മുസ്‌ലിം, വോട്ടുകള്‍, വോട്ട് ബാങ്ക്: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്

മതപരമായ സൂചനകളോടെ മുസ്‌ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്‌ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചം അധികാരത്തിന് ലഭിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02)

Update: 2024-07-10 15:26 GMT
Advertising

കേരളത്തിലെ ജനസംഖ്യ 2011 ലെ സെന്‍സസ് അനുസരിച്ച് ആകെ 3.34 കോടിയാണ്. അതില്‍ ഹിന്ദുക്കള്‍ 54.9 ശതമാനവും മുസ്‌ലിംകള്‍ 26.6 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും ജൈനര്‍ 0.01 ശതമാനവും സിഖുകാര്‍ 0.01 ശതമാനവും ബൗദ്ധര്‍ 0.01 ശതമാനവും മറ്റുള്ളവര്‍ 0.02 ശതമാനവുമാണ്. ക്രൈസ്തവരില്‍ 61.0 ശതമാനവും കത്തോലിക്കരാണ്. ദലിത് ക്രൈസ്തവര്‍ 2.6 ശതമാനവുമാണ്. ഈഴവര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കണക്കനുസരിച്ച് 23 ശതമാനം വരും. നായര്‍ 12.5 ശതമാനവും. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ ആകെ 17.5 ശതമാനം വരും. (റിലീജിയസ് ഡിനോമിനേഷന്‍സ് ഓഫ് കേരള, കെ.സി സഖറിയ, വര്‍ക്കിങ് പേപ്പര്‍ സി.ഡി.എസ്, 2016).

പതിനെട്ടാം ലോക്‌സഭയില്‍ ആകെ എണ്ണിയ വോട്ട് 1,97,69,583. യു.ഡി.എഫിന് 90,14,954 വോട്ടും എല്‍.ഡി.എഫിന് 66,61,069 വോട്ടും ലഭിച്ചു. അതായത് യു.ഡി.എഫിന് 45.60 ശതമാനം വോട്ടും യു.ഡി.എഫിന് 33.69 ശതമാനം വോട്ടും. എന്‍.ഡി.എക്ക് 19.43 ശതമാനം വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ട് ലഭിച്ചിരുന്നു. അതായത് ഇത്തവണ നാല് ശതമാനത്തിന്റെ വര്‍ധന. ബി.ജെ.പിക്ക് മാത്രം ഇത്തവണ 16.68 ശതമാനം വോട്ട് ലഭിച്ചു, കഴിഞ്ഞ തവണ 13 ശതമാനമായിരുന്നു. (ഹിന്ദുസ്ഥാന്‍ ടൈംസ്, ജൂണ്‍ 16, 2024)

എന്‍.ഡി.എക്ക് ഒരു ലക്ഷത്തിന് താഴെ വോട്ട് ലഭിച്ചത് രണ്ട് മണ്ഡലത്തില്‍ മാത്രമാണ്; ഇടുക്കിയിലും മലപ്പുറത്തും. ബാക്കി 18 മണ്ഡലങ്ങളിലും ഒരു ലക്ഷത്തിനു മുകളിലാണ് ലഭിച്ചത്. പതിനൊന്ന് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വോട്ട് ലഭിച്ചു. നാല് മണ്ഡലങ്ങളില്‍ 2-3 ലക്ഷത്തിനിടയില്‍ വോട്ട് ലഭിച്ചു. രണ്ട് മണ്ഡലങ്ങളില്‍ 3-4 ലക്ഷത്തിനിടയിലും ഒരു മണ്ഡലത്തില്‍ നാല് ലക്ഷത്തിനു മുകളിലും വോട്ട് ലഭിച്ചു. (1 ലക്ഷത്തിനുതാഴെ 2; 1-2 ലക്ഷം 11; 2-3 ലക്ഷം 4; 3-4 ലക്ഷം 2; 4 നു മുകളില്‍ 1).

മാതൃഭൂമി നല്‍കുന്ന (ജൂണ്‍ 4) കണക്കനുസരിച്ച് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതാണ്. ഇതില്‍ എല്ലാ സീറ്റിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മാണ് ജയിച്ചത്.

വോട്ടര്‍മാരെ മതപരമായി തിരിച്ചറിയുന്ന രീതി പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാധ്യമ വിശകലനങ്ങളിലും അത് കണ്ടിരുന്നു. മതപരമായ സൂചനകള്‍ മുസ്‌ലിംകളിലും ക്രൈസ്തവരിലും ഒതുങ്ങിനിന്നു. ഹിന്ദുത്വസ്വാധീനത്തെക്കുറിച്ച് മിക്കവാറും നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും ഹിന്ദു വോട്ടര്‍മാരെക്കുറിച്ച് സൂചിപ്പിച്ച അപൂര്‍വം ഒരാള്‍ ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥിയാണ്. അദ്ദേഹം വോട്ടര്‍മാരുടെ ഹൈന്ദവവത്കരണത്തെക്കുറിച്ചും പറഞ്ഞു.

തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, കായംകുളം, ഹരിപ്പാട്, മഞ്ചേശ്വരം, കാസര്‍കോഡ്, പാലക്കാട് എന്നീ സീറ്റുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തുവന്നു. ഇതില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കായംകുളം എന്നീ സീറ്റുകളില്‍ ഇടതുപക്ഷവും ബാക്കി സീറ്റുകളില്‍ യു.ഡി.എഫുമായിരുന്നു 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. എന്‍.ഡി.എ ജയിച്ച തൃശൂരില്‍ ഏഴ് നിയോജകമണ്ഡലങ്ങളില്‍ ആറിലും ബി.ജെ.പി മുന്നിലായിരുന്നു. ഗുരുവായൂരില്‍ മാത്രം മൂന്നാമതായി.

വോട്ട് വിശകലനം

18ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 2024 ജൂണ്‍ 4ാം തിയ്യതിയാണ് നടന്നത്. പോസ്റ്റ് പോള്‍ സര്‍വേ നടന്നതുമുതല്‍ അതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. മൂന്നാം തിയ്യതിയോടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശങ്ക പെരുകി.

മൂന്നാം തിയ്യതി തന്നെ എ.ബി.സി മലയാളം ചാനലില്‍ മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍, എ.പി അഹ്മദ് എന്നിവര്‍ ചേര്‍ന്നുനടത്തിയ ചര്‍ച്ചയില്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിനും ഒ.ബി.സി-പട്ടികവര്‍ഗ വോട്ടുകളിലെ നല്ലൊരു പങ്ക് ബി.ജെ.പിക്കും ലഭിച്ചതായി പോസ്റ്റ് പോള്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അഭിപ്രായപ്പെട്ടു. എന്നാല്‍, പട്ടികജാതിക്കാര്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നില്ല. കുറേ വോട്ടുകള്‍ കോണ്‍ഗ്രസ്സിനും ലഭിച്ചു. കേരളത്തില്‍ മുസ്‌ലിംകളില്‍ നാല് ശതമാനം ബി.ജെ.പിക്ക് വോട്ട് നല്‍കിയതായും അവര്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ട ശേഷം സുരേഷ് ഗോപിയോട് മത്സരിച്ചു തോറ്റ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ന്യൂനപക്ഷവോട്ടുകളില്‍ വിള്ളലുണ്ടായതായും മുന്നാക്ക സമുദായ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചതായും പറഞ്ഞു. ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെട്ടതായും ക്രൈസ്തവവോട്ടില്‍ ചോര്‍ച്ചയുണ്ടായതായും പിറ്റേ ദിവസവും മുരളീധരന്‍ സൂചിപ്പിച്ചു. ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കരാണമായി അദ്ദേഹം കണ്ടത് ഭരണവിരുദ്ധ വികാരമാണ്. ജൂണ്‍ 18ന് ഏഷ്യാനെറ്റുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം കുറച്ചുകൂടെ വിശദീകരണങ്ങള്‍ നല്‍കി: 56,000 വോട്ടുകള്‍ ബി.ജെ.പി അധികമായി ചേര്‍ത്തത് യു.ഡി.എഫിന് കണ്ടെത്താനായില്ല. വോട്ട് ചേര്‍ക്കാന്‍ സി.പി.എമ്മിന്റെ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. നാട്ടികയില്‍ മാത്രം മുസ് ലിം വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയി. ഗുരുവായൂരില്‍ ഇത് ബാധിച്ചില്ല. സുനില്‍കുമാര്‍ ഒരിടത്തും ലീഡ് ചെയ്തില്ല. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ കേരളത്തില്‍ കൂടി. എല്‍.ഡി.എഫിന്റെ വോട്ടും ബി.ജെ.പിയിലേക്ക് പോയി. ക്രൈസ്തവരുടെയും സവര്‍ണരുടെയും വോട്ട് യു.ഡി.എഫിന് കിട്ടിയിരുന്നത് ഇപ്പോള്‍ നഷ്ടപ്പെട്ടു. മുസ്‌ലിംവോട്ടില്‍ മാത്രമാണ് വിള്ളലുണ്ടാകാതിരുന്നത്. താമരയില്‍ കുത്തുന്നത് തെറ്റല്ലെന്ന് കരുതാന്‍ തുടങ്ങിയിരിക്കുന്നു. തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ ഭൂരിപക്ഷവും ബി.ജെ.പിക്ക് ലഭിച്ചു. കോണ്‍ഗ്രസ്സിന്റെ ഉറച്ചസീറ്റായ തിരുവനന്തപുരത്തും കാട്ടാക്കടയിലും സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായ ആറ്റിങ്ങലിലും ബി.ജെ.പി നേട്ടമുണ്ടാക്കി. (ജൂണ്‍ 18, 2024, ഏഷ്യാനെറ്റ്, നേതാവ് നിലപാട്)

(പട്ടിക കാണുക).



ജൂണ്‍ 4ന് മാതൃഭൂമി നല്‍കിയ ഒരു വിശകലനത്തില്‍ തൃശൂരില്‍ ബി.ജെ.പി ജയിച്ചതിനു കാരണമായി പറഞ്ഞത് എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലും ക്രൈസ്തവരുടെ പിന്തുണയുമാണ്.

ബി.ജെ.പിയിലേക്ക് മാറിയ പത്മജ വേണുഗോപാലന്റെ അഭിപ്രായത്തില്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നില്‍ അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടിയ വോട്ടും കോണ്‍ഗ്രസ്സുകാര്‍ മുരളീധരന്റെ കാലുവാരിയതുവഴി വന്ന വോട്ടുമാണ്. മുസ്‌ലിംകളെ പേടിപ്പിച്ച് കോണ്‍ഗ്രസ്സുകാര്‍ വോട്ടുതട്ടിയെന്നും ആരോപിച്ചു. സുരേഷ് ഗോപിയോട് തൃശൂരില്‍ പരാജയപ്പെട്ട സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാറിന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ചയാണ് ബി.ജെ.പിയുടെ വിജയത്തിനു കാരണം. സി.പി.എം നേതാവ് എം. സ്വരാജിന്റെ അഭിപ്രായവും തൃശൂരിലെ വിജയത്തിനു പിന്നില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ചയാണ്. കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്റെ അഭിപ്രായത്തില്‍ ചോര്‍ന്നത് ഇടത് വോട്ടാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തൃശൂരിലെ ബി.ജെ.പി വിജയത്തിന് കാരണമായി കണ്ടത് ഇടത് വോട്ടുകളുടെ ചോര്‍ച്ചയാണ്. പിന്നെ ഭരണവിരുദ്ധ വികാരവും. എന്നാല്‍, തന്റെ വിജയത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് മതേതരവോട്ടുകള്‍ തനിക്ക് ലഭിച്ചെന്നാണ്. പിണറായി വിജയന്‍ തൃശൂരിലെ ബി,ജെ,പി വിജയത്തില്‍ ആശങ്കയറിയിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തൃശൂരില്‍ ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ വോട്ട് ചെയ്തതായി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച വിശകലനത്തില്‍ തൃശൂരിലെ വിജയം ബി.ജെ.പി പൗരസമൂഹത്തെ കയ്യിലെടുത്തതിലൂടെ സംഭവിച്ചതായി വിലയിരുത്തി. കൈരളി ടി.വി നല്‍കിയ കോട്ടയം നിയോജക മണ്ഡലത്തെക്കുറിച്ച വിശകലനത്തില്‍ ബി.ഡി.ജെ.എസ്‌ സ്ഥാനാര്‍ഥിയെ ബി.ജെ.പിക്കാര്‍ തന്നെ കാലുവാരിയതായും എസ്.എന്‍.ഡി.പി വോട്ടുകള്‍ അവര്‍ക്ക് ലഭിച്ചില്ലെന്നും കണ്ടെത്തി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ സി.പി.എം നല്‍കിയ പ്രസ്താവനയില്‍ കേരളത്തില്‍ വര്‍ഗീയശക്തികള്‍ വളര്‍ന്നതായി ആശങ്കപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് തോല്‍വി ഏറ്റുവാങ്ങിയ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രാഷ്ട്രീയവോട്ടുകള്‍ തനിക്ക് ലഭിച്ചെങ്കിലും കോടീശ്വരന്‍മാര്‍ വോട്ട് പര്‍ചേസ് ചെയ്തതായി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തില്ലെന്ന് കെ. സുധാകരന്‍ നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പ്രത്യേകം അടയാളങ്ങളില്ലാത്ത ഒരു 'വോട്ടര്‍' എന്നാല്‍ ഹിന്ദു സവര്‍ണ വോട്ടറാണ്. ഹിന്ദു സവര്‍ണ വോട്ടര്‍ക്ക് മറ്റെന്തെങ്കിലും പ്രത്യേക വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് നാം കരുതുന്നു. സവര്‍ണ പുരുഷനില്‍ മനുഷ്യ മാതൃക കാണുന്നപോലെയാണ് അത്. സവര്‍ണര്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥിരതയോടെയാണ് വോട്ട് ചെയ്തതെങ്കിലും തെരഞ്ഞെടുപ്പ് വിശകലനങ്ങളില്‍ അവരുടെ സാന്നിധ്യം ഒളിച്ചുവയ്ക്കപ്പെടുന്നു. മിക്കവാറും രാഷ്ട്രീയ വോട്ടുകളായോ മധ്യവര്‍ഗ വോട്ടുകളായോ അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും പേരുകളിലോ ആണ് അവര്‍ തിരിച്ചറിയപ്പെടുന്നത്.

മാധ്യമം ലേഖനം ജൂണ്‍ 5ാം തിയ്യതി നടത്തിയ വിശകലനത്തില്‍ ഭൂരിപക്ഷ സമുദായവോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതും എസ്.എന്‍.ഡി.പി വോട്ടുകള്‍ ലഭിക്കാത്തതും ഇടതിന്റെ പരാജയകാരണമായി പറഞ്ഞു. എം.വി ഗോവിന്ദന്‍ തൃശൂരിലെ ബി.ജെ.പി വിജയത്തിനു കാരണമായി പറഞ്ഞത് കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ചയും, വടകരയിലെ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ചക്ക് കാരണമായി പറഞ്ഞത് വര്‍ഗീയതയും അശ്ലീലവും തമ്മില്‍ കൈകോര്‍ത്തതുമാണ്.

ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ഥിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ട് ചോര്‍ന്നതായും ഹിന്ദുവോട്ടര്‍മാര്‍ക്കിടയില്‍ ചാഞ്ചല്യമുണ്ടായതായും ഹിന്ദുവത്കരണം സംഭവിച്ചതായും അദ്ദേഹം നിരീക്ഷിച്ചു. വിശകലനങ്ങളില്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ച അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. എം.കെ മുനീര്‍ ഇടതു പരാജയത്തിനു കാരണമായി കണ്ടത് മതന്യൂനപക്ഷ പ്രീണനമാണ്. ഇത് വലിയ വിവാദമായി.

മീഡിയവണ്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം നേതാവ് അഡ്വ. കെ. അനില്‍കുമാര്‍ തൃശൂരില്‍ മാത്രമല്ല, മലപ്പുറത്തും വിജയിച്ചത് മതരാഷ്ട്രീയ പാര്‍ട്ടികളാണെന്ന് കുറ്റപ്പെടുത്തി. ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത ജ്യോതികുമാര്‍ ചാമക്കാല സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നില്‍ ഇടതുവോട്ടുകളുടെ ചോര്‍ച്ചയാണ് കണ്ടത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടിയും ഇടത് വോട്ട് ചോര്‍ച്ച എടുത്തുകാട്ടി.

ബി.ജെ.പി നേതാവായ കെ. സുരേന്ദ്രന്‍ ഭരണവിരുദ്ധ വികാരം, സവര്‍ണ, ഹിന്ദു ഈഴവ വോട്ടുകള്‍ എന്നിവയെയാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാനഘടകങ്ങളായി കണ്ടത്. സി.പി.ഐയെ സംബന്ധിച്ചിടത്തോളം ക്രൈസ്തവവോട്ടുകളുടെ ചോര്‍ച്ച, കരുവന്നൂര്‍ ബാങ്ക് അഴിമതി, തൃശൂര്‍ പൂരം നടത്തിപ്പിലെ അപാകത എന്നിവ ഫലത്തെ സ്വാധീനിച്ചു. വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷത്തിന്റെ പരാജയകാരണം.

സി.പി.എം നേതാവ് ജി. സുധാകരനാണ് വ്യത്യസ്തമായ കാരണം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മോദി ശക്തനായ വലതുപക്ഷ നേതാവാണ്. ആലപ്പുഴയില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഈഴവര്‍ക്ക് പല രംഗത്തും പരാതിയുണ്ട്. ഇതൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. തോമസ് ഐസക്ക് പറയുന്നത് എതിരാളികള്‍ പണം കൊടുത്ത് വോട്ട് വാങ്ങിയെന്നാണ്. 

വോട്ടറെ തിരിച്ചറിയുന്ന രീതി

ജൂണ്‍ മൂന്ന് മുതല്‍ 18വരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും നടത്തിയ പ്രതികരണത്തില്‍നിന്ന് റാന്‍ഡമായി തെരഞ്ഞെടുത്ത അഭിപ്രായങ്ങളാണ് മുകളില്‍ ക്രോഡീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ചേര്‍ത്ത പട്ടികയില്‍ അത് എടുത്തെഴുതിയിരിക്കുന്നു. 37 പ്രതികരണങ്ങളാണ് പട്ടികയിലുള്ളത്. ബി.ജെ.പിയുമായി തങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഇടതു-വലതു വ്യത്യാസമില്ലാതെ മിക്കവാറും നേതാക്കള്‍ സാധാരണ ഏതൊരു മത്സരത്തെയും പോലെ മതസൂചനയോ സമുദായ സൂചനയോ ഇല്ലാത്ത വാക്കുകള്‍ക്കൊണ്ടാണ് വിശദീകരിച്ചത് - ഉദാഹരണത്തിന് വോട്ട് ചോര്‍ച്ച, ഭരണവിരുദ്ധ വികാരം, വ്യക്തിമാഹാത്മ്യം, ഏകോപിച്ച പ്രവര്‍ത്തനം എന്നിങ്ങനെ. രണ്ട് ഇടതുപക്ഷ നേതാക്കള്‍ പണം കൊടുത്തു വോട്ടുവാങ്ങിയെന്നും പറഞ്ഞു. നിരവധി നേതാക്കള്‍ എതിരാളിയുടെ വോട്ട്, ബി.ജെ.പിയിലേക്ക് ചോര്‍ന്നതായും ആരോപിച്ചിട്ടുണ്ട്. അത് എല്‍.ഡി.എഫ്, യു.ഡി.എഫിനെതിരേയും തിരിച്ചും ആരോപിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലത്തെ പ്രധാനമായും സ്വാധീനിച്ച ഘടകമായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് ന്യൂനപക്ഷ വോട്ടുകളാണ്. പട്ടികയില്‍ 37ല്‍ 20 പ്രതികരണങ്ങളും ന്യൂനപക്ഷവോട്ടുകളുടെ സ്വാധീനത്തെ പ്രധാനമായി കണ്ടു. ക്രൈസ്തവ വോട്ടുകളെക്കുറിച്ചും ചിലര്‍ സൂചന നല്‍കി. ഈഴവ വോട്ടുകളെക്കുറിച്ചും സൂചന നല്‍കിയിട്ടുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമാണ് സവര്‍ണവിഭാഗങ്ങളിലെ വോട്ടര്‍മാരെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചില ലേഖനങ്ങളിലും പിന്നെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനുമാണ് ഇത് വ്യക്തമായി പറഞ്ഞിട്ടുള്ളത്. ഇക്കാര്യം അദ്ദേഹം പല തവണ ആവര്‍ത്തിച്ചു.

വോട്ടര്‍മാരെ മതപരമായി തിരിച്ചറിയുന്ന രീതി പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാധ്യമ വിശകലനങ്ങളിലും അത് കണ്ടിരുന്നു. മതപരമായ സൂചനകള്‍ മുസ്‌ലിംകളിലും ക്രൈസ്തവരിലും ഒതുങ്ങിനിന്നു. ഹിന്ദുത്വസ്വാധീനത്തെക്കുറിച്ച് മിക്കവാറും നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും ഹിന്ദു വോട്ടര്‍മാരെക്കുറിച്ച് സൂചിപ്പിച്ച അപൂര്‍വം ഒരാള്‍ ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥിയാണ്. അദ്ദേഹം വോട്ടര്‍മാരുടെ ഹൈന്ദവവത്കരണത്തെക്കുറിച്ചും പറഞ്ഞു.

വോട്ടര്‍: പേരുള്ളതും ഇല്ലാത്തതും

തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പ്രത്യേകം അടയാളങ്ങളില്ലാത്ത ഒരു 'വോട്ടര്‍' എന്നാല്‍ ഹിന്ദു സവര്‍ണ വോട്ടറാണ്. ഹിന്ദു സവര്‍ണ വോട്ടര്‍ക്ക് മറ്റെന്തെങ്കിലും പ്രത്യേക വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് നാം കരുതുന്നു. സവര്‍ണ പുരുഷനില്‍ മനുഷ്യ മാതൃക കാണുന്നപോലെയാണ് അത്. സവര്‍ണര്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥിരതയോടെയാണ് വോട്ട് ചെയ്തതെങ്കിലും തെരഞ്ഞെടുപ്പ് വിശകലനങ്ങളില്‍ അവരുടെ സാന്നിധ്യം ഒളിച്ചുവയ്ക്കപ്പെടുന്നു. മിക്കവാറും രാഷ്ട്രീയ വോട്ടുകളായോ മധ്യവര്‍ഗ വോട്ടുകളായോ അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും പേരുകളിലോ ആണ് അവര്‍ തിരിച്ചറിയപ്പെടുന്നത്.

എന്നാല്‍, മുസ്‌ലിം, ക്രൈസ്തവ വോട്ടുകള്‍ എല്ലായ്‌പ്പോഴും വിശകലന വിദഗ്ധരുടെയും മാധ്യമങ്ങളുടെയും കണക്കില്‍പ്പെടുന്നു. അവര്‍ണ വോട്ടര്‍മാരുടെയും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ഈഴവ പോലുള്ള സമുദായ വോട്ടര്‍മാരുടെ സാന്നിധ്യവും വരവുവയ്ക്കപ്പെടുന്നു. 'വോട്ട് ബാങ്ക്' എന്നാണ് അത് അറിയപ്പെടുന്നത്. 'ഹിന്ദു'വാണ് ഏറ്റവും അവസാനം പുറത്തുവരുന്ന 'വോട്ടര്‍ സ്വത്വം'. അല്ലാത്തപ്പോഴെല്ലാം അത് മറഞ്ഞിരിക്കുകയാണ്. വോട്ടിങ് പ്രവണതയെ സ്വീധീനിക്കുമ്പോഴും മറ്റൊരു വഴിയുമില്ലാതാകുന്നതുവരെ ഇവ മറഞ്ഞിരിക്കുന്നത് എന്തുകൊണ്ടായിരിക്കും? മറഞ്ഞിരുന്നുകൊണ്ട് സമൂഹത്തെ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്ന ഇത്തരം ശക്തികള്‍ അധികാര ബലതന്ത്രത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 'വോട്ട് ബാങ്കു'കളായി തിരിച്ചറിയപ്പെടുന്ന സമുദായങ്ങളുടെ റോള്‍ മിക്കപ്പോഴും അധികാരത്തിനു പുറത്താണ്. ചില ഘട്ടത്തില്‍ മാത്രമാണ് അവര്‍ അധികാരത്തിന്റെ കേന്ദ്രത്തിലെത്തുന്നത്. 'വോട്ട് ബാങ്കി'ന്റെ കീഴാള പദവിയില്ലാതെത്തന്നെ അധികാരത്തെ നിയന്ത്രിക്കാനാവുന്നതുകൊണ്ടാണ് സവര്‍ണര്‍ അങ്ങനെ തിരിച്ചറിയപ്പെടാത്തത്. കീഴാളര്‍ അധികാരത്തിന്റെ ഭാഗമാകുന്നതോടെ സവര്‍ണവിഭാഗങ്ങള്‍ സ്വയം വോട്ടുബാങ്കായി പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിതരാവും. യു.പിയിലും മറ്റും നാമത് കണ്ടിട്ടുണ്ട്. മതപരമായ സൂചനകളോടെ മുസ്‌ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്‌ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചവും അധികാരത്തിന് ലഭിക്കുന്നു.

മാറുന്ന വോട്ടര്‍

വോട്ടര്‍മാരുടെ ചോയ്‌സും ഐഡന്റിറ്റിയും തമ്മിലുള്ള ബന്ധം രേഖീയമല്ല. വോട്ടര്‍മാര്‍ പല സാഹചര്യങ്ങളില്‍ പല തീരുമാനങ്ങളെടുക്കുന്നവരാണ്. രണ്ടു തരം വോട്ടര്‍മാര്‍ ഉണ്ട്: ഇഗോട്രോപിക് വോട്ടര്‍മാരും സോഷ്യോട്രോപിക് വോട്ടര്‍മാരും (Chrtsiopher J. Anderons, 'The End of Economic Voting? Contingency Dilemmas and the Limsti of Democratic Accountabiltiy,' Annual Review of Political Science 10 (2007): 27196). ആദ്യ വിഭാഗം സ്വന്തം പ്രാദേശിക/സാമൂഹിക ചുറ്റുപാടിലുള്ള പ്രശ്നങ്ങളെ മാത്രം പരിഗണിച്ചു വോട്ടു ചെയ്യുന്നവരാണ്. രണ്ടാമത്തെ വിഭാഗം ദേശീയ പ്രശ്നങ്ങള്‍ വിശിഷ്യാ, സാമ്പത്തിക പ്രശ്നങ്ങള്‍ മുന്‍ നിറുത്തി വോട്ടു ചെയ്യുന്നുവെന്നും കരുതുന്നു. ഇന്ത്യന്‍ വോട്ടര്‍മാര്‍ ഇഗോ ട്രോപിക് വോട്ടര്‍മാരാണെന്നായിരുന്നു ഇരുപതുകൊല്ലം മുമ്പു വരെ കരുതിയത്. 2000 ന്റെ തുടക്കം വരെ വിശാല സാമ്പത്തിക പരിഷ്‌കരണം നടത്തുന്ന ഇന്ത്യന്‍ ഭരണകൂടങ്ങള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയാലും വിജയിക്കാന്‍ സാധ്യതയില്ലായിരുന്നു (Milan Vaishnav and Reedy Swanons, 'Does Good Economics Make for Good Politics? Evidence From Indian States,' India Review 14, no. 3 (2015). എന്നാല്‍, 2000 മധ്യത്തോടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണത്തിലും സാമ്പത്തിക പരിഷ്‌കരണം ഭരണത്തുടര്‍ച്ചക്കു കാരണമായതായും പറയുന്നു. എങ്കിലും മത-ജാതി സാമൂഹ്യനീതിയുടെ രാഷ്ട്രീയവും സാമ്പത്തിക പ്രശ്നങ്ങളും ഒരുപോലെ ഇപ്പോഴും ഇന്ത്യന്‍ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നു. 


ഇന്ത്യന്‍ വോട്ടര്‍ക്ക് ഒരു കേവല വോട്ടര്‍ പദവി മാത്രമല്ല, ജാതി-മത പരിഗണനകള്‍ പ്രധാനമാണെന്ന മറ്റൊരു സമീപനവും പുതിയ രീതിയില്‍ പരിശോധിക്കേണ്ടതുണ്ട്. സി.ഡി.എസ് - ലോക്‌നീതി ഡാറ്റ പ്രകാരമുള്ള കണക്ക് പ്രകാരം ബി.ജെ.പിയുടെ ഇപ്പോഴത്തെ കോര്‍ വോട്ടര്‍മാര്‍ സവര്‍ണ ഹിന്ദുക്കളാണ്. എന്നാല്‍, സ്ഥനാര്‍ഥികള്‍ ബി.ജെ.പിക്കാരോ സവര്‍ണ താല്‍പര്യം ഉള്ളവരോ ആയതുകൊണ്ടു സവര്‍ണ വോട്ടുകള്‍ ലഭിക്കുന്നില്ല. ജയസാധ്യത കൂടി പരിഗണിച്ചാണ് ഈ വോട്ട് ഷെയര്‍ പ്രവര്‍ത്തിക്കുന്നത്. 1996 മുതല്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി സവര്‍ണ വോട്ടുകള്‍ സമാഹരിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു: 1996 ല്‍ 35 ശതമാനം, 1999 ല്‍ 40 ശതമാനം, 2004 ല്‍ 35 ശതമാനം, 2009 ല്‍ 29 ശതമാനം, 2014 ല്‍ 47 ശതമാനം, 2019 ല്‍ 61 ശതമാനം - എന്ന തോതിലാണ് ബി.ജെ.പിയുടെ സവര്‍ണ വോട്ടു ഷെയര്‍ വികസിച്ചത് (റഫറന്‍സ്: Sanjay Kumar. (2020). Verdict 2019: The expanded support base of the Bharatiya Janata Patry. Asian Journal of Comparativ--e Politics, 5(1), 622). ബി.ജെ.പിയുടെ വളര്‍ച്ചയും വിജയ സാധ്യതയും ഒരുപോലെ ഈ മാറ്റത്തിന്റെ ഭാഗമാണ്. ബി.ജെ.പി അടക്കമുള്ള എന്‍.ഡി.എ സഖ്യത്തിനു ഈ വര്‍ഷവും 60 ശതമാനം വോട്ടു ലഭിച്ചു. വെറുതെ തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് ചെയ്തു വോട്ടു പാഴാക്കരുത് എന്ന സമീപനം കൂടി ചേര്‍ത്താണ് സവര്‍ണ വോട്ടുകളെ വിലയിരുത്താന്‍ കഴിയൂ. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കും ഈ വിശകലനം ബാധകമാണ്. ഇത്തരം ഘടകങ്ങള്‍ കൂടി പരിഗണിക്കുന്ന ഇലക്ഷന്‍ വിശകലനങ്ങള്‍ ഇനിയും വികസിച്ചു വരേണ്ടതുണ്ട്.

മുസ്‌ലിം വോട്ട് ബാങ്ക് എന്ന മാധ്യമ നിര്‍മിതി

1950 കളില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വിവിധ സമുദായങ്ങളെ പഠിക്കാന്‍ അക്കാദമിക രംഗത്തു ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു വോട്ട് ബാങ്ക്. എം.എന്‍ ശ്രീനിവാസ് 1955-ല്‍ എഴുതിയ 'സോഷ്യല്‍ സ്ട്രക്ചര്‍ ഓഫ് മൈസൂര്‍' എന്ന ഗവേഷണ ലേഖനമാണ് വോട്ട് ബാങ്ക് എന്ന വാക്ക് ഒരു വിശകലനോപാധി എന്ന രീതിയില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്. അധീശ ജാതികളുടെ വോട്ടിംഗ് രീതികളാണ് ശ്രീനിവാസ് അന്വേഷിച്ചത്.

1960- കളില്‍ ചില പത്രപ്രവര്‍ത്തകരാണ് മുസ്‌ലിം വോട്ട് ബാങ്ക് എന്ന പദാവലി നിര്‍മിച്ചത് (ഹിലാല്‍ അഹ്മദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, 2019, പെന്‍ഗ്വിന്‍). മാത്രമല്ല, പല രീതിയില്‍ അര്‍ഥങ്ങളുള്ള ഒരു വാക്കായി ഇത് മാറി. നിര്‍വചിക്കാന്‍ ശ്രമിക്കാത്ത പദമായിരുന്നെങ്കിലും പൊതുചര്‍ച്ചകളില്‍ ഈ വാക്ക് നിരന്തരം കടന്നുവന്നു. എല്ലാവരും ഉപയോഗിക്കുന്നതും എന്നാല്‍, ആര്‍ക്കും അറിയാത്തതുമായ ഒരു വാക്കാണ് മുസ്‌ലിം വോട്ട് ബാങ്ക്. പലപ്പോഴും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ഈ പ്രയോഗത്തിന്റെ അമിത ഉപയോഗത്തിലൂടെ കഴിയുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമോഫോബിക് പ്രയോഗമായി ഇത് പൊതുചര്‍ച്ചകളുടെ ഭാഗമായി മാറി.

മുസ്‌ലിം വോട്ടിംഗ് രീതികള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് മുസ്‌ലിം വോട്ട് ബാങ്ക് ഇല്ല എന്നാണ്. ഒരു സമുദായം എന്ന നിലയില്‍ സ്വയം വിജയിക്കാന്‍ കഴിയുന്ന സീറ്റുകള്‍ പത്തു മുതല്‍ പതിനഞ്ചു വരെയാണ്. 20-40 ശതമാനം വോട്ടുള്ള 80 ഓളം മണ്ഡലങ്ങളില്‍ മറ്റു സാമൂഹിക വിഭാഗങ്ങളുടെ പിന്തുണയോടെ മാത്രമെ ഒരു മുസ്‌ലിം സ്ഥാനാര്‍ഥി വിജയിച്ചു വരൂ. 2013-നും 2018-നുമിടയില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളുടെ വിജയ നിരക്ക് 35 ശതമാനത്തില്‍നിന്ന് 20 ശതമാനമായി കുറഞ്ഞു (സിയാവുസലാം, ബിയിംഗ് എ മുസ്‌ലിം ഇന്‍ ഹിന്ദു ഇന്ത്യ: എ ക്രിട്ടിക്കല്‍ വ്യൂ, ഹാര്‍പര്‍ കോളിന്‍സ്, 2023). 

മുസ്‌ലിം വോട്ടും മാധ്യമങ്ങളും: ലോക്‌സഭാ തെരഞ്ഞെടുപ്പ്

ഇലക്ഷന്‍ കാലത്തു ദേശീയ തലത്തില്‍ ഇന്‍ഡ്യ ടുഡെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് (കൗശിക് ഡെക, 30 മെയ് 2024) മാന്‍ഡേറ്റ് 24 - ദി മുസ്‌ലിം ഫാക്റ്റര്‍ എന്നായിരുന്നു. എന്നാല്‍, സമാനമായ തലക്കെട്ട് സവര്‍ണ വിഭാഗങ്ങളെക്കുറിച്ച് വളരെ അപൂര്‍വമാണ്. മുസ്ലിം വോട്ടുകള്‍ എന്ന തലക്കെട്ടില്‍ നിരവധി ചാനല്‍ ചര്‍ച്ചകളാണ് കഴിഞ്ഞ മാസം (ജൂണ്‍ 2024) നടന്നത്. ചില സാമ്പിളുകള്‍ ഇതാണ്:

മുസ്ലിം വോട്ടുകള്‍ നിതീഷിനും നായിഡുവിനും നിര്‍ണായകം (മീഡിയവണ്‍, 5 ജൂണ്‍), സി.പി.എമ്മിന്റെ മുസ്‌ലിം വോട്ടുകള്‍ എവിടെ പോയി? (മീഡിയവണ്‍, 6 ജൂണ്‍), മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിന് അനുകൂലമായത് എങ്ങനെ? (എ.ബി.സി മലയാളം, 3 ജൂണ്‍), മുസ്‌ലിം വോട്ടുകള്‍ ചിതറിക്കുകയെന്നത് രാഷ്ട്രീയ തന്ത്രമാണ് (റിപ്പോര്‍ട്ടര്‍ ചാനല്‍, 24 ജൂണ്‍), വോട്ടായ മുസ്‌ലിം വിഷയങ്ങളും വോട്ടുനേടിയ മുസ്ലിം സ്ഥാനാര്‍ഥികളും (മനോരമ ന്യൂസ്, 7 ജൂണ്‍), ലക്ഷ്യമിട്ട മുസ്‌ലിം വോട്ടുകള്‍ എവിടെ? മലബാറില്‍ പാര്‍ട്ടി തന്ത്രം പാളിയോ? (മാതൃഭൂമി ന്യൂസ്, 5 ജൂണ്‍). ഈ ചര്‍ച്ചകളുടെ പ്രസക്തി മറ്റൊരു വിഷയമാണ്. അനുപാതരഹിതമായി അത് സംഭവിക്കുന്നതിന്റെ കാരണം കൂടി കണ്ടെത്തണം എന്നു മാത്രം.

എന്നാല്‍, നായര്‍-സവര്‍ണ വോട്ടുകള്‍ 45 ശതമാനം നേടി ബി.ജെ.പി ആദ്യമായി കേരളത്തില്‍ ജയിച്ചിട്ടും മാധ്യമങ്ങളില്‍ ഒരു കീവേഡായി അതു മാറിയില്ല. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസങ്ങളില്‍ ( ജൂണ്‍ 3,4,5,6,7) നായര്‍/സവര്‍ണ വോട്ടുകള്‍ കേന്ദ്രീകരിച്ച് ഒരു പ്രധാന ചര്‍ച്ചപോലും മലയാളം ചാനലുകളില്‍ നടന്നില്ല. മുസ്‌ലിംകളെ മാത്രം ഒരു യൂണിറ്റാക്കി ചര്‍ച്ച ചെയ്യുന്ന ഈ രീതി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയയിലൂടെ ഭൂരിപക്ഷാധിപത്യം നിലനിറുത്തുന്ന അനേകം മാര്‍ഗങ്ങളില്‍ ഒന്നു മാത്രമാണിത്.

(റിസര്‍ച്ച് ഇന്‍പുറ്റ്സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News