ഗ്രോക്കിനോട് ഇന്ത്യയിൽ എന്തിത്ര വിരോധം, ഇസ്രായേൽ കരാറും ലംഘിച്ചു; അപ്പോഴും പിന്തുണച്ച് മാധ്യമങ്ങൾ
ഇലോൺ മസ്കിന്‍റെ 'എക്സ് ' ഇറക്കിയ ഗ്രോക് ഇന്ത്യയിൽ ആദ്യമേ തരംഗം സൃഷ്ടിച്ചു. യൂനിയൻ സർക്കാരും സംഘ് പരിവാർ വൃത്തങ്ങളും ഗ്രോക്കിനെതിരെ തിരിഞ്ഞിരിക്കുന്നു. കാരണം, അവരുടെ വ്യാജ പ്രചാരണങ്ങൾ ഗ്രോക്ക് വസ്തുതകൾ നിരത്തി പൊളിക്കുന്നു.


ഇസ്രായേൽ കരാറും ലംഘിച്ചു; അപ്പോഴും പിന്തുണച്ച് മാധ്യമങ്ങൾ...
ഗസ്സയിൽ വീണ്ടും ബോംബ് വർഷം. മനുഷ്യത്വം ഒട്ടുമില്ലാത്ത കൂട്ടക്കശാപ്പ്. ഒരൊറ്റ ദിവസം നൂറിലേറെ മരണം. ഈ നിലക്കാത്ത കുരുതിക്ക് കാരണം നെതന്യാഹുവിന്‍റെ അധികാര മോഹമാണെന്ന് ഇസ്രായേലി പത്രമായ ഹ ആരറ്റ്‌സ് എഡിറ്റോറിയലിൽ എഴുതുന്നു. യുദ്ധം നിലച്ചാൽ അധികാരം പോകും, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടും. വംശഹത്യ നടത്താൻ കൂട്ടിന് അമേരിക്കയുമുണ്ട്. വെടിനിർത്തൽ കരാർ നിലനിൽക്കെ വീണ്ടും കശാപ്പു തുടങ്ങാൻ ഇസ്രായേൽ പറയുന്ന ന്യായം ഹമാസ് കരാർ ലംഘനം നടത്തി എന്നാണ്. സത്യം വേറെയാണ്. ഒപ്പിട്ട കരാറിൽ പിന്നീട് ഇസ്രായേൽ പുതിയ ഉപാധികൾ കൂട്ടിച്ചേർത്തു. അത് ഹമാസിന് സമ്മതമല്ല. ഇസ്രായേലാണെങ്കിൽ 'വെടിനിർത്തൽ' കരാർ നിലവിലുള്ളപ്പോൾ പോലും അത് ലംഘിക്കുന്നുണ്ടായിരുന്നു. ഏകപക്ഷീയമായി അതിൽ നിന്ന് പുറകോട്ടു പോയതും അവർ തന്നെ. അത് ഹആരറ്റ്സും മറ്റ് ആഗോള മാധ്യമങ്ങളും തുറന്നെഴുതിയപ്പോഴും അമേരിക്കൻ പത്രങ്ങൾ കുറ്റം ഹമാസിന്‍റേതാണെന്ന് വരുത്താൻ നോക്കി. ന്യൂയോർക് ടൈംസ്, വാഷിങ്ടൺ ടൈംസ് എന്നിവ ഉദാഹരണം. (വാഷിങ്ടൺ പോസ്റ്റ് ഇത്തവണ ഏതായാലും ഇസ്രായേലിനെ കുറ്റപ്പെടുത്തി.)
ഗസ്സയിൽ നിന്നുള്ള ചിത്രപ്രതീകങ്ങൾ...
ഭാഷാ ശാസ്ത്രത്തിന്‍റെ -- Linguistics ന്‍റെ-- വികസിത രൂപമായി ചിഹ്ന ശാസ്ത്രത്തെ -- Semioticsനെ -- കാണാം. മാധ്യമങ്ങൾ ലോക സംഭവങ്ങൾ പറഞ്ഞുതരുന്നത് ഭാഷയിലൂടെയാണ് -- വാർത്താ ചിത്രങ്ങളിലൂടെയും. വാക്കുകൾക്കപ്പുറത്ത്, ബിംബങ്ങളുടെ -- ഇമേജുകളുടെ -- ഒരു ലോകമുണ്ട്. ചില ചിത്രങ്ങൾ അനേകം സംഭവങ്ങളുടെ, വികാരങ്ങളുടെ, പ്രതീകമാകും. ഫലസ്തീന്‍റെ ചരിത്രവും വർത്തമാനവും ചിഹ്നങ്ങൾ കൊണ്ട് വിവരിക്കാനാകും.യഹ്‌യ സിൻവാർ തന്റെ വീടിന്‍റെ അവശിഷ്ടങ്ങൾക്കു മുൻപിൽ കൂസലില്ലാതെ ഇരിക്കുന്ന ദൃശ്യം അനേകം പേർക്ക് ആവേശം പകർന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങളും അങ്ങനെതന്നെ.
സിൻവാറിന്‍റെ മരണവും അദ്ദേഹത്തിന്‍റെ ഇരുത്തവും അധിനിവേശ വിരുദ്ധ ചെറുത്തുനിൽപ്പിന്‍റെ പ്രതീകമായി.
ഇസ്രായേലി ടാങ്കിനു നേരെ വെറും കല്ല് കൊണ്ട് ധിക്കാരം കാട്ടിയ ഫാരിസ് ഔദ എന്ന 14കാരനെ അവർ കൊന്നത് 2000ൽ. റേച്ചൽ കോറി എന്ന അമേരിക്കൻ യുവതി, ഫലസ്തീൻ വീട് തകർക്കാൻ വന്ന ഇസ്രായേലി ബുൾഡോസറിനു മുമ്പിൽ തടയാൻ നിന്നപ്പോൾ അവരാ ബുൾഡോസർ അവൾക്കു മേൽ കയറ്റിയിറക്കിയത് 2003ൽ. ഫലസ്തീനി പോരാളികൾക്കും ലോകത്തിനും ഇതെല്ലാം തോൽപ്പിക്കാനാകാത്ത സമരവീര്യത്തിന്‍റെ ചിത്ര സ്മരണകളാണ്.
ഫാദി ഹസൻ അബൂ സലാഹ്, സിവാർ അൽ ജമാസി എന്നിങ്ങനെ ധീരമായി രക്‌തസാക്ഷിത്വം വരിച്ചവർ അസംഖ്യം. കാലത്തിന്‍റെ ഏടുകളിൽ അവരെപ്പോലെ മായാമുദ്ര പതിപ്പിച്ച മറ്റൊരാളാണ്, ഏതോ ഇസ്രായേലി തടവറയിലുള്ള ഡോക്ടർ ഹുസാം അബു സഫിയ. അവസാന നിമിഷം വരെ സേവന പ്രവർത്തനത്തിലേർപ്പെട്ട് ഒടുവിൽ, വെള്ളക്കോട്ടഴിക്കാതെ ശത്രു സേനക്ക് നേരെ നടക്കുന്ന ഡോക്ടറുടെ ചിത്രം, ഓരോ ഇസ്രായേലിയിലും കുറ്റബോധമുണ്ടാക്കുമെന്ന് അവിടത്തെ ജേണലിസ്റ്റ് ഡോണ മിൽസ്:
ഇസ്രായേലിന്‍റെ പൈശാചികത മേൽക്കൈ നേടുമ്പോഴും അവരുടെ ഏറ്റവും ശക്തമായ പ്രോപഗണ്ടയെ തോൽപ്പിക്കുന്നു ഇത്തരം ദൃശ്യങ്ങൾ. അക്കൂട്ടത്തിൽ, ഫലസ്തീൻകാർ കൊണ്ടുനടക്കുന്ന താക്കോലും. വാക്കുകൾ മാധ്യമങ്ങളുടെ ആയുധമാണ്. പക്ഷേ ഗസ്സ പുതിയൊരു മാധ്യമ ഭാഷ തന്നെ ദൃശ്യ ബിംബങ്ങളിലൂടെ സൃഷ്ടിക്കുന്നുണ്ടെന്ന് തോന്നുന്നു. അർഥമുള്ള ആ അടയാളങ്ങളാണ് അവിടത്തെ തരിശായ ഗസ്സമണ്ണിൽ വിളഞ്ഞു തുടങ്ങുന്നത്. ലോകത്തോട് അവ സംസാരിച്ചു തുടങ്ങുകയാണ്.
ഗ്രോക്കിനോട് ഇന്ത്യയിൽ എന്തിത്ര വിരോധം?
നിർമിത ബുദ്ധി (എ.ഐ) മാധ്യമ രംഗത്തും രാഷ്ട്രീയ രംഗത്തും ഇളക്കങ്ങൾ സൃഷ്ടിച്ചു തുടങ്ങുന്നു. എ.ഐ ചാറ്റ് ബോട്ടുകൾ അതിവേഗം രംഗം പിടിക്കുകയാണ്. കൂട്ടത്തിൽ, ഇലോൺ മസ്കിന്‍റെ 'എക്സ് ' ഇറക്കിയ ഗ്രോക് ഇന്ത്യയിൽ ആദ്യമേ തരംഗം സൃഷ്ടിച്ചു. യൂനിയൻ സർക്കാരും സംഘ് പരിവാർ വൃത്തങ്ങളും ഗ്രോക്കിനെതിരെ തിരിഞ്ഞിരിക്കുന്നു. കാരണം, അവരുടെ വ്യാജ പ്രചാരണങ്ങൾ ഗ്രോക്ക് വസ്തുതകൾ നിരത്തി പൊളിക്കുന്നു.
ഒരു ഭാഗത്ത് വ്യാജം പ്രചരിക്കുന്നു. മറുഭാഗത്ത് ഫാക്ട് ചെക്കിങ് സംവിധാനങ്ങളെ തടയുന്നു. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം കുത്തനെ താഴോട്ടെന്ന് കാണിക്കുന്ന പുതിയ പഠനഫലം വന്നിട്ടുണ്ട്.