റഷ്യ വിപ്ലവത്തിലേക്ക്
1917 ലെ ബോള്‍ഷേവിക് വിപ്ലവത്തിന് ശേഷമുള്ള റഷ്യന്‍ മുസ്‌ലിം ചരിത്രത്തില്‍ സുല്‍ത്താന്‍ ഗലിയേവും മുല്ലാ നൂര്‍ വാഖിതോവും രക്തതാരകങ്ങളാണ്. ബോള്‍ഷേവിക്കുകള്‍ക്ക് ലെനിനും സ്റ്റാലിനും എങ്ങനെയായിരുന്നോ അങ്ങനെയാണ് നാഷനല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഗലിയേവും വാഖിതോവും. അവരുടെ രക്തം അലിഞ്ഞുചേര്‍ന്നാണ് റഷ്യന്‍ ചെങ്കൊടിക്ക് ഇത്രയും ചുവപ്പ് കിട്ടിയത്. | ചുവപ്പിലെ പച്ച - ഭാഗം:05
1905 മുതല്‍ 1907 വരെയുള്ള കാലം ഒന്നാം റഷ്യന്‍ വിപ്ലവത്തിന്റെ കാലമായിരുന്നുവെന്ന് കണ്ടല്ലോ. ആ വിപ്ലവക്കുതിപ്പ് ക്ഷണികമായിരുന്നു. റഷ്യന്‍ ജനത പൊതുവേ സാര്‍ സാമ്രാജ്യത്തിന്റെ ഏകാധിപത്യത്തിന് എതിരാണെന്ന് ആ രണ്ടു വര്‍ഷംകൊണ്ട് ഏവര്‍ക്കും ബോധ്യമായി. അതുകൊണ്ടുതന്നെ ജനകീയവികാരം തുടച്ചുനീക്കാന്‍ ചക്രവര്‍ത്തിയുടെ ഭരണകൂടം ദ്വിമുഖതന്ത്രം പ്രയോഗിച്ചു.
അതിലൊന്നാണ് പാര്‍ലിമെന്റ് രൂപീകരണം. പാര്‍ലിമെന്റ് രൂപീകരിക്കുമെന്നും അതിലേക്ക് മത്സരിക്കാമെന്നും ജയിച്ചാല്‍ ഭരണത്തില്‍ പങ്കുവഹിക്കാമെന്നുമെല്ലാം കേട്ടാല്‍ രാഷ്ട്രീയക്കാര്‍ ആ വഴിയും നീങ്ങുമല്ലോ. സോഷ്യല്‍ ഡമോക്രാറ്റുകള്‍ തന്നെ പലതരത്തില്‍ നിലപാടെടുത്തു. ബോള്‍ഷേവിക്കുകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മെന്‍ഷേവിക്കുളും മറ്റ് സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ പാര്‍ലിമെന്റില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചത്. ദൂമ എന്നാണ് പാര്‍ലിമെന്റിന്റെ പേര്.
റഷ്യന്‍ പാര്‍ലമെന്റ്-ദൂമ
ബോള്‍ഷേവിക് പാര്‍ട്ടിക്ക് അകത്തുതന്നെ രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ദൂമയില്‍ പങ്കാളിത്തം വഹിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു ലെനിന്‍. തൊഴിലാളി വര്‍ഗത്തിന്റെ ശബ്ദം ഭരണാധികാരികളെ കേള്‍പ്പിക്കാന്‍ അതൊരു അവസരമാണ് എന്നായിരുന്നു ലെനിന്റെ ന്യായം. ബോള്‍ഷേവിക് പാര്‍ട്ടിക്കകത്ത് ഈ വാദം ന്യൂനപക്ഷമായിപ്പോയി. ബഹിഷ്‌ക്കരണവാദികള്‍ക്കാണ് ഭൂരിപക്ഷം ലഭിച്ചത്. അതുകൊണ്ടാണ് ഒന്നാമത്തെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ബോള്‍ഷേവിക് പാര്‍ട്ടി ബഹിഷ്‌ക്കരിച്ചത്. രണ്ടാം ദൂമ മുതല്‍ പാര്‍ട്ടി നയം മാറ്റി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. വ്യവസായത്തൊഴിലാളികള്‍ കൂടുതലുള്ള മേഖലകളില്‍ നിന്ന് ബോള്‍ഷേവിക് പ്രതിനിധികള്‍ ദൂമയിലെത്തുകയും ചെയ്തു.
ചക്രവര്‍ത്തിക്കെതിരെ സമരംചെയ്തവരെ തെരഞ്ഞുപിടിച്ച് അടിച്ചൊതുക്കുക എന്നതായിരുന്നു ഭരണകൂടത്തിന്റെ രണ്ടാമത്തെ തന്ത്രം. പ്രത്യേക രഹസ്യപ്പൊലീസ് രംഗത്തിറങ്ങി. പതിനായിരക്കണക്കിന് ആളുകളെ ജയിലിലടച്ചു. സൈബീരിയയിലെ തണുത്തുറഞ്ഞ ക്യാമ്പിലേക്ക് അയക്കപ്പെട്ടവര്‍ അനവധിയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണവും കുറവല്ല.
1905 - 07 ലെ രാഷ്ട്രീയാനുഭവങ്ങള്‍ ഒരര്‍ഥത്തില്‍, ലെനിന്‍ മുന്നോട്ടുവെച്ച രാഷ്ട്രീയ ലൈനിന്റെ വിജയമായിരുന്നു. തൊഴിലാളികളുടെ നേതൃത്വത്തില്‍ ശക്തമായ പാര്‍ട്ടിവേണം എന്ന ലൈനിന്റെ വിജയം. പക്ഷേ, അങ്ങനെയൊരു പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പണി 1907 നുശേഷമുള്ള റഷ്യക്കകത്ത് അത്ര എളുപ്പമായിരുന്നില്ല. അതിനാല്‍ ലെനിന്‍ പുറത്തുകടന്നു. 1908 ല്‍ ജനീവയിലെത്തി.
ജനീവയിലെത്തിയ ലെനിന്‍ 'പ്രോലിത്തായി' എന്ന പത്രം പുനരാരംഭിച്ചു. പല ബോള്‍ഷേവിക് നേതാക്കളും റഷ്യയില്‍ നിന്ന് പുറത്തു കടന്നു. പാരീസിലും മറ്റുമെത്തി. 1908 മേയ് മാസത്തില്‍ ലെനിന്‍ ലണ്ടനിലെത്തി. നിരോധനം മറികടക്കാനായി റഷ്യന്‍ നഗരങ്ങളിലെ തൊഴിലാളി പ്രവര്‍ത്തകര്‍ പതിയെപ്പതിയെ ക്ലബ്ബുകളിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1910 ഡിസംബറില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വിപ്ലവത്തിന്റെ ഒളിമിന്നല്‍ കണ്ടു. തൊഴിലാളി പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ സ്വെസ്ദാ അഥവാ താരക എന്ന വാരികയും മിസ്ല്‍ അഥവാ ചിന്ത എന്ന മാസികയും പുറത്തുവന്നു.
1911 ല്‍ റഷ്യയില്‍ നിന്നുള്ള ബോള്‍ഷേവിക് പ്രവര്‍ത്തകര്‍ക്കായി ഒരു പാര്‍ട്ടിസ്‌ക്കൂള്‍ ലെനിന്‍ പാരീസില്‍ വിളിച്ചുകൂട്ടി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, മോസ്‌കോ, ബക്കു, തിഫിലിസ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പാരീസ് ക്ലാസിലുണ്ടായിരുന്നു. 1911 ല്‍ ലെനിന്‍ പാരീസിലുള്ളപ്പോഴാണ് മാര്‍ക്‌സിന്റെ മകള്‍ ലൗറയും ഭര്‍ത്താവ് പോള്‍ ഫോര്‍ഗിനും മരിച്ചത്. രണ്ടു പേരുടേയും സംസ്‌കാര ചടങ്ങുകളില്‍ ലെനിന്‍ പങ്കെടുത്തു.
പാരീസ് പാര്‍ട്ടിസ്‌ക്കൂളില്‍ പങ്കെടുത്ത പല സഖാക്കളേയും 1912 ആയപ്പോഴേക്ക് ലെനിന്‍ റഷ്യയിലേക്ക് തിരിച്ചയച്ചു. ലെനിന്‍ പ്രവര്‍ത്തനകേന്ദ്രം പാരീസില്‍ നിന്ന് ചെക്കിലെ പ്രാഗിലേക്ക് മാറ്റി. ആ വര്‍ഷം റഷ്യയുടെ എല്ലാ ഭാഗത്തു നിന്നുമുള്ള ബോള്‍ഷേവിക് പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രാഗില്‍വെച്ച് അഖില റഷ്യന്‍ കോണ്‍ഗ്രസ് ചേര്‍ന്നു. പ്രാഗ് കോണ്‍ഗ്രസ്സ് എന്നറിയപ്പെടുന്ന ഈ സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടിക്ക് കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജോസഫ് സ്റ്റാലിന്‍ കേന്ദ്രകമ്മിറ്റിയിലെത്തിയത് പ്രാഗ് സമ്മേളനത്തില്‍ വെച്ചാണ്.
ലെനിനും സ്റ്റാലിനും
1912 ല്‍ തന്നെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ തൊഴിലാളികള്‍ പ്രാവ്ദ എന്ന പേരില്‍ പത്രം ആരംഭിച്ചു. 1912 ഏപ്രില്‍ 22 നാണ് പ്രാവ്ദ പുറത്തിറക്കിയത്. സത്യം എന്നാണ് പ്രാവ്ദ എന്ന റഷ്യന്‍ വാക്കിന്നര്‍ഥം. റഷ്യയോട് കൂടുതല്‍ അടുത്ത ഒരിടത്ത് തമ്പടിക്കാനായി ലെനിന്‍ പോളണ്ടിന്റെ ഭാഗമായ ക്രാക്കോവിലേക്ക് നീങ്ങി. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നുള്ള പത്രങ്ങള്‍ മൂന്നാം ദിവസം ക്രാക്കോവില്‍ എത്തുമായിരുന്നു.
1912 നവംബറില്‍ നാലാം ദൂമയിലേക്ക് തെരഞ്ഞെടുപ്പു നടന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നത് പാര്‍ട്ടി സംഘടന ശക്തിപ്പെടുത്തുന്നതിന് സഹായിക്കും എന്ന് ലെനിന്‍ ഓര്‍മിപ്പിച്ചു. ആ തെരഞ്ഞെടുപ്പില്‍ ലെനിന്‍ ബോള്‍ഷെവിക് പാര്‍ട്ടിക്കായി പ്രകടനപത്രിക തയ്യാറാക്കി. എട്ടു മണിക്കൂര്‍ ജോലി, റഷ്യയെ ജനാധിപത്യ റിപ്പബ്ലിക്കാക്കുക, ഭൂപ്രഭുക്കളുടെ സ്വത്ത് കണ്ടെത്തുക - എന്നിവയായിരുന്നു പ്രകടനപത്രികയിലെ പ്രധാന ഇനങ്ങള്‍. മൂന്നു നെടുംതൂണുകള്‍ - എന്നാണ് ലെനിന്‍ ഇതിനെ വിശേഷിപ്പിച്ചത്.
ആറ് വ്യവസായ കേന്ദ്രങ്ങളിലെ തൊഴിലാളി മണ്ഡലങ്ങളില്‍ നിന്ന് ബോള്‍ഷേവിക് പ്രതിനിധികള്‍ ജയിച്ചു കയറി. മെന്‍ഷേവിക്കുകള്‍ ഏഴു പേരുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ആശയക്കാര്‍ വേറെയുമുണ്ടായിരുന്നു.
ബോള്‍ഷേവിക്കുകളായ ദൂമാ പ്രതിനിധികള്‍ ക്രാക്കോവിലെത്തി ലെനിനുമായി കൂടിയാലോചിക്കുന്നത് പതിവായിരുന്നു. 1913 ല്‍ ലെനിന്റെ പ്രവര്‍ത്തന കേന്ദ്രമായ ക്രാക്കോവില്‍വെച്ച് കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. പിന്നാലെ, 1914 ല്‍ പതിനഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്ത വന്‍ പണിമുടക്ക് റഷ്യയെ സ്തംഭിപ്പിച്ചു. 1914, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കവുമാണ്. റഷ്യ ആ ലോകമഹാദുരന്ത നാടകത്തിലെ പ്രധാന കഥാപാത്രവുമാണ്.
നിക്കോളസ് രണ്ടാമനായിരുന്നു യുദ്ധത്തിന് ഇറങ്ങിയപ്പോള്‍ സാര്‍ ചക്രവര്‍ത്തി. ഒന്നാം ലോക മഹായുദ്ധം റഷ്യന്‍ ഭരണകൂടത്തെ സംബന്ധിച്ച് നഷ്ടക്കച്ചവടമായി. തോല്‍വിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വിദൂരദേശങ്ങളിലെ യുദ്ധമുന്നണികളില്‍ ആയുധവും ഭക്ഷണവുമില്ലാതെ റഷ്യന്‍ പട്ടാളക്കാര്‍ വലഞ്ഞു. വീണുപോയ സഹപ്രവര്‍ത്തകരുടെ ആയുധങ്ങളും ഹെല്‍മറ്റും എടുക്കേണ്ട ഗതികേടുവരെ ഉണ്ടായി. അതൊക്കെ നാട്ടില്‍ അറിഞ്ഞു. യുദ്ധത്തില്‍ സ്വന്തം പട്ടാളത്തെ തോല്‍പ്പിച്ച് ചക്രവര്‍ത്തിയെ പാഠം പഠിപ്പിക്കാന്‍ കൊട്ടാര വൈതാളികര്‍ തന്നെ കരുനീക്കം നീക്കം നടത്തുന്നതായും കിംവദന്തികള്‍ പരന്നു. ചക്രവര്‍ത്തിയുടെ പിണിയാളുകള്‍ പല തട്ടിലായി. 1917 ജനുവരിയില്‍ പെട്രോഗ്രാഡില്‍ കൂറ്റന്‍ യുദ്ധവിരുദ്ധ പ്രകടനം നടന്നു. ഫെബ്രുവരിയില്‍ ആ നഗരത്തില്‍ തൊഴിലാളികള്‍ പൊതുപണിമുടക്ക് നടത്തി. രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു.
നിക്കോളസ് രണ്ടാമന്‍
മൂന്നാം ദൂമ പിരിച്ചുവിട്ടതും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ മാറ്റിയതും പറഞ്ഞല്ലോ. മധ്യേഷ്യന്‍ പ്രവിശ്യകളിലെ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം ഇല്ലാതാക്കിയതാണ് പ്രധാന മാറ്റം. അതോടെ പാര്‍ലിമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞിരുന്നു. നാലാം ദൂമയില്‍ മുസ്‌ലിംകളായി എട്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇഖാഫത്തിന്റെ ശക്തി കുറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതുപോലെയായി. ജദീദുകള്‍ മതപരിഷ്‌ക്കരണത്തിലേക്ക് ചുരുങ്ങി. അവരും പാരമ്പരാഗത പണ്ഡിതരും തമ്മിലായി വടംവലി. മുസ്‌ലിം രാഷ്ട്രീയം തണുത്തുറഞ്ഞു.
ഈ സമയത്തും വോള്‍ഗാ മേഖലയിലെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടുകളില്ലാതെ പ്രവര്‍ത്തിച്ചുവന്ന ഒരു പ്രസ്ഥാനമുണ്ടായിരുന്നു. ബഹാവുദ്ദീന്‍ വൈസേവ് എന്ന സൂഫി വളര്‍ത്തിയെടുത്ത വൈസേവ് പ്രസ്ഥാനം. തൊഴില്‍പരമായി ബഹാവുദ്ദീന്‍ വൈസേവ് കച്ചവടക്കാരനാണ്. താര്‍ത്താര്‍ ആണെങ്കിലും കച്ചവടയാത്രകള്‍ അധികവും ഇറാനിലേക്കായിരുന്നു. ആ യാത്രകളില്‍ അടുത്തറിഞ്ഞ നഖ്ശബന്ദീ ത്വരീഖത്തിന്റെ രീതികളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്താണ് ബഹാവുദ്ദീന്‍ വൈസീ പ്രസ്ഥാനം കെട്ടിപ്പടുത്തത്.
ശരീഅത്തും ഖുര്‍ആനുമാണ് അടിസ്ഥാനം. പക്ഷേ, പുരോഹിതന്മാരേയും മതപണ്ഡിതരേയും വൈസേവ് അംഗീകരിച്ചില്ല. സാര്‍ ചക്രവര്‍ത്തി കാഫിര്‍ ആയതിനാല്‍ ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ സേവനമനുഷ്ഠിക്കാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചു. സാര്‍ ചക്രവര്‍ത്തിയെ സഹായിക്കുന്ന താര്‍ത്താര്‍ പണ്ഡിതര്‍ മുസ്‌ലിംകളല്ല എന്നായിരുന്നു വൈസേവിന്റെ വാദം. സ്വന്തമായി പളളി സ്ഥാപിച്ചു. നാടിന്റെ പള്ളി എന്നായിരുന്നു പേര്. 1893 ല്‍ ബഹാവുദീന്‍ വൈസേവിനെ സാര്‍ ഭരണകൂടം അറസ്റ്റുചെയ്തു. മാനസികരോഗകേന്ദ്രത്തിലാക്കി. അവിടെക്കിടന്ന് മരിച്ചു. പളളി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു.
ബഹാവുദ്ദീന്‍ വൈസേവിന്റെ മരണശേഷം മകന്‍ ജിനാന്‍ അഹ്മദോവ് നേതൃത്വം ഏറ്റെടുത്തു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും തെരുവുകച്ചവടക്കാരും കൈത്തൊഴിലുകാരും ഒക്കെയായിരുന്നു വൈസീ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായത്. 1908 ല്‍ കസാന്‍ ജില്ലയില്‍ മാത്രം പതിനയ്യായിരം അനുയായികള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. 1905- 07 ലെ ഒന്നാം വിപ്ലവകാലത്ത് വൈസീ പ്രസ്ഥാനക്കാര്‍ വ്യാപകമായി വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടിരുന്നു. ആ ത്വരീഖത്തില്‍ ബോള്‍ഷേവിക്കുകളും മെന്‍ഷേവിക്കുകളും സോഷ്യല്‍ഡമോക്രാറ്റുകളുമെല്ലാം ഉണ്ടായിരുന്നു.
1917 ല്‍, അതായത് ബോള്‍ഷേവിക് വിപ്ലവത്തിന്റെ കാലത്ത് കസാനില്‍ മുസ്‌ലിം സോഷ്യലിസ്റ്റ് കമ്മിറ്റി രൂപംകൊണ്ടപ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ സ്വാധീനം എത്രമാത്രം ആഴത്തിലുണ്ടായിരുന്നു എന്ന് മനസ്സിലായത്. മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവ്, മുല്ലാ നൂര്‍ മുല്ലാ വാഖിതോവ് എന്നിവരാണ് കസാനിലെ മുസ്‌ലിം സോഷ്യലിസ്റ്റ് കമ്മിറ്റിയുടെ നേതാക്കളായി ഉയര്‍ന്നുവന്നത്. മുസ്‌ലിംകള്‍ മുസ്‌ലിംകളെന്ന നിലക്ക്തന്നെ സ്വാഭാവികമായി സോഷ്യലിസ്റ്റുകളാണ് എന്ന് അവര്‍ വാദിച്ചു. അപ്പോഴെക്കെയും വൈസീ പ്രസ്ഥാനത്തിന്റെ നേതാവ് ജിനാന്‍ അഹ്മദോവാണ്. 1918 ല്‍ ജിനാന്‍ അഹ്മദോവ് കൊല്ലപ്പെട്ടു. ആരാണ് കൊലപ്പെടുത്തിയതെന്ന് കണ്ടുപിടിക്കാനായില്ല.
മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവും മുല്ലാ നൂര്‍ മുല്ലാ വാഖിതോവും മുന്നോട്ടുവെച്ച വാദങ്ങള്‍ നാഷനല്‍ കമ്മ്യൂണിസം എന്ന പേരില്‍ പടര്‍ന്നു പന്തലിക്കുന്നതാണ് പിന്നീട് കണ്ടത്. മുസ്‌ലിം സ്വത്വം നിലനിര്‍ത്തിക്കൊണ്ടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും അവര്‍ ബോള്‍ഷേവിക് വിപ്ലവത്തിന്റെ ഭാഗമായി.
മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവ്
മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവും മുല്ലാ നൂര്‍ മുല്ലാ വാഖിതോവും ഉയര്‍ന്നുവന്ന കസാനിലെ മുസ്‌ലിം സോഷ്യലിസ്റ്റ് ധാരയെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നുണ്ട്. 2016 ഒക്ടോബറില്‍ കസാന്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയില്‍ മൈക്കിള്‍ കെംപര്‍ നടത്തിയ പ്രഭാഷണത്തില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ വോള്‍ഗാ മേഖലയില്‍ സജീവമായ നഖ്ശബന്ദീ ത്വരീഖത്തിലാണ് കെംപര്‍ ഇസ്‌ലാമിക് സോഷ്യലിസത്തിന്റെ വേരുകള്‍ കണ്ടെത്തുന്നത്.
മുല്ലാ നൂര്‍ മുല്ലാ വാഖിതോവ് (മധ്യത്തില്‍)
1917 ലെ ബോള്‍ഷേവിക് വിപ്ലവത്തിന് ശേഷമുള്ള റഷ്യന്‍ മുസ്‌ലിം ചരിത്രത്തില്‍ സുല്‍ത്താന്‍ ഗലിയേവും മുല്ലാ നൂര്‍ വാഖിതോവും രക്തതാരകങ്ങളാണ്. ബോള്‍ഷേവിക്കുകള്‍ക്ക് ലെനിനും സ്റ്റാലിനും എങ്ങനെയായിരുന്നോ അങ്ങനെയാണ് നാഷനല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഗലിയേവും വാഖിതോവും. അവരുടെ രക്തം അലിഞ്ഞുചേര്‍ന്നാണ് റഷ്യന്‍ ചെങ്കൊടിക്ക് ഇത്രയും ചുവപ്പ് കിട്ടിയത്.
...............................................
1. ലെനിന്റെ ജീവചരിത്രം.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ക്‌സിസം- ലെനിനിസം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയത്.
മലയാളം - പ്രോഗ്രസ് പബ്ലിഷേഴ്‌സ്.
2. Michel Kemper.
intervew- m.realnoevrya.com
3. Political islam in pre- revalusionary Russia- Atlants press.
4. Michel Kemper - ആസ്റ്റര്‍ഡാം യൂണിവാഴ്‌സിറ്റിയിലെ പ്രൊഫസര്‍, കിഴക്കന്‍ യൂറോപ്പിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിദഗ്ദ്ധന്‍.