മുഹമ്മദ് റഫി: സംഗീതം ജീവിതം
റഫിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവം, പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു റഫിയെ ഗാനാലാപനത്തിനായി ദല്‍ഹിയിലേക്കു ക്ഷണിച്ചുവരുത്തിയ സന്ദര്‍ഭമായിരുന്നു. മഹാത്മജിയുടെ വിയോഗത്തിനോടനുബന്ധിച്ചു നടന്ന അനുശോചന ചടങ്ങില്‍ 'ബാപ്പുജി കാ അമര്‍ കഹാനി' എന്ന റഫിയുടെ ശോകഗാനം ശ്രവിച്ച ജവഹര്‍ലാല്‍ നെഹ്റു കണ്ണീര്‍ പൊഴിക്കുകയുണ്ടായി.
മധുബന്‍ മെ രാധികാ നാചേരേ
ഗിരിധര്‍ കാ മുരളിയാം ബാചേരേ... (കോഹിനൂര്‍)
ആസ്വാദക ലക്ഷങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് തലമുറകളില്‍നിന്നും തലമുറകളിലേക്ക് ഒഴുകിപ്പരക്കുന്ന മഹാഗായകന്‍ മുഹമ്മദ് റഫി സാബ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏകദേശം നാല് ദശാബ്ദത്തോളമാകുന്നു. കാലത്തിനു ഒരു ക്ഷതവും ഏല്‍പിക്കാന്‍ കഴിയാത്ത ഒരു സംഗീത നിര്‍ഝരിയായിരുന്നു റഫി. പഞ്ചാബിലെ അമൃതസറിനടുത്ത് കോട്ട്ല സുല്‍ത്താന്‍ സിംഗ് എന്ന ഗ്രാമത്തില്‍ ജനിച്ച (1924) റഫിക്ക് ബാല്യകാലത്ത് തന്നെ സംഗീതത്തോട് വലിയ താല്‍പര്യമായിരുന്നു. സംഗീതത്തില്‍ അഗാധമായ അറിവ് തേടി ലാഹോറിലെത്തിയ അദ്ദേഹം പ്രശസ്തമായ ബഡെ ഗുലാം അലി, ഫിറോസ നിസാമി തുടങ്ങിയ സംഗീതജ്ഞരില്‍നിന്നും സംഗീതത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സ്വായത്തമാക്കി.
മുഹമ്മദ് റഫിയെ ഹിന്ദി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് യഥാര്‍ഥത്തില്‍ സംഗീത സാമ്രാട്ടായ നൗഷാദ് അലിയാണ്. ഇക്കാര്യം നൗഷാദ് തന്നെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നൗഷാദ് സംഗീത സംവിധാനം നിര്‍വഹിച്ച 'ഷാജഹാന്‍' എന്ന ചിത്രത്തില്‍ ഗായക ചക്രവര്‍ത്തിയായ കുന്ദന്‍ലാല്‍ സൈഗളിനോടൊപ്പമാണ് റഫി ഒരു പാട്ടുപാടിയത്.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതത്തില്‍ അസാമാന്യ വൈഭവം പ്രകടിപ്പിച്ചിരുന്ന റഫി ഏഴാമത്തെ വയസ്സില്‍ സഹോദരനായിരുന്ന മുഹമ്മദ് ദീന്‍ നടത്തിയിരുന്ന കടയില്‍ സഹായിയായി. അക്കാലത്ത് തെരുവിലൂടെ പാട്ടുപാടി നടന്നിരുന്ന ഒരു ഫക്കീറിനൊപ്പം അദ്ദേഹത്തിന്റെ എക്താര മീട്ടി ബാലനായ റഫി പാട്ടുപാടി നടന്നു. ഫക്കീറിന്റെ പാട്ടിനേക്കാള്‍ ദിവ്യവും ശുദ്ധവുമായ ശബ്ദത്തില്‍ പാടുന്ന റഫിയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ തെരുവില്‍ ആളുകള്‍ കൂടാന്‍ തുടങ്ങി. സഹോദരന്റെ ഈ സിദ്ധി തിരിച്ചറിഞ്ഞ് മുഹമ്മദ് ദീനാണ് പിതാവിന്റെ വിലക്ക് വകവെക്കാതെ പതിനാലാമത്തെ വയസ്സില്‍ റഫിയെ ലാഹോറിലേക്കയച്ചത്.
റഫി ആദ്യമായി പാടിയത് ഒരു പഞ്ചാബി സിനിമയിലായിരുന്നു (ഗുല്‍ബുലേക്ക്) അതിനു ശേഷമാണ് അദ്ദേഹത്തിന് ഹിന്ദി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചത് (ഗുല്‍ബുലേക്, ഗാവോംകി ഗൗരി, സംഗീതം: ശ്യാം സുന്ദര്‍സിംഗ്). പാട്ട് ഹിറ്റായതോടെ 1942-ല്‍ ബോംബെയിലേക്ക് വണ്ടി കയറി. മുഹമ്മദ് റഫിയെ ഹിന്ദി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് യഥാര്‍ഥത്തില്‍ സംഗീത സാമ്രാട്ടായ നൗഷാദ് അലിയാണ്. ഇക്കാര്യം നൗഷാദ് തന്നെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നൗഷാദ് സംഗീത സംവിധാനം നിര്‍വഹിച്ച 'ഷാജഹാന്‍' എന്ന ചിത്രത്തില്‍ ഗായക ചക്രവര്‍ത്തിയായ കുന്ദന്‍ലാല്‍ സൈഗളിനോടൊപ്പമാണ് റഫി ഒരു പാട്ടുപാടിയത്.
1943-ല്‍ റിലീസായ 'ജുഗ്‌നു' എന്ന സിനിമയില്‍ റഫി പാടിയ 'യഹാം ബദലാ വഫാക്കി ബേവഫായികാ സിവാ ക്യാ ഹെ' എന്ന ഗാനം വളരെയധികം പ്രശസ്തമായിരുന്നു. ഫിറോസ് നിസാമി ചിട്ടപ്പെടുത്തിയ ഈ ഗാനം പ്രശസ്ത ഗായിക നൂര്‍ജഹാനോടൊപ്പമായിരുന്നു റഫി ആലപിച്ചത്. അതിനുശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സുപ്രസിദ്ധ നടന്‍ ദിലീപിനു വേണ്ടിയായിരുന്നു റഫി ഈ ഗാനം പാടിയത്. ഈ കാലത്ത് ബോംബെയില്‍ വെച്ച് പല സാഹിത്യകാരന്മാരുമായും റഫിക്ക് ബന്ധം പുലര്‍ത്താനായി.
ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമാണ് ഉര്‍ദുഭാഷ. പ്രശസ്ത ഉര്‍ദു കവികളായ സാഹിര്‍ ലുധിയാന്‍വി, ഹസ്റത്ത ജയ്പുരി ജാന്‍ നിസാര്‍ അക്ത്തര്‍, കൈഫി ആസ്മി, ആര്‍സു, ശക്കീല്‍ ബദായൂനി, ഖമര്‍ ജലാലാബാദി, രാജാ മെഹദി അലിഖാന്‍ കൈഫി ഇര്‍ഫാനി, ആനന്ദ് ബക്ഷി, ശൈലേന്ദ്ര, രാജേന്ദ്ര കിഷന്‍ മജ്രൂഹ് സുല്‍ത്താന്‍ പുരി, ഗുല്‍സാര്‍, നീരജ്, ഇന്ദിഖര്‍, നക്ഷ് ലായല്‍ പുരി, ജാവേദ് അക്തര്‍, നിദാ ഫാസ്ലി എന്നിവരുടെ വരികള്‍ക്ക് ശബ്ദം നല്‍കാന്‍ റഫിക്ക് സാധിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ലോകപ്രശസ്ത ഉര്‍ദു കവികളായ മിര്‍സാ ഗാലിബ്, അല്ലാമാ ഇക്ബാല്‍ എന്നിവരുടെ ഉര്‍ദു കവിതകളും റഫി ആലപിച്ചിട്ടുണ്ട്.
ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹ പണ്ഡിതനായിരുന്ന മന്നാഡെ പോലും റഫിയുടെ കൂടെ അത്തരമൊരു ഗാനം പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹവുമൊത്ത് പാടാന്‍ എനിക്ക് ഇനിയും സംഗീതം പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ഒരിക്കല്‍ പറഞ്ഞത്. അത് വെറും വിനയമായിരുന്നില്ല. മറ്റ് ഗായകരില്‍നിന്നും റഫി എത്ര ഉയരത്തിലാണെന്നുള്ളതിന്റെ തെളിവാണീ സംഭവം.
നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു റഫി സാബ്. സഹായം അപേക്ഷിച്ചു വരുന്ന ആരെയും നിരാശയോടെ അദ്ദേഹം ഒരിക്കലും തിരിച്ചയച്ചിട്ടില്ല. മതപരമായ ഒട്ടനവധി ഭക്തി ഗാനങ്ങള്‍ പാടിയിട്ടുള്ള റഫി 1970-ലാണ് പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയത്. ഊഷ്മളമായ സ്വീകരണമായിരുന്നു അദ്ദേഹത്തിന് അന്നവിടെ ലഭിച്ചത്. പരിശുദ്ധ ഭൂമിയില്‍ അദ്ദേഹത്തിനവിടെ ബാങ്ക് വിളിക്കാനുള്ള അവസരവും അന്ന് ലഭിച്ചിരുന്നു. പഞ്ചാബിലെ ഒരു സാധാരണ കര്‍ഷകന്റെ പുത്രനായി പിറന്ന് സംഗീതോപാസകനായി വളര്‍ന്ന് സംഗീത സാമ്രാജ്യത്തിന്റെ മുടിചൂടാ മന്നനായി മാറി റഫി. പക്ഷെ, എന്നും എളിയ ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ പോലും അദ്ദേഹം ഒരിക്കലും വാശി പിടിച്ചിരുന്നില്ല. ധനശേഷിയില്ലാത്ത പല നിര്‍മാതാക്കളെയും പ്രതിഫലമില്ലാതെ അദ്ദേഹം പാടി സഹായിച്ചിട്ടുണ്ടത്രേ.
ലതാ മങ്കേഷ്‌കര്‍, ആശ ഭോസ്ലെ, ഉഷാ മങ്കേഷ്‌കര്‍, സുമന്‍ കല്യാണ്‍പൂര്‍, നൂര്‍ജഹാന്‍, ഷംഷാദ് ബീഗം, സുരയ്യാ, ഗീതാദത്ത്, സുശീല, ജാനകി, വാണിജയറാം എന്നിവര്‍ റഫിയുടെ കൂടെ പാടിയിട്ടുള്ളവരാണ്. കിഷോര്‍കുമാര്‍, മന്നാഡെ, മഹേന്ദ്രപൂര്‍, മുകേഷ് എന്നീ ഗായകരോടൊപ്പവും റഫി പാടിയിട്ടുണ്ട്.
1950-70 കളിലെ ഹിന്ദി സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ റൊമാന്റിക്, ക്ലാസിക്, സെന്റിമെന്റല്‍, ഗസല്‍, ഭജന്‍, ഖവ്വാലി, ഡിവോഷണല്‍, കോമഡി, പാട്രിയോട്ടിക് എന്നിങ്ങനെ എല്ലാ മേഖലയിലും തൊട്ടതൊക്കെ പൊന്നാക്കിയ മറ്റേത് സംഗീത പ്രതിഭയുണ്ട് നമുക്ക്. ഉഛസ്ഥായിയിലും കീഴ്സ്ഥായിയിലും ഇത്ര അനായാസം ഗാനമാലപിക്കാനും അത് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ അനുവാചകരിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹ പണ്ഡിതനായിരുന്ന മന്നാഡെ പോലും റഫിയുടെ കൂടെ അത്തരമൊരു ഗാനം പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹവുമൊത്ത് പാടാന്‍ എനിക്ക് ഇനിയും സംഗീതം പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ഒരിക്കല്‍ പറഞ്ഞത്. അത് വെറും വിനയമായിരുന്നില്ല. മറ്റ് ഗായകരില്‍നിന്നും റഫി എത്ര ഉയരത്തിലാണെന്നുള്ളതിന്റെ തെളിവാണീ സംഭവം.
നൗഷാദ്, ചിത്രഗുപ്ത്, റോഷന്‍, മദന്‍ മോഹന്‍, ശങ്കര്‍ ജയകിഷന്‍, ലക്ഷ്മീകാന്ത്-പ്യാരേലാല്‍, കല്യാണ്‍ജി-ആനന്ദ്ജി, എസ്.ഡി ബര്‍മാന്‍, ആര്‍.ഡി ബര്‍മാന്‍, ഉഷാഖന്ന, ഗണേഷ് എന്നീ സംഗീത പ്രതിഭകളുടെ സംവിധാനവും റഫിയുടെ അനുപമ ശാരീരവും ചേര്‍ന്ന എത്രയെത്ര അനുപമമായ ഗാനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോ കഥാപാത്രങ്ങളുടെ ഭാവഹാദികള്‍ക്കനുസൃതമായി ശബ്ദക്രമീകരണം വരുത്തി ഗാനമാലപിക്കാനുള്ള റഫിയുടെ കഴിവ് അപാരമാണ്. വാത്സല്യനിധിയായ അഛന്റേതാവട്ടെ, സഹോദരന്റേതാവട്ടെ, പ്രേമം തുളുമ്പുന്ന കാമുകന്റേതാവട്ടെ, പ്രേമപരാജിതനായ നായകന്റേതാവട്ടെ, മദിരാസക്തനായ മദ്യപന്റേതാവട്ടെ, ചടുല ചുവടുകള്‍ വെക്കുന്ന നര്‍ത്തകന്റേതാവട്ടെ അവയെല്ലാം റഫിയുടെ സൗകുമാര്യത്തില്‍ ആസ്വാദന ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്നു.
അമ്പതുകളിലും അറുപതുകളിലും റഫി കേരളത്തില്‍ കൊച്ചിയിലും തലശ്ശേരിയിലും കോഴിക്കോടും വന്നിട്ടുണ്ട്. തികഞ്ഞ ഭക്തനായി ജീവിച്ചിരുന്ന റഫി സാഹബ് മതാനുഷ്ഠാനങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. സിനിമാ ലോകത്തെ മൂല്യച്യുതിയില്‍ വേദനിച്ചിരുന്ന അദ്ദേഹം അതുകാരണം കൊണ്ടുതന്നെ തന്റെ മക്കളില്‍ ഒരാള്‍പോലും സിനിമാ രംഗത്ത് കടന്നുവരുന്നതിനെ എതിര്‍ത്തിരുന്നു. എല്ലാ മതങ്ങളെയും അദ്ദേഹം ബഹുമാനിച്ചിരുന്നു. ഹരിദ്വാറിലെ ക്ഷേത്രത്തില്‍ എന്നും സുപ്രഭാതത്തില്‍ കേള്‍ക്കാറുള്ള ഭജന്‍ റഫി ആലപിച്ചതാണ്. ഇത്രയധികം ഭജനും കീര്‍ത്തനങ്ങളും ആലപിച്ച ഗായകര്‍ റഫിയെപ്പോലെ അധികമില്ല. വ്യക്തി ജീവിതത്തില്‍ സിനിമാ ലോകത്ത് റഫിയെ പോലെ നിഷ്‌കര്‍ഷത പുലര്‍ത്തിയവര്‍ തുലോം വിരളമാണ്. ഒരിക്കല്‍പോലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ആളായിരുന്നു റഫി. ആലംബഹീനരോടുള്ള അദ്ദേഹത്തിന്റെ സമീപനം ഒരുപക്ഷേ മുംബൈയിലെ ചേരിനിവാസികള്‍ക്കേ അറിയൂ.
അദ്ദേഹത്തിനു ഇഷ്ടപ്പെട്ട വിനോദം ടെന്നീസായിരുന്നു. ഒഴിവുസമയങ്ങളിലദ്ദേഹം ടെന്നീസ് പ്രാക്ടീസ് ചെയ്യുമായിരുന്നു. ബോക്സിംഗ് രംഗത്തെ ഇതിഹാസമായിരുന്ന മുഹമ്മദലി ക്ലേ ആയിരുന്നു റഫിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി.
സ്വന്തം പ്രതിഭ കൊണ്ട് പടിപടിയായി ഭാരതത്തിന്റെ അഭിമാനമായി ഉന്നത തലങ്ങളിലേക്കുയര്‍ന്ന ഈ ഗാനഗന്ധര്‍വന്റെ മാസ്മരിക ശബ്ദം നിലച്ചിട്ട് ഏകദേശം നാലു ദശകത്തോളമായി. എന്നാല്‍ റഫി എന്ന ഹിന്ദി ഫിലിം സംഗീതത്തിലെ അതികായന്‍ പാടിയ അമൂല്യ ഗാനങ്ങള്‍ തലമുറകള്‍ കൈമാറി അദ്ദേഹത്തെ അമരനാക്കിയെന്നത് ചരിത്ര സത്യം. റഫിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവം, പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു റഫിയെ ഗാനാലാപനത്തിനായി ദല്‍ഹിയിലേക്കു ക്ഷണിച്ചുവരുത്തിയ സന്ദര്‍ഭമായിരുന്നു. മഹാത്മജിയുടെ വിയോഗത്തിനോടനുബന്ധിച്ചു നടന്ന അനുശോചന ചടങ്ങില്‍ 'ബാപ്പുജി കാ അമര്‍ കഹാനി' എന്ന റഫിയുടെ ശോകഗാനം ശ്രവിച്ച ജവഹര്‍ലാല്‍ നെഹ്റു കണ്ണീര്‍ പൊഴിക്കുകയുണ്ടായി.
ലേഖകന്‍ മുഹമ്മദ് റഫിയുടെ മകളോടും മരുമകനോടുമൊപ്പം