റഷ്യയും യുക്രൈനും പിന്നെ യുദ്ധ സമയത്തെ മാധ്യമ സദാചാരവും

ഗാലറിയിൽ ഇരുന്നു കളികാണുന്നവരെ കളിക്കളത്തിലെ ഏതെങ്കിലും ഒരു പക്ഷത്തിന് അനുകൂലമാക്കേണ്ട ചുമതല മാധ്യമങ്ങൾക്കില്ല

Update: 2022-09-21 13:24 GMT
Click the Play button to listen to article

ആയുധങ്ങളിലും അവയുടെ സംഹാര ശേഷിയിലും മാത്രം ആശ്രയിച്ചുകൊണ്ട് ഇന്നത്തെ കാലത്ത് ഒരു യുദ്ധവും ജയിക്കാനാകില്ല എന്നതാണ് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം തെളിയിച്ചു കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള മനുഷ്യക്കുരുതികൾക്കും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കുന്നതിനും ഒപ്പം തന്നെ യുദ്ധവും ആവശ്യപ്പെടുന്നത് വ്യാജവാർത്തകളുടെ വലിയ തോതിലുള്ള നിർമിതിയും അവയുടെ ആഗോളവ്യാപകമായ വിതരണവും സംപ്രേക്ഷണവുമാണ്.

ആയുധങ്ങൾ ശത്രുക്കളെ ലക്ഷ്യമിടുമ്പോൾ വ്യാജ വാർത്തകളുടെയും വ്യാജ നിർമിതികളുടെയും ലക്ഷ്യം ആഗോള സമൂഹവും യുദ്ധവിരുദ്ധരായ സ്വന്തം ജനതയുമാണ്. ശരിയായ വിവരങ്ങൾ സ്വന്തം ജനതയിലും ഇത്ര രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലും എത്താതിരുന്നത് യുദ്ധ വിജയത്തിൽ വലിയൊരു ഘടകമാണ് എന്ന് പുടിൻ കണക്കു കൂട്ടുന്നുണ്ട്. വിവര സാങ്കേതിക മേഖലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ നടന്ന വിസ്ഫോടനങ്ങൾ ഏകപക്ഷീയമായ വ്യാജ വിനിമയങ്ങളുടെ തലം കൂടുതൽ വിപുലീകരിക്കുകയും അവയുടെ പ്രഹര ശേഷി കൂട്ടുകയും ചെയ്തിരിക്കുന്നു. ഒരർഥത്തിൽ പറഞ്ഞാൽ യുദ്ധവെറിയന്മാർ തങ്ങളുടെ നേരിട്ടുള്ള ഇരകൾ അല്ലാത്തവർക്ക് നേരെ തിരിച്ചു വെച്ചിരിക്കുന്ന മാരകശക്തിയുള്ള റോക്കറ്റുകളും ബോംബുകളുമാണ് വ്യാജവാർത്തകൾ. യുദ്ധത്തിലെ ആയുധങ്ങൾ പോലെ തന്നെ അവയും രൂപപ്പെടുന്നത് ആക്രമി രാജ്യത്തിന്റെ പ്രതിരോധ വിഭാഗത്തിന്റെ ഫാക്ടറികളിലാണ്.

സ്വന്തം ജനതയുടെ അറിയാനുള്ള അവകാശത്തെ പോലും കണക്കിലെടുക്കാതെ റഷ്യ അർധസത്യങ്ങളും അസത്യങ്ങളുമാണ് ഉകൈ്രന് എതിരായ യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തെ മാധ്യമങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്. റഷ്യയിൽ നിന്നും പുറത്തേക്കു റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരും വലിയ തോതിൽ സർക്കാരിൽ നിന്നുള്ള ഭീഷണി നേരിടുകയാണ്. അവരോടും ആവശ്യപ്പെടുന്നത് പ്രതിരോധ വകുപ്പിന്റെ പ്രസ്സ് റിലീസുകൾ അതേപടി പകർത്തി വയ്ക്കുവാനാണ്.




 


അടിച്ചേൽപിക്കപ്പെട്ട ഈ യുദ്ധത്തിൽ നുണയുടെയും അർധ സത്യങ്ങളുടെയും ബോംബുകൾ പ്രയോഗിക്കപ്പെടുന്നത് യുക്രൈന് നേരെ മാത്രമല്ല ലോകത്തിന് മുഴുവൻ തന്നെയും എതിരായാണ്. സ്വന്തം നാട്ടിലെ ജനങ്ങൾ യുദ്ധത്തിന്റെ സത്യം അറിയരുത് എന്ന നിർബന്ധ ബുദ്ധിയാണ് പുടിന്. അതുകൊണ്ട് തന്നെ യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ എന്ന പേരിൽ റഷ്യയിൽ നിന്നും വരുന്നതെല്ലാം ആ രാജ്യത്തിന്റെ പ്രതിരോധ വിഭാഗത്തിന്റെ പ്രചാരണ പ്രസ്സ് റിലീസുകൾ മാത്രമാണ്. അതിനു ബദൽ എന്നോണം നാറ്റോയിലെ അംഗ രാജ്യങ്ങളും പോളണ്ട് ആസ്ഥാനമായി തങ്ങൾക്കിഷ്ടമുള്ള രീതിയിൽ റഷ്യൻ വിരുദ്ധ വാർത്തകൾ പടച്ചു വിടുന്നു. കേരളത്തിൽ നിന്നടക്കമുള്ള മാധ്യമ പ്രവർത്തകർ പോളണ്ടിൽ ക്യാമ്പ് ചെയ്ത് ഇത്തരം അസത്യങ്ങളും അർധ സത്യങ്ങളും വാർത്തകളായി റിപ്പോർട്ട് ചെയ്യുമ്പോൾ കാതലായ സത്യങ്ങൾ കൂട്ടത്തോടെ കുഴിച്ചു മൂടപ്പെടുന്നു. യുദ്ധത്തിൽ ആത്യന്തികമായി കൊല്ലപ്പെടുന്നത് മനുഷ്യർ മാത്രമല്ല വസ്തുനിഷ്ഠത കൂടിയാണ്.

എങ്ങനെയാണ് പ്രധാനമായും ഉക്രേനിയയുടെ മേലുള്ള റഷ്യൻ യുദ്ധം സ്വന്തന്ത്ര മാധ്യമ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാകുന്നത്?

റഷ്യക്കാരും യുക്രൈൻകാരും തമ്മിലുള്ള സമാനതകൾ ഒരുപാടാണ് എന്നും അവയെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു വിശകലന രീതിയും അശാസ്ത്രീയവും അപകടം പിടിച്ചതുമാണെന്നും യുക്രൈനിയൻ മാധ്യമപ്രവർത്തകയായ നടാലിയ ഗുമെൻയുക്ക് ചൂണ്ടിക്കാട്ടുന്നു. രണ്ടു രാജ്യങ്ങൾക്കും ഇരുകൂട്ടരുടെയും ഭാഷകൾ മനസ്സിലാകും. രണ്ടു പക്ഷത്തേയും സമീപനങ്ങളെയും മനസ്സിലാകും. രണ്ടുകൂട്ടർക്കും പൊതുവായ ഒരു സോവിയറ്റ് ഭൂതകാലമുണ്ട്. ഇവിടെ ധാർമികതയുള്ളതും പ്രതിബദ്ധതയിൽ ഊന്നിയതുമായ മാധ്യമ സമീപനങ്ങളാണ് വേണ്ടത്. എന്നാൽ, അവയല്ല ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നവർ പറയുന്നു. ഭൂതകാലത്തെയും നീണ്ടകാലത്തെ വൈകാരിക അടുപ്പത്തെയും മറന്നുകൊണ്ടുള്ള വെറുപ്പിന്റെ ഭാഷയിലാണ് റഷ്യൻ പ്രതിരോധ വിഭാഗം തങ്ങളുടെ പ്രസ്സ് റിലീസുകൾ തയ്യാറാക്കുന്നത്.




 


റഷ്യയിലെ സാധാരണ ജനങ്ങൾ പൊതുവിൽ സമാധാന പ്രിയരാണ്. എന്നാൽ, ജനാധിപത്യത്തോടും ബഹുസ്വരതയോടും മാധ്യമ സ്വാതന്തൃത്തോടും പുട്ടിന്റെ റഷ്യ ഒരിക്കലും പ്രതിപത്തി കാണിച്ചിട്ടില്ല. അധികാരമേറ്റ കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങളിലും പുട്ടിന്റെ മാധ്യമ സമീപനം നീതീകരിക്കത്തക്കതായിരുന്നില്ല.

യുദ്ധം തുടങ്ങിയപ്പോൾ യുക്രൈൻ ഭാഷയിൽ അടക്കം വാർത്തകൾ പ്രസിദ്ധീകരിക്കുകയും രണ്ടു രാജ്യങ്ങളിലെയും കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നോവയ ഗസറ്റ പോലും ഇന്ന് ഭരണകൂട ഭീഷണികൾക്ക് മുൻപിൽ നിസ്സഹായമായി നിൽക്കുകയാണ്. റഷ്യയിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന സ്വന്തത്ര വർത്തമാനപത്രങ്ങളിൽ ഒന്നായ നോവയ ഗസറ്റയുടെ പത്രാധിപർക്ക് ധീരതയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും അടുത്ത് നോബൽ സമ്മാനം പോലും ലഭിച്ചിരുന്നു.

സോവിയറ്റ് യൂണിയന്റെ ഒടുവിലെ പ്രസിഡന്റ് ആയിരുന്ന മിഖായേൽ ഗോർബച്ചേവിന് ലഭിച്ച നോബൽ സമ്മാനത്തിന്റെ തുകകൊണ്ട് സ്ഥാപിച്ച നോവയ ഗസറ്റയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ യുദ്ധ വിരുദ്ധത ആയിരുന്നു. എന്നാൽ, ഗസറ്റയെയും സമാന നിലപാടുകളുള്ള ഇതര റഷ്യൻ പത്രങ്ങളെയും നേരിടാൻ പുട്ടിൻ ഉപയോഗിച്ചത് മിലിട്ടറി സെൻസർഷിപ്പിനെയാണ്. ആ സെൻസർഷിപ്പ് ഭീഷണി വലിയൊരു അളവ് ഫലിക്കുന്ന അവസ്ഥയാണ് റഷ്യയിൽ കാണാനാകുന്നത്. മാധ്യമങ്ങൾ മൊത്തത്തിൽ റിപ്പോർട്ടിങ്ങിലെ വിശ്വസനീയത മറക്കുകയും സർക്കാറിന്റെ കുഴലൂത്തുകാരായി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ട്.




 


യുദ്ധത്തിൽ സ്വന്തം രാജ്യം ഉപയോഗിക്കുന്ന ക്രൂരതകളും മനുഷ്യാവകാശ ധ്വംസനങ്ങളും സംബന്ധിച്ച് പൗരന്മാരോ മാധ്യമ പ്രവർത്തകരോ പരാമർശങ്ങൾ നടത്തിയാൽ അവർ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്സ് റിലീസുകളെ ആരും ചോദ്യം ചെയ്തുകൂടാത്ത സാഹചര്യമാണ് റഷ്യയിൽ.

ലോകമെങ്ങും യുദ്ധ സമയങ്ങളിൽ എന്നും ഭരണകൂടങ്ങൾ സ്വന്തം ജനതയുടെ നീതിബോധങ്ങൾക്കാണ് ആദ്യം ചങ്ങല ഇട്ടിട്ടുള്ളത്. ഇവിടെയും സ്ഥിതി ഒട്ടും വിഭിന്നമല്ല. സ്വന്തം ജനത യുദ്ധത്തിന്റെ ക്രൂരതകൾക്കെതിരെ പ്രതികരിച്ചാൽ അതുണ്ടാക്കുന്ന പ്രതികരണം വലുതായിരിക്കുമെന്ന് ഭരണാധികാരികൾക്കറിയാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ ആരംഭിച്ച നോവയ ഗസറ്റ ലോകത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ മാധ്യമ പ്രവർത്തനത്തിന് പേരെടുത്തതാണ്. രണ്ടായിരത്തിനു ശേഷം അതിലെ ഏഴ് അന്വേഷണാത്മക മാധ്യമ പ്രവർത്തകർ തങ്ങൾ എഴുതിയ വാർത്തകളുടെ പേരിൽ മാത്രം കൊല്ലപ്പെടുകയുണ്ടായി.

ഇപ്പോഴത്തെ എഡിറ്റർ ദിമിത്രി മുറാറ്റോവ് തന്നെ സ്വന്തന്ത്ര മാധ്യമ പ്രവർത്തനത്തിലൂടെ പുട്ടിന്റെ വലിയ അളവിലുള്ള ശത്രുത സമ്പാദിച്ചിരിക്കുകയാണ്. യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിലെ സാമ്പ്രദായിക ഭരണകൂട വിധേയത്വം മാറ്റിവയ്ക്കാനും വസ്തുനിഷ്ടമാകാനും ശ്രമിച്ചു എന്നതാണ് പത്രം നേരിടുന്ന വലിയൊരു കുറ്റം.




 


റഷ്യയിൽ രാജ്യതാൽപര്യത്തിനെതിരായി യുദ്ധം റിപ്പോർട്ട് ചെയ്യുന്നവർക്ക് പതിനഞ്ചു വർഷത്തെ ശിക്ഷയാണ് പുട്ടിൻ ഭരണകൂടം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആ പ്രഖ്യാപനം വന്ന് പിറ്റേന്ന് തന്നെ ബി.ബി.സി റഷ്യയിൽ നിന്നുള്ള റിപ്പോർട്ടിങ് നിർത്തി.

ദിമിത്രി മുറാറ്റോവ് ആകട്ടെ ഭീഷണിയെ മറ്റൊരു രീതിയിൽ നേരിട്ടുകൊണ്ട് ഉകൈ്രനിലെ റഷ്യയുടെ യുദ്ധത്തിന്റെ വിശദാംശങ്ങൾ സ്വന്തം വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയാണ് എന്നും പ്രഖ്യാപിച്ചു. അതായത് യുദ്ധത്തിൽ റഷ്യക്ക് അനുകൂലമായതോ എതിർപ്പുള്ളതോ ആയ ഒന്നും പത്രത്തിൽ വരില്ല. എന്നാൽ, യുദ്ധത്തെ തുടർന്ന് റഷ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, പ്രതിഷേധക്കാരെ കുറ്റവിചാരണ ചെയ്യുന്നത്, യുദ്ധം വരുത്തിവച്ച ഇതര പ്രത്യാഘാതങ്ങൾ എന്നിവ തങ്ങൾ തുടർന്നും റിപ്പോർട്ട് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മിലിറ്ററി സേച്ഛാധിപത്യത്തിന് കീഴിലും പത്രം നിലനിൽക്കണം എന്ന് അതിന്റെ വായനക്കാർ ആഗ്രഹിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പത്രം അതിന്റെ ജീവനക്കാരുടെ സ്വാതന്ത്ര്യത്തെ അടക്കം ബലികൊടുത്തുകൊണ്ടുള്ള യുദ്ധറിപ്പോർട്ടിങ്ങിൽ നിന്നും പിൻവാങ്ങുകയാണ് എന്നും എഡിറ്റർ പറഞ്ഞു.

യൂറോപ്പിന്റെ മധ്യത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ചവർ എന്ന പഴി കേൾക്കാൻ ഞങ്ങൾ സമാധാന പ്രിയരായ റഷ്യക്കാർ നിർബന്ധിതരാകുകയാണ് എന്നും ദിമിത്രി മുറാറ്റോവ് ബി.ബി.സിയോട് തുറന്നു പറയുകയുണ്ടായി. പത്രം യുദ്ധ റിപ്പോർട്ടിങ്ങിൽ നിന്നും പിൻവാങ്ങി അധികം വൈകാതെയാണ് സ്വതന്ത്ര സ്വഭാവമുള്ള എക്കോ മോസ്കിവി എന്ന റേഡിയോ സ്റ്റേഷൻ അടച്ചു പൂട്ടപ്പെട്ടത്. ഉള്ളടക്കത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ തള്ളിക്കളയുന്ന ഒരു ഏർപ്പാടിനും തങ്ങൾ തയ്യാറല്ല എന്നാണ് റേഡിയോ സ്റ്റേഷന്റെ ഡയറക്ടർ ബോർഡ് അടച്ചു പൂട്ടൽ തീരുമാനം എടുക്കുമ്പോൾ പ്രസ്താവിച്ചത്. യുദ്ധം തെറ്റായി റിപ്പോർട്ട് ചെയ്യാനും തങ്ങൾ ഇല്ലെന്നു അവർ പറഞ്ഞു. ബെൽ എന്ന ഒരു റഷ്യൻ പ്രസിദ്ധീകരണവും പുതിയ നിയമത്തിൽ പ്രതിഷേധിച്ചു ഇനി പുറത്തിറങ്ങില്ല എന്ന് തീരുമാനിച്ചു. സ്നാക് ഡോട്ട് കോം എന്ന ഓൺലൈൻ പോർട്ടലും സ്വന്തം നിലയിൽ അടച്ചു പൂട്ടൽ പ്രഖ്യാപിച്ചു.

മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യതയും ജനാധിപത്യപരമായ നിലനിൽപ്പും അടിസ്ഥാനമാക്കുന്നത് അതിന്റെ സ്വതന്ത്ര അസ്ഥിത്വത്തിലാണ്. റഷ്യയിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി റിപ്പോർട്ട് ചെയ്യുന്നവരെയും മാധ്യമ കരിനിയമം ഭീഷണിപ്പെടുത്തുകയാണ്. ഇത്ര വിഷമം പിടിച്ച അവസ്ഥയിലും ദിമിത്രി മുറാറ്റോവ് ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിൽ യുദ്ധത്തെയും അതിന്റെ നിരർഥകതയെയും കുറിച്ച് തുറന്നു പറയുന്നുണ്ട്. ''ഞങ്ങൾക്കീ യുദ്ധത്തെ പിന്തുണക്കാൻ കഴിയില്ല. വരാനിരിക്കുന്ന തലമുറകളുടെ ഭാവിയാണ് ഈ യുദ്ധം അപകടത്തിലാക്കുന്നത്. യുദ്ധം, അധിനിവേശം, അടിച്ചമർത്തൽ തുടങ്ങിയ വാക്കുകൾ എല്ലാം ഒഴിവാക്കാൻ ഞങ്ങളുടെ മേൽ സമ്മർദം ധാരാളമാണ്. അധിനിവേശത്തെ അങ്ങനെയല്ലാതെ ഞങ്ങൾ എങ്ങനെ വിളിക്കും,'' അദ്ദേഹം ന്യൂയോർക്കറിനോട് ചോദിക്കുന്നു.

തങ്ങൾ പ്രചാര വേലക്കാർ അല്ലെന്നും യുക്രൈനിന്റെ മാത്രമല്ല സ്വന്തം സ്ഥാപനത്തിന്റെ തന്നെ പരമാധികാരത്തിലും തങ്ങൾക്കു വിശ്വാസം ഉറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യുദ്ധങ്ങളും ആഭ്യന്തര സുരക്ഷയും സംബന്ധിച്ച സാഹചര്യങ്ങൾ വരുമ്പോൾ മാധ്യമ നീതിയും നൈതികതയും എന്തായിരിക്കണം എന്നതിലുള്ള വലിയ ചിന്തകൾക്ക് ഈ സാഹചര്യത്തിൽ തുടക്കമാകേണ്ടതുണ്ട്.

റഷ്യയിലെ മാധ്യമ സാഹചര്യം ഇന്ത്യയിലെ മാധ്യമങ്ങൾക്കും പാഠം ആകേണ്ടതുണ്ട് എന്നാണ് കൊൽക്കത്തയിലെ ദി ടെലിഗ്രാഫ് പത്രാധിപർ ആർ രാജഗോപാൽ അഭിപ്രായപ്പെടുന്നത്. സ്വന്തം നിലനിൽപ്പ് പോലും അപകടത്തിലാക്കി കൊണ്ട് അവിയൂതി മാധ്യമങ്ങളിലെ ഒരു ചെറുന്യൂനപക്ഷം എങ്കിലും യുദ്ധവെറിക്കെതിരെ നിലപാടെടുത്തത് മാതൃകാപരമെന്നും അദ്ദേഹം പറയുന്നു. പ്രചാരവേലകളുടെ കുത്തൊഴുക്കിൽ വസ്തുതകൾ കടലെടുത്തു പോകുന്ന അവസ്ഥയാണ് യുദ്ധങ്ങളുടെ കാലഘട്ടത്തിൽ ഉണ്ടാകുന്നത്. ഇപ്പോഴാണെങ്കിൽ വ്യാജനിർമിതികളെ സോഷ്യൽ മീഡിയ വഴി കടത്തി വിടാനുമാകുന്നു.

മാധ്യമ ധർമം ചിയർ ലീഡേഴ്സിന്റെ ജോലിയാണോ എന്നതാണ് അടിസ്ഥാനപരമായ കാര്യം. ഗാലറിയിൽ ഇരുന്നു കളികാണുന്നവരെ കളിക്കളത്തിലെ ഏതെങ്കിലും ഒരു പക്ഷത്തിന് അനുകൂലമാക്കേണ്ട ചുമതല മാധ്യമങ്ങൾക്കില്ല. മാധ്യമ റിപ്പോർട്ടുകൾ സമകാലിക ചരിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റുകൾ ആണ്. അവയെ ആ രീതിയിൽ തന്നെ സമഗ്രവും സത്യസന്ധവും യുക്തിഭദ്രവുമായി നിലനിർത്തേണ്ടതുണ്ട്.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - കെ.എ ഷാജി

contributor

Similar News