നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത - ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
നിള നമ്പ്യാരെന്ന തന്റെ പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അസിയ നവാസിനെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം നടന്നത്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03)
കഴിഞ്ഞ മാസം കേരളത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്ത്രീയനുഭവങ്ങളാണ് അസിയ നവാസിന്റെയും ജസ്ന സലീമിന്റെയും. ഇരുവര്‍ക്കുമെതിരേ കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അസിയ അവരുടെ പേര് നിള നമ്പ്യാരെന്ന് മാറ്റിയതിനുശേഷമാണ് ആക്രമണം തുടങ്ങിയത്. കൃഷ്ണഭക്തിയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ ജസ്ന സലീമാകട്ടെ ഹണി ട്രാപ്പ് ആരോപണങ്ങളുടെ പേരിലാണ് ആക്രമിക്കപ്പെടുന്നത്.
മോഡല്‍ നിള നമ്പ്യാര്‍:
മോഡലിങ് രംഗം വഴി ശ്രദ്ധപിടിച്ചു പറ്റിയ നിള നമ്പ്യാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്സുള്ളയാളാണ്. കഴിഞ്ഞ ജൂലൈ 5ാം തിയ്യതി 'എനിക്കെന്റെ ശരീരം കാണിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖം കാണിച്ചുകൂടാ' എന്ന ശീര്‍ഷകത്തില്‍ കൗമുദിയുമായി നടത്തിയ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തല്‍ വിവാദമായി. ഒരു പ്രത്യേക സാഹചര്യത്തില്‍ മതംമാറുകയും നിള നമ്പ്യാര്‍ എന്ന പേര് സ്വീകരിക്കുകയുമാണ് ചെയ്തതെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍: ആദ്യമേ കൃഷ്ണഭക്തയായിരുന്നു. ഇന്‍സ്റ്റയിലേക്ക് മാറിയപ്പോള്‍ നിള നമ്പ്യാരെന്ന് പേരു മാറ്റിയത്. പിന്നീട് പേര് സ്ഥിരമാക്കി. ചില ഫോട്ടോഷൂട്ടുകള്‍ ചെയ്തപ്പോള്‍ മുസ്‌ലിം കമ്യൂണിറ്റിയില്‍നിന്ന് പുറത്താക്കി. കാരണം, ഞാന്‍ ചെയ്യുന്ന ജോലി മതത്തിന് യോജിച്ചതല്ല. നിള നമ്പ്യാരായാല്‍ പിന്നെ കുഴപ്പമില്ല. (കൗമുദി മൂവീസ്, ജൂലൈ 5, 2024)
നിള എന്ന പേര് സ്വീകാര്യമാണെങ്കിലും നമ്പ്യാര്‍ എന്ന സര്‍ നെയിം സ്വീകരിക്കുന്നതിനെ അവതാരിക ചോദ്യം ചെയ്തു: നിള എന്ന പേരല്ല പ്രശ്നം, നിളയ്ക്കൊപ്പം 'നമ്പ്യാര്‍' എന്നു വെയ്ക്കുന്നതാണ്. കാരണം, അത് കാസ്റ്റ് നെയിമാണ്. അച്ഛനും അമ്മയും ജനിച്ച ജാതിയാണ് സര്‍നെയിം ആകുന്നത്. നമ്പ്യാര്‍, നായര്‍ അതുപോലെ.
അതിനും നിള നമ്പ്യാര്‍ മറുപടി പറഞ്ഞു: ആനകള്‍ക്ക് ഹിന്ദു പേരിടാറുണ്ട്. എന്തുകൊണ്ട് മുസ്ലിംപേരിട്ടുകൂടാ. മുസ്ലിം ഉത്സവങ്ങള്‍ക്കും ആന പോകാറുണ്ട്. സിനിമയായിരുന്നു എന്റെ ആദ്യ ലക്ഷ്യം. അതു നടന്നില്ല. അക്കാലത്ത് ഷോട്സും ടി ഷര്‍ട്ടും ഇട്ട് ഫോട്ടോ ഷൂട്ട് ചെയ്തു. അതോടെ കമ്യൂണിറ്റിയില്‍നിന്ന് പുറത്തായി. പിന്നെ നാട്ടിലോട്ട് പോകാന്‍ വയ്യ. അങ്ങനെയാണ് ഇതിലേക്ക് വന്നത്. ഭര്‍ത്താവിന്റെ പിന്തുണയുണ്ട്. ഇന്‍സ്റ്റ പ്രൊഫൈലില്‍ ഹാപ്പിലി ഡൈവോഴ്സ് എന്നും ചേര്‍ത്തിട്ടുണ്ട്. താനത് ശ്രദ്ധ നേടാന്‍ വേണ്ടി ചേര്‍ത്തതാണെന്നും കൗമുദി അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഹിന്ദു ചെണ്ടയല്ലെന്ന് അനില്‍ നമ്പ്യാര്‍:
ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകനും സംഘ്പരിവാര്‍ സഹയാത്രികനുമായ അനില്‍ നമ്പ്യാരാണ് ഈ വിഷയത്തില്‍ ആദ്യം വിയോജിപ്പുമായി രംഗത്തുവന്ന പ്രധാനി. ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു: ഇസ്‌ലാം മതത്തില്‍പ്പെട്ട ഈ സ്ത്രീ നിള നമ്പ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച് പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം. വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട (എഫ്.ബി, അനില്‍നമ്പ്യാര്‍, ജൂലൈ 7, 2024).
ആനയ്ക്ക് ഹിന്ദു പേരിടുമ്പോള്‍ മേനോന്‍, നായര്‍, നമ്പ്യാര്‍, വാര്യര്‍ ഇങ്ങനെയൊന്നും ഇടാറില്ലെന്നും ഹിന്ദുമതത്തിലെ ജാതി എടുത്തു കളിക്കല്ലേയെന്നും ഈ പോസ്റ്റില്‍ രാജശ്രീ മേനോന്‍ ഗോപിനാഥ് ഇട്ട കമന്റിന് പിന്നല്ലേയെന്നായിരുന്നു അനില്‍ നമ്പ്യാരുടെ പ്രതികരണം.
എ.ബി.സി മലയാളം ചാനലിലെ ചര്‍ച്ച:
എ.ബി.സി മലയാളം ചാനല്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. മാധ്യമപ്രവര്‍ത്തകരായ വടയാല്‍ സുനിലും രാമചന്ദ്രനുമാണ് പ്രശ്നം ചര്‍ച്ച ചെയ്തത്. രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ ഏറെക്കുറെ ഒന്നായിരുന്നു. ജാതിപ്പേര് സ്വീകരിക്കുന്നതിനെ അവര്‍ എതിര്‍ത്തു. ഏത് പേരും സ്വീകരിക്കാമെന്നതിനെ അവര്‍ അംഗീകരിച്ചു എന്നാല്‍, ജാതിപ്പേര് സ്വീകരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു: അസിയ നവാസിനെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കിയെന്ന് അവകാശപ്പെടുന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ല. ഒരാള്‍ക്ക് ഏത് പേരും സ്വീകരിക്കാം. എന്നാല്‍, ജാതിപ്പേര് സ്വീകരിക്കാനാവില്ല. ഗുരുവായൂര്‍ കേശവന്റെ പേര് നേരത്തെ എവറസ്റ്റ് എന്നായിരുന്നു. മാപ്പിള ലഹളക്കാലത്ത് നിലമ്പൂര്‍ കോവിലകക്കാര്‍ തൃശൂരിലെ ശക്തന്‍തമ്പുരാന്‍ കോവിലകത്തു വന്ന് താമസിച്ചു. ആ സമയത്ത് അവിടത്തെ അമ്മ തമ്പുരാന്‍ എല്ലാം ശാന്തമായിക്കഴിഞ്ഞാല്‍ ഒരാനയെ ഗുരുവായൂരില്‍ നടക്കിരുത്താമെന്ന് നേര്‍ന്നു. അങ്ങനെ നടക്കിരുത്തിയ എവറസ്റ്റാണ് ഗുരുവായൂര്‍ കേശവന്‍. ഹിന്ദുവാകാന്‍ ആര്യസമാജം വഴി മാത്രമേ പറ്റൂ. എങ്കിലും ജാതിയിലേക്ക് വരാന്‍ കഴിയില്ല. ജാതിയില്ലാത്ത ഹിന്ദുവാകാം. (ഹിന്ദു പേരിട്ടാല്‍ നഗ്നത കാട്ടാമെന്നോ?! എ.ബി.സി മലയാളം, ജൂലൈ 9, 2027)
മുസ്‌ലിമായിരിക്കെ ചെയ്യാനാവാത്ത കാര്യം ഹിന്ദുവായാല്‍ ചെയ്യാന്‍ കഴിയുന്നത് ഹിന്ദുക്കളെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് അവരുടെ അഭിപ്രായം: മുസ്ലിം സമുദായത്തില്‍ നിന്ന് വന്ന് ഹിന്ദു പേര് സ്വീകരിച്ചതിനേക്കാള്‍ മുസ്‌ലിം സമുദായത്തിലിരിക്കുമ്പോള്‍ ചെയ്യാനാവാത്ത കാര്യം ഹിന്ദു സമുദായത്തിലാവാം എന്നുപറയുമ്പോള്‍ ഹിന്ദുവായാല്‍ എന്തും ചെയ്യാമെന്ന ധ്വനി അതിലുണ്ട്. അത് ശരിയല്ല. മുസ്ലിമായ ഷക്കീല നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ പേര് മാറ്റിയിട്ടില്ല. ഹിന്ദുക്കളായാല്‍ തുണിയഴിച്ചുകാണിക്കാമെന്നാണോ ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് ഇവര്‍ പറയുന്നത്. ഇസ്ലാമില്‍ ഇത് പാപമാണ്. കൃഷ്ണഭക്തയായതിനാല്‍ ഈ പേര് സ്വീകരിച്ചുവെന്നാണ് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. ഒരാള്‍ക്ക് എന്തുതൊഴിലും സ്വീകരിക്കാം. എങ്കിലും ചില വീഡിയോകള്‍ ആഭാസകരമാണ്. അതൊക്കെ അവരുടേയും അത് കാണുന്നവരുടെയും ഇഷ്ടം. പക്ഷേ, എന്റെ മതത്തില്‍ ഇത് പറ്റാത്തതുകൊണ്ട് ഇത് ചെയ്യുന്നുവെന്ന് പറഞ്ഞാല്‍ അത് ഹിന്ദു സമുദായത്തിന് മോശമാണ്. ഇവര്‍ ഹിന്ദു പേര് സ്വീകരിച്ച് ഹിന്ദുക്കള്‍ ലൂസ് മോറല്‍സുള്ളവരാണെന്ന് പറയാനാണ് ശ്രമിക്കുന്നത്. അവരുടെ മതത്തില്‍ അത് പറ്റില്ലെന്ന് പറയുന്നതിനെയും ചോദ്യം ചെയ്യണം. കാരണം, മാപ്പിള ലഹളക്കാലത്തെ കാര്യങ്ങള്‍ നോക്കിയാല്‍ നമുക്ക് കാണാം. അതിനുള്ളിലും ഈ ജോലി ചെയ്തിരുന്ന ഒരമ്മയുടെ കാര്യം കണ്ടിട്ടുണ്ട്. കൊലപാതകങ്ങള്‍ പോലും നടന്നിട്ടുണ്ട്.
കുലസ്ത്രീകളെ ലൈംഗികവത്കരിക്കുന്നുവെന്നതാണ് മറ്റൊരു ആക്ഷേപം:
ഉന്നത ജാതിക്കാര്‍ കുലസ്ത്രീകളായിരിക്കും. അങ്ങനെയുള്ള കുലസ്ത്രീവന്ന് തുറന്നുകാണിച്ചാല്‍ കൂടുതല്‍ മാര്‍ക്കറ്റുണ്ടാവുമെന്ന് കരുതിയിരിക്കും. മലബാറിലായതുകൊണ്ടാണ് അവര്‍ നമ്പ്യാര്‍ എന്ന് ചേര്‍ത്തത്. തിരുവിതാംകൂര്‍ ഭാഗത്തായിരുന്നെങ്കില്‍ നിള തമ്പുരാന്‍ നിള വര്‍മ എന്നൊക്കെയായിരിക്കും ഇടുക. അത് ശരിയല്ല. ഇങ്ങനെ ഒരു പേരുപയോഗിച്ചിടത്ത് ദുര്‍നടപ്പുണ്ട്.
ഹിന്ദുക്കളെ പാട്ടിലാക്കി അവര്‍ പലതും വിറ്റഴിക്കുകയാണെന്നും ഇരുവരും ആരോപിക്കുന്നു:
ജസ്ന എന്ന സ്ത്രീയുണ്ട്. ഞാന്‍ കണ്ണന്റെ ഭക്തയാണ്. അവര്‍ എളമക്കരയില്‍ മാധവകാര്യാലയത്തില്‍ വന്നിരുന്നു. സുരേഷ്ഗോപിക്കും അമിത്ഷാക്കും കൃഷ്ണന്റെ ചിത്രം നല്‍കിയിരുന്നു. അവര്‍ ഹിന്ദുക്കളെ പറ്റിച്ച് ജീവിക്കുകയാണെന്ന് പറയുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. ഒരു ഹണിട്രാപ്പ് കേസ് ഇവര്‍ക്കെതിരേ വന്നിട്ടുണ്ട്. കൃഷ്ണഭക്തയെന്ന പേരില്‍ ഇവര്‍ ഹിന്ദുക്കളുടെ ഇടയില്‍ ഒരു വിപണി തേടുകയാണ്. ഇത് ഇവിടംകൊണ്ട് തീരില്ല. ശബരിമല കാലത്ത് ചില മുസ്ലിംകള്‍ ഹിന്ദുപേരില്‍ റസ്റ്റോറന്റുകള്‍ നടത്താറുണ്ട്. മുബാറക്ക് എന്ന പേരിലുള്ള ഹോട്ടല്‍ സ്വാമി അയ്യപ്പന്‍ ഹോട്ടലാവും. എറണാകുളത്ത് പച്ചനിറമടിച്ച നാല് ഹോട്ടലുകളുണ്ട്, ആര്യാസ് എന്ന പേരില്‍. മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണ്. ഹിന്ദു പേരിട്ട് പലതും നടക്കുന്നുണ്ട്. തിരുമേനി പായസം വിവാദമായി. ഗൂഗിള്‍ പേ ചെയ്തപ്പോള്‍ സംഗതി വേറെയാണ്. ഹിന്ദുക്കളെയും കച്ചവടത്തിനു വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല.
ഹിന്ദു നിര്‍മിതിയുടെ പ്രതിസന്ധി:
നിള നമ്പ്യാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുക്തിവാദി ആക്റ്റിവിസ്റ്റ് ഡോ. സി. വിശ്വനാഥന്റെ ഒരു വീഡിയോ എല്‍ ബഗ് ചാനലില്‍ പ്രസിദ്ധീകരിച്ചു. നിള നമ്പ്യാര്‍ വിവാദം ഹിന്ദു നിര്‍മിതിയുടെ പൊള്ളത്തരം തുറന്നുകാട്ടിയെന്നു മതമല്ല, ജാതിയാണ് ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു: നമ്പ്യാരാണ് ഇവിടത്തെ പ്രശ്നം. ഹിന്ദു എന്നത് സെന്‍സസ് ഉണ്ടാക്കിയതാണ്. ഹിന്ദു എന്ന നിര്‍മിതിയുടെ അപഹാസ്യത വെളിവാക്കുന്നതായിരുന്നു നിള നമ്പ്യാര്‍ പേര് വിവാദം. പലരും തൂലികാനാമങ്ങള്‍ സ്വീകരിക്കാറുണ്ട്. അതൊന്നും പ്രശ്നമായില്ല. പക്ഷേ, ജാതിപ്പേര് സ്വീകരിച്ചപ്പോള്‍ സീരിയസായി. കാരണം, മതം പോലല്ല, ജാതി റിയലാണ്. മതം ഒരു പുറംപൂച്ചുമാത്രമാണ്. ജാതിയില്‍ തൊടാനാവില്ല. ഹിന്ദു എന്ന നിര്‍മിതി പൊള്ളയാണ്. ആര്‍ക്കും മതത്തിലേക്ക് തിരിച്ചുവരാം. പക്ഷേ, ജാതിയിലേക്ക് ആവില്ല. ആനയ്ക്കും വരാം. ഘര്‍വാപ്പസിയുടെ ദൗര്‍ബല്യം അതാണ്. ഘര്‍വാപ്പസി നടത്തിയ മുസ്ലിം വേറെ ജാതിയാവേണ്ടിവരും. മതം ഒന്നോ രണ്ടോ നൂറ്റാണ്ടിനുള്ളിലുണ്ടായ നിര്‍മിതിയാണ്.
ഹിന്ദുമതത്തില്‍ സഹിഷ്ണുതയുണ്ടെന്ന് പറയാറുണ്ട്. ഇസ്‌ലാമിനില്ലെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്‍ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പറയുന്നതൊക്കെ വെറുതേയാണ്. നമ്പൂതിരിമാരുടെ സ്ത്രീകള്‍ക്ക് 1940 കള്‍ക്കുശേഷമാണ് പഠിക്കാന്‍ പോകാന്‍ കഴിഞ്ഞത്. മറക്കുടയിലെ മഹാനരകമാണ്. അത് ഇല്ലാതാക്കിയത് കീഴാളരുടെ നവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് നമ്പൂതിരിമാര്‍ക്കിടയില്‍ വിമോചനപ്രസ്ഥാനങ്ങളുണ്ടായതും സ്ത്രീസ്വാതന്ത്ര്യം വേണമെന്ന ചിന്തയുണ്ടായതും. അത് ദേശീയപ്രസ്ഥാനത്തിനു പുറത്തുനിന്നുണ്ടായതാണ്. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ സ്വാധീനത്തിന്റെ ഭാഗമായുണ്ടായ നീക്കങ്ങളാണ് പലതും നേടിത്തന്നത്. (എല്‍ ബഗ്, ഡോ. സി. വിശ്വനാഥന്‍, ജൂലൈ 13, 2024)
കൃഷ്ണഭക്ത/ജസ്ന സലിം:
താമരശ്ശേരി പൂനൂര്‍ ഗ്രാമത്തിലാണ് ജസ്ന ജനിച്ചു വളര്‍ന്നത്. ഭര്‍ത്താവിന്റെ വീട് കൊയിലാണ്ടിക്കടുത്ത കുറുവങ്ങാട്. ജന്മഭൂമിക്ക് അവര്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നതനുസരിച്ച് ഹൈന്ദവഭക്തിഗാനങ്ങള്‍ ടി.വിയില്‍ വന്നാല്‍പ്പോലും ടി.വി ഓഫ് ചെയ്യിക്കുന്ന കുടുംബം. എങ്കിലും വീട്ടില്‍ അവളെ കളിയാക്കി വിളിച്ചിരുന്നത് കണ്ണന്‍ എന്നായിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ ഒരു ഹിന്ദു സുഹൃത്തിന്റെ വീട്ടില്‍വച്ചാണ് കൃഷ്ണരൂപം അവര്‍ ആദ്യം കാണുന്നത്. വെണ്ണയുണ്ണുന്ന കണ്ണന്‍. കൃഷ്ണഭക്തയായ ഒരു ചിത്രകാരിയുടെ പിറവിയായിരുന്നു അത്. 2013ല്‍ ആദ്യ ചിത്രം വരച്ചു. അത് കോവിലകത്തെ ശങ്കരേട്ടന് നല്‍കി. പ്രസവിക്കാതിരുന്ന അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. ശങ്കരേട്ടന്‍ ഈ സംഭവത്തിന് പ്രചാരം നല്‍കി. കൂടുതല്‍ പേര്‍ കൃഷ്ണന്റെ ചിത്രം ആവശ്യപ്പെട്ടു. ആദ്യം സമ്മാനമായി നല്‍കിയെങ്കില്‍ പിന്നീട് ചെറിയ പ്രതിഫലം സ്വീകരിച്ചുതുടങ്ങി. പലര്‍ക്കും വേണ്ടി ധാരാളം ചിത്രങ്ങള്‍ വരച്ചു.
മുസ്‌ലിം യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നത് മാത്രമായിരുന്നില്ല ആളുകള്‍ക്ക് കൗതുകം. മറിച്ച് ജസ്ന വരച്ച ചിത്രം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കുന്ന അനുഭവം കൂടി ഉണ്ടായതോടെ ജസ്നയുടെ കൃഷ്ണ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയായിരുന്നു. 2014ല്‍ ശ്രീകൃഷ്ണജയന്തി ദിനത്തിലും വിഷുദിനത്തിലും ഗുരുവായൂരില്‍ എത്തി വെണ്ണക്കണ്ണന്റെ ചിത്രം സമര്‍പ്പിക്കാറുണ്ട്. നൂറ്റിയൊന്ന് കൃഷ്ണചിത്രങ്ങള്‍ കാണിക്കയിട്ടത് ശ്രദ്ധപിടിച്ചുപറ്റി. നിരവധി മറ്റു ക്ഷേത്രങ്ങളിലും ചിത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചിത്രം വരച്ചാണ് ജീവിക്കുന്നത്. അത് അന്നമാണ്. നടന്‍ സുരേഷ് ഗോപിക്ക് ചിത്രം സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ ജെസ്ന സലിം വരച്ച ശ്രീകൃഷ്ണന്റെ പടം ജെസ്ന തന്നെ നേരിട്ട് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ഉമ്മയുടെ വീട്ടുകാര്‍ക്ക് വിശ്വാസം കൂടുതലാണ്. അവര്‍ കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിനെ എതിര്‍ത്തു. വേശ്യാവൃത്തിയാണ് ഇതിനേക്കാള്‍ ഭേദമെന്ന് ആക്ഷേപിച്ചു. ഒരു ദിവസം ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. മദ്രസയില്‍ പോകുന്ന മകനെ ദിവസവും തല്ലുമായിരുന്നു. മതപഠനം വിലക്കാനും ശ്രമം നടന്നു (എനിക്കിഷ്ടം ഉണ്ണിക്കണ്ണനെ, ജന്മഭൂമി, ഫെബ്രുവരി 18, 2024, ജന്മഭൂമി, ജൂണ്‍, 10, ജൂണ്‍ 20, 2024).
ഇവര്‍ക്കെതിരേയുണ്ടായ ചില ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു ഘട്ടത്തില്‍ ഇവര്‍ ആളുകളെ ഹണിട്രാപ്പില്‍ കുടുക്കുകയാണെന്ന് പറഞ്ഞ് ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആക്രമണം തുടങ്ങി. ഹിന്ദുക്കളെ പറ്റിച്ച് ജീവിക്കുകയാണെന്നും ആക്ഷേപിക്കപ്പെട്ടു. ആരോപണം അസഹ്യമായപ്പോള്‍ അവര്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു (സൈബര്‍ ആക്രമണം: കണ്ണന്റെ ചിത്രം വരച്ചു പ്രശസ്തയായ ജസ്ന സലീം ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍, ഈസ്റ്റ് കോസ്റ്റ്, ജൂലൈ 12, 2024).
മതംതടവിലിട്ട പെണ്‍കുട്ടി:
ഭഗവാന്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന മുസ്ലിം പെണ്‍കുട്ടി ജെസ്‌ന സലീമിന് നേരെ ഇസ്‌ലാമിസ്റ്റുകളുടെ ഭീഷണിയുണ്ടെന്ന് ഒരുവിഭാഗം മാധ്യമങ്ങള്‍ അതിനിടയില്‍ പ്രചാരം തുടങ്ങി: ജസ്നയ്ക്ക് മനസമാധാനം ഇല്ലാത്ത ജീവിതം സമ്മാനിക്കുകയാണ് അവളുടെ സമുദായത്തിലെ തന്നെ ചില വ്യക്തികള്‍. അവരോടൊപ്പം പൊലീസുകാരും കൂടി ചേരുമ്പോള്‍ ആത്മഹത്യയുടെ വക്കില്‍ എത്തി നില്‍ക്കുകയാണ് ജസ്‌ന സലിം. അസഭ്യ വര്‍ഷവുമായി ജസ്‌നയെ വിടാതെ പിന്തുടരുകയാണ് ജസ്‌നയുടെ കൃഷ്ണന്‍ പ്രേമത്തെ മതത്തിന്റെ പേരില്‍ വേട്ടയാടുന്ന സ്വന്തം സമുദായത്തിലെ തന്നെ വ്യക്തികള്‍. മതം കഴിവുകളെ കുരുക്കിയിട്ട പെണ്‍കുട്ടിയാണ് ജസ്‌ന. പ്രധാനമന്ത്രിക്ക് ചിത്രം നല്‍കിയ ശേഷം ആക്രമണം വര്‍ധിച്ചുവത്രെ. മോദി വിരോധവും ബി.ജെ.പി വിരോധവും ഒരു മുസ്‌ലിം പെണ്‍കുട്ടി മോദിയുമായി അടുക്കുന്നതുമൊക്കെയാണ് കാരണമെന്നു ജന്മഭൂമി പറയുന്നു (ജൂലൈ 10, 2024)
ഹണിട്രാപ്പിന്റെ പേരില്‍ ആക്രമണം:
കഴിഞ്ഞ മാസത്തോടെ ഇവര്‍ക്കെതിരേയുളള ആക്രമണം വര്‍ധിച്ചു. ഇവര്‍ ആളുകളെ ഹണിട്രാപ്പില്‍ കുടുക്കുകയാണെന്നായിരുന്നു ആരോപിക്കപ്പെട്ടത്: ഒരു കൃഷ്ണഭക്തയുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചിത്രം മാത്രമേ വരയ്ക്കൂവെന്നുപറഞ്ഞാണ് അവര്‍ നടക്കുന്നത്. അവര്‍ സുരേഷ്ഗോപിയുടെ പിറകേ ഓടുകയാണ്. അവര്‍ സുരേഷ് ഗോപി പോയ പലയിടങ്ങളിലും ചെന്നിരുന്നു. അങ്ങനെയാണ് ആര്‍.എസ്.എസ് ഇവരുടെ പശ്ചാത്തലം അന്വേഷിക്കുന്നത്. അവര്‍ ധാരാളം പേര്‍ക്കെതിരേ കേസ് കൊടുത്തതായി കേട്ടിരുന്നു. അവരെ പലരും ബലാത്സംഗം ചെയ്തതായും കേസ് കൊടുത്തു. കോഴിക്കോട് പല സ്റ്റേഷനുകളിലുമായി അവര്‍ പത്തില്‍ക്കൂടുതല്‍ കേസ് കൊടുത്തിട്ടുണ്ട്. ഇതൊക്കെ കോടതിയിലെത്തുമ്പോള്‍ പൊളിഞ്ഞുപോകും. കോടതി ഇവരെ വിശ്വാസയോഗ്യയല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഈ മുസ്‌ലിം കൃഷ്ണഭക്ത ഹണിട്രാപ്പുകാരി, ജൂലൈ 11, 2024, മീഡിയ മലയാളം). ആരോപണം ഉന്നയിച്ചതിനു പുറമെ ഇവര്‍ നേരത്തെ നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായും പറഞ്ഞിരുന്നു (ജസ്ന സലീമിന്റെ കാര്യത്തില്‍ ദുരൂഹതയുണ്ട്. നേരത്തെയുണ്ടായിരുന്നതുപോലെയല്ല. ഞങ്ങള്‍ക്കു തെറ്റുപറ്റി -മീഡിയ മലയാളം, 2024, ജൂലൈ 11)
ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ഇവര്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദയോടൊപ്പം പത്രസമ്മേളനം നടത്തിയിരുന്നു: ഇസ്‌ലാംമത വിശ്വാസിയായ സ്ത്രീ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരില്‍ നാളുകളായി സാമൂഹികമാധ്യമങ്ങളില്‍ ആക്രമണം നേരിടുന്നുണ്ട്. ഇതിനുപുറമേയാണിപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുന്നവളായും ചിത്രീകരിക്കുന്നത്. മാറാട് പൊലീസില്‍ താന്‍ കൊടുത്ത ഒരു കേസില്‍ പ്രതിയെ കോടതി വെറുതേ വിട്ടിരുന്നു. ഈ ഉത്തരവ് പങ്കുവെച്ചാണ് ആരോപണം. തെളിവില്ലാത്തതിന്റെ പേരിലാണ് കേസ് തള്ളിയത്. തന്നെ സഹായിച്ച പ്രമുഖരുള്‍പ്പെടെയുള്ളവരെയും അപമാനിക്കുകയാണ്. രണ്ടുതവണ ആത്മഹത്യക്കുപോലും ശ്രമിച്ചു. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുമെന്നും ജസ്നക്കൊപ്പമുണ്ടായിരുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. (24 ന്യൂസ്, ജൂലൈ 17, 2024) ശോഭ സുരേന്ദ്രനാണ് ഇവര്‍ക്കെതിരേ അപവാദം പ്രചരിപ്പിക്കുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃക:
നിള നമ്പ്യാരായി മാറിയ അസിയ നവാസിനെതിരെയും ഒരേസമയം രണ്ടു വാര്‍പ്പു മാതൃകകളാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ഒരു വശത്ത് അടിച്ചമര്‍ത്തപ്പെട്ട ഒരു ഇര എന്ന നിലയില്‍ കൃഷ്ണന്റെ ചിത്രം വരക്കുന്ന മുസ്ലിം നാമമുള്ള സ്ത്രീ പൊതുവെ സംഘ്പരിവാര ആശയക്കാരായ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായത്. തന്റെ പേര് നിള നമ്പ്യാരെന്ന പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അവര്‍ക്കെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം നടന്നത്. രണ്ടുപേരെക്കുറിച്ചുമുള്ള ആഖ്യാനങ്ങളില്‍ ചില സമാനതകള്‍ കാണാനാവും. മുസ്‌ലിം സമുദായത്തില്‍നിന്ന് നേരിടേണ്ടിവന്ന ദുരിതങ്ങളും പീഡനങ്ങളും ഇരുവരുടെയും കഥയിലെ ഹൈലൈറ്റായിരുന്നു. അസിയയുടെ കാര്യത്തില്‍ കൗമുദി അഭിമുഖത്തിലാണ് ഇത് കണ്ടതെങ്കില്‍ ജസ്നയുടെ കഥയില്‍ തുടക്കംമുതല്‍ ഇതിന്റെ സാന്നിധ്യമുണ്ട്. 'മതമൗലികവാദി പുരുഷന്റെ ഇര' എന്ന ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃക അവരുടെ ജീവിതത്തെ ധനാത്മകമായി സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. മുസ്‌ലിം സ്ത്രീപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോഴൊക്കെ അവരെ നിയന്ത്രിക്കുന്ന ഒരു മുസ്‌ലിം സംഘടനയെയോ ഒരു കൂട്ടം സംഘടനകളെയോ മുസ്‌ലിം കുടുംബ സംവിധാനത്തെയോ ഒപ്പം അവതരിപ്പിക്കുന്നത് ന്യൂനപക്ഷ സമുദായത്തോടും അവരുടെ സംഘാടനങ്ങളോടും പുലര്‍ത്തുന്ന ഇസ്‌ലാമോഫോബിയയുടെ രീതിയാണ്. അവരിലേക്കുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ ഇതിന്റെ കൂടെ പശ്ചാത്തലത്തിലായിരുന്നു. മതം തടവിലിടുന്ന മുസ്‌ലിംസ്ത്രീ ഇസ്‌ലാമോഫോബിയയുടെ അസംസ്‌കൃതവസ്തുവാണല്ലോ.
അസിയക്കെതിരേ ഉയര്‍ന്നുവന്ന പ്രധാന ആരോപണം അവര്‍ വരുമാനം നേടാന്‍ ഹിന്ദുക്കളെ ഉപയോഗിക്കുന്നുവെന്നാണ്. കുലസ്ത്രീകളെ ലൈംഗികവത്കരിച്ച് കൂടുതല്‍ മാര്‍ക്കറ്റുണ്ടാക്കാമെന്ന് അവര്‍ കുരുതുന്നതായും ചിലര്‍ കുറ്റപ്പെടുത്തി. ജസ്നയും ഇതേ ആക്രമണം നേരിട്ടു. ഹൈന്ദവരുടെ നിഷ്‌കളങ്കത ഉപോഗിച്ച് അവര്‍ വരുമാനമുണ്ടാക്കുന്നുവെന്നായിരുന്നു ആക്ഷേപം
ഇസ്‌ലാമോഫോബിയയുടെ മറ്റൊരു വാര്‍പ്പുമാതൃകയാണ് ഹിന്ദുക്കളുടെ മതപരമായ സഹിഷ്ണുതയും അക്രമകാരിയായ മുസ്‌ലിമും. അസിയ തന്റെ പേര് മാറ്റത്തിനു കാരണമായി പറഞ്ഞത് തന്റെ സമുദായത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ വിലക്കുണ്ടെന്നും അതുകൊണ്ടാണ് താന്‍ ഹിന്ദു മതം സ്വീകരിച്ച് പേര് മാറ്റിയതെന്നുമാണ്. ഒരര്‍ഥത്തില്‍ അസിയ തന്റെ പേരുമാറ്റത്തിലൂടെ അറിയാതെ തന്നെ ഈ വാര്‍പ്പു മാതൃകയുടെ പ്രതിസന്ധി വെളിവാക്കി. ഹിന്ദുമതത്തില്‍ എന്തുംചെയ്യാമെന്ന് കരുതുന്നതും ഹിന്ദുക്കള്‍ ലൂസ് മോറല്‍ ഉള്ളവരാണെന്ന് പറയുന്നതും ശരിയല്ലെന്നാണല്ലോ അസിയയുടെ സംഘ്പരിവാര്‍ വിമര്‍ശകര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മാത്രമല്ല, നിളയായി മാറിയ അസിയയുടെ ഇടപെടല്‍ മറ്റൊരു യാഥാര്‍ഥ്യം കൂടി വെളിപ്പെടുത്തി-ഹിന്ദുസ്വത്വത്തിന്റെ പ്രതിസന്ധി. ഡോ. വിശ്വനാഥന്‍ പറഞ്ഞതുപൊലെ ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ ജാതിസ്വത്വമാണ് ബ്രാഹ്മണിക്കല്‍ ആശയസംഹിതയില്‍ കേന്ദ്ര പ്രമേയം.
വിപണിയെ നിയന്ത്രിക്കുന്ന ഒരു മുസ്‌ലിം അദൃശ്യ കരം എല്ലാ ഇസ്‌ലാമോഫോബിക് അവതരണങ്ങളുടെയും മറ്റൊരു ഘടകമാണ്. മുസ്‌ലിംകള്‍ ഹൈന്ദവരുടെ വികസന-വ്യാപാരസാധ്യതയെ നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് ഹിന്ദുത്വര്‍ കരുതുന്നു. മിക്കവാറുമെല്ലാ ഹിന്ദുത്വ ആക്രമണങ്ങളിലും പ്രധാനമായും ഈ ഘടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും അവസാനം കന്‍വാര്‍ യാത്ര കടന്നുപോകുന്ന റോഡുകളില്‍ വ്യാപാരികള്‍ സ്വന്തം പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ഇത്തരത്തിലൊന്നാണ്. (സിറാജ്, ജൂലൈ 29, 2024). അസിയയ്ക്കെതിരേ ഉയര്‍ന്നുവന്ന പ്രധാന ആരോപണം അവര്‍ വരുമാനം നേടാന്‍ ഹിന്ദുക്കളെ ഉപയോഗിക്കുന്നുവെന്നാണ്. കുലസ്ത്രീകളെ ലൈംഗികവത്കരിച്ച് കൂടുതല്‍ മാര്‍ക്കറ്റുണ്ടാക്കാമെന്ന് അവര്‍ കുരുതുന്നതായും ചിലര്‍ കുറ്റപ്പെടുത്തി. ജസ്നയും ഇതേ ആക്രമണം നേരിട്ടു. ഹൈന്ദവരുടെ നിഷ്‌കളങ്കത ഉപോഗിച്ച് അവര്‍ വരുമാനമുണ്ടാക്കുന്നുവെന്നായിരുന്നു ആക്ഷേപം. ശബരിമല തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ മുസ്‌ലിംകള്‍ അവരുടെ സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിനോടാണ് അസിയ വിവാദത്തെ എ.ബി.സി മലയാളത്തിലെ ചര്‍ച്ചയില്‍ രാമചന്ദ്രന്‍ ബന്ധിപ്പിച്ചത്. സ്വാമി ഹിമവല്‍ ഭദ്രാനന്ദക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഹിന്ദുക്കളെ പറ്റിച്ച് പണം നേടുന്നതായുള്ള ആരോപണത്തെക്കുറിച്ച് ജസ്ന പറഞ്ഞിരുന്നു.
നിള നമ്പ്യാരുടെയും ജസ്ന സലീമിന്റെയും അനുഭവം മുസ്‌ലിം/സ്ത്രീ എന്ന സ്വത്വനിര്‍മിതിയുടെ പ്രതിസന്ധികളിലേക്കു വെളിച്ചംവീശുന്നു. ഹിന്ദുത്വ വ്യവഹാരങ്ങളില്‍ ആദ്യം ഇരയായും പിന്നെ വേട്ടക്കാരിയായും ജസ്‌ന സലീം മാറി. ഈ രണ്ടു വാര്‍പ്പു മാതൃകകളും മാറി മാറി ഉപയോഗിച്ചാണ് ഹിന്ദുത്വ ഇസ്ലാമോഫോബിയ സ്വയം പെരുമാറിയത്. സ്ത്രീയെയും കുടുംബത്തെയും നാടിനെയും നിയന്ത്രിക്കുന്ന മുസ്ലിം മതമൗലികവാദത്തിന്റെ ഇരക്കു മാത്രമെ സ്ത്രീ അവകാശ പദവിക്ക് അര്‍ഹതയുള്ളതായി ഹിന്ദുത്വര്‍ കരുതുന്നുള്ളൂ. അതിനാല്‍ തന്നെ ജസ്‌ന സലീം തങ്ങളുടെ താല്‍പര്യത്തിന് പുറത്തുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഹിന്ദുത്വര്‍ എതിരായി മാറി. പക്ഷേ, ഈ രണ്ടു സന്ദര്‍ഭങ്ങളിലും മുസ്ലിം സമുദായം എന്ന സാങ്കല്‍പിക ശത്രുവിനെതിരിയ നിലപാടായി ഇര എന്ന വാര്‍പ്പുമാതൃകയും വേട്ടക്കാരി എന്ന വാര്‍പ്പുമാതൃകയും ഉപയോഗപ്പെടുത്തപ്പെട്ടു.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ. )