി പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രചരണത്തിനു ചുക്കാന്‍ പിടിച്ചിരുന്നത് സി.പി.എം നേതാവും മുന്‍ മന്ത്രി കൂടിയായ പാലോളി മുഹമ്മദ്കുട്ടിയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലേക്ക് അബ്ദുല്‍ നാസര്‍ മഅ്ദനിയെത്തുമെന്ന് പിണറായി വിജയനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി 2015-ല്‍ അദ്ധേഹം രംഗത്ത് വന്നു. പരിപാടിയുടെ അര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഈ വിവരം പിണറായി അറിയുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. മഅ്ദനി ഞങ്ങള്‍ ക്ഷണിച്ചിട്ട് വന്നതല്ല. ഒരാള്‍ സ്റ്റേജില്‍ കയറാന്‍ പാടില്ലെന്ന് പറയാനാകില്ലല്ലോയെന്നും പാലോളി പറഞ്ഞു. പൊന്നാനിയില്‍ തോറ്റപ്പോഴാണ് സി.പി.എം, പി.ഡി.പി ബന്ധത്തെ തള്ളിപ്പറഞ്ഞത് (എക്സ്പ്രസ് ഇന്‍ഡ്യ, 8 ജൂലൈ 2015). 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഈ നിലപാടു മാറ്റം. 


ഇപ്പോള്‍ സി.പി.എം തള്ളിക്കളയുന്ന ജമാഅത്തെ ഇസ്‌ലാമിയുമായുള്ള 25 വര്‍ഷത്തെ ബന്ധം (1990-2015) ചുരുക്കി വിവരിക്കാം: ഇക്കാലയളവില്‍ ഏകദേശം ഒന്‍പത് തെരഞ്ഞെടുപ്പുകളില്‍ (പട്ടിക കാണുക) സി.പി.എം - ജമാഅത്തെ ഇസ്‌ലാമി ധാരണയുണ്ടായിട്ടുണ്ട് (ഡോ. ബദീഉസ്സമാന്‍, മുസ്‌ലിം രാഷ്ട്രീയത്തെ കേരള സി.പി.എം എന്തിനാണ് ഇത്ര ഭയക്കുന്നത്? 25 ഒക്ടോബര്‍ 2020, മാധ്യമം). ഇക്കാലത്ത് യു.ഡി. എഫിനേക്കാള്‍ അവര്‍ പിന്തുണച്ചത് ഇടതു മുന്നണിയെയായിരുന്നു. 1991 ല്‍ ബേപ്പൂര്‍, വടകര മണ്ഡലങ്ങളിലും 1994 ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ജമാഅത്തും സി.പി.എമ്മും ഒന്നിച്ചു പ്രവര്‍ത്തിച്ചു. 1996 ലെ തെരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിക്കായിരുന്നു ജമാഅത്തിന്റെ പിന്തുണ. 1998, 1999 വര്‍ഷങ്ങളിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം അടക്കമുള്ള പല ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്തു. 2006 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അവര്‍ ഇടതു മുന്നണിയെ പൂര്‍ണമായും പിന്തുണച്ചു. പരസ്യ പ്രചാരണം നടത്തുകയും ചെയ്തു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണകല്‍ ഉണ്ടായി. 2010ലും 2015 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും സഹകരണം ഉണ്ടായി. എന്നാല്‍, ജമാഅത്ത് സി.പി.എമ്മിനു പിന്തുണ നല്‍കാത്ത തെരഞ്ഞെടുപ്പുകളില്‍ മതരാഷ്ട്രവാദം, തീവ്രവാദം, വര്‍ഗീയത തുടങ്ങിയ ആക്ഷേപങ്ങളും ചൊരിഞ്ഞു. 


ലീഗിന്റെ വികൃതമുഖം: പ്രചാരണത്തിന്റെ അടുത്ത ഘട്ടം

തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മുഖ്യന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടത്തിയ ഒരു പ്രസംഗത്തിലെ പരാമര്‍ശം പുതിയൊരു ഇസ്‌ലാമോഫോബിക് തരംഗം സൃഷ്ടിച്ചു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും യു.ഡി.എഫ് മുന്നണി ഒരു വര്‍ഗീയ മുന്നണിയായതായും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫിന് പിന്തുണ നല്‍കിയതാണ് സാഹചര്യം. തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എം നേതാക്കളും എ.കെ ബാലനും നടത്തിയ പ്രതികരണത്തിന്റെ തുടര്‍ച്ചയിലായിരുന്നു പിണറായിയുടെ വിമര്‍ശനം.

സി.പി.എം വിമര്‍ശനം

സി.പി.എം വിതക്കുന്നത് ബി.ജെ.പി കൊയ്യുന്നു എന്ന ശീര്‍ഷകത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ലുഖ്മാന്‍ മമ്പാട് നടത്തിയ ഒരു അഭിമുഖം 2024 ജൂണ്‍ 15ാം തിയ്യതി ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ചു. 18ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ടുള്ള അഭിമുഖത്തില്‍ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയോടൊപ്പം കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പങ്കുവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നിലപാടുകളായിരുന്നു ചര്‍ച്ചക്കെടുത്ത മറ്റൊരു വിഷയം. അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ ഇതാണ്: ലോകത്തെവിടെയും മുസ്‌ലിം ഭൂരിപക്ഷവിഭാഗങ്ങള്‍ക്ക് പ്രയാസമുണ്ടായാല്‍ അതില്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കുന്ന അവര്‍ സദ്ദാം ഹുസൈനും ഫലസ്തീനും കാണിച്ച് മുസ്‌ലിം വോട്ടുതട്ടാന്‍ ശ്രമിക്കുന്നു. ഏക സിവില്‍കോഡ് മുറവിളിയും സവര്‍ണ സാമ്പത്തിക സംവരണവും മുതലാഖ് നിരോധന ആവശ്യവും ലൗജിഹാദ് ആരോപണവും ആദ്യം കേട്ടത് സി.പി.എമ്മിലൂടെ. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചു. മുസ്‌ലിം സംവരണം വെട്ടിക്കുറച്ചു. ഇസ് ലാമോഫോബിയയാണ് സി.പി.എം സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് സി.പി.ഐപോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പിലിനെതിരെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി, എം.കെ രാഘവനെതിരേ 'കരിംക്കാ'യെ അവതരിപ്പിച്ചു. ഇത്തവണ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴച്ചു. സമസ്തയെ ശിഥിലമാക്കാന്‍ ശ്രമം നടത്തി.

ലീഗിന്റെ മുഖം: പിണറായി വിജയന്‍

അഭിമുഖം പുറത്തുവന്ന് ഏകദേശം ഒരാഴ്ച കഴിഞ്ഞ ശേഷം മുഖ്യമന്ത്രി ഇതിനെതിരേ പ്രതികരിച്ചു. യു.ഡി.എഫിലെ പ്രധാന കക്ഷിയായ ലീഗിന്റെ മുഖം നഷ്ടപ്പെട്ടെന്നും അക്കാര്യം അവര്‍ ചിന്തിക്കുന്നത് നല്ലതാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിന് ജമാഅത്തിന്റെയും എസ്.ഡി.പി.ഐയുടെയും മുഖമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.പി.എമ്മിന്റെ തോല്‍വിക്കുപിന്നില്‍ ലീഗാണെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലായിരുന്നുമായിരുന്നു അത്. കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം: ലീഗിന്റെ മുഖം ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും മുഖമായാല്‍ എങ്ങനെയിരിക്കും? ആരാണ് ഈ തെരഞ്ഞെടുപ്പില്‍ ലീഗിന് വേണ്ടി ഏറ്റവുമധികം രംഗത്തിറങ്ങിയത്? ഈ പറഞ്ഞ വിഭാഗങ്ങളെല്ലാം കൂടിച്ചേര്‍ന്നായിരുന്നു നീക്കം. അതിനോട് കോണ്‍ഗ്രസ് ഒരുതരത്തിലുള്ള വിയോജിപ്പും പ്രകടിപ്പിച്ചില്ല. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും എന്താണെന്ന് കോണ്‍ഗ്രസിനറിയാത്തതല്ല. വലിയതോതില്‍ അവര്‍ നിങ്ങളുടെ ഭാഗമായി മാറാന്‍ നിങ്ങള്‍ സമ്മതിക്കുമ്പോള്‍ നിങ്ങളും അതിന് പിന്തുണ നല്‍കലായി. നാല് വോട്ടിന് ഇങ്ങനെ ചെയ്യുന്നത് നമ്മുടെ നാടിന്റെ നല്ല നാളേക്ക് സഹായകമാണോ എന്ന് ചിന്തിക്കണം. ലീഗിന്റെ പൊതുരീതി നഷ്ടപ്പെടുത്തുന്നുവെന്ന നില നോക്കിയാല്‍ അവര്‍ക്ക് അഭിമാനിക്കാന്‍ വകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റ് കിട്ടാന്‍ സഹായിച്ച ശക്തികള്‍ സ്വീകരിച്ച നിലപാട് ശരിയായോ എന്ന് നല്ല രീതിയില്‍ നോക്കണം. സംസ്ഥാനത്തിന് ചേരാത്ത നിലപാട് സ്വീകരിച്ചവര്‍ ഒരുപാട് സഹോദരങ്ങള്‍ ആക്രമണത്തിനിരയായ കാര്യം ഓര്‍ക്കണം. ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ സഹായിച്ച നിലപാട് ശരിയോ എന്ന് വളരെ വേഗം പരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. (മാധ്യമം, ജൂണ്‍ 22, 2024)

ലീഗിന്റെ പ്രതികരണം

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പ്രതികരണങ്ങളുണ്ടായി. മുസ്‌ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖമൊന്ന് നോക്കുന്നത് നല്ലതാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വിമര്‍ശിച്ചു: തനിക്കെതിരെ സി.പി.എമ്മില്‍ ഉയരുന്ന വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയന്‍ മുസ്‌ലിം ലീഗിനെതിരെ തീര്‍ക്കുന്നത്. സംസ്ഥാനത്തെ ഭരണത്തില്‍ സഹികെട്ടാണ് ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ അടക്കമുള്ളവര്‍ യു.ഡി.എഫിനെ പിന്തുണച്ചെങ്കില്‍ പി.ഡി.പി അടക്കമുള്ള പാര്‍ട്ടികള്‍ ഇടതുപക്ഷത്തിനാണ് പിന്തുണ നല്‍കിയത്. എന്നിട്ടും പരാജയപ്പെട്ട അവര്‍ തിരുത്തുന്നതിന് പകരം ലീഗിനെ പഴിചാരുകയാണ്. (മാധ്യമം, ജൂണ്‍ 23, 2024)

കൂടെനിന്നാല്‍ മതേതരം, എതിര്‍ത്താല്‍ വര്‍ഗീയം

ജൂണ്‍ 23ന് ന്യൂസ് 18 ചാനലില്‍ ഇതേ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് പ്രതിനിധി അഡ്വ. ഷാഹുല്‍ ഹമീദ് വര്‍ഗീയതയെക്കുറിച്ചുള്ള സി.പി.എം സമീപനത്തിന്റെ കുഴപ്പം ചൂണ്ടിക്കാട്ടി. കൂടെ കൂടിയാല്‍ മതേതര പാര്‍ട്ടി, എതിര്‍ത്താല്‍ വിര്‍ഗീയ പാര്‍ട്ടി- ഇതാണ് സി.പി.എമ്മിന്റെ നയമെന്ന് അദ്ദേഹം വിര്‍ശിച്ചു: മുസ്‌ലിം ലീഗിനെ കഴിഞ്ഞ കാലങ്ങളില്‍ നല്ല പാര്‍ട്ടിയായാണ് സി.പി.എം കണ്ടത്. പിണറായി സഖാവും എം.വി ഗോവിന്ദന്‍ മാസ്റ്ററുമൊക്കെ ലീഗ് മതേതര പാര്‍ട്ടിയാണ് വര്‍ഗീയ പാര്‍ട്ടിയല്ല എന്ന രൂപത്തില്‍ ഒരുപാട് പ്രസ്താവനകള്‍ ഇറക്കിയത് കണ്ടതാണ്. കഴിഞ്ഞ ദിവസം അദ്ദേഹം (പിണറായി വിജയന്‍) നടത്തിയ പ്രസ്താവനയില്‍ ലീഗിന്റെ മുഖം വികൃതമായിരിക്കുന്നു, എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമായൊക്കെ മുസ്‌ലിം ലീഗ് കൂട്ടുകൂടിയിരിക്കുന്നു, ലീഗിന്റെ മുഖം ജമാഅത്തെ ഇസ്‌ലാമിയുടെ മുഖമാണ് എസ്.ഡി.പി.ഐയുടെ മുഖമാണ് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം എത്ര പ്രാവശ്യം സി.പി.എമ്മുമായി കൂടിയിട്ടുണ്ട്. ഇപ്പോഴും ഭരണം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്ലേ. പൊന്നാനിയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കാത്തിരിക്കുകയായിരുന്നു പിണറായി വിജയന്‍. കുറ്റിപ്പുറത്ത് ഒരു സ്റ്റേജില്‍ വരാന്‍ വൈകിയപ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. ലീഗിനെതിരേ യു.ഡി.എഫിനെതിരേ ഇ.ടി മുഹമ്മദ് ബഷീറിനെതിരേ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി അദ്ദേഹം കാത്തിരിക്കുകയായിരുന്നു..... ഈ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. ചങ്കൂറ്റത്തോടെ പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും പറഞ്ഞത് എസ്.ഡി.പി.ഐയുടെ രാഷ്ട്രീയപിന്തുണ ഞങ്ങള്‍ക്കു വേണ്ട എന്നാണ്. ജമാഅത്തെ ഇസ്‌ലാമി പിന്തുണ നല്‍കിയപ്പോഴോ എസ്.ഡി.പി.ഐ പിന്തുണ നല്‍കിയപ്പോഴോ എപ്പോഴെങ്കിലും ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ. ഇവരുടെ കൂടെക്കൂടിയാല്‍ മതേതരത്വ പാര്‍ട്ടിയാണ്, എതിര്‍ത്താല്‍ വര്‍ഗീയ പാര്‍ട്ടിയാണ്. എസ്.ഡി.പി.ഐ ഇവര്‍ക്ക് വര്‍ഗീയമായിരുന്നില്ല. ജമാഅത്തും വര്‍ഗീയമായിരുന്നില്ല (ജൂണ്‍ 23. 2024, ന്യൂസ് 18). എന്നാല്‍, വര്‍ഗീയത എന്ന വാക്കിന്റെ സങ്കീര്‍ണതയെ കുറിച്ച് സൂചിപ്പിച്ച അദ്ദേഹം എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും വര്‍ഗീയപാര്‍ട്ടിയെന്ന് പറഞ്ഞ് അവരുടെ വോട്ട് വേണ്ടയെന്ന് പറഞ്ഞ വി.ഡി സതീശന്റെ നിലപാടിനെ ന്യായീകരിക്കുകയും ചെയ്തു.

മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം

പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നപ്പോഴാണ് ലീഗിനെതിരേ വിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്തുവന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് അഡ്വ. ഷിബു മീരാന്‍ പറഞ്ഞു. മീഡിയാവണ്‍ ചര്‍ച്ചയിലായിരുന്നു പ്രതികരണം. ലീഗിന്റെ നിലപാടിന് മാറ്റമില്ലെന്നും മാറിയത് പിണറായി വിജയന്റെ കണ്ണുകളാണെന്നും അദ്ദേഹം പരിഹസിച്ചു: യു.സി.സി വിരുദ്ധ സമരം നടന്നപ്പോള്‍, ഫലസ്തീന്‍ വിഷയത്തില്‍ സമരം നടന്നപ്പോള്‍, പൗരത്വസമരം നടന്നപ്പോള്‍ ലീഗിനുള്ള മുഖം തന്നെയാണ് ഇപ്പോഴുമുള്ളത്. മാറുന്നത് പിണറായി വിജയന്റെ ലൈനാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇത്തവണ യു.ഡി.എഫ് വന്നാല്‍ കുഞ്ഞാലിക്കുട്ടിയും ഹസനും അമീറും നേതൃത്വം കൊടുക്കുന്ന ഭരണമായിരിക്കും ഉണ്ടാവുക. അതൊരു അകാരണമായ പ്രസ്താവനയാണ്. രാഷ്ട്രീയയുക്തിയില്ല. എന്തിനത് പറഞ്ഞുവെന്നത് കേരളത്തിന് ഇപ്പോള്‍ ബോധ്യമുണ്ട്. അന്നവര്‍ ശ്രമിച്ചത് കേരളത്തില്‍ സാമുദായികമായ ചലനം ഉണ്ടാക്കാനാണ്. ആ രീതിയിലേക്ക് സി.പി.എം തിരിച്ചുപോകുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതാണ് ഉദ്ദേശ്യമെങ്കില്‍ ആ ധ്രുവീകരണശ്രമത്തിന്റെ ഗുണം ലഭിച്ചത് സി.പി.എമ്മിനല്ല, കേരളത്തിലെ സംഘ്പരിവാറിനാണെന്ന ചരിത്രബോധ്യത്തോടെയായിരിക്കണം കാണേണ്ടത്... ഗോവിന്ദന്‍ മാഷും പിണറായി വിജയനും പഴയ നിലപാടിലേക്ക് തിരിച്ചുപോവുകയാണ്. അമീറും കുഞ്ഞാലിക്കുട്ടിയും ഹസനും എന്ന ഇമേജ് സൃഷ്ടിച്ചുകൊണ്ട് പയറ്റിയ രാഷ്ട്രീയം ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായിട്ടുണ്ടാവാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ഗുണം ചെയ്തത് എന്ന പരിശോധനയാണ് യഥാര്‍ഥത്തില്‍ സി.പി.എം നടത്തേണ്ടത്. സമാനമായി രീതിയില്‍ ന്യൂനപക്ഷപ്രീണനം നടക്കുന്നുവെന്ന് വേറെയും ചിലര്‍ പറയുന്നുണ്ട്. യു.ഡി.എഫിനെ ന്യൂനപക്ഷ വര്‍ഗീയമുന്നണിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഇതൊരു കൈവിട്ട കളിയാണ്. അപകടകരമായ കളി. തെരഞ്ഞെടുപ്പ് പരാജയം ശരിയായി വിലയിരുത്തി തിരുത്തുന്നതിനു പകരം പഴയ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ കാര്‍ഡ് ഇനിയെടുത്ത് ചിലവാക്കാമെന്ന് സി.പിഎം വിചാരിക്കുന്നുണ്ടെങ്കില്‍ വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നത് (ജൂണ്‍ 23, 2024, മീഡിയവണ്‍).

മതാവേശം സൃഷ്ടിക്കാന്‍ ശ്രമം

ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എസ്.ഡി.പി.ഐയും ജമാഅത്തും മതാവേശം പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തി. ലീഗ് വര്‍ഗീയ കക്ഷിയല്ലെങ്കിലും സമുദായത്തിലെ തീവ്രകക്ഷികളുമായി ചേര്‍ന്ന് മുഖം നഷ്ടമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി: യു.ഡി.എഫിന്റെ ഘടകകക്ഷിയല്ലായിരുന്നിട്ടും എസ്.ഡി.പി.ഐ പിന്തുണപ്രഖ്യാപിച്ചു. പിന്തുണ വേണ്ടെന്നു പറഞ്ഞിട്ടും അവര്‍ പ്രവര്‍ത്തിച്ചു. പല നിയോജകമണ്ഡലങ്ങളിലും അവരായിരുന്നു പ്രചാരണത്തില്‍ മുന്നില്‍. യു.ഡി.എഫിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ നിര്‍ണയിക്കുന്ന തരത്തില്‍ മതാവേശം സൃഷ്ടിക്കുന്ന തരത്തില്‍ ഈ സംഘടനകളുടെ സഹായത്തോടെ യു.ഡി.ഫ് ഓരോ നിയോജക മണ്ഡലത്തിലും ആസൂത്രണം ചെയ്തു. ഇതിന്റെ അര്‍ഥമെന്താണ്. ലീഗൊരു സമുദായ പാര്‍ട്ടിയാണ്, വര്‍ഗീയകക്ഷിയാണെന്ന് അഭിപ്രായമില്ല. മറിച്ച് ലീഗ് സമുദായത്തില്‍നിന്ന് ഒറ്റപ്പെടും, ദുര്‍ബലമാകും. എന്നും ആ സമുദായത്തിലെ തീവ്രകക്ഷികളുമായി ലീഗന്റെ നേതാക്കന്മാര്‍ കൂട്ടുകൂടാന്‍ പോയിട്ടുണ്ട്. ഇതൊരു പുതിയ അനുഭവമല്ല. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യമാണ്. മറ്റൊരുഭാഗത്ത് വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ സി.പി.എമ്മിനെ അധിക്ഷേപിക്കുന്നത് ന്യൂനപക്ഷപ്രീണനം നടത്തിയെന്നതാണ്. ചരിത്രത്തില്‍ കമ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും എടുത്തിരുന്ന ഫലസ്തീന്‍ പ്രശ്‌നത്തോടായാലും സി.എ.എ പോലുള്ള ഭരണഘടനാ ഭേദഗതികളോടും അതുപോലെ ഭരണഘടനയിലെ ന്യുനപക്ഷ പരിരക്ഷകളുടെ കാര്യത്തിലായാലും ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചവരാണ്. അത് തെരഞ്ഞെടുപ്പ് വോട്ടുമായി ബന്ധപ്പെട്ടതല്ല. (ജൂണ്‍ 23, 2024, മീഡിയവണ്‍).

ഇസ്‌ലാമോഫോബിക് ചെറുസ്‌ഫോടനങ്ങള്‍

കേരളത്തിലെ രണ്ട് മുന്നണികളും ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായതിനാല്‍ ജമാഅത്തെ ഇസ്‌ലാമി പരസ്യപ്രചണത്തിന് ഇറങ്ങിയില്ല, ബൂത്ത്തല പ്രവര്‍ത്തനത്തിലൂടെ വോട്ട് സമാഹരിക്കുകയാണ് ചെയ്തതെന്ന് മീഡിയാവണ്‍ ചര്‍ച്ചയില്‍ ഇടപെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവ് ടി. മുഹമ്മദ് വേളം വ്യക്തമാക്കി. തങ്ങള്‍ 2006 ല്‍ എല്‍.ഡി.എഫിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത വര്‍ഗീയത ഇന്നെങ്ങനെയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു: ആര്‍ക്കെങ്കിലും വേണ്ടി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ വര്‍ഗീയവാദികളായി തീരുമെന്നാണ് സി.പി.എമ്മിന്റെ സിദ്ധാന്തമെങ്കില്‍ 2006 തെരഞ്ഞെടുപ്പില്‍ ജമാഅത്തും പോഷക സംഘടനകളും സര്‍വസംവിധാനങ്ങളും സി.പി.എമ്മിനുവേണ്ടി ക്യാമ്പയിന്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് അന്ന് മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥിക്കെതിരേ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരേയും തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും എം.കെ മുനീറിനെതിരേയും പ്രചാരണം നടത്തി. അതിന്റെ ഭാഗംകൂടിയാണ് അന്ന് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി സാഹിബ് തോല്‍ക്കുന്നതും കെ.ടി ജലീല്‍ വിജയിക്കുന്നതും. അത് എല്‍.ഡി.എഫിനെ വര്‍ഗീയമാക്കുന്നില്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ അവര്‍ യു.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ അതില്‍ മുസ്‌ലിം ലീഗെന്ന പാര്‍ട്ടിയുണ്ട്. അതുകൊണ്ട് അവര്‍ വര്‍ഗീയമായി തീരും എന്നുപറയുന്നതില്‍ ഒരു കഥയുമില്ല.

അദ്ദേഹം തുടരുന്നു: മുസ്‌ലിം ലീഗിന് കുഴപ്പമില്ല. ലീഗനെ ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കിന്നതാണ് കുഴപ്പം എന്നു പറയുന്നതുകേട്ടാല്‍ തോന്നും ലീഗ് ഒരു മിടുക്കന്‍ പാര്‍ട്ടിയാണെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായമെന്ന്. അങ്ങനെയല്ല. സി.പി.എം പല കാലങ്ങളില്‍ നടത്തിയിട്ടുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും പ്രചാരണങ്ങളും ചിലപ്പോഴത് മൊത്തം മുസ്‌ലിം സമുദായത്തിന് എതിരേയായിരിക്കും. ഉദാഹരണത്തിന് 87ല്‍ സി.പി.എം നടത്തിയ ക്യാമ്പയില്‍ ശരിഅത്തിനെതിരേയിരുന്നു. അത് ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യമോ ലീഗുകാരുടെ കാര്യമോ അല്ല. ആ പ്രചാരണത്തില്‍ ആശയപരമായി അവര്‍ പരാജയപ്പെട്ടു. അതുവരെ അവരുടെ കൂടെയുണ്ടായിരുന്ന അഖിലേന്ത്യാ ലീഗ് അവിടെനിന്ന് പുറത്തേക്കുവന്നു. അതിലൂടെ അവര്‍ക്ക് രാഷ്ട്രീയനേട്ടമുണ്ടായി. 87ല്‍ അവര്‍ അധികാരത്തില്‍ വന്നു. അന്ന് ശരിഅത്തിനെതിരേയാണ് ആക്രമണം നടത്തിയത്. ഇസ്‌ലാമോഫോബിയയുടെ ഒരു രീതിയാണ് മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ കുഴപ്പമുള്ള പ്രദേശങ്ങളാണ് എന്നു ചിത്രീകരിക്കുന്നത്. ഇത് സി.പി.എം പല ഘട്ടങ്ങളിലും നടത്തിയ പ്രസ്താവനയാണ്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ മുനിസിപ്പല്‍ സ്റ്റാഫ് സംഘടനായോഗത്തില്‍ നടത്തിയ കുപ്രസിദ്ധമായ പ്രസ്താവനയുണ്ട്. മലപ്പുറത്ത് അന്ന് വോട്ട് ചെയ്തവരെല്ലാം ജമാഅത്തെ ഇസ്‌ലാമിക്കാരല്ല, മുസ്‌ലിം ലീഗുകാര്‍ പോലുമായിരിക്കണമെന്നില്ല. ലീഗിന് വോട്ടുചെയ്തവരാണ്. ആ പ്രദേശത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നാണ് സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവും മന്ത്രി കൂടിയായിരുന്ന ആള്‍ പറയുന്നത്. കോഴിക്കോട് ആവിക്കല്‍തോട് നടന്ന പരിസ്ഥിതി സമരത്തില്‍ പ്രദേശവാസികളാണ് പങ്കെടുത്തത്. അതിനെക്കുറിച്ച് അന്നത്തെ തദ്ദേശവകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്, അത് തീവ്രവാദികളുടെ സമരമാണ് എന്നാണ്. ആ മനുഷ്യര്‍ മുസ് ലിംകളാണ് എന്ന ഒറ്റക്കാര്യംകൊണ്ടാണ് അങ്ങനെ ആക്ഷേപിച്ചത്. അക്രമാസക്തമായി മാറിയ വിഴിഞ്ഞം സമരം നടക്കുന്നത് ആ സമയത്താണ്. അത് തീവ്രവാദ സമരമല്ല. അത് സാധാരണ സമരമാണ്. പക്ഷേ, ആവിക്കല്‍ തോടിലേത് തീവ്രവാദ സമരമാണ്.

കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജണ്ടകള്‍ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ്. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുമ്പോള്‍ ആ സമൂഹത്തില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യം മുസ്‌ലിം ലീഗ് സ്വയം ഏറ്റെടുക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയുടെ പ്രയോഗമാണ്. ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് ശക്തിപ്പെടാന്‍ സംഘ്പരിവാറിന് ഇത് അവസരമൊരുക്കുകയും ചെയ്യും - ലീഗിന്റെ നിലപാടുകള്‍ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് കടംകൊണ്ടതാണെന്നാണ് ലേഖനം പറയാന്‍ ശ്രമിക്കുന്നത്. 

മുസ്‌ലിം ലീഗിനെക്കുറിച്ചുള്ള സി.പി.എമ്മിന്റെ നിലാപടെന്താണ്. ഗെയില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന പ്രസ്താവനയുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം  ലീഗന്റെ രാഷ്ട്രീയപ്രവര്‍ത്തനം ശരിയാണോയെന്ന് സുപ്രിംകോടതി പരിശോധിക്കണമെന്ന്. 2019ല്‍ ദേശാഭിമാനിയിലെ പ്രകാശ് കാരാട്ടിന്റെ കോളത്തില്‍ രാഹുല്‍ ഗാന്ധി ലീഗ് പിന്തുണയോടെ മല്‍സരിക്കുന്നതോടുകൂടി രാഹുല്‍ ഗാന്ധി മതനിരപേക്ഷതയെ അടിയറവെച്ചിരിക്കുകയാണെന്ന് എഴുതുന്നത് കാണാന്‍ കഴിയും.

ഇപ്പോള്‍ ലീഗിന് കുഴപ്പമില്ല, ജമാഅത്ത് പിന്തുണയ്ക്കുന്നതാണ് കുഴപ്പമെന്നു പറയുന്നത് ഇസ്‌ലാമോഫോബിക് ചെറുസ്‌ഫോടനമാണ്. പാണക്കാട് തങ്ങള്‍ യോഗി ആദിത്യനാഥിനെപ്പോലെയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ കുപ്രസിദ്ധ പ്രസ്താവനയുണ്ട്. നാളെ സാദിഖലി തങ്ങള്‍ യോഗി ആദിത്യനാഥ് തന്നെയാണ് എന്നു പറയണമെങ്കില്‍ അതിന് പ്രത്യേകിച്ച് പ്രയാസമൊന്നുമില്ല. മലപ്പുറത്തെ പെണ്‍കുട്ടികളുടെ തട്ടമഴിച്ചത് തങ്ങളാണെന്ന് പറഞ്ഞവരാണ്. മലപ്പുറത്തെ കുട്ടികള്‍ ജയിച്ചത് കോപ്പിയടിച്ചിട്ടാണെന്ന് പറഞ്ഞത് ആദര്‍ശധീരനെന്ന് പറയുന്ന അവരുടെ നേതാവ് വി.എസ് അച്യുതാനന്ദന്റെ കുപ്രസിദ്ധമായ പ്രസ്താവനയാണ്. ഇതിനെയാണ് ഇസ്‌ലാമോഫോബിയ എന്നുപറയുന്നത്. ഏതെങ്കിലും മുസ്‌ലിം സംഘടന സി.പി.എമ്മിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടോ. സമസ്തയെക്കുറിച്ച് 2020ല്‍ പി. ജയരാജന്‍ പറഞ്ഞത് മനസ്സില്‍ വര്‍ഗീയതയുള്ളവരാണെന്നാണ്. സുപ്രഭാതത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് എഴുതയപ്പോളാണ് ഈ പ്രസ്താന വന്നത്. ഈരാറ്റുപേട്ടയിലെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വെച്ച് മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവ് ഹുസൈന്‍ മടവൂരിനെ അപമാനിച്ചുവിട്ടു. വെള്ളാപ്പള്ളി മുസ്‌ലിം സമൂഹത്തെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം നവോത്ഥാന സമിതിയില്‍നിന്ന് രാജിവച്ചു. സി.പി.എം അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍ ഇപ്പോഴും നവോത്ഥാസമിതിയുടെ നേതാവാണ്. കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ ഫാക്ടറിയാണ് സി.പി.എം.

ജമാഅത്തെ ഇസ്‌ലാമിയുടെ മൂശ!

ജൂണ്‍ അവസാനം പുത്തലത്ത് ദിനേശന്‍ എഴുതിയ ലേഖനം 'ലീഗിന്റെ ചുവടുമാറ്റവും സി.പി.ഐ.എം നിലപാടും' (28 ജൂണ്‍ 2029, ദേശാഭിമാനി) ഐ.എന്‍.എല്‍ അടക്കമുള്ള മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ എടുക്കുന്ന സി.പി.എം അനുകൂല നിലപാടുകളെയും ഇടതുമുന്നണിയിലെ പങ്കാളിത്തത്തെയും എടുത്തു പറയുകയും എന്നാല്‍ ലീഗിനെ പിന്തുണക്കുന്ന മുസ്‌ലിം സംഘടനകളെ ഇകഴ്ത്തുകയും ചെയ്യുന്നു: ഇപ്പോള്‍ ലീഗ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പലതും ജമാഅത്തെ ഇസ്‌ലാമിയുള്‍പ്പെടെയുള്ള മതരാഷ്ട്രവാദികള്‍ മുന്നോട്ടുവയ്ക്കുന്ന വിധത്തിലുള്ളതാണ്. സി.പി.ഐ.എം മതവിരുദ്ധ പ്രസ്ഥാനമാണെന്നും മറ്റുമുള്ള മുസ്‌ലിം ലീഗ് പ്രസിഡണ്ടിന്റെ പ്രസ്താവന ജമാഅത്തെ ഇസ്‌ലാമിയുടെ മൂശയില്‍നിന്ന് രൂപപ്പെട്ടതാണ്. കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജണ്ടകള്‍ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ്. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുമ്പോള്‍ ആ സമൂഹത്തില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യം മുസ്‌ലിം ലീഗ് സ്വയം ഏറ്റെടുക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയുടെ പ്രയോഗമാണ്. ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് ശക്തിപ്പെടാന്‍ സംഘ്പരിവാറിന് ഇത് അവസരമൊരുക്കുകയും ചെയ്യും - ലീഗിന്റെ നിലപാടുകള്‍ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് കടംകൊണ്ടതാണെന്നാണ് ലേഖനം പറയാന്‍ ശ്രമിക്കുന്നത്. 


സി.പി.എമ്മിന്റെ ചുവടുമാറ്റവും മുസ്‌ലിം ലീഗ് നിലപാടും (29 ജൂണ്‍ 2024, ചന്ദ്രിക) എന്ന മറുപടി ലേഖനത്തില്‍ ഷെരീഫ് സാഗര്‍ എഴുതി: ''മുസ്‌ലിം സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നു എന്നതാണ് സി.പി.എമ്മിനെ വെകിളി പിടിപ്പിക്കുന്ന മറ്റൊരു കാര്യം. തങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകളെല്ലാം അവര്‍ക്ക് തങ്കക്കട്ടികളും പിന്തുണ പിന്‍വലിച്ചാല്‍ ആ നിമിഷം മുതല്‍ കരിക്കട്ടകളുമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യം തന്നെയെടുക്കാം. ജമാഅത്തെ ഇസ്‌ലാമി എല്‍.ഡി.എഫിനെ പിന്തുണച്ചതില്‍ ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ചുകൊണ്ട് 1996 ഏപ്രില്‍ 22ന് തിങ്കളാഴ്ച ദേശാഭിമാനി മുഖപ്രസംഗമെഴുതിയിരുന്നു. 'തെരഞ്ഞെടുപ്പ്; ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ആ മുഖപ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി, കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (കെ.സി.ബി.സി.ഐ) എന്നിവരുടെ പിന്തുണ ആവേശകരവും ആശാവഹവുമാണെന്ന് വിലയിരുത്തുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഈ രണ്ടു സംഘടനകളുടെയും പിന്തുണയെ ദേശാഭിമാനി വിലയിരുത്തുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനം മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയാടിത്തറ ശക്തമാക്കിയെന്നും ആവേശത്തോടെ ദേശാഭിമാനി എഴുതുന്നുണ്ട്. ആരുടെയെങ്കിലും ലേഖനമല്ല, പാര്‍ട്ടിയുടെ നിലപാടായിരുന്നു അന്നത്തെ മുഖപ്രസംഗം. അതായത്, എല്‍.ഡി.എഫിന് ജമാഅത്ത് പിന്തുണ ലഭിച്ചപ്പോള്‍, ശക്തമായ അതേ മതനിരപേക്ഷ അടിത്തറ യു.ഡി.എഫിനെ അവര്‍ പിന്തുണക്കുമ്പോള്‍ തകരുമെന്ന വിചിത്രമായ വാദമാണ് സി.പി.എം ഉന്നയിക്കുന്നത്. സഭാ ടി.വിയുമായുള്ള അഭിമുഖത്തില്‍ (2021 ജനുവരി) സി.പി.എമ്മിന്റെ ജമാഅത്ത് ബന്ധത്തെപ്പറ്റി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞ വാക്കുകള്‍ കൂടി ഓര്‍മിപ്പിക്കുന്നു: ''ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താല്‍പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു - പാലോളി പറഞ്ഞു. പരസ്പര സഹകരണത്തിന്റെ വാതിലുകള്‍ തുറന്നിട്ടുകൊണ്ടായിരുന്നു പാലോളിയുടെ വര്‍ത്തമാനം. അതായത് പൊതുവായ ഒരു താല്‍പര്യത്തിന്റെ പുറത്ത് ഇനിയും ജമാഅത്തുമായി കൂട്ടുകൂടുന്നതിന് യാതൊരു മടിയുമില്ലാത്ത സി.പി.എമ്മാണ് ജമാഅത്ത് ബന്ധം പറഞ്ഞ് മുസ്‌ലിം ലീഗിനുമേല്‍ കുതിരകയറുന്നത്.

കേരള വിഭജനം

ദിനേശന്‍ പുത്തലത്തിന്റെ ലേഖനത്തില്‍ മറ്റൊരു തന്ത്രം കൂടിയുണ്ട്. 'കേരള വിഭജനം' എന്ന ചര്‍ച്ച സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ പേരില്‍ ഉയര്‍ന്നു വന്ന മാധ്യമ വിവാദമാണ്. പക്ഷേ, പുത്തലത്ത് ദിനേശന്‍ അതു ലീഗിന്റെ പേരിലാക്കിയെന്നു മാത്രം. പ്ലസ് വണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിലെ അപകടാവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് മുസ്തഫ മുണ്ടുപാറ ചെയ്തത്. ഇതാണ് കേരള വിഭജനം വേണമെന്ന രീതിയില്‍ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു (25 ജൂണ്‍ 2024, ഏഷ്യാനെറ്റ്). മലബാര്‍ സംസ്ഥാനം വേണമെന്ന സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ പരാമര്‍ശത്തിനെതിരെ എന്ന പേരില്‍ വിമര്‍ശനവുമായി സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. കേരളത്തെ വെട്ടിമുറിക്കണമെന്ന മുസ്തഫ മുണ്ടുപാറയുടെ നിലപാട് വിഘടനവാദമാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. മലയാളികളുടെ മാതൃഭൂമിയെ വെട്ടിമുറിക്കണമെന്ന വാദം ഞെട്ടിപ്പിക്കുന്നതാണ്. ഭൂരിപക്ഷ തീവ്രവര്‍ഗീയശക്തികള്‍ക്ക് രാജ്യത്തെ ധ്രുവീകരിക്കാനുള്ള ആയുധമാണ് ഈ വിഘടനവാദ പ്രസ്താവനയിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു (25 ജൂണ്‍ 2024, ഏഷ്യാനെറ്റ്)

(തുടരും)

(റിസര്‍ച്ച് ഇന്‍പുറ്റ്സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News